
ക്യത്യമായ ഡയറ്റും വ്യായാമവുമായി ശരീരഭാരം കുറച്ചതിന്റെ വിജയകഥ നിങ്ങൾക്കും പറയാനുണ്ടോ? അത്തരം ആരെയെങ്കിലും നിങ്ങൾക്ക് പരിചയമുണ്ടോ? ഉണ്ടെങ്കിൽ ആ വിവരങ്ങൾ ഞങ്ങളെ അറിയിക്കാം. പേരും ഫോൺ നമ്പറും, അടക്കമുള്ള വിവരങ്ങൾ webteam@asianetnews.in എന്ന വിലാസത്തിലേക്ക് അയക്കുക. സബ്ജക്റ്റ് ലൈനിൽ 'Weight Loss Stories' എന്ന് എഴുതാൻ മറക്കരുത്.
അമിത വണ്ണം കുറയ്ക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. തൃശൂര്‍ സ്വദേശിയും ഒരു സ്വകാര്യ കമ്പനിയിലെ എച്ചആര്‍ മാനേജറുമായ സഞ്ചുവിനും കാര്യങ്ങള്‍ അത്ര എളുപ്പമായിരുന്നില്ല. ഒന്നര വർഷത്തെ കഠിന പ്രയത്നം കൊണ്ടാണ് സഞ്ചു 35 കിലോ ഭാരം കുറച്ചത്. അന്ന് 113 കിലോയായിരുന്നു സഞ്ചുവിന്‍റെ ഭാരം. ഇപ്പോൾ 78 കിലോ. എങ്ങനെയാണ് ശരീരഭാരം കുറച്ചതെന്ന് 31കാരനായ സഞ്ചു പറയുന്നു.
അന്ന് 113, ഇന്ന് 78 കിലോ
തെറ്റായ ഭക്ഷണരീതികളും ജീവിത ശൈലിയും സ്ഥിരമായുള്ള ജങ്ക് ഫുഡ് ഉപഭോഗവും ജീവിതത്തിന്‍റെ താളം തെറ്റിച്ചു. ഞാന്‍ പോലും അറിയാതെ എന്‍റെ ശരീരഭാരം കൂടുകയായിരുന്നു. പലപ്പോഴും വണ്ണം കുറയ്ക്കാനുള്ള ശ്രമങ്ങള്‍ നടത്തിയിരുന്നെങ്കിലും ഒന്നും കൃത്യമായി ഫലം കണ്ടില്ല. രാവിലെ എഴുന്നേറ്റ് നടക്കുക, ചെറിയ രീതിയിലുള്ള ഡയറ്റ് എന്നിവയൊക്കെ പരീക്ഷിച്ചുനോക്കി. പക്ഷേ കാര്യമായ മാറ്റമൊന്നും കണ്ടില്ല. ചുറ്റുമുള്ളവരുടെ ബോഡി ഷെയിമിങ് കൂടി കൂടി വന്നു. ജീവിതം തന്നെ മടുത്തിരിക്കുമ്പോഴാണ് പൃഥ്വിരാജിന്‍റെ ആടുജീവിതം എന്ന സിനിമ കണ്ടതും അതിൽ അദ്ദേഹം നടത്തിയ ട്രാൻസ്ഫോര്‍മേഷന്‍ എന്നെ വല്ലാതെ സ്വാധീനിച്ചതും. അന്ന് മുതൽ ഞാൻ എന്റെ ശീലങ്ങൾ എല്ലാം മാറ്റി. എങ്ങനെയെങ്കിലും വണ്ണം കുറയ്ക്കണം എന്ന് ഞാൻ തീരുമാനിച്ചു. അന്ന് 113 കിലോ ആയിരുന്നു എന്‍റെ ശരീരഭാരം.
ഒഴിവാക്കിയ ഭക്ഷണങ്ങള്‍
ഞാൻ ജിമ്മിൽ പോകാതെ വീട്ടിൽ തന്നെ വർക്കൗട്ട് ചെയതാണ് വണ്ണം കുറച്ചത്. എന്‍റേതായ ഒരു ഭക്ഷണ ശൈലി ചിട്ടപ്പെടുത്തിയാണ് ഡയറ്റ് ശ്രദ്ധിച്ചത്. വണ്ണം കുറയ്ക്കുന്ന യാത്രയില്‍ ഏറ്റവും പ്രധാനം ഡയറ്റാണ് (70 ശതമാനം ഡയറ്റ്, 30 ശതമാനം വർക്കൗട്ട്). ഇതിനായി ഡയറ്റീഷ്യന്മാരുടെയൊക്കെ വീഡിയോകളും മറ്റും കണ്ടു, ഇതിനെ കുറിച്ച് കൃത്യമായി പഠിച്ചു. നമ്മുടെ ശരീരത്തിന് ആവശ്യമുള്ള പ്രോട്ടീൻ, കാർബോഹൈട്രേറ്റ്, ഫൈബർ എന്നിവയുടെ തുല്യമായ അളവിലുള്ള ഭക്ഷണരീതി പിന്തുടരുകയാണ് ഞാന്‍ ചെയ്തത്. എണ്ണപ്പലഹാരങ്ങളും മധുരം അടങ്ങിയ ഭക്ഷണങ്ങളും പാനീയങ്ങളും ജങ്ക് ഫുഡും ഒഴിവാക്കി. അതുപോലെ കാർബോഹൈട്രേറ്റിന്‍റെ അളവും ഉപ്പിന്‍റെ അളവും കുറച്ചു. എപ്പോൾ ഭക്ഷണം കഴിക്കുമ്പോഴും പ്ലേറ്റിന്റെ മൂന്നിലൊന്ന് ഭാഗം പ്രോട്ടീൻ, അടുത്ത മൂന്നിലൊന്ന് ഭാഗം ഫൈബർ അടങ്ങിയ പച്ചക്കറികള്‍- പഴവർഗങ്ങൾ, അടുത്ത മൂന്നിലൊന്ന് ഭാഗം ചോറ്/ ചപ്പാത്തി/ ദോശ തുടങ്ങിയ ഏതെങ്കിലും കാർബോഹൈഡ്രേറ്റ് സോഴ്സുകൾ ഉൾപ്പെടുത്തി കഴിച്ചു ശീലിക്കാൻ തുടങ്ങി.
അത്താഴം ഏഴ് മണിക്ക് മുമ്പ്
കൃത്യസമയത്തു ഭക്ഷണം കഴിക്കുമായിരുന്നു. മുട്ട, മത്സ്യം, പഴങ്ങള്‍, പച്ചക്കറികള്‍, ഇടയ്ക്ക് ചിക്കന്‍ എന്നിങ്ങനെയുള്ള സാധാരണ ഭക്ഷണങ്ങളാണ് കഴിച്ചിരുന്നത്. രാത്രി ഭക്ഷണം 7 മണിക്ക് മുമ്പേ കഴിക്കുമായിരുന്നു. കാരണം വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ അത്താഴം ഉറങ്ങുന്നതിന് മൂന്ന് - നാല് മണിക്കൂര്‍ മുമ്പ് കഴിച്ചിരിക്കണം. അതുപോലെ ആവശ്യത്തിനു വെള്ളം കുടിച്ചു. ഇതിനൊപ്പം വ്യായാമവും ജീവിതത്തിന്‍റെ ഭാഗമാക്കി. ദിവസവും നാല് കിലോമീറ്റർ നടക്കും. കൂടാതെ വീട്ടില്‍ തന്നെ വെയിറ്റ് ട്രെയിനിങ് ചെയ്യാനും തുടങ്ങി. ജിമ്മിൽ പോകാതെ തന്നെ വീട്ടിൽ വെയിറ്റ് ട്രെയിനിങ് ചെയ്യാനുള്ള ഉപകരണങ്ങൾ വാങ്ങി ചെയ്യുകയായിരുന്നു. വർക്കൗട്ടിന് ശേഷം പ്രോട്ടീന്‍ പൌഡര്‍ എടുക്കുമായിരുന്നു, അതുപോലെ ഒമേഗ 3 ഗുളികകളും കഴിക്കുമായിരുന്നു.
ചിട്ടയായ ഭക്ഷണക്രമവും വ്യായാമവും ഫലം നല്‍കി
ആദ്യത്തെ ഒരു മാസം കഷ്ടപ്പാടായിരുന്നു. പിന്തിരിയാൻ എന്‍റെ മനസ് കുറേ ശ്രമിച്ചെങ്കിലും ചിട്ടയായ ഭക്ഷണക്രമവും വ്യായാമവും എന്നെ പിടിച്ചുനിര്‍ത്തി. അങ്ങനെ ഒന്നര വർഷം കൊണ്ട് ഞാൻ 35 കിലോ ശരീരഭാരം കുറച്ചു. ചിട്ടയായ ഭക്ഷണക്രമത്തിലൂടെയും വ്യായാമരീതിയിലൂടെയും ആർക്കുവേണമെങ്കിലും ശരീരഭാരം കുറയ്ക്കാം. ആദ്യമൊക്കെ മറ്റുള്ളവരെ അഭിമുഖീകരിക്കാന്‍ മടി ഉണ്ടായിരുന്ന ഞാന്‍ ഇപ്പോള്‍ ആത്മവിശ്വാസത്തോടെയാണ് കാര്യങ്ങളെ സമീപിക്കുന്നത്. ഇപ്പോഴും ഡയറ്റും വ്യായാമവും തുടരുന്നു. 75ലേക്ക് ഭാരം എത്തിക്കാനാണ് ശ്രമം.