
പ്രത്യുത്പാദന പ്രക്രിയയില്‍ നിര്‍ണായകമായ പങ്ക് വഹിക്കുന്ന ഒന്നാണ് ശുക്ലം. ബീജത്തെ പുരുഷനില്‍ നിന്ന് സ്ത്രീയിലേക്ക് എത്തിക്കുന്നത് ശുക്ലമാണ്. ഓരോ തുള്ളി ശുക്ലത്തിലും അവധി ബീജമാണ് ഉള്‍ക്കൊണ്ടിരിക്കുക. എന്നാല്‍ ശുക്ലം ശരീരത്തിന് പുറത്തെത്തിക്കഴിഞ്ഞാല്‍ വൈകാതെ തന്നെ അതിലെ ബീജങ്ങളുടെ ജീവൻ നഷ്ടപ്പെട്ട് ഇല്ലാതായിത്തീരും.
ഇങ്ങനെയൊന്നുമല്ലാതെ ശുക്ലത്തിന് മറ്റെന്തെങ്കിലും ധര്‍മ്മമുണ്ടോയെന്ന് ചോദിച്ചാല്‍ ജീവശാസ്ത്രപരമായി വിശദീകരിക്കുന്നതിനുമപ്പുറം ശുക്ലം കൊണ്ട് എന്താണ് ചെയ്യാനുള്ളത്? ഒന്നുമില്ലെന്ന് തന്നെ പറയാം.
എന്നാല്‍ വേറെയും കാര്യമുണ്ടെന്ന് പറയും കാനഡ സ്വദേശിയായ അമാന്ത ബൂത്ത് എന്ന യുവതി. ശുക്ലം ഉപയോഗിച്ച് ആഭരണങ്ങള്‍ നിര്‍മ്മിച്ച് ചരിത്രത്തില്‍ തന്നെ ഇടം നേടിയിരിക്കുകയാണ് അമാന്ത. ശരീരത്തിന് പുറത്തെത്തുന്ന ശുക്ലം കട്ട പിടിച്ച് ചീത്തയായിപ്പോകും മുമ്പ് തന്നെ ശേഖരിച്ച്, ഈ സാമ്പിള്‍ സൂക്ഷിച്ച്, ഇതിലെ ജലാംശം തീര്‍ത്തും കളഞ്ഞ്, ഉണക്കി പൊടിച്ചെടുത്ത ശേഷമാണ് മുത്തുകള്‍ പോലെയാക്കിയെടുക്കുന്നത്. ഇത് മാലയില്‍ ലോക്കറ്റായും ബ്രേസ്ലെറ്റായും എല്ലാം ആഭരണങ്ങളില്‍ ഉപയോഗിക്കും.
പാതി തമാശയെന്ന രീതിയിലാണത്രേ പ്രൊഫഷണല്‍ ആഭരണ നിര്‍മ്മാതാവായ അമാന്ത ഈ ആശയത്തിലേക്ക് ആദ്യം വരുന്നത്. മൃതദേഹങ്ങളില്‍ നിന്ന് ശേഖരിക്കുന്ന ചെറിയ അംശങ്ങള്‍, രക്തം, മുലപ്പാല്‍, മുടി എന്നിവയെല്ലാം വച്ച് നേരത്തെ തന്നെ അമാന്ത ആഭരണങ്ങള്‍ തയ്യാറാക്കി തന്‍റെ ക്ലയന്‍റുകള്‍ക്ക് നല്‍കുമായിരുന്നു.
ഇവയെല്ലാം തന്നെ പ്രിയപ്പെട്ടവരുടെ ഓര്‍മ്മക്കായോ അവരോടുള്ള ഇഷ്ടത്തിന്‍റെ സൂചനയായോ ആണ് ആളുകള്‍ ആവശ്യപ്പെട്ട് തയ്യാറാക്കിക്കുന്നത്. സമാനമായ വൈകാരികാവസ്ഥ തന്നെയാണ് ശുക്ലം കൊണ്ടുള്ള ആഭരണങ്ങളോടും ആളുകള്‍ക്കുള്ളതെന്ന് അമാന്ത തന്നെ പറയുന്നു. ഇതിന് പുറമെ ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയരാകുന്നവര്‍, ക്യാൻസര്‍ ചികിത്സയിലുള്ളവര്‍ എന്നിവരും ശുക്ലമുപയോഗിച്ച് തയ്യാറാക്കുന്ന ആഭരണങ്ങള്‍ക്ക് ആവശ്യക്കാരായി എത്താറുണ്ടെന്ന് ഇവര്‍ പറയുന്നു.
തന്‍റെ ഭര്‍ത്താവിന്‍റെ ശുക്ലം ഉപയോഗിച്ചാണ് ആദ്യം അമാന്ത ആഭരണം തയ്യാറാക്കിയത്. ഇതിന് ശേഷമാണ് ക്ലയന്‍റ്സ് വന്നുതുടങ്ങിയതെന്നും ഇവര്‍ പറയുന്നു. എന്തായാലും വ്യത്യസ്തമായ ഈ ആശയത്തിന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നതെന്ന് തന്നെയാണ് ഇവര്‍ പറയുന്നത്.
Also Read:- ശരീരത്തിന് പുറത്തെത്തിയാല്‍ പുരുഷബീജത്തിന് എത്ര ആയുസുണ്ട്?; ഒപ്പം ഗര്‍ഭധാരണ സാധ്യതകളും