ഒരൊറ്റ ദിവസം കൊണ്ട് നമ്മള്‍ വീട്ടില്‍ പാഴാക്കുന്നത് എത്ര ലിറ്റര്‍ വെള്ളമാണെന്നറിയാമോ?

By Web TeamFirst Published Jul 21, 2019, 10:31 PM IST
Highlights

ഒരൊറ്റത്തവണ കൈ കഴുകുമ്പോള്‍ മാത്രം ഏതാണ്ട് 600 മില്ലി ലിറ്റര്‍ വെള്ളം വെറുതെ പോകുന്നുവെന്നാണ് ഐക്യരാഷ്ട്രസഭ ജലത്തിന്റെ ഉപയോഗവുമായി ബന്ധപ്പെട്ട് നടത്തിയ ഒരു പഠനറിപ്പോര്‍ട്ടില്‍ നിരീക്ഷിക്കുന്നത്. അപ്പോള്‍ ഓരോ തവണയും കയ്യും മുഖവും കഴുകുമ്പോഴും, ടോയ്‌ലറ്റ് ഫ്‌ളഷ് ചെയ്യുമ്പോഴുമെല്ലാം എത്ര ലിറ്റര്‍ വെള്ളം വെറുതെ പോകുന്നു
 

അടുക്കളയില്‍ പാകം ചെയ്യുന്നതിനിടെ നമ്മള്‍ എത്ര തവണ ടാപ്പ് തിരിച്ച് കൈ കഴുകുന്നുണ്ട്? ദിവസത്തില്‍ എത്ര തവണ മുഖം കഴുകുന്നു? ഇതിനിടയിലൊക്കെ എന്തുമാത്രം വെള്ളമാണ് വെറുതെ പാഴാകുന്നതെന്നറിയാമോ? 

കുടിക്കാന്‍ പോലും ആവശ്യത്തിന് വെള്ളമില്ലാതിരിക്കുന്ന ഒരവസ്ഥയെക്കുറിച്ച് ചിന്തിക്കേണ്ട ആവശ്യം വരാത്തത് കൊണ്ടുമാത്രമാണ് നമ്മള്‍ ഇതെപ്പറ്റിയൊന്നും ബോധവാന്മാരും ബോധവതികകളുമല്ലാതിരിക്കുന്നത്. 

നമുക്ക് കുടിക്കാനും, വീട്ടാവശ്യത്തിനുമുള്ള വെള്ളം മറ്റേതെങ്കിലും നാട്ടില്‍ നിന്ന് ട്രെയിനില്‍ കൊണ്ടുവരേണ്ട ഒരു ദുരവസ്ഥയെക്കുറിച്ച് ഒന്നോര്‍ത്ത് നോക്കൂ. അത്തരമൊരവസ്ഥയിലൂടെയാണ് ചെന്നൈ ഇപ്പോള്‍ കടന്നുപോകുന്നത്. 

കുടിക്കാന്‍ മാത്രമാണോ വെള്ളം വേണ്ടത്? ഒരു മനുഷ്യന് സ്വസ്ഥമായി ജീവിക്കാന്‍ എന്തെല്ലാം കാര്യങ്ങള്‍ക്കാണ് വെള്ളം വേണ്ടത്. ഭക്ഷണം പാകം ചെയ്യാന്‍, ദിവസത്തില്‍ ഒരിക്കലെങ്കിലും ഒന്ന് മുഖം കഴുകാന്‍, മുഷിഞ്ഞ വസ്ത്രങ്ങളില്‍ ഒന്നെങ്കിലും കഴുകിയിടാനൊക്കെ വെള്ളമില്ലാതാകുന്ന സാഹചര്യം എന്ത് ഭീകരമാണ് അല്ലേ? 

അപ്പോള്‍ ദിവസത്തില്‍ നമ്മള്‍ പാഴാക്കിക്കളയുന്ന ലിറ്ററ് കണക്കിന് വെള്ളമെന്നത് 'ക്രിമിനല്‍ വേസ്റ്റേജ്' തന്നെയെന്ന് പറയേണ്ടിവരില്ലേ!

ചെന്നൈയിലെ അവസ്ഥ വൈകാതെ പല ഇന്ത്യന്‍ നഗരങ്ങളിലേക്കും പടരുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. അങ്ങനെയാണെങ്കില്‍ വെള്ളം സൂക്ഷിച്ച് ചിലവിടുന്നതിനുള്ള മാര്‍ഗങ്ങള്‍ നേരത്തേ ആലോചിക്കുന്നതല്ലേ ഉചിതം. 

അതെ, ചെന്നൈയില്‍ സ്ഥിരതമാസമാക്കിയ നജീബ എന്ന വീട്ടമ്മ ഇക്കാര്യം വളരെ ഗൗരവമായിത്തന്നെ എടുത്തു. മദ്രാസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിന്ന് പഠിച്ചിറങ്ങിയ എഞ്ചിനീയര്‍മാരായ യുവാക്കള്‍ ചേര്‍ന്ന് തുടങ്ങിയ 'എര്‍ത്ത് ഫോക്കസ്' എന്ന സ്ഥാപനത്തെ ഈ ആവശ്യവുമായി അവര്‍ സമീപിച്ചു. 

അവര്‍ക്ക് വേണ്ടി 'എര്‍ത്ത് ഫോക്കസ്' വ്യത്യസ്തമായ രണ്ട് തരം 'നോസിലുകള്‍' രൂപപ്പെടുത്തി. അതായത്, ടാപ്പില്‍ ഫിറ്റ് ചെയ്യാനുള്ള അരിപ്പ പോലുള്ള ചെറു ഉപകരണം. സാധാരണ നമ്മള്‍ മാര്‍ക്കറ്റില്‍ നിന്ന് വാങ്ങിക്കാറുള്ള ഇത്തരം ഉപകരണങ്ങള്‍ ഗുണമേന്മയില്ലാത്ത പ്ലാസ്റ്റിക്ക് കൊണ്ടുണ്ടാക്കിയവയാണ്. മാത്രമല്ല, ചിലവിടുന്ന വെള്ളത്തിന്റെ അളവില്‍ വലിയ രീതിയിലൊരു നിയന്ത്രണമൊന്നും ഇതിന് ചെലുത്താനുമാകുന്നില്ല. 

എന്നാല്‍ 'എര്‍ത്ത് ഫോക്കസ്' രൂപപ്പെടുത്തിയെടുത്ത പിച്ചള കൊണ്ടുള്ള 'നോസിലുകള്‍' ദിവസത്തില്‍ ഏതാണ്ട് 35 ലിറ്ററോ അതിലധികമോ ലാഭിക്കാന്‍ സഹായിക്കുമെന്നാണ് ഇവര്‍ അവകാശപ്പെടുന്നത്. ചെറിയ തൂളികള്‍ പോലെ മാത്രമേ ഇതിലൂടെ വെള്ളം പുറത്തേക്കൊഴുകൂ. ആവശ്യത്തിന് ഉപയോഗിക്കുകയുമാവാം. എന്നാല്‍ ഒരു തുള്ളി പോലും വെറുതെ കളയുന്നുമില്ല. 

അടുക്കളയിലെ എല്ലാ ടാപ്പുകളിലും ഇത് ഉപയോഗിക്കാം. വാഷ് ബേസിന്‍. ബാത്ത് റൂമിലെ ടാപ്പുകള്‍ എന്നിവയിലും ഉപയോഗിക്കാം. ഒരൊറ്റത്തവണ കൈ കഴുകുമ്പോള്‍ മാത്രം ഏതാണ്ട് 600 മില്ലി ലിറ്റര്‍ വെള്ളം വെറുതെ പോകുന്നുവെന്നാണ് ഐക്യരാഷ്ട്രസഭ ജലത്തിന്റെ ഉപയോഗവുമായി ബന്ധപ്പെട്ട് നടത്തിയ ഒരു പഠനറിപ്പോര്‍ട്ടില്‍ നിരീക്ഷിക്കുന്നത്. 

അപ്പോള്‍ ഓരോ തവണയും കയ്യും മുഖവും കഴുകുമ്പോഴും, ടോയ്‌ലറ്റ് ഫ്‌ളഷ് ചെയ്യുമ്പോഴുമെല്ലാം എത്ര ലിറ്റര്‍ വെള്ളം വെറുതെ പോകുന്നു. കഴിയാവുന്നത് പോലെയെല്ലാം വെള്ളം മിതമായ അളവില്‍ മാത്രം ഉപയോഗിക്കുന്നത് ആരോഗ്യകരമായ ഒരു സംസ്‌കാരമായി ഓരോരുത്തരും സ്വീകരിക്കുകയും പരിശീലിക്കുകയും ചെയ്യേണ്ട ആവശ്യകതയെക്കുറിച്ച് ഇപ്പോഴെങ്കിലും നമ്മള്‍ ബോധ്യത്തിലെത്തിയേ മതിയാകൂ. ചെന്നൈ നമുക്ക് ഒരു പാഠവും, ഓര്‍മ്മപ്പെടുത്തലുമാകട്ടെ.

click me!