വലിച്ചെറിയുന്നത് കണ്ടാല്‍ 'വെയ്സ്റ്റ്' അല്ലെന്ന് ആരെങ്കിലും പറയുമോ?; വീഡിയോ

By Web TeamFirst Published Apr 23, 2019, 4:14 PM IST
Highlights

സോഷ്യല്‍ മീഡിയയില്‍ വൈറലായ ഒരു സിസിടിവി ദൃശ്യമാണ് സംഭവം പുറംലോകത്തെ അറിയിച്ചത്. വിജനമായ റോഡ്. അതുവഴി ട്രക്കില്‍ വന്നിറങ്ങിയ യുവതി, വളരെ ലാഘവത്തോടുകൂടി കയ്യിലിരുന്ന സഞ്ചി അടുത്തുകണ്ട മാലിന്യത്തൊട്ടിയിലേക്ക് വലിച്ചെറിയുന്നു

വീട്ടിലെ ഭക്ഷണത്തിന്റെയും മറ്റും അവശിഷ്ടമെല്ലാം റോഡിലും വഴിയരികിലുമെല്ലാം ഉപേക്ഷിക്കുന്ന എത്രയോ പേരുണ്ട്. ഇങ്ങനെ നമുക്ക് വേണ്ടാത്തതെല്ലാം വഴിയില്‍ തള്ളുന്ന രീതി എത്രയോ നിലവാരമില്ലാത്തതാണ്. എങ്കിലും അതുതന്നെ ആവര്‍ത്തിക്കുന്ന മനുഷ്യര്‍!

ഇനി, നമുക്ക് വേണ്ടാത്ത എല്ലാം വഴിയില്‍ തള്ളാനൊക്കുമോ? വേണ്ടാതായിരിക്കുന്നത് വളര്‍ത്തുമൃഗങ്ങളെയാണെങ്കിലോ? അവയെ പോലും അങ്ങനെ റോഡരികില്‍ കൊണ്ടുപോയി തള്ളുന്നവര്‍ നിരവധിയാണ്. നമ്മുടെ നാട്ടിലാണെങ്കില്‍ ഇതൊന്നും അത്ര വലിയ കുറ്റമായി കണക്കാക്കാറും ഇല്ല. 

എന്നാല്‍ പല വിദേശരാജ്യങ്ങളിലെയും അവസ്ഥ അങ്ങനെയല്ല. മൃഗങ്ങളെ ഏതെങ്കിലും രീതിയില്‍ ദ്രോഹിച്ചാല്‍ കടുത്ത നിയമനടപടികളാണ് പലയിടങ്ങളിലും നേരിടേണ്ടിവരിക. ഇതിനെ സാധൂകരിക്കുന്ന ഒരു വാര്‍ത്തയാണ് കാലിഫോര്‍ണിയയില്‍ നിന്ന് ഇന്ന് വന്നിരിക്കുന്നത്. 

സോഷ്യല്‍ മീഡിയയില്‍ വൈറലായ ഒരു സിസിടിവി ദൃശ്യമാണ് സംഭവം പുറംലോകത്തെ അറിയിച്ചത്. വിജനമായ റോഡ്. അതുവഴി ട്രക്കില്‍ വന്നിറങ്ങിയ യുവതി, വളരെ ലാഘവത്തോടുകൂടി കയ്യിലിരുന്ന സഞ്ചി അടുത്തുകണ്ട മാലിന്യത്തൊട്ടിയിലേക്ക് വലിച്ചെറിയുന്നു. വന്നതുപോലെ തന്നെ അവര്‍ ട്രക്കില്‍ കയറിപ്പോകുന്നു.

എന്നാല്‍ അല്‍പസമയത്തിനകം അതുവഴി വന്ന ഒരാള്‍ സഞ്ചിയില്‍ അനക്കം കണ്ടതിനെ തുടര്‍ന്ന് അതെടുത്ത് പരിശോധിക്കുകയായിരുന്നു. പ്രസവിച്ച് ദിവസങ്ങള്‍ മാത്രം പ്രായമായ ഏഴ് പട്ടിക്കുഞ്ഞുങ്ങളായിരുന്നു അതിനകത്തുണ്ടായിരുന്നത്. കണ്ണ് പോലും തുറന്നിട്ടില്ലാത്ത കുഞ്ഞുങ്ങള്‍!

പാല്‍ കുടിക്കേണ്ട പ്രായത്തിലെ പട്ടിക്കുഞ്ഞുങ്ങളെ ഇങ്ങനെയുപേക്ഷിച്ചത് ആരെന്നറിയാന്‍ അയാള്‍ സമീപത്തുള്ള സിസിടിവി ദൃശ്യങ്ങളെടുപ്പിച്ചു. പിന്നീട് ഈ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയായിരുന്നു. 'വെയ്സ്റ്റ്' തള്ളുന്ന അതേ ലാഘവത്തോടെ ഇവര്‍ക്കെങ്ങനെയാണ് പട്ടിക്കുഞ്ഞുങ്ങളെ എറിഞ്ഞുകളയാന്‍ തോന്നിയതെന്ന ചോദ്യം സോഷ്യല്‍ മീഡിയയിലാകെ വ്യാപകമായി.

സംഭവം വിവാദമായതോടെ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. അവശനിലയിലായിരുന്ന പട്ടിക്കുഞ്ഞുങ്ങളെ ഷെല്‍ട്ടര്‍ ഹോമിലേക്ക് മാറ്റുകയും ചെയ്തു.

വീഡിയോ കാണാം...

click me!