
ഓര്‍ക്കാപ്പുറത്ത് പെട്ടെന്ന് മഴ പെയ്താല്‍ നമ്മളെന്താണ് ചെയ്യുക? അടുത്തുള്ള ഏതെങ്കിലും ഒരിടത്ത്, മേല്‍ക്കൂരയ്ക്ക് താഴെ കയറിനില്‍ക്കും അല്ലേ? എന്നിട്ട് മഴ മാറുന്നുണ്ടോയെന്ന് നോക്കും. പോകാവുന്ന മഴയൊക്കെയേ ഉള്ളുവെങ്കില്‍ അങ്ങ് പോകും.
ഇങ്ങനെ യുക്തിയോടെ ചിന്തിക്കാനും പെരുമാറാനുമുള്ള കഴിവാണല്ലോ നമ്മള്‍ മനുഷ്യരെ മറ്റ് ജീവികളില്‍ നിന്ന് വ്യത്യസ്തമാക്കുന്നത്. എന്നാല്‍ ഇതുപോലെയൊക്കെ ഏതെങ്കിലും മൃഗങ്ങളും പെരുമാറിയാലോ! എന്ത് അതിശയമായിരിക്കും അല്ലേ?
അതെ അതിശയിപ്പിക്കുന്നത് തന്നെയാണ് ഈ വീഡിയോ. സൗത്ത് കരോളിനയിലെ ഒരു മൃഗശാലയാണ് സ്ഥലം. സന്ദര്‍ശകരായ ആളുകള്‍ കെട്ടിടത്തിനകത്താണ്. അവര്‍ ഇരിക്കുന്നിടത്ത് ചില്ലുവച്ച ഒരു ചുവരുണ്ട്. പെട്ടെന്ന് പെയ്ത മഴയില്‍ ആ ചുവരിനപ്പുറമുള്ള ചെറിയ ഭാഗത്തേക്ക് കയറിനിന്നിരിക്കുകയാണ് നാല് ഗറില്ലകള്‍. രണ്ടുപേരുടെ നെഞ്ചില്‍ കുഞ്ഞുങ്ങളുമുണ്ട്.
ശരിക്കും, മനുഷ്യര്‍ ചെയ്യുന്നത് പോലെയുള്ള പ്രവൃത്തികളാണ് അവരും ചെയ്യുന്നത്. ആദ്യം മഴ കൊള്ളാത്ത രീതിയില്‍ മാറിയിരിക്കുന്നു. ഇതിനിടെ അവരിലൊരാള്‍ വന്ന് പുറത്തേക്ക് എത്തിനോക്കി മഴയ്ക്ക് ശമനമുണ്ടോയെന്ന് പരിശോധിക്കുന്നു. പിറകില്‍ ചില്ല് ചുവരിനപ്പുറം ഇരിക്കുന്ന മനുഷ്യരെയെല്ലാം അവര്‍ കാണുന്നുണ്ട്. പക്ഷേ പ്രത്യേകിച്ച് പേടിപ്പിക്കുന്നതോ, അസ്വസ്ഥതപ്പെടുത്തുന്നതോ ആയ ഒരു ചെറു അനക്കം പോലും അവരുടെ ഭാഗത്തുനിന്നുണ്ടാകുന്നില്ല.
മഴ മാറും മുമ്പ് തന്നെ ഓരോരുത്തരായി സുരക്ഷിതമായി അകത്തേക്ക് ചുവരിന്റെ ഓരം പറ്റി നടന്നുകയറി. മൂന്ന് പേരും കുഞ്ഞുങ്ങളും കയറും വരെ മുതിര്‍ന്ന ഗറില്ല കാത്തുനിന്നു. അവസാനം അതും കയറിപ്പോയി.
മൃഗശാലയിലെ ജീവനക്കാരനാണ് ആദ്യമായി വീഡിയോ പുറത്തുവിട്ടത്. ലക്ഷക്കണക്കിന് പേരാണ് വീഡിയോ കണ്ടതും കൈമാറിയതും. ഹൃദ്യമായ അനുഭവമാണിതെന്നാണ് പലരും വീഡിയോ കണ്ട ശേഷം അഭിപ്രായപ്പെട്ടത്. അവരോട് സ്‌നേഹം തോന്നുന്നുവെന്നും എത്ര ശാന്തമായാണ് അവയുടെ പെരുമാറ്റമെന്നുമെല്ലാം അഭിപ്രായപ്പെട്ടവരും നിരവധി. എന്തായാലും സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞോടുകയാണ് ഈ വീഡിയോയിപ്പോള്‍.
വീഡിയോ കാണാം...