Viral Photo : വിവാഹവിരുന്നില്‍ നിന്ന് നേരെ റെയില്‍വേ പ്ലാറ്റ്‌ഫോമിലേക്ക്; വൈറലായ ചിത്രം...

By Web TeamFirst Published Dec 5, 2021, 10:28 PM IST
Highlights

ഓരോ ദിവസവും പട്ടിണി മൂലം ദുരിതപ്പെടുന്നവര്‍ എത്രയോ ആണ് നമ്മുടെ രാജ്യത്ത്. ഈ വിഭാഗങ്ങളെ കൂടി ചേര്‍ത്തുനിര്‍ത്തുമ്പോള്‍ മാത്രമാണ് ഓരോ ആഘോഷങ്ങള്‍ക്കും അര്‍ത്ഥമുണ്ടാകുന്നത്. ഇതേ സന്ദേശം തന്നെയാണ് ഈ ചിത്രങ്ങളും നിശബ്ദമായി പങ്കുവയ്ക്കുന്നത്

നമ്മുടെ നാട്ടില്‍ വിവാഹമെന്നാല്‍ അതൊരു വലിയ ആഘോഷവേള ( Wedding Reception ) തന്നെയാണ്. സാമ്പത്തികാവസ്ഥ ( Financial Status ) അനുസരിച്ച് ഓരോ കുടുംബവും അവരുടെ വീടുകളിലെ വിവാഹം പൊടിപൊടിക്കാറുണ്ട്. 

പ്രത്യേകിച്ച് ഭക്ഷണകാര്യങ്ങളിലാണ് വിവാഹാഘോഷങ്ങളില്‍ ഏറെ ശ്രദ്ധ പുലര്‍ത്താറ്. കഴിയുന്നത് പോലെ മികച്ച വിഭവങ്ങള്‍ തയ്യാറാക്കി, അത് ഏവരെയും ഊട്ടി സന്തോഷമായി പറഞ്ഞുവിടാനാണ് ആതിഥേയര്‍ ശ്രമിക്കുക. ഇതും സാമ്പത്തികാവസ്ഥ അടിസ്ഥാനപ്പെടുത്തി തന്നെയാണ് ഒരുങ്ങാറ്. എത്ര ചെറിയ വിവാഹവിരുന്നാണെങ്കിലും എന്തെങ്കിലും പ്രത്യേകമായ വിഭവങ്ങള്‍ ഉള്‍പ്പെടുത്താതിരിക്കില്ല. 

ചിലയിടങ്ങളിലാണെങ്കില്‍ വിവാഹവിരുന്നിലെ ആര്‍ബാഡം മൂലം ഇങ്ങനെ തയ്യാറാക്കുന്ന വിഭവങ്ങളെല്ലാം തന്നെ ബാക്കിയായി വരാറുണ്ട്. പലപ്പോഴും ഇത്തരത്തില്‍ ബാക്കിയാകുന്ന ഭക്ഷണം വെറുതെ കളയുകയോ, കുഴി വെട്ടി മൂടുകയോ എല്ലാം ചെയ്യാറുണ്ട്. 

അടുത്ത കാലങ്ങളിലായി വിവാഹവിരുന്നുകളില്‍ ബാക്കിയായി വരുന്ന ഭക്ഷണം തെരുവില്‍ കഴിയുന്നവര്‍ക്കും ഒരു നേരത്തെ ആഹാരത്തിന് വകയില്ലാതെ ജീവിക്കുന്നവര്‍ക്കുമെല്ലാം നല്‍കിവരുന്ന പ്രവണത കാണുന്നുണ്ട്. തീര്‍ച്ചയായും അഭിനന്ദനാര്‍ഹമായ പ്രവര്‍ത്തിയാണിത്. 

അത്തരമൊരു സംഭവത്തിന് സോഷ്യല്‍ മീഡിയയില്‍ കിട്ടിയ വരവേല്‍പിനെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. ബംഗാളിലാണ് സംഭവം. സഹോദരന്റെ വിവാഹവിരുന്നിന് ശേഷം, രാത്രി വൈകിയും റെയില്‍വേ സ്‌റ്റേഷന്‍ പ്ലാറ്റ്‌ഫോമിലിരുന്ന് വിരുന്നിന് ബാക്കിയായ വിഭവങ്ങള്‍ ദരിദ്രരായ ആളുകള്‍ക്ക് നല്‍കുന്ന സ്ത്രീയുടെ ചിത്രങ്ങളാണ് ഫേസ്ബുക്കില്‍ വൈറലായത്. 

നിലഞ്ജന്‍ മൊണ്ഡാല്‍ എന്ന വെഡിംഗ് ഫോട്ടോഗ്രാഫറാണ് ഇവരുടെ ചിത്രങ്ങള്‍ ഫേസ്ബുക്കിലൂടെ പങ്കുവച്ചത്. പപിയ കര്‍ എന്ന സ്ത്രീയാണ് ചിത്രത്തിലുള്ളത്. വിവാഹവിരുന്നിന് ശേഷം വസ്ത്രം പോലും മാറാതെ ഭക്ഷണവുമായി ഇവര്‍ നേരിട്ട് റെയില്‍വേ സ്‌റ്റേഷനിലേക്ക് എത്തിയതാണ്.

ഇവിടെ കഴിയുന്ന ദരിദ്രരായ ആളുകള്‍ക്ക് പേപ്പര്‍ പ്ലേറ്റില്‍ ചോറും ദാലും റൊട്ടിയും മറ്റും ഇവര്‍ തന്നെ വിളമ്പിനല്‍കുകയാണ്. നിരവധി പേരാണ് ഈ ചിത്രങ്ങള്‍ വീണ്ടും പങ്കുവച്ചത്. ഉദാത്തമായ മാതൃകയാണ് ഇവര്‍ സമൂഹത്തിന് മുന്നിലേക്ക് വയ്ക്കുന്നതെന്നും ചിത്രം കണ്ടവര്‍ അഭിപ്രായമായി രേഖപ്പെടുത്തുന്നു. 

ഓരോ ദിവസവും പട്ടിണി മൂലം ദുരിതപ്പെടുന്നവര്‍ എത്രയോ ആണ് നമ്മുടെ രാജ്യത്ത്. ഈ വിഭാഗങ്ങളെ കൂടി ചേര്‍ത്തുനിര്‍ത്തുമ്പോള്‍ മാത്രമാണ് ഓരോ ആഘോഷങ്ങള്‍ക്കും അര്‍ത്ഥമുണ്ടാകുന്നത്. ഇതേ സന്ദേശം തന്നെയാണ് ഈ ചിത്രങ്ങളും നിശബ്ദമായി പങ്കുവയ്ക്കുന്നത്. ഒപ്പം തന്നെ ഭക്ഷണത്തെ ബഹുമാനിക്കേണ്ടതിന്റെ പ്രാധാന്യവും ഇവ ഓര്‍മ്മിപ്പിക്കുന്നു.

Also Read:-  'ഇതൊക്കെയാണ് സന്തോഷം'; മനസ് നിറയ്ക്കുന്ന വീഡിയോ

click me!