
രാവിലെ ഓഫീസിൽ കയറുന്നത് മുതൽ വൈകുന്നേരം ഇറങ്ങുന്നത് വരെ എസി മുറിയിലാണോ നിങ്ങളുടെ ജോലി? പുറത്തെ ചൂടിൽ നിന്ന് എസി നൽകുന്ന തണുപ്പ് വലിയ ആശ്വാസമാണെങ്കിലും, നിങ്ങളുടെ ചർമ്മത്തിന് ഇത് അത്ര നല്ലാതല്ല. വായുവിലെ ഈർപ്പം പൂർണ്ണമായും വലിച്ചെടുക്കുന്ന എസി, നിങ്ങളുടെ ചർമ്മത്തെ വരണ്ടതാക്കി മാറ്റും. ചർമ്മം വിണ്ടുകീറാനും, അകാല വാർദ്ധക്യത്തിനും, ചൊറിച്ചിലിനും ഇത് കാരണമാകുന്നു. എന്നാൽ പേടിക്കേണ്ട, എസി മുറി ചർമ്മത്തെ എങ്ങനെയെല്ലാം ബാധിക്കുമെന്നും ഇതിനുള്ള ലളിതമായ പരിഹാരങ്ങൾ എന്തൊക്കെയാണെന്നും നോക്കാം..
എസി മുറിയിൽ ഇരിക്കുമ്പോൾ ദാഹം തോന്നില്ല എന്നാൽ വെള്ളം കുടിക്കാതിരിക്കരുത്. ചർമ്മത്തിന് ഉള്ളിൽ നിന്ന് ഈർപ്പം നൽകാൻ കൃത്യമായ ഇടവേളകളിൽ വെള്ളം കുടിക്കുക. ഇത് ചർമ്മത്തിന്റെ ഇലാസ്തികത നിലനിർത്തും.
ഓഫീസിൽ എത്തുന്നതിന് മുൻപും ജോലിക്കിടയിലും നല്ലൊരു മോയിസ്ചറൈസർ ഉപയോഗിക്കുക. എസി വായു ചർമ്മത്തിലെ സ്വാഭാവിക എണ്ണമയം വലിച്ചെടുക്കുന്നത് തടയാൻ ഇത് ഒരു കവചമായി പ്രവർത്തിക്കും.
മുഖത്തേക്കാൾ വേഗത്തിൽ എസി ബാധിക്കുന്നത് ചുണ്ടുകളെയാണ്. കെമിക്കലുകൾ കുറഞ്ഞ ഒരു ലിപ് ബാം എപ്പോഴും കൂടെ കരുതുക. ചുണ്ടുകൾ ഉണങ്ങുന്നത് ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ പുരട്ടുക.
മുഖം വല്ലാതെ വരളുന്നതായി തോന്നിയാൽ ഇടയ്ക്ക് റോസ് വാട്ടറോ അല്ലെങ്കിൽ ഫേസ് മിസ്റ്റോ മുഖത്ത് സ്പ്രേ ചെയ്യുക. ഇത് ചർമ്മത്തിന് പെട്ടെന്ന് ഒരു ഉന്മേഷം നൽകും.
ഓഫീസ് കഴിഞ്ഞ് വീട്ടിലെത്തിയാൽ ചൂടുവെള്ളത്തിൽ മുഖം കഴുകുന്ന ശീലം പലർക്കുമുണ്ട്. ഇത് ചർമ്മം കൂടുതൽ വരണ്ടതാക്കും. പകരം സാധാരണ വെള്ളം ഉപയോഗിക്കുക.
ചർമ്മം പോലെ തന്നെ പ്രധാനമാണ് കണ്ണിന് ചുറ്റുമുള്ള ഭാഗവും. കണ്ണിന് ചുറ്റും കറുത്ത പാടുകൾ വരാതിരിക്കാൻ ഒരു അണ്ടർ-ഐ ക്രീം ഉപയോഗിക്കുന്നത് ഗുണകരമാണ്.
കഫീൻ അടങ്ങിയ ചായയും കാപ്പിയും എസി മുറിയിൽ ഇരിക്കുമ്പോൾ അമിതമായി കുടിക്കുന്നത് ഒഴിവാക്കുക. പകരം വിറ്റാമിൻ സി അടങ്ങിയ പഴങ്ങളും ജ്യൂസുകളും ശീലമാക്കുക.
ഓഫീസിലെ നിങ്ങളുടെ ഡെസ്കിന് സമീപം ഒരു ചെറിയ ഹ്യുമിഡിഫയർ വെക്കുന്നത് വായുവിലെ ഈർപ്പം നിലനിർത്താനും ചർമ്മം വരളുന്നത് തടയാനും സഹായിക്കും.
ജോലിയും കരിയറും പോലെ തന്നെ പ്രധാനമാണ് നിങ്ങളുടെ ആരോഗ്യവും ചർമ്മവും. ഈ ലളിതമായ മാറ്റങ്ങൾ നിങ്ങളുടെ ദിനചര്യയിൽ ഉൾപ്പെടുത്തിയാൽ എസി മുറിയിലെ ജോലി ചർമ്മത്തിന് ഒരു ഭീഷണിയാവില്ല.