
ഒരു വ്യക്തി മനസ്സ് മടുത്തു എന്ന് പറയുമ്പോൾ അതെല്ലാം നിന്റെ തോന്നലാണ്, നിനക്കെന്താ ഒരു കുഴപ്പം ഉള്ളത് എന്ന് പറഞ്ഞു നിസ്സാരമായി കാണുന്ന രീതി പലപ്പോഴും കണ്ടുവരാറുണ്ട്. അതിന്റെ അപകടങ്ങൾ പലതാണ്.
ആ വ്യക്തിയുടെ സങ്കടം കേൾക്കാൻ ഒരാൾ ഉണ്ടാവുക എന്നതുതന്നെ മനസ്സിന്റെ സങ്കടം വളരെ കുറയ്ക്കാൻ സഹായിക്കും. എന്നാൽ തീവ്രമായ വിഷാദരോഗത്തിലേക്ക് ആ വ്യക്തി എത്തിക്കഴിഞ്ഞാൽ മനഃശാസ്ത്ര വിധക്തരുടെ സഹായം ആ വ്യക്തിക്കു ആവശ്യമായി വരും.
പലരും പറയാറുണ്ട്- എനിക്ക് ഡിപ്രസ്സഷൻ ആണെന്നും എനിക്ക് സഹായം വേണെമെന്നും ഒക്കെ എനിക്കറിയാം, പക്ഷേ ചികിത്സ തേടാൻ വീട്ടിൽ ആരും സമ്മദിക്കുന്നില്ല. കൂട്ടുകാർ പറയുന്നു നിനക്ക് എന്താ രോഗമാണോ ചികിത്സ തേടാൻ എന്ന്.
ഒരു മോശം ലേബൽ നൽകി ആ വ്യക്തിയെ വിഷമിപ്പിക്കുമ്പോൾ അയാൾക്ക് ജീവിതത്തിൽ പ്രതീക്ഷ നഷ്ടപ്പടുമെന്ന് ആരും ഓർക്കാറില്ല. അവഗണനയും കളിയാക്കലും കേൾക്കുന്ന വ്യക്തി മനസ്സിനു ധൈര്യമില്ലാത്ത ആളാണ് എങ്കിൽ അവിടെ ആത്മഹത്യാ സാധ്യത ഉണ്ടാകും.
ആത്മഹത്യാ ചിന്തകൾ ഉണ്ടാകാനുള്ള കാരണങ്ങൾ
● ഒറ്റപ്പെടൽ
● എപ്പോഴും കുറ്റപ്പെടുത്തലുകൾ കേൾക്കേണ്ടി വരിക
● ജീവിതത്തിൽ പ്രതീക്ഷ നഷ്ടമാവുക
● ചെറിയ പ്രായത്തിൽ നേരിട്ട അവഗണന, ദുരനുഭവങ്ങൾ
● പ്രണയിക്കുന്നയാളെ നഷ്ടപ്പെടുക
● ജോലിയിലോ പഠനത്തിന്റെ ഉള്ള സമ്മർദ്ദം
● എപ്പോഴും കളിയാക്കലുകൾ നേരിടേണ്ടിവരിക
● തെറ്റുപറ്റിയെന്ന കുറ്റബോധം
● ആരുടെയും സപ്പോർട്ട് ഇല്ലാത്ത അവസ്ഥ
● വിഷാദം, ഉത്കണ്ഠ എന്നീ മാനസിക പ്രശ്നങ്ങൾ
എങ്ങനെ ആത്മഹത്യകൾ തടയാം?
● പരസ്പര സ്നേഹമുള്ള കുടുംബാന്തരീക്ഷം ഉണ്ടാക്കുക
● സുഹൃത്തുക്കളോട് തുറന്നു സംസാരിക്കുന്ന രീതി ഉണ്ടാവുക
● ഒറ്റപ്പെട്ടിരിക്കുന്ന സുഹൃത്തിനെ കണ്ടാൽ കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കുക
● വിഷാദം, ഉത്കണ്ഠ പോലെയുള്ള അവസ്ഥകൾ തിരിച്ചറിഞ്ഞു കഴിയുന്ന അത്രയും വേഗം ചികിത്സ തേടുക
● മരണത്തെക്കുറിച്ചു സംസാരിക്കുന്ന, എപ്പോഴും സങ്കടപ്പെട്ടിരിക്കുന്ന വ്യക്തികളിൽ ആത്മഹത്യാ സാധ്യത കൂടുതലാണ് എന്നതിനാൽ സ്കൂളിൽ, ജോലി സ്ഥലങ്ങളിൽ, വീടുകളിൽ ഒക്കെ അവരെ കേൾക്കാൻ ആളുകൾ തയ്യാറാവണം, സൈക്കോളജിസ്റ്റിനെ സമീപിക്കാനും തയ്യാറാവണം
● ആത്മഹത്യാ പ്രവണതയുള്ള വ്യക്തിയുടെ സങ്കടങ്ങളിൽ ഒന്നും കാര്യമില്ല എന്ന് പറഞ്ഞു നിസ്സാരമായി കാണരുത്- അവരെ കേൾക്കാൻ തയ്യാറാവണം
(ക്ലിനിക്കൽ സൈക്കോളജിസ്റ്റ് പ്രിയ വർഗീസ് തയ്യാറാക്കിയ ലേഖനം. Call: 8281933323)