ക്വാറന്റീനില്‍ കഴിയുന്ന മകള്‍ക്ക് 'ഡ്രിംഗ്‌സ്' നല്‍കുന്ന അച്ഛന്‍; വീഡിയോ വൈറലാകാന്‍ കാരണമുണ്ട്...

By Web TeamFirst Published Mar 2, 2021, 6:16 PM IST
Highlights

ക്വാറന്റീനില്‍ കഴിയവേ മുറിക്ക് പുറത്തേക്ക് 'ഡ്രിംഗ്‌സ്' എത്തിക്കുന്ന അച്ഛന്റെ ഓരോ ദിവസത്തെ വീഡിയോയും ചേര്‍ത്തുവച്ച് തയ്യാറാക്കിയതാണ് പത്തൊമ്പത് സെക്കന്‍ഡ് മാത്രമുള്ള ഈ കൊച്ചു വീഡിയോ. ജ്യൂസോ, കോളയോ എന്തുമാകട്ടെ, അതിന്റെ ഒരു പങ്ക് മകള്‍ക്കെത്തിക്കാന്‍ വേണ്ടി സന്തോഷത്തോടെ മുറിക്ക് പുറത്തെ ജനാലക്കരികിലേക്ക് വരുന്ന അച്ഛന്‍

കൊവിഡ് 19 മഹാമാരിയുടെ വ്യാപനം തടയുന്നതിനായി ആദ്യഘട്ടം മുതല്‍ക്ക് തന്നെ രോഗമുള്ളവരെയും രോഗമുണ്ടെന്ന് സംശയമുള്ളവരെയും ക്വാറന്റീനിലേക്ക് മാറ്റുന്നുണ്ടായിരുന്നു. രണ്ടാഴ്ച വരെയാണ് സാധാരണഗതിയില്‍ ഒരു ക്വാറന്റീന്‍ കാലാവധി. വിദേശരാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് ചിലയിടങ്ങളില്‍ ഇതില്‍ കൂടുതല്‍ ക്വാറന്റീന്‍ സമയം നിര്‍ദേശിക്കപ്പെട്ടിരുന്നു. 

എന്തായാലും പ്രിയപ്പെട്ടവരില്‍ നിന്നകന്ന് ഒറ്റപ്പെട്ട് കഴിയേണ്ടിവരുന്ന സമയത്തെ ഏവരും വെറുക്കപ്പെട്ട സമയമായിത്തന്നെയാണ് കണക്കാക്കിയത്. പലരും കൊവിഡിനെക്കാളേറെ ഭയാനകമാണ് ഈ ഏകാന്തവാസമെന്ന് സാക്ഷ്യപ്പെടുത്തുകയും ചെയ്തിരുന്നു. 

എന്നാല്‍ തങ്ങളുടെ പ്രിയപ്പെട്ടവരെ ഈ ഏകാന്തവാസം മാനസികമായി ബാധിക്കാതിരിക്കാന്‍ ഏറെ കരുതലെടുത്ത ഒരുപാട് പേരുണ്ട്. അത്തരത്തിലൊരു അച്ഛനെ രസകരമായ വീഡിയോയിലൂടെ പരിചയപ്പെടുത്തുകയാണ് മകള്‍. എമ്മ ഹോസ്ലര്‍ എന്ന യുവതി മാസങ്ങള്‍ക്ക് മുമ്പ് ടിക് ടോക്കിലൂടെയാണ് ആദ്യമായി വീഡിയോ പങ്കുവച്ചത്. 

ക്വാറന്റീനില്‍ കഴിയവേ മുറിക്ക് പുറത്തേക്ക് 'ഡ്രിംഗ്‌സ്' എത്തിക്കുന്ന അച്ഛന്റെ ഓരോ ദിവസത്തെ വീഡിയോയും ചേര്‍ത്തുവച്ച് തയ്യാറാക്കിയതാണ് പത്തൊമ്പത് സെക്കന്‍ഡ് മാത്രമുള്ള ഈ കൊച്ചു വീഡിയോ. ജ്യൂസോ, കോളയോ എന്തുമാകട്ടെ, അതിന്റെ ഒരു പങ്ക് മകള്‍ക്കെത്തിക്കാന്‍ വേണ്ടി സന്തോഷത്തോടെ മുറിക്ക് പുറത്തെ ജനാലക്കരികിലേക്ക് വരുന്ന അച്ഛന്‍. 

ഒന്നുകില്‍ അത് അവിടെ വയ്ക്കുകയോ അതല്ലെങ്കില്‍ മകളുടെ കയ്യിലേക്ക് നേരിട്ട് നല്‍കുകയോ ചെയ്യുകയാണ് അച്ഛന്‍. സ്‌നേഹപൂര്‍വ്വമായ ഈ കരുതലല്ല പക്ഷേ യഥാര്‍ത്ഥത്തില്‍ വീഡിയോയുടെ ആകര്‍ഷണം. 'ഡ്രിംഗ്‌സ്' നല്‍കിയ ശേഷം എങ്ങും നോക്കാതെയുള്ള അദ്ദേഹത്തിന്റെ ഓട്ടമാണ് ശരിക്കും ഏവരുടെയും ശ്രദ്ധയാകര്‍ഷിച്ചത്. 

മകള്‍ക്ക് രോഗമുണ്ടെങ്കില്‍ അത് പകരുമോയെന്ന് ഭയന്നല്ല, മറിച്ച് മകള്‍ വീഡിയോ എടുക്കുന്നത് കണ്ട് അവളെ ചിരിപ്പിക്കാനും സന്തോഷിപ്പിക്കാനുമാണ് അദ്ദേഹമത് ചെയ്യുന്നത്. ഇക്കാര്യം എമ്മ തന്നെ സോഷ്യല്‍ മീഡിയയിലൂടെ വിശദീകരിച്ചിട്ടുണ്ട്. എത്ര 'പോസിറ്റീവ്' ആയാണ് അദ്ദേഹം മകളെ സ്വാധീനിച്ചതെന്നും അത് മാതൃകാപരമാണെന്നും നിരവധി പേര്‍ വീഡിയോ പങ്കുവച്ചുകൊണ്ട് കുറിക്കുന്നു. 

ഒരു വര്‍ഷം മുമ്പാണ് ഈ വീഡിയോ എമ്മ ചിത്രീകരിച്ചത്. വാസ്തവത്തില്‍ അന്ന് എമ്മയ്ക്ക് കൊവിഡ് രോഗമുണ്ടായിരുന്നില്ല. എങ്കിലും ക്വാറന്റീന്‍ സമയം കൃത്യമായി പാലിക്കേണ്ടിവന്നു. പിന്നീട് ടിക് ടോക്കില്‍ പങ്കുവച്ച വീഡിയോ ഇപ്പോള്‍ ട്വിറ്ററില്‍ വൈറലാവുകയാണ്. തുടര്‍ന്ന് വീണ്ടും വീഡിയോയെ കുറിച്ച് എമ്മ പലതും ഓര്‍മ്മിച്ച് കുറിക്കുകയും ചെയ്തു. 

വീഡിയോ കാണാം...

 

“My dad sneaking drinks to me during quarantine.” https://t.co/TzaKRrc40b pic.twitter.com/bxwgjWP7Wt

— Yashar Ali 🐘 (@yashar)

 

Also Read:- അമ്മ ഒളിപ്പിച്ച കുക്കീസ് എടുക്കാൻ ഫ്രിഡ്ജിന് മുകളിൽ കയറുന്ന മൂന്ന് വയസുകാരി; വൈറലായി വീഡിയോ...

click me!