സ്‌നേഹത്തിന്റെ നിറമിതാണ്; പരസ്പരം കെട്ടിപ്പിടിക്കാന്‍ ഓടിവരുന്ന കുഞ്ഞുങ്ങളുടെ വീഡിയോ...

By Web TeamFirst Published Sep 11, 2019, 4:47 PM IST
Highlights

റോഡ്‌സൈഡിലൂടെ തങ്ങളുടെ അച്ഛന്മാര്‍ക്കൊപ്പം നടന്നുപോവുകയായിരുന്നു ഇവര്‍. ഇതിനിടെയാണ് ഇരുവരും പരസ്പരം കണ്ടത്. അതോടെ കെട്ടിപ്പിടിക്കാനായി നടപ്പാതയിലൂടെ ഓടുകയായിരുന്നു കുഞ്ഞുങ്ങള്‍

നമ്മളെപ്പോഴും പറയാറുണ്ട്, കുഞ്ഞുങ്ങളുടെ സ്‌നേഹമാണ് കളങ്കമില്ലാത്തതെന്ന്. അവര്‍ക്ക് ഒരുപാട് ചിന്തിച്ചും ആശങ്കപ്പെട്ടും സ്‌നേഹത്തെ നിയന്ത്രിക്കാനോ, മനസില്‍ നിന്ന് മായ്ച്ചുകളയാനോ ആവില്ലെന്നത് തന്നെയാണ് ഇതിന് കാരണം. 

അത്തരത്തിലൊരു വീഡിയോ ആണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പങ്കുവയ്ക്കപ്പെട്ടുകൊണ്ടിരിക്കുന്നത്. ന്യൂയോര്‍ക്കില്‍ താമസിക്കുന്ന മൈക്കല്‍ ഡി സിസ്‌നെറോസ് എന്നയാളാണ് തന്റെ മകന്‍ മാക്‌സ്#വെല്ലും അവന്റെ സുഹൃത്തായ ഫിനഗനും തമ്മിലുള്ള കൂടിക്കാഴ്ചയുടെ വീഡിയോ പകര്‍ത്തി ഫേസ്ബുക്കിലൂടെ പുറത്തുവിട്ടത്. 

റോഡ്‌സൈഡിലൂടെ തങ്ങളുടെ അച്ഛന്മാര്‍ക്കൊപ്പം നടന്നുപോവുകയായിരുന്നു ഇവര്‍. ഇതിനിടെയാണ് ഇരുവരും പരസ്പരം കണ്ടത്. അതോടെ കെട്ടിപ്പിടിക്കാനായി നടപ്പാതയിലൂടെ ഓടുകയായിരുന്നു കുഞ്ഞുങ്ങള്‍. ഓടിവന്ന ശേഷം ഊഷ്മളമായ കെട്ടിപ്പിടുത്തത്തിലേക്ക്. തുടര്‍ന്ന് കയ്യിലിരുന്ന കളിപ്പാട്ടവുമായി, അവര്‍ക്ക് മാത്രമറിയാവുന്ന ഭാഷയില്‍ സംസാരിച്ച്, അവരുടേതായ ലോകത്തേക്ക് തുള്ളിച്ചാടിക്കയറുന്നു.

രണ്ടുപേര്‍ക്കും രണ്ട് വയസാണ് പ്രായം. അടുത്തടുത്ത സ്ഥലങ്ങളിലാണ് ഇരുവരും താമസിക്കുന്നതെങ്കിലും, മിക്ക ദിവസങ്ങളിലും കാണുമെങ്കിലും എപ്പോള്‍ കണ്ടാലും അവര്‍ 'എക്‌സൈറ്റഡ്' ആകാറുണ്ടെന്നും അത്രയും സ്‌നേഹമാണ് രണ്ടുപേര്‍ക്കുമെന്നും മൈക്കല്‍ പറയുന്നു. ഇവരുടെ ഈ സവിശേഷമായ സ്‌നേഹപ്രകടനം തങ്ങളുടെ മനസിനെ അത്രമാത്രം സ്പര്‍ശിക്കാറുണ്ട് എന്നതിനാലാണ് വീഡിയോ പകര്‍ത്തി പങ്കുവയ്ക്കാന്‍ കാരണമെന്നും മൈക്കല്‍ കൂട്ടിച്ചേര്‍ത്തു. 

ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത് മൂന്ന് ദിവസങ്ങള്‍ക്കുള്ളില്‍ നാല് ലക്ഷത്തിലധികം പേരാണ് വീഡിയോ കണ്ടത്. ഏതാണ്ട് 7500ഓളം പേര്‍ ഷെയര്‍ ചെയ്തു. കുഞ്ഞുങ്ങളോടുള്ള സ്‌നേഹവും അന്വേഷണവും അറിയിച്ച് ആയിരക്കണക്കിന് കമന്റുകളുമെത്തി. 

ഇതിനിടെ നിറത്തിന്റെ പേരില്‍ വംശീയത തുപ്പിനടക്കുന്നവര്‍ക്ക് മാതൃകയാക്കാവുന്നതാണ് ഈ വീഡിയോ എന്ന വാദവുമായും പലരും രംഗത്തെത്തി. കറുത്ത കുഞ്ഞും വെളുത്ത കുഞ്ഞും പരസ്പരം എത്രമാത്രമാണ്, മാനദണ്ഡങ്ങളില്ലാതെ സ്‌നേഹിക്കുന്നതെന്നും സ്‌നേഹത്തിന്റെ നിറം സ്‌നേഹം തന്നെയാണെന്നുമെല്ലാം അവകാശപ്പെട്ട് മാനവികതയുടെ അടയാളമായും പലരും വീഡിയോ പങ്കുവയ്ക്കുന്നുണ്ട്.

വീഡിയോ കാണാം...

click me!