ഗ്രാമി അവാർഡ്‌സ് 2026 റെഡ് കാർപ്പറ്റിൽ എല്ലാവരെയും അമ്പരപ്പിച്ച ഹെയ്‌ഡി ക്ലമിന്റെ ആ 'നേക്കഡ് ഡ്രസ്സ്' ഒരു നിമിഷം കൊണ്ട് ഇന്റർനെറ്റിൽ വൈറലായിരുന്നു. ഇപ്പോൾ വസ്ത്രത്തിന് പിന്നിലെ ഞെട്ടിക്കുന്ന രഹസ്യങ്ങൾ അഭിമുഖത്തിലൂടെ വെളിപ്പെടുത്തിയിരിക്കുകയാണ് താരം.

ഫാഷൻ ലോകത്തെ പരീക്ഷണങ്ങളുടെ രാജ്ഞിയാണ് സൂപ്പർ മോഡൽ ഹെയ്‌ഡി ക്ലം. ഇക്കഴിഞ്ഞ 2026-ലെ ഗ്രാമി അവാർഡ്‌സ് റെഡ് കാർപ്പറ്റിൽ പങ്കെടുക്കുമ്പോൾ ഹെയ്‌ഡി ധരിച്ച 'നേക്കഡ് ഡ്രസ്സ്' സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു. ഇപ്പോൾ ആ വസ്ത്രത്തിന്റെ പിന്നിലെ കഷ്ടപ്പാടുകളെക്കുറിച്ചും അത് എവിടെയാണ് സൂക്ഷിച്ചിരിക്കുന്നതെന്നും പീപ്പിൾ മാഗസിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയിരിക്കുകയാണ് താരം.

ഒരു വർഷത്തെ കാത്തിരിപ്പ്

ജർമ്മൻ ഡിസൈനറായ മറീന ഹോർമാൻസെഡറാണ് ഈ 'കസ്റ്റം ന്യൂഡ് ഡ്രസ്സ്' ഡിസൈൻ ചെയ്തത്. എന്നാൽ ഈ വസ്ത്രം ധരിക്കാൻ ഹെയ്‌ഡി ഒരു വർഷത്തോളം കാത്തിരുന്നു എന്നതാണ് കൗതുകകരമായ വസ്തുത. കഴിഞ്ഞ വർഷത്തെ ഗ്രാമി അവാർഡ്‌സിന് തന്നെ ഇത് ധരിക്കാൻ പ്ലാൻ ചെയ്തിരുന്നെങ്കിലും അവസാന നിമിഷം മറ്റൊരു ഡ്രസ്സ് തിരഞ്ഞെടുത്തതിനാൽ ഈ വസ്ത്രം മാറ്റിവെക്കുകയായിരുന്നു. 'ഗ്രാമി അവാർഡ്‌സ് എന്നാൽ ആളുകൾ ഫാഷനിൽ കുറച്ചുകൂടി എക്സ്പ്രസീവ് ആകുന്ന ഇടമാണ്. അതുകൊണ്ട് തന്നെ ഇതൊരു ട്രൂ ഗ്രാമി ഡ്രസ്സ് ആണെന്ന് എനിക്ക് ഉറപ്പായിരുന്നു,' ഹെയ്‌ഡി പറയുന്നു.

കാഴ്ചയിൽ അതിമനോഹരമായിരുന്നെങ്കിലും ഈ വസ്ത്രം ധരിച്ച് നടക്കുക എന്നത് വലിയൊരു വെല്ലുവിളിയായിരുന്നു എന്ന് താരം വെളിപ്പെടുത്തി. 'ഇതൊരു ഹാർഡ് മെറ്റീരിയൽ കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. ലെതർ ലാക്കറിംഗ് ചെയ്ത് കടുപ്പമേറിയതാക്കിയതാണ് ഇതിന്റെ ഘടന. ശരിക്കും പറഞ്ഞാൽ ഒരു ആർമർ അല്ലെങ്കിൽ കവചം ധരിക്കുന്നത് പോലെയായിരുന്നു അത്,' പീപ്പിൾ മാഗസിന് നൽകിയ അഭിമുഖത്തിൽ ഹെയ്‌ഡി പറഞ്ഞു.

വസ്ത്രത്തിന് സൈഡിൽ സ്ലിറ്റുകൾ ഇല്ലാത്തതിനാൽ വലിയ ചുവടുകൾ വെക്കാൻ കഴിയില്ല. ചെറിയ കുഞ്ഞു ചുവടുകൾ വെച്ച് മാത്രമേ നീങ്ങാൻ കഴിയൂ. റെഡ് കാർപ്പറ്റിൽ താൻ ഓടിനടക്കുന്ന രീതിയിലുള്ള തമാശരൂപേണയുള്ള മീമുകൾ വരുന്നത് ഇതുകൊണ്ടാണെന്നും താരം തമാശയായി പറഞ്ഞു.

ഡ്രസ്സ് ഇപ്പോൾ എവിടെയാണ്?

വളരെ കോംപ്ലിക്കേറ്റഡായി തോന്നുമെങ്കിലും ഈ ഡ്രസ്സ് ഇടാനും ഊരാനും എളുപ്പമായിരുന്നു എന്നാണ് ഹെയ്‌ഡി പറയുന്നത്. വശങ്ങളിൽ ബക്കിളുകൾ ഉള്ളതിനാൽ ഒരു മുത്തുച്ചിപ്പി തുറക്കുന്നത് പോലെ ഇത് ഓപ്പൺ ചെയ്യാം. ഗ്രാമി കഴിഞ്ഞ് ഹെയ്‌ഡി ഈ വസ്ത്രം തിരികെ നൽകിയില്ല, പകരം തന്റെ കളക്ഷനിൽ തന്നെ വെച്ചിരിക്കുകയാണ്. നിലവിൽ ഈ വൈറൽ ഡ്രസ്സ് അതിന്റെ മനോഹരമായ ബോക്സിലാക്കി ഹെയ്‌ഡിയുടെ വീടിന്റെ ബേസ്‌മെന്റിലാണ് ഇരിക്കുന്നത്.

ഫാഷൻ എന്നാൽ ക്രിയേറ്റിവിറ്റി

വെറുമൊരു തുണിത്തരങ്ങൾക്കപ്പുറം വസ്ത്രനിർമ്മാണത്തിൽ പുതിയ പരീക്ഷണങ്ങൾ കാണിക്കേണ്ടത് തന്റെ കടമയാണെന്ന് ഹെയ്‌ഡി വിശ്വസിക്കുന്നു. 'ഞാൻ 'പ്രോജക്റ്റ് റൺവേ' എന്ന ഫാഷൻ ഷോയുടെ ഹോസ്റ്റാണ്. ക്രിയേറ്റിവിറ്റി കാണിക്കേണ്ടത് എന്റെ ഡ്യൂട്ടിയാണ്. സ്കൾപ്ചർ ഡ്രസ്സുകൾ നിർമ്മിക്കുന്നതിൽ മറീന ഒരു മികച്ച ആർട്ടിസ്റ്റ് തന്നെയാണ്,' താരം കൂട്ടിച്ചേർത്തു. ഫാഷനിൽ മാത്രമല്ല, സംഗീതത്തിലും താരം തന്റെ സാന്നിധ്യം അറിയിച്ചു കഴിഞ്ഞു. ഈയിടെ ഡിപ്ലോയുമായി ചേർന്ന് 'റെഡ് ഐ' എന്ന ട്രാക്കും താരം പുറത്തിറക്കി. 'ജർമ്മനീസ് നെക്സ്റ്റ് ടോപ്പ് മോഡൽ' സീസൺ 21-ന്റെ തീം സോംഗ് കൂടിയാണിത്.