ഭര്‍ത്താവിന് ഇഷ്ടമുള്ള ഭക്ഷണം മാത്രം പാചകം ചെയ്താല്‍ മതിയോ? വൈറലായി കുറിപ്പ്

By Web TeamFirst Published Jan 4, 2023, 7:00 PM IST
Highlights

പതിനഞ്ച് വര്‍ഷമായി ഇവരുടെ വിവാഹം കഴിഞ്ഞിട്ട്. രണ്ടുപേരും ജോലി ചെയ്യുന്നവരാണ്. സാമ്പത്തികകാര്യങ്ങളോ വീട്ടിലെ മറ്റ് ഉത്തരവാദിത്തങ്ങളോ എല്ലാം ഇവര്‍ പങ്കിട്ടാണ് ചെയ്യുന്നത്. എന്നാല്‍ പാചകം പോലുള്ള ജോലികള്‍ ഇവര്‍ തനിയെ ആണ് ചെയ്യുന്നത്. പാചകം തനിക്ക് ഇഷ്ടമായതിനാല്‍ തന്നെ അതില്‍ തനിക്ക് പരാതികളൊന്നും ഇല്ലെന്നാണ് ഇവര്‍ പറയുന്നത്.

ദാമ്പത്യബന്ധത്തില്‍ സ്ത്രീക്കും പുരുഷനും ഒരുപോലെ പ്രാധാന്യമുണ്ടെന്നും അതിനാല്‍ തന്നെ ഇരുവര്‍ക്കുമിടയില്‍ തുല്യത വേണെമന്നുമെല്ലാം മിക്കവരും പറയാറുണ്ട്. എന്നാല്‍ വീട്ടകങ്ങളിലെ അവസ്ഥ ഇന്നും പലപ്പോഴും ഇതിന് വിപരീതമാണെന്നതാണ് യാഥാര്‍ത്ഥ്യം.

പുറത്ത് ജോലിക്ക് പോകാത്ത സ്ത്രീകളാണെങ്കില്‍ അവര്‍ അധികവും വീട്ടുജോലികള്‍ തന്നെയാണ് ചെയ്യുക. എന്നാല്‍ അപ്പോള്‍ പോലും ഭാര്യയും ഭര്‍ത്താവും തമ്മിലൊരു ധാരണ ഉണ്ടാകേണ്ടതുണ്ടല്ലോ. ഭാര്യയെ വീട്ടില്‍ പാചകമടക്കമുള്ള ജോലി ചെയ്യാനുള്ള ഒരു വ്യക്തിയായി കണക്കാക്കുന്നത് തീര്‍ച്ചയായും അംഗീകരിക്കാനാകാത്ത സമീപനം തന്നെയാണ്. 

ഇത്തരം വിഷയങ്ങളിലെല്ലാം കാര്യമായ ചര്‍ച്ചകളുയര്‍ന്ന് വരുന്നൊരു കാലം കൂടിയാണിത്. ഇപ്പോഴിതാ സമാനമായ രീതിയില്‍ ചര്‍ച്ചയാവുകയാണ് ഒരു സ്ത്രീ റെഡ്ഡിറ്റില്‍ പങ്കുവച്ച കുറിപ്പ്. 

പതിനഞ്ച് വര്‍ഷമായി ഇവരുടെ വിവാഹം കഴിഞ്ഞിട്ട്. രണ്ടുപേരും ജോലി ചെയ്യുന്നവരാണ്. സാമ്പത്തികകാര്യങ്ങളോ വീട്ടിലെ മറ്റ് ഉത്തരവാദിത്തങ്ങളോ എല്ലാം ഇവര്‍ പങ്കിട്ടാണ് ചെയ്യുന്നത്. എന്നാല്‍ പാചകം പോലുള്ള ജോലികള്‍ ഇവര്‍ തനിയെ ആണ് ചെയ്യുന്നത്. പാചകം തനിക്ക് ഇഷ്ടമായതിനാല്‍ തന്നെ അതില്‍ തനിക്ക് പരാതികളൊന്നും ഇല്ലെന്നാണ് ഇവര്‍ പറയുന്നത്.

എന്നാല്‍ ഭര്‍ത്താവിന് താൻ പാകം ചെയ്യുന്ന ഭക്ഷണങ്ങള്‍ തീരെ താല്‍പര്യമില്ലാതായിക്കൊണ്ടിരിക്കുകയും അത് ദാമ്പത്യത്തെ പലതരത്തില്‍ ബാധിക്കുകയും ചെയ്യുന്നുവെന്നാണ് കുറിപ്പിലൂടെ ഇവര്‍ പറയുന്നത്. അടുത്ത കാലത്തായി താൻ പാകം ചെയ്യുന്ന ഭക്ഷണങ്ങള്‍ക്ക് ഭര്‍ത്താവ് ഗ്രേഡിംഗ് നടത്തുന്നുവെന്നും ഇത് എത്ര നിര്‍ത്താനാവശ്യപ്പെട്ടിട്ടും അദ്ദേഹം തയ്യാറാകുന്നില്ലെന്നും ഇവര്‍ പറയുന്നു. 

മിക്ക ഭക്ഷണങ്ങള്‍ക്കും 'ബി', അല്ലെങ്കില്‍ 'സി'ഗ്രേഡ് ആണത്രേ ഇദ്ദേഹം നല്‍കുക. മിക്കവാറും ഭക്ഷണത്തിന് കുറ്റം പറയുന്നത് കൊണ്ടുതന്നെ താൻ ചിലപ്പോഴൊക്കെ തനിക്ക് ഇഷ്ടമുള്ളതും ഭര്‍ത്താവിന് ഇഷ്ടമില്ലാത്തതുമായ ഭക്ഷണം വയ്ക്കാറുണ്ടെന്നും ഇത്തരം സന്ദര്‍ഭങ്ങളില്‍ അദ്ദേഹം പുറത്തുനിന്ന് കഴിക്കുന്നതില്‍ വിരോധമില്ലെന്ന് അറിയിച്ചതായും ഇവര്‍ കുറിപ്പില്‍ സൂചിപ്പിക്കുന്നു.

എന്നാല്‍ ഭര്‍ത്താവിന് ഇഷ്ടമില്ലാത്ത ഭക്ഷണം വയ്ക്കുന്നത് ശരിയല്ലെന്ന് ഭര്‍ത്താവിന്‍റെ അമ്മ വരെ ശാസിക്കുന്ന അവസ്ഥ താൻ അതോടെ നേരിട്ടുവെന്നാണ് ഇവര്‍ പറയുന്നത്. കൂടാതെ, ഇഷ്ടമില്ലാത്ത ഭക്ഷണം ആണെങ്കി പുറത്തുനിന്ന് വാങ്ങിക്കുന്ന ഭക്ഷണത്തിന്‍റെ പണം തന്നോട് കൊടുക്കാൻ ഭര്‍ത്താവ് ആവശ്യപ്പെട്ടതായും ഇവര്‍ കുറിപ്പില്‍ പറയുന്നു.

നിരവധി പേരാണ് സമാനമായ അനുഭവങ്ങള്‍ റെഡ്ഡിറ്റില്‍ തന്നെ കുറിപ്പ് പങ്കുവച്ചുകൊണ്ട് വെളിപ്പെടുത്തുന്നത്. പലരും തങ്ങള്‍ ഇത്തരം അവസ്ഥകളിലൂടെ കടന്നുപോയതും അതിനെ അതിജീവിച്ചതുമായ അനുഭവങ്ങളെ കുറിച്ചാണ് പറയുന്നത്. ഒപ്പം തന്നെ ദാമ്പത്യബന്ധം എത്തരത്തിലാണ് കൊണ്ടുപോകേണ്ടത് എന്നത് സംബന്ധിച്ചുള്ള ചര്‍ച്ചകളും വലിയ തോതില്‍ കുറിപ്പ് വൈറലായ പശ്ചാത്തലത്തില്‍ നടക്കുന്നുണ്ട്. 

 

Also Read:- വീട്ടുജോലികള്‍ ഭാരമാകുന്നു; വിചിത്രമായ കരാറില്‍ ഒപ്പുവച്ച് 'ലിവിംഗ് ടുഗെദര്‍' ജോഡി

click me!