Latest Videos

വേരാണെന്ന് കരുതി, പിന്നെ അനങ്ങിത്തുടങ്ങി; 'വിചിത്ര'ജീവിയുടെ വീഡിയോ...

By Web TeamFirst Published Sep 4, 2019, 7:11 PM IST
Highlights

ഇളം ഓറഞ്ച് നിറത്തില്‍ നടുക്ക് കട്ടിയുള്ള ഭാഗവും, അതില്‍ നിന്ന് ചുറ്റുഭാഗത്തേക്കും നീളുന്ന ചെറുതും വലുതുമായ ശാഖകളും, ഉപശാഖകളും. കാഴ്ചയില്‍ ഒരു കൗതുകവസ്തുവിനോട് തോന്നുന്ന ഇഷ്ടമെല്ലാം നമുക്ക് തോന്നിയേക്കാം. അങ്ങനെയൊരു കൗതുകത്തിലാണ് സാറാ വെസ്സെര്‍ എന്ന യുവതി അലാസ്‌കയിലെ ഒരു കടല്‍ത്തീരത്ത് വച്ച് ഇതിനെ കയ്യിലെടുക്കുന്നത്
 

കണ്ടാല്‍ ശരിക്കും ഒരു ചെറിയ മരത്തിന്റെ വേരാണെന്ന് തോന്നും. ഇളം ഓറഞ്ച് നിറത്തില്‍ നടുക്ക് കട്ടിയുള്ള ഭാഗവും, അതില്‍ നിന്ന് ചുറ്റുഭാഗത്തേക്കും നീളുന്ന ചെറുതും വലുതുമായ ശാഖകളും, ഉപശാഖകളും. കാഴ്ചയില്‍ ഒരു കൗതുകവസ്തുവിനോട് തോന്നുന്ന ഇഷ്ടമെല്ലാം നമുക്ക് തോന്നിയേക്കാം. 

അങ്ങനെയൊരു കൗതുകത്തിലാണ് സാറാ വെസ്സെര്‍ എന്ന യുവതി അലാസ്‌കയിലെ ഒരു കടല്‍ത്തീരത്ത് വച്ച് ഇതിനെ കയ്യിലെടുക്കുന്നത്. കയ്യിലെടുത്ത് വച്ച് നോക്കിക്കൊണ്ടിരിക്കേ പെട്ടെന്ന് വേരുകളുടെ അറ്റം പുഴു നുരയ്ക്കുന്നത് പോലെ ഇളകുന്നതായും, അവ പരസ്പരം കെട്ടുപിണയുന്നതായും കണ്ടു. 

ഒരു നിമിഷം സാറയ്ക്ക് എന്ത് ചെയ്യണമെന്ന് മനസിലായില്ല. കൗതുകം കൊണ്ട് ഇതിനെ തിരിച്ച് കടലില്‍ വിടാനും വയ്യ, എന്നാല്‍ പേടിയുമുണ്ട്. എന്തായാലും സംഗതി പെട്ടെന്ന് മൊബൈല്‍ ഫോണില്‍ പകര്‍ത്താന്‍ അവര്‍ തീരുമാനിച്ചു. തുടര്‍ന്ന് ഇതിനെ കൂടെയുള്ളവരുടെ സഹായത്തോടെ കടലില്‍ കൊണ്ടുവിടുകയും ചെയ്തു. 

താന്‍ ഫോണില്‍ പകര്‍ത്തിയ വീഡിയോ വൈകാതെ സാറ ഫെയ്‌സ്ബുക്കിലൂടെ പങ്കുവച്ചു. 'വിചിത്രമായ കടല്‍ജീവി' എന്ന പേരിലായിരുന്നു സാറ ആദ്യം വീഡിയോ പങ്കുവച്ചത്. മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ വീഡിയോ വൈറലായി. തുടര്‍ന്ന് ഇതെപ്പറ്റി അറിവുള്ള വിദഗ്ധരായ പലരും കമന്റുകളുമായി രംഗത്തെത്തി. അങ്ങനെ ഏറെ നേരത്തെ ആകാംക്ഷയ്‌ക്കൊടുവില്‍ സംഗതി എന്താണെന്ന് കണ്ടെത്തപ്പെട്ടു. 

'ബാസ്‌കറ്റ് സ്റ്റാര്‍' എന്നറിയപ്പെടുന്ന കടല്‍ജീവിയാണിത്. കാഴ്ചയ്ക്ക് നമ്മള്‍ നേരത്തേ സൂചിപ്പിച്ചത് പോലെ മരത്തിന്റെ വേരാണെന്നെല്ലം തോന്നുമെങ്കിലും, ഇതിന്റെ വേരറ്റങ്ങള്‍ പോലുള്ള ഭാഗങ്ങള്‍ക്ക് അനക്കമുണ്ടായിരിക്കും. ഇവ ഉപയോഗിച്ചാണ് ഇവ വെള്ളത്തിനടിയിലൂടെ നീങ്ങുന്നതും ഭക്ഷണം തേടിപ്പിടിക്കുന്നതുമെല്ലാം. സാധാരണഗതിയില്‍ കടലിന്റെ ഉള്‍ഭാഗങ്ങളിലാണ് ഇവ കാണപ്പെടുന്നത്. ആരോഗ്യമുള്ള ഒരു ബാസ്‌കറ്റ് സ്റ്റാറിന് ഏതാണ്ട് 35 വര്‍ഷം വരെയെല്ലാം ജീവിക്കാനാകുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. 

കടലിന്റെ ഉള്‍ഭാഗങ്ങളില്‍ കാണപ്പെടുന്ന ബാസ്‌കറ്റ് സ്റ്റാര്‍ എങ്ങനെ കടല്‍ത്തീരത്തെത്തി എന്ന കാര്യത്തില്‍ ഇപ്പോഴും സംശയങ്ങള്‍ ബാക്കിനില്‍ക്കുന്നുണ്ട്. എന്തായാലും സംഗതി 'ബാസ്‌കറ്റ് സ്റ്റാര്‍' ആണെന്നറിഞ്ഞതോടെ സാറ 'വിചിത്ര ജീവി' എന്ന അടിക്കുറിപ്പ് മാറ്റിയിട്ടുണ്ട്. ഇതുവരെ സാറയുടെ വീഡിയോ പത്ത് ലക്ഷത്തിലധികം പേര്‍ കണ്ടുകഴിഞ്ഞു. പത്തൊമ്പതിനായിരത്തിനടുത്ത് ഷെയറും വീഡിയോയ്ക്ക് ലഭിച്ചു. 

വീഡിയോ കാണാം...

 

click me!