ജയിലില്‍ 'സ്‌പെഷ്യല്‍' ഡയറ്റ് ആവശ്യപ്പെട്ട് സുശീല്‍ കുമാര്‍; പ്രതികരണവുമായി കോടതി

By Web TeamFirst Published Jun 9, 2021, 8:58 PM IST
Highlights

ഭക്ഷണത്തിനൊപ്പം സപ്ലിമെന്റുകളും വ്യായാമത്തിനുള്ള സംവിധാനങ്ങളും ഒരുക്കി നല്‍കാനും സുശീല്‍ ആവശ്യപ്പെട്ടിരുന്നു. 'ഒമേഗ-3 കാപ്‌സ്യൂള്‍', വര്‍ക്കൗട്ടിന് മുമ്പ് കഴിക്കുന്ന സപ്ലിമെന്റുകള്‍, വൈറ്റമിന്‍ ഗുളികകള്‍ എന്നിവയെല്ലാമാണ് സുശീല്‍ ആവശ്യപ്പെട്ടത്

യുവ ഗുസ്തി താരം സാഗര്‍ ദന്‍കര്‍ കൊലപാതകക്കേസില്‍ ജയിലില്‍ കഴിയുകയാണ് പ്രമുഖ ഗുസ്തി താരം സുശീല്‍ കുമാര്‍. സാഗര്‍ കൊല്ലപ്പെട്ട ശേഷം ഏതാനും ആഴ്ചകളായി സുശീല്‍ ഒളിവിലായിരുന്നു. ഒടുവില്‍ കഴിഞ്ഞ മാസം 23നാണ് അദ്ദേഹത്തിന്റെ അറസ്റ്റ് സ്ഥിരീകരിക്കപ്പെടുന്നത്. 

ഇപ്പോഴിതാ സുശീല്‍ കുമാര്‍ ജയിലില്‍ 'സ്‌പെഷ്യല്‍' ഡയറ്റ് ആവശ്യപ്പെട്ടു എന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. ഗുസ്തി താരം ആയതിനാല്‍ തന്നെ ഡയറ്റ്- വര്‍ക്കൗട്ട് എന്നീ കാര്യങ്ങളില്‍ പ്രത്യേക ശ്രദ്ധ നല്‍കുന്നയാളാണ് സുശീല്‍. ഇതിനുള്ള സൗകര്യങ്ങള്‍ ജയിലിലും നല്‍കണമെന്നായിരുന്നു സുശീലിന്റെ ആവശ്യം.

ഭക്ഷണത്തിനൊപ്പം സപ്ലിമെന്റുകളും വ്യായാമത്തിനുള്ള സംവിധാനങ്ങളും ഒരുക്കി നല്‍കാനും സുശീല്‍ ആവശ്യപ്പെട്ടിരുന്നു. 'ഒമേഗ-3 കാപ്‌സ്യൂള്‍', വര്‍ക്കൗട്ടിന് മുമ്പ് കഴിക്കുന്ന സപ്ലിമെന്റുകള്‍, വൈറ്റമിന്‍ ഗുളികകള്‍ എന്നിവയെല്ലാമാണ് സുശീല്‍ ആവശ്യപ്പെട്ടത്. 

എന്നാല്‍ ഇവയൊന്നും തന്നെ ആവശ്യങ്ങളുടെ പട്ടികയില്‍ പെടുന്നതല്ല, മറിച്ച് ആഗ്രഹങ്ങളുടെ പട്ടികയില്‍ പെടുന്നതാണ്- അതിനാല്‍ തന്നെ അനുവദിക്കാന്‍ തരമില്ല എന്നായിരുന്നു കോടതിയുടെ പ്രതികരണം. ഒരു വ്യക്തിക്ക് ആവശ്യമായ പോഷകങ്ങളും മറ്റും എത്ര വേണമെന്നത് പരിശോധിച്ച് മനസിലാക്കിയാണ് ജയില്‍ അന്തേവാസികളുടെ ഡയറ്റ് നിശ്ചയിച്ചിരിക്കുന്നതെന്നും 2018 ജയില്‍ നിയമം അനുസരിച്ച് 'ബാലന്‍സ്ഡ്' ആയ ഡയറ്റ് ജയിലില്‍ നല്‍കപ്പെടുന്നതാണെന്നും കോടതി അറിയിച്ചു. 

സുശീല്‍ കുമാര്‍ മറ്റ് ആരോഗ്യപ്രശ്‌നങ്ങളോ അസുഖങ്ങളോ ഒന്നും നേരിടുന്ന വ്യക്തിയല്ലെന്നും കോടതി ഇതോടൊപ്പം വ്യക്തമാക്കി. ജയിലിനകത്ത് നിയമാനുസരണം എല്ലാവരും ഒരുപോലെയാണ് കഴിയേണ്ടതെന്നും കോടതി ഓര്‍മ്മപ്പെടുത്തി. സുരക്ഷാപ്രശ്‌നങ്ങള്‍ കണക്കിലെടുത്ത് സുശീലിനെ നിലവില്‍ ദില്ലി മണ്‍ഡോലി ജയിലിനകത്ത് ഒറ്റയ്‌ക്കൊരു സെല്ലിലാണ് പാര്‍പ്പിച്ചിരിക്കുന്നത്. 

ഇന്ത്യക്ക് വേണ്ടി രണ്ട് തവണ ഒളിംപിക്‌സ് മെഡല്‍ നേടി താരമാണ് സുശീല്‍ കുമാര്‍. യുവ ഗുസ്തി താരമായ സാഗറുമായി മെയ് ആദ്യത്തിലാണ് സുശീലും സുഹൃത്തുക്കളും വാക്കേറ്റമുണ്ടാകുന്നത്. വഴക്ക് പിന്നീട് കയ്യാങ്കളിയിലെത്തുകയായിരുന്നു. ക്രൂരമായി മര്‍ദ്ദനമേറ്റ സാഗര്‍ ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു. ഇതോടെ സുശീല്‍ ഒളിവില്‍ പോയി. ഒടുവില്‍ കഴിഞ്ഞ മാസം 23ഓടെ പൊലീസിന്റെ പിടിയിലാവുകയും ചെയ്തു. 

Also Read:- 'സുശീൽ കുമാർ, സാഗറിനെ കൊല്ലുന്ന ദൃശ്യങ്ങൾ പകർത്തി', ​ഗുസ്തി താരങ്ങൾക്കിടയിൽ ഭീതി പരത്താനെന്ന് പൊലീസ്...

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!