വിദ്യാർത്ഥികളുടെ പഠന നിലവാരം മെച്ചപ്പെടുത്താൻ മൊബൈൽ ഫോൺ നിരോധിച്ച് മഹാരാഷ്ട്രയിലെ കോളേജ്

By Web TeamFirst Published Feb 1, 2020, 12:23 PM IST
Highlights

''ക്ലാസ് മുറികളിലേക്ക് സെൽഫോണുകൾ കൊണ്ടുപോകാൻ അനുവദിക്കാത്ത സമയങ്ങളിൽ വിദ്യാർത്ഥികൾക്ക് പഠനത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സാധിക്കുന്നതായി കണ്ടെത്തി.'' ദേശീയ മാധ്യമമായ പിടിഐയോട് സംസാരിക്കവേ കോളേജ് പ്രിൻസിപ്പൽ ഡോ. മക്ദൂം ഫാറൂഖി പറഞ്ഞു.

ഔറം​ഗബാദ്: വിദ്യാർത്ഥികളുടെ പഠന നിലവാരം മെച്ചപ്പെടുത്തുന്നതിന് വേണ്ടി ക്യാമ്പസിനുള്ളിൽ‌ മൊബൈൽ ഫോൺ നിരോധിക്കാൻ ഒരുങ്ങുകയാണ് മഹാരാഷ്ട്രയിലെ കോളേജ്. ഔറം​ഗബാദിലെ വനിതാ കോളേജാണ് ഇത്തരത്തിലൊരു തീരുമാനവുമായി മുന്നോട്ട് വന്നിരിക്കുന്നത്. മൊബൈൽ ഫോണുകൾ ദൈനംദിന ജീവിതത്തിന്റെ ഭാഗമായി മാറിയതോടു കൂടി യുവാക്കൾ സോഷ്യൽ മീഡിയയിലേക്ക് കൂടുതലായി ആകർഷിക്കപ്പെടുന്നുണ്ട്.

പഠന പ്രക്രിയ മെച്ചപ്പെടുത്തുന്നതിനുള്ള നടപടികൾ ഞങ്ങൾ അന്വേഷിച്ചു കൊണ്ടിരിക്കുകയായിരുന്നു. ക്ലാസ് മുറികളിലേക്ക് സെൽഫോണുകൾ കൊണ്ടുപോകാൻ അനുവദിക്കാത്ത സമയങ്ങളിൽ വിദ്യാർത്ഥികൾക്ക് പഠനത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സാധിക്കുന്നതായി കണ്ടെത്തി. ദേശീയ മാധ്യമമായ പിടിഐയോട് സംസാരിക്കവേ  കോളേജ് പ്രിൻസിപ്പൽ ഡോ. മക്ദൂം ഫാറൂഖി പറഞ്ഞു.

മൂവായിരത്തിലധികം വിദ്യാർത്ഥികളുള്ള വനിതാ കോളേജിൽ ബിരുദ, ബിരുദാനന്തര കോഴ്സുകളാണുള്ളത്. 15 ദിവസം മുമ്പാണ് ക്ലാസ് മുറികളിൽ മൊബൈൽ ഫോൺ കൊണ്ടുപോകാൻ പാടില്ല എന്ന നിബന്ധന ഏർപ്പെടുത്തിയത്. ഈ പ്രവർത്തി ക്ലാസ് മുറികളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ വിദ്യാർത്ഥികളെ സഹായിക്കുക മാത്രമല്ല, സമപ്രായക്കാരുമായുള്ള ആശയവിനിമയം മെച്ചപ്പെടുത്തുകയും ചെയ്തുവെന്ന് ഡോ. ഫാറൂഖി പറഞ്ഞു.

വിദ്യാർത്ഥികൾക്ക് സ്വന്തം ഫോണുകൾ കാമ്പസിൽ കൊണ്ടുപോകാൻ അനുവാദമില്ലെങ്കിലും അടിയന്തിര സാഹചര്യങ്ങളിൽ ഉപയോ​ഗിക്കാൻ രണ്ട് ഹാൻഡ്‌സെറ്റുകൾ റീഡിംഗ് റൂമിൽ സൂക്ഷിച്ചിട്ടുണ്ട്. “തുടക്കത്തിൽ, സെൽഫോണുകൾ അമിതമായി ഉപയോഗിക്കുന്നതിനുള്ള ശിക്ഷയായിട്ടാണ് ഈ തീരുമാനം എടുത്തിരുന്നത്. എന്നാൽ ഇപ്പോൾ പഠന-അധ്യാപന പ്രക്രിയ മെച്ചപ്പെടുത്തുന്നതിനുള്ള ഈ തീരുമാനത്തോട് വിദ്യാർത്ഥികളും ഉദ്യോഗസ്ഥരും പൂർണ്ണമായും സഹകരിക്കുന്നുണ്ട്.,‌” പ്രിൻസിപ്പൽ അവകാശപ്പെട്ടു. ഈ പ്രവർത്തിയുടെ ഫലം അവരുടെ പരീക്ഷാ പേപ്പറുകളിൽ കാണാൻ സാധിക്കുമെന്നാണ് എല്ലാ അധ്യാപകരുടെയും ഒറ്റക്കെട്ടായ അഭിപ്രായം. 

click me!