ടെൻഷനടിക്കുമ്പോൾ കക്കൂസിൽ പോകാൻ മുട്ടുന്നതിനു പിന്നിലെന്ത്?

By Web TeamFirst Published Oct 6, 2021, 12:45 PM IST
Highlights

പലർക്കും, എത്ര തവണ ടോയ്‌ലെറ്റിൽ പോയി വന്നാലും, ഇനിയും പോകാൻ ബാക്കിയുണ്ട് എന്നൊരു തോന്നൽ വരെ ഉണ്ടാവാം.

ഒരു ഇന്റർവ്യൂവിന്(interview) ചെന്ന് ഓഫീസിലെ റിസപ്‌ഷനിൽ കാത്തിരിക്കുമ്പോൾ, ഏറെ നാൾ സോഷ്യൽ മീഡിയയിൽ(social media) സല്ലപിച്ച കാമുകിയെ ആദ്യമായി കാണാൻ വേണ്ടി റെയിൽവേ സ്റ്റേഷനിൽ കാത്തിരിക്കുമ്പോൾ അല്ലെങ്കിൽ ആറ്റുനോറ്റിരുന്നു വന്നെത്തിയ ഒരു പിഎസ്‌സി പരീക്ഷയെഴുതാൻ വേണ്ടി ഹാൾ ടിക്കറ്റും കാണിച്ച് ഹാളിനുള്ളിൽ കയറിയ ശേഷം - പലരും വല്ലാതെ ടെൻഷൻ(nervous) അടിച്ചു പോവുന്ന സാഹചര്യങ്ങളാണ് മേലെ പറഞ്ഞ ചിലത്. എന്നാൽ, ഈ സന്ദർഭങ്ങളിൽ അടക്കാനാവാത്ത ഉദ്വേഗത്തോടൊപ്പം കലശലായി ടോയ്‌ലറ്റിൽ പോവാൻ കൂടി മുട്ടിയാലോ? ടെൻഷനും ടോയ്‌ലറ്റും തമ്മിൽ ഇങ്ങനെ ഒരു അഭേദ്യബന്ധമുള്ളവരുടെ എണ്ണം അത്ര ചെറുതൊന്നുമല്ല.  വല്ലാതെ ടെൻഷനടിക്കുമ്പോൾ നമ്മളിൽ പലർക്കും ഇങ്ങനെ കക്കൂസിൽ പോവാൻ മുട്ടുന്നതിന്റെ പിന്നിലെ ശാസ്ത്രരഹസ്യമെന്താണ്? മെൻസ് ഹെൽത്ത് മാസികയിലെ കോളമിസ്റ്റായ ഡോ. സമീർ ഇസ്ലാം അടുത്തിടെ റിലീസ് ചെയ്ത ഒരു വീഡിയോയിലൂടെ ഈ മില്യൺ ഡോളർ ചോദ്യത്തിനുള്ള ഉത്തരം വിശദമായിത്തന്നെ നൽകുന്നുണ്ട്.

 

 വല്ലാതെ ടെൻഷൻ അടിക്കുന്ന അവസരങ്ങളിൽ താനും നേരിടുന്ന ഒരു പ്രശ്നമാണ് ഈ ടോയ്‌ലറ്റിൽ പോവാൻ മുട്ടൽ എന്ന തുറന്നുപറച്ചിലോടെയാണ് ഡോ. സമീർ തന്റെ വീഡിയോ തുടങ്ങുന്നത് തന്നെ. ഈ ഒരു സവിശേഷ ബന്ധം നമ്മുടെ പാരസിമ്പതെറ്റിക്‌, സിമ്പതെറ്റിക് നാഡീവ്യൂഹങ്ങളുടെ വളരെ സാധാരണമായ ഒരു ഭാഗമാണ് എന്നും, അതാണ് തലച്ചോറിനെ ചെറുകുടലുമായി ബന്ധിപ്പിക്കുന്നത് എന്നും അദ്ദേഹം പറയുന്നു. നമ്മുടെ ദഹനവ്യവസ്ഥയുമായി ബന്ധപ്പെട്ടു കിടക്കുന്ന ചില നാഡിസഞ്ചയങ്ങൾ ടെൻഷൻ അനുഭവപ്പെടുമ്പോൾ വളരെ പെട്ടെന്ന് ചുരുങ്ങുകയും തത്‌ഫലമായി നമുക്ക് മലവിസർജനം നടത്താനുള്ള ത്വര അനുഭവപ്പെടുകയുമാണ് ചെയ്യുക. 

വലിയൊരു സദസ്സിനു മുന്നിൽ പ്രസംഗിക്കേണ്ടി വരിക, അല്ലെങ്കിൽ ഒരു വീഡിയോ റെക്കോർഡ് ചെയ്യേണ്ടി വരിക തുടങ്ങിയ സന്ദർഭങ്ങളിൽ ഒക്കെ ഉണ്ടാകുന്ന സഭാകമ്പവും ഇത്തരത്തിലുള്ള പ്രതികരണങ്ങൾ നമ്മുടെ വയറ്റിൽ നിന്നുമുണ്ടാവാൻ കാരണമാവാറുണ്ട്. പലർക്കും, എത്ര തവണ ടോയ്‌ലെറ്റിൽ പോയി വന്നാലും, ഇനിയും പോകാൻ ബാക്കിയുണ്ട് എന്നൊരു തോന്നൽ വരെ ഉണ്ടാവാം. ഇങ്ങനെ എന്ത് പ്രധാന കാര്യങ്ങൾക്ക് ഇറങ്ങിപ്പുറപ്പെട്ടാലും, വഴി മുടക്കി നിൽക്കുന്ന ഈ ശാരീരികപ്രതിഭാസം പലപ്പോഴും മാനഹാനി, ധനനഷ്ടം എന്നിവയ്ക്കും കാരണമാവാറുണ്ട്.

ആദ്യം ചികിത്സിക്കേണ്ടത് നമ്മുടെ കടുത്ത ഉത്കണ്ഠകളെയാണ് എന്നാണ് ഡോ. സമീറിന്റെ അഭിപ്രായം. എന്നിരുന്നാലും, ചില അടിയന്തര അവസരങ്ങളിൽ വയറിന്റെ പ്രശ്നങ്ങൾക്ക് താത്കാലികമായ ചികിത്സകളും തേടാവുന്നതാണ് എന്നും അദ്ദേഹം പറയുന്നുണ്ട്. "സുദീർഘമായ ശ്വാസ നിശ്വാസങ്ങൾ എടുക്കുക. സാവകാശത്തിൽ ശ്വാസം അകത്തേക്കെടുത്ത് പുറത്തേക്ക് വിടുക. പുറത്ത് തുറസ്സായ ഇടങ്ങളിൽ കാറ്റും വെളിച്ചവുമില്ല സ്ഥലത്ത് ഇറങ്ങി രണ്ടു ചാൽ നടക്കുക. ഇതൊക്കെയാണ് ടെൻഷൻ റിലീസ് ചെയ്യാനുള്ള വഴികൾ" പിന്നെ മലവിസർജനം എന്നത് നാണക്കേട് തോന്നേണ്ട കാര്യമല്ല, നമ്മുടെ നിത്യനിദാന കർമങ്ങളിൽ ഒന്നുമാത്രമാണ് എന്ന തിരിച്ചറിവുണ്ടായി, ജാള്യത കൂടാതെ അത് നിർവഹിച്ചു വരിക തന്നെയാണ് ചെയ്യേണ്ടത് എന്നും അദ്ദേഹം പറയുന്നു. 

click me!