Latest Videos

ജീവന്‍ കയ്യില്‍ പിടിച്ച് സാഹസിക രക്ഷാപ്രവര്‍ത്തനം; കയ്യടി നേടി വീഡിയോ...

By Web TeamFirst Published Jun 14, 2021, 9:42 PM IST
Highlights

രണ്ടാം നിലയിലാണ് തീപ്പിടുത്തമുണ്ടായിരിക്കുന്നത്. ഗ്രൗണ്ട് ഫ്‌ളോറിന് പുറത്തായി ഫ്‌ള്ാറ്റുകളിലെ താമസക്കാര്‍ കൂടിനില്‍ക്കുകയാണ്. തീ ശക്തിയോടെ പടരുകയാണ്. ജനാല വഴി പുറത്തേക്ക് വരുന്ന പുകച്ചുരുളുകള്‍ തന്നെ അപകടത്തിന്റെ വ്യാപ്തി വെളിവാക്കുന്നുണ്ട്

അപ്രതീക്ഷിതമായി കണ്‍മുന്നില്‍ അപകടങ്ങളോ ദുരന്തങ്ങളോ സംഭവിക്കുമ്പോള്‍ പലപ്പോഴും രക്ഷയ്ക്കായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ കാത്തിരിക്കാനുള്ള സമയമുണ്ടായെന്ന് വരില്ല. അത്തരം സന്ദര്‍ഭങ്ങളിലെല്ലാം ആകെ കൈമുതലായുള്ള ആത്മവിശ്വാസവും സാമാന്യയുക്തിയും ഉപയോഗപ്പെടുത്തിയാണ് നാം രക്ഷാമാര്‍ഗങ്ങള്‍ തേടുക. പലപ്പോഴും ഭാഗ്യം ഇവിടെ വലിയൊരു ഘടകമായി മാറാറുമുണ്ട്. 

അത്തരമൊരു സംഭവത്തിന്റെ വീഡിയോ കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുകയുണ്ടായി. റഷ്യയിലെ കൊസ്‌ട്രോമയില്‍ ഫ്‌ളാറ്റിനകത്ത് തീപ്പിടുത്തമുണ്ടായതിനെ തുടര്‍ന്ന് കുടുങ്ങിപ്പോയ കുട്ടികളുടെ ജീവന്‍ രക്ഷിക്കാന്‍ മൂന്ന് പേര്‍ ചേര്‍ന്ന് നടത്തിയ അതിസാഹസികമായ രക്ഷാപ്രവര്‍ത്തനമാണ് വീഡിയോയിലുള്ളത്. 

രണ്ടാം നിലയിലാണ് തീപ്പിടുത്തമുണ്ടായിരിക്കുന്നത്. ഗ്രൗണ്ട് ഫ്‌ളോറിന് പുറത്തായി ഫ്‌ള്ാറ്റുകളിലെ താമസക്കാര്‍ കൂടിനില്‍ക്കുകയാണ്. തീ ശക്തിയോടെ പടരുകയാണ്. ജനാല വഴി പുറത്തേക്ക് വരുന്ന പുകച്ചുരുളുകള്‍ തന്നെ അപകടത്തിന്റെ വ്യാപ്തി വെളിവാക്കുന്നുണ്ട്. ഇതിനിടെ ഡ്രൈനേജ് പൈപ്പില്‍ പിടിച്ചുകൊണ്ട് മുകളിലേക്ക് കയറുകയാണ് ഒരാള്‍. അദ്ദേഹത്തിന് പിന്നാലെ രണ്ടാമനും മൂന്നാമനും കൂടി കയറുന്നു.

ഏറ്റവും മുകളില്‍ നില്‍ക്കുന്നയാള്‍ തീപ്പിടുത്തമുണ്ടായ ഫ്‌ളാറ്റിലെ ജനാലയിലൂടെ സാഹസികമായി കുട്ടികളെ പുറത്തെടുക്കുന്നു. ഒരു കൈ പൈപ്പില്‍ ഉറപ്പിച്ച് മറു കൈ കൊണ്ട് ഓരോ കുട്ടിയെ ആയി ജനാല വഴി എടുക്കുകയാണ്. ശേഷം തൊട്ടുതാഴെ നില്‍ക്കുന്നയാള്‍ക്ക് കൈമാറുന്നു. അദ്ദേഹം മൂന്നാമനും കുട്ടികളെ കൈമാറുന്നു. തുടര്‍ന്ന് താഴെ നില്‍ക്കുന്ന സ്ത്രീകള്‍ കുട്ടികളെ ഏറ്റുവാങ്ങുകയാണ്. 

തറയില്‍ നിന്ന് മുപ്പത് മീറ്ററെങ്കിലും ഉയരത്തിലാണ് പൈപ്പില്‍ തൂങ്ങി ഏറ്റവും മുകളിലെത്തിയ ആളുള്ളത്. ഒരുപക്ഷേ താഴെ വീണാല്‍ ഗുരുതരമായ പരിക്ക് പറ്റുകയോ ജീവന്‍ നഷ്ട്മാവുകയോ ചെയ്‌തേക്കാം. എന്നാല്‍ അത്തരം ആശങ്കകള്‍ക്കൊന്നും വഴങ്ങാതെ സധൈര്യം തന്റെ രക്ഷാപ്രവര്‍ത്തനം തുടരുകയാണ് അദ്ദേഹം. പിന്തുണയുമായി താഴെയുള്ള രണ്ട് പേരും. 

കെട്ടിടത്തിന്റെ വിപരീതവശത്തുള്ള ഏതോ ഫ്‌ളാറ്റില്‍ താമസിക്കുന്നവരാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. പിന്നീടിത് സോഷ്യല്‍ മീഡിയയിലാകെ വൈറലായി. വീഡിയോയില്‍ കാണുന്ന മൂന്ന് പേരും 'ഹീറോ'കളാണെന്നാണ് മിക്കവരും അഭിപ്രായപ്പെട്ടത്. അത്ര ബലമുണ്ടാകാന്‍ സാധ്യതയില്ലാത്ത ഡ്രൈനേജ് പൈപ്പില്‍ പിടിച്ചുകയറണമെങ്കില്‍ അത്രയും ആത്മവിശ്വാസമുണ്ടായിരിക്കണമെന്നും അതിനെ അഭിനന്ദിക്കാതെ വയ്യെന്നും വീഡിയോ കണ്ടവര്‍ പറയുന്നു. പൈപ്പ് പൊട്ടാതിരുന്നത് ഭാഗ്യം കൊണ്ടാണെന്ന് ആശ്വസിക്കുന്നവരുമുണ്ട്. ഏതായാലും ഈ മൂന്ന് പേരും ഇപ്പോള്‍ 'ബ്രേവറി അവാര്‍ഡി'നായി നിര്‍ദേശിക്കപ്പെട്ടിരിക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 

വീഡിയോ കാണാം...

 

Also Read:- പാർക്ക് ചെയ്തിരുന്ന കാർ കുഴിയിലേയ്ക്ക് താഴ്ന്നു പോയി; വൈറലായി വീഡിയോ...

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ  അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ്  അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona 

click me!