
രാവിലെ എഴുന്നേറ്റയുടന്‍ ഒരു കപ്പ് കാപ്പിയോ ചായയോ ഒക്കെ നമ്മളില്‍ മിക്കവാറും പേര്‍ക്കും നിര്‍ബന്ധമാണ്. അതിന് ശേഷം മാത്രമേ ദിവസം എങ്ങനെ തുടങ്ങണമെന്ന് പോലും നമ്മള്‍ തീരുമാനിക്കുകയുള്ളൂ. ഈ പതിവൊക്കെ മനുഷ്യര്‍ക്ക് മാത്രമല്ലേ, മൃഗങ്ങളൊന്നും ഇങ്ങനെയല്ലല്ലോ ജീവിക്കുന്നത് എന്ന് ചിന്തിക്കാറുണ്ടോ?
ഉണ്ടെങ്കില്‍ സംഗതി അബദ്ധധാരണയാണ് കെട്ടോ. മൃഗങ്ങളായാലും പതിവ്, പതിവ് തന്നെയാണെന്നാണ് വൈറലായ പുതിയൊരു വീഡിയോ തെളിയിക്കുന്നത്. 15 വര്‍ഷമായി ഇംഗ്ലണ്ടില്‍ പൊലീസ് സേനയ്‌ക്കൊപ്പം ജോലി ചെയ്യുന്ന 'ജെയ്ക്' എന്ന കുതിരയാണ് വീഡിയോയിലെ താരം.
രാവിലെ ഷിഫ്റ്റ് ആരംഭിക്കുമ്പോള്‍ ആരാണോ സവാരിക്കായി ജെയ്ക്കിന്റെ അടുത്തേക്ക് എത്തുന്നത്, അവരുടെ കയ്യില്‍ മിക്കപ്പോഴും ഒരു കപ്പ് ചായ കാണും. ഇടയ്ക്ക് ഒരു സിപ് ചായ അവര്‍ ജെയ്ക്കിനും കൊടുക്കും. എന്തിനധികം, ചായയുടെ രുചി ജെയ്കിന് നന്നേയങ്ങ് ബോധിച്ചു.
സംഗതി അല്‍പം ഗൗരവമായിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ക്കും പിന്നീട് മനസിലായി. അതായത് രാവിലെ ഒരു കപ്പ് ചായ കിട്ടിയില്ലെങ്കില്‍ ജെയ്ക് സാര്‍, അനങ്ങില്ല എന്ന അവസ്ഥയായി. അതുകൊണ്ടെന്താ കിടക്കയില്‍ നിന്ന് കണ്ണ് മിഴിച്ച് എഴുന്നേല്‍ക്കുമ്പോള്‍ തന്നെ ഇപ്പോല്‍ ജെയ്കിനുള്ള ചൂടുചായ ഒരു കപ്പില്‍ മുന്നിലെത്തും. അതും കുടിച്ച് ഉഷാറായി ജോലിയില്‍ പ്രവേശിക്കും.
ജെയ്ക് ചായ കുടിക്കുന്ന വീഡിയോ മെഴ്‌സിസൈഡ് പൊലീസാണ് ട്വിറ്ററിലൂടെ പങ്കുവച്ചത്. രസകരമായ വീഡിയോ ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ട് തന്നെ വൈറലാവുകയായിരുന്നു.