
ഓരോ ദിവസവും സോഷ്യല്‍ മീഡിയയിലൂടെ പല തരത്തിലുള്ള വീഡിയോകള്‍ ( Viral Video ) നാം കാണാറുണ്ട്. ഇവയില്‍ പലതും അപ്രതീക്ഷിതമായി നടന്ന സംഭവവികാസങ്ങളോ, അപകടങ്ങളോ എല്ലാം കാണിക്കുന്നവയായിരിക്കും. മിക്കപ്പോഴും ഇത്തരം വീഡിയോകളെല്ലാം ( Viral Video )നമ്മെ ചിലത് ഓര്‍മ്മപ്പെടുത്തുകയും ചെയ്യാറുണ്ട്.
അത്തരത്തില്‍ ശക്തമായ താക്കീത് എന്ന നിലയില്‍ എടുക്കാവുന്നൊരു വീഡിയോ ആണ് റെയില്‍വേ മന്ത്രാലയം ( Ministry of Railways ) കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരിക്കുന്നത്. ദാരുണമായ ഒരു ദുരന്തത്തിന് സാക്ഷിയാകേണ്ടി വന്നേക്കാവുന്ന ഒരു സാഹചര്യത്തെ ഒരു പൊലീസുദ്യോഗസ്ഥന്‍റെ ആര്‍ജ്ജവം തിരുത്തിയെടുത്തതാണ് വീഡിയോയില്‍ നാം കാണുന്നത്.
നെഞ്ചിടിപ്പിക്കുന്ന, ഏറെ ഭയപ്പെടുത്തുന്ന ഒരു വീഡിയോ തന്നെയാണിത്. ആവര്‍ത്തിച്ചുണ്ടായിട്ടുള്ള ദുരന്തങ്ങളൊന്നും തന്നെ കണക്കിലെടുക്കാതെ വീണ്ടും ഇത്തരത്തിലുള്ള കാര്യങ്ങള്‍ ചെയ്യുന്നതിലെ ബുദ്ധിശൂന്യതയും വീഡിയോ ചോദ്യം ചെയ്യുന്നു.
ഉത്തര്‍പ്രദേശിലെ ലളിത്പൂരില്‍ നിന്നുള്ളതാണ് സെക്കന്‍ഡുകള്‍ മാത്രം ദൈര്‍ഘ്യം വരുന്ന ഈ വീഡിയോ. റെയില്‍വേ സ്റ്റേഷനകത്ത് പ്ലാറ്റ്ഫോമിലായി സ്ഥാപിച്ചിട്ടുള്ള സിസിടിവിയലാണ് ദൃശ്യങ്ങള്‍ പതിഞ്ഞത്. പ്ലാറ്റ്ഫോമിലായി ഒരു ആര്‍പിഎഫ് (റെയില്‍വേ പൊലീസ് ഫോഴ്സ്) ഉദ്യോഗസ്ഥനും മറ്റൊരാളും നില്‍ക്കുന്നതാണ് വീഡിയോയുടെ തുടക്കത്തില്‍ കാണുന്നത്. ഇവര്‍ വിപരീതദിശയിലേക്ക് നോക്കി, അരുതെന്ന് കൈകാണിക്കുന്നത് കാണാം.
എന്നാല്‍ സെക്കന്‍ഡുകള്‍ക്കകം തന്നെ ഇവര്‍ പ്ലാറ്റ്ഫോമിന്‍റെ വക്കിലേക്ക് ഓടിയെത്തുകയാണ്. തുടര്‍ന്ന് ഒരു സ്ത്രീയുടെ കൈപിടിച്ച് പ്ലാറ്റ്ഫോമിലേക്ക് വേഗതയില്‍ കയറ്റുന്നു. ഇവര്‍ കയറിയ തൊട്ടടുത്ത സെക്കന്‍ഡില്‍ തന്നെ ഒരു ട്രെയിന്‍ അതേ പാളത്തിലൂടെ പ്ലാറ്റ്ഫോമിനോട് ചേര്‍ന്ന് പാഞ്ഞുപോവുകയാണ്. അതായത്, ഇവരെ കൈപിടിച്ച് കയറ്റാൻ ഒരു സെക്കൻഡ് വൈകിയിരുന്നുവെങ്കില്‍ ഇവര്‍ പ്ലാറ്റ്ഫോമിനും ട്രെയിനിനും ഇടയില്‍ പെട്ടേനെ. ദാരുണമായ അത്തരം ദുരന്തങ്ങള്‍ എത്രയോ ഇതിന് മുമ്പ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
ഈ രീതിയില്‍ റെയില്‍വേ പാളം ക്രോസ് ചെയ്യരുതെന്നാവശ്യപ്പെട്ടാണ് റെയില്‍വേ മന്ത്രാലയം ( Ministry of Railways ) വീഡിയോ പങ്കുവച്ചിരിക്കുന്നത്. എന്നാല്‍ ആര്‍പിഎഫ് ഉദ്യോഗസ്ഥന്‍റെ അവസരോചിതമായ ഇടപെടലിനെയാണ് ഏവരും അഭിനന്ദിക്കുന്നത്. അദ്ദേഹം ഒരു സെക്കന്‍ഡെങ്കിലും ചിന്തിക്കാൻ എടുത്തിരുന്നുവെങ്കില്‍ അവിടെ അപകടം സംഭവിക്കുമായിരുന്നുവെന്നും വീഡിയോ കണ്ടവരെല്ലാം പറയുന്നു.
വീഡിയോ കാണാം...
Also Read:- എട്ടാം നിലയിലെ ജനാലയില്‍ കുടുങ്ങി കുഞ്ഞ്; നെഞ്ചിടിക്കുന്ന വീഡിയോ