ഓട്ടോറിക്ഷയില്‍ വച്ച് പ്രസവവേദന, ഭര്‍ത്താവ് ബോധരഹിതനായി; ഒടുവില്‍ രക്ഷാകരങ്ങളെത്തി...

By Web TeamFirst Published Feb 14, 2020, 6:01 PM IST
Highlights

അല്‍പദൂരം പോയപ്പോഴേക്കും പൂജയ്ക്ക് പ്രസവവേദന അനുഭവപ്പെട്ട് തുടങ്ങി. ഇതറിഞ്ഞ ഇബ്രാഹിം എത്രയും വേഗം ഇവരെ ആശുപത്രിയിലേക്കെത്തിക്കാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ വേദന അധികരിച്ചതോടെ ആകെ പ്രശ്‌നമായി.ഭാര്യയുടെ കരച്ചിലും വേദനയും കണ്ടതോടെ ഭര്‍ത്താവ് ഓട്ടോയ്ക്കകത്ത് വച്ച് തന്നെ ബോധരഹിതനായി

ആശുപത്രിയിലേക്ക് പോകും വഴി പ്രസവവേദന അധികരിക്കുകയും വണ്ടിക്കുള്ളില്‍ വച്ചുതന്നെ പ്രസവിക്കുകയും ചെയ്ത എത്രയോ സംഭവങ്ങള്‍ നമ്മള്‍ വാര്‍ത്തകളിലൂടെയും അല്ലാതെയുമെല്ലാം കേട്ടിരിക്കുന്നു. അത്തരമൊരു സംഭവത്തെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. 

ഈ കഥയില്‍ പക്ഷേ, ഹീറോ ഒരു ഓട്ടോറിക്ഷാ ഡ്രൈവറാണ്. രാജസ്ഥാനിലെ കോട്ട സ്വദേശിയാണ് ഓട്ടോ ഡ്രൈവറായ ഇബ്രാഹിം. പൂജ മെഹവാര്‍ എന്ന ഇരുപത്തിയഞ്ചുകാരിയും ഭര്‍ത്താവും ആശുപത്രിയില്‍ അഡ്മിറ്റ് ആകാന്‍ പോകുന്നതിനായിട്ടാണ് ഇബ്രാഹിമിന്റെ വണ്ടി വിളിച്ചത്. 

അല്‍പദൂരം പോയപ്പോഴേക്കും പൂജയ്ക്ക് പ്രസവവേദന അനുഭവപ്പെട്ട് തുടങ്ങി. ഇതറിഞ്ഞ ഇബ്രാഹിം എത്രയും വേഗം ഇവരെ ആശുപത്രിയിലേക്കെത്തിക്കാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ വേദന അധികരിച്ചതോടെ ആകെ പ്രശ്‌നമായി.

ഭാര്യയുടെ കരച്ചിലും വേദനയും കണ്ടതോടെ ഭര്‍ത്താവ് ഓട്ടോയ്ക്കകത്ത് വച്ച് തന്നെ ബോധരഹിതനായി. എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥയായിരുന്നെങ്കില്‍ പോലും ഇബ്രാഹിം പകച്ചുനിന്നില്ല. അദ്ദേഹം പൂജയെ സമാധാനിപ്പിക്കുകയും, വണ്ടി നിര്‍ത്തിയതിന് ശേഷം സമീപപ്രദേശത്ത് നിന്നായി സ്ത്രീകളെ കൂട്ടിക്കൊണ്ട് വരികയും ചെയ്തു. 

തുടര്‍ന്ന് ഓട്ടോയ്ക്കകത്ത് വച്ച് തന്നെയാണ് പൂജ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. തക്ക സമയത്ത് ഇബ്രാഹിം കാണിച്ച മനസാന്നിധ്യമാണ് തന്നേയും തന്റെ കുടുംബത്തേയും കാത്തത് എന്ന് പൂജയുടെ ഭര്‍ത്താവ് സുനില്‍ മെഹവാര്‍ പിന്നീട് പ്രതികരിച്ചു. പൂജയും ഇബ്രാഹിമിനോടുള്ള നന്ദി അറിയിച്ചു. ഓട്ടോ തൊഴിലാളികളും നാട്ടുകാരും ചേര്‍ന്ന് പിന്നീട് ഇബ്രാഹിമിന് ഗംഭീരമായൊരു സ്വീകരണവും നല്‍കി.

click me!