
സോഷ്യൽ മീഡിയയിലെ സ്കിൻ കെയർ വീഡിയോകൾ ശ്രദ്ധിച്ചിട്ടുണ്ടോ? 'സാലിസിലിക് ആസിഡ്' തൊട്ട് 'ഗ്ലൈക്കോളിക് ആസിഡ്' വരെ നീളുന്ന പേരുകൾ കൊണ്ട് നിറയുകയാണ് ഇൻസ്റ്റാഗ്രാം റീലുകളും യൂട്യൂബ് ഷോർട്സും. പണ്ട് ആസിഡ് എന്ന് കേൾക്കുമ്പോൾ ഭയന്നിരുന്നവർ ഇന്ന് അവ മുഖത്ത് പുരട്ടി സുന്ദരനാകാനും സുന്ദരിയാകാനും മത്സരിക്കുകയാണ്. കെമിക്കലുകൾ ഉപയോഗിച്ചുള്ള ഈ 'ആസിഡ് സ്കിൻ കെയർ' ഇന്ന് ജെൻ സി പിള്ളേർക്കിടയിൽ ഒരു ഭ്രാന്തായി മാറിക്കഴിഞ്ഞു.
പണ്ട് ചർമ്മ സംരക്ഷണത്തിന് മഞ്ഞളും തൈരും കടലമാവും ഒക്കെയായിരുന്നു ഉപയോഗിച്ചിരുന്നത്. എന്നാൽ ഇന്നത്തെ പിള്ളേർക്ക് വേണ്ടത് 'ഇൻസ്റ്റന്റ്' റിസൾട്ടാണെന്നാണ് പഠനങ്ങൾ പറയുന്നത്. ലാബുകളിൽ തയ്യാറാക്കുന്ന കെമിക്കൽ ആസിഡുകൾ ഉപയോഗിക്കുമ്പോൾ ചർമ്മത്തിലെ മാറ്റം വേഗത്തിൽ കാണാൻ സാധിക്കും എന്നതാണ് ഇവരെ ഇതിലേക്ക് ആകർഷിക്കുന്നതെന്ന് ഡോക്ടർമാർ പറയുന്നു. മുഖക്കുരു മാറ്റാനും, ചർമ്മത്തിലെ കറുത്ത പാടുകൾ നീക്കം ചെയ്യാനും, മുഖത്തിന് ഒരു 'ഗ്ലാസ് ഫിനിഷ്' നൽകാനും ഈ ആസിഡുകൾ സഹായിക്കുമെന്ന് ഇവർ വിശ്വസിക്കുന്നു.
ഇൻസ്റ്റാഗ്രാമിലെയും ടിക് ടോക്കിലെയും സ്കിൻ കെയർ ഇൻഫ്ലുവൻസേഴ്സ് ആണ് ഈ ട്രെൻഡിന്റെ പ്രധാന കാരണക്കാർ. പലപ്പോഴും ചർമ്മരോഗ വിദഗ്ദ്ധരുടെ (Dermatologists) ഉപദേശമില്ലാതെ തന്നെ, സോഷ്യൽ മീഡിയ കണ്ട് ഇഷ്ടം പോലെ ആസിഡ് പ്രോഡക്റ്റുകൾ വാങ്ങി ഉപയോഗിക്കുന്നത് ഇന്ന് പതിവായിരിക്കുകയാണ്. ഇത് പലപ്പോഴും ഗുരുതരമായ പ്രത്യാഘാതങ്ങളിലേക്ക് നയിക്കുന്നുമെന്നാണ് ഡോക്ടർമാരുടെ അഭിപ്രായം.
ആസിഡ് ആണെന്ന് കരുതി കണ്ണിൽ കണ്ടതൊക്കെ വാങ്ങി മുഖത്ത് പുരട്ടുന്നത് അത്ര നിസ്സാര കാര്യമല്ല. കൃത്യമായ അറിവില്ലാതെ ആസിഡുകൾ ഉപയോഗിക്കുമ്പോൾ സംഭവിക്കാവുന്ന ചില കാര്യങ്ങൾ നോക്കാം:
ജെൻ സി പിള്ളേർക്കിടയിലെ ഈ ആസിഡ് പ്രേമം പലപ്പോഴും അപകടകരമായ 'ഓവർ എക്സ്ഫോളിയേഷൻ' എന്ന അവസ്ഥയിലേക്ക് നയിക്കുന്നുണ്ട്. കൂടുതൽ തിളക്കം കിട്ടാൻ വേണ്ടി ദിവസവും ആസിഡ് ഉപയോഗിക്കുന്നത് ചർമ്മത്തിന്റെ ആരോഗ്യം നശിപ്പിക്കും.
വിദഗ്ദ്ധർ പറയുന്നത് അനുസരിച്ച്, ഏത് ആസിഡ് ഉപയോഗിക്കുന്നതിന് മുമ്പും ചർമ്മത്തിന്റെ ഒരു ചെറിയ ഭാഗത്ത് പുരട്ടി പ്രശ്നമില്ലെന്ന് ഉറപ്പുവരുത്തണം. കൂടാതെ, ചർമ്മത്തിന്റെ തരം (Skin Type) അറിഞ്ഞു മാത്രം ഇവ തിരഞ്ഞെടുക്കുക.