കടലില്‍ നീന്തുന്നതിനിടെ യുവാവ് സ്രാവിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

By Web TeamFirst Published Sep 5, 2021, 12:30 PM IST
Highlights

2020ലാണെങ്കില്‍ ഓസ്‌ട്രേലിയന്‍ ബീച്ചുകളില്‍ 26 തവണ സന്ദര്‍ശകര്‍ക്കെതിരെ സാവിന്റെ ആക്രമണമുണ്ടായതായി റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. സര്‍ക്കാര്‍ കണക്കുകളുടെ അടിസ്ഥാനത്തിലാണ് ഈ റിപ്പോര്‍ട്ടുകള്‍

ഓസ്‌ട്രേലിയയിലെ എമറാള്‍ഡ് ബീച്ചില്‍ സന്ദര്‍ശനത്തിനെത്തിയ യുവാവ് സ്രാവിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ബീച്ചിലെത്തിയ യുവാവ് വെള്ളത്തിലിറങ്ങി നീന്തുന്നതിനിടെയാണ് സ്രാവിന്റെ ആക്രമണമുണ്ടായത്. 

ഗുരുതരമായി പരിക്കേറ്റ യുവാവിനെ രക്ഷപ്പെടുത്താന്‍ സമീപമുണ്ടായിരുന്നവരും ഗാര്‍ഡുകളുമെല്ലാം ശ്രമിച്ചെങ്കിലും എല്ലാ ശ്രമവും വിഫലമാവുകയായിരുന്നു. പിന്നീട് മെഡിക്കല്‍ സംഘം സംഭവസ്ഥലത്തെത്തി യുവാവിന് പ്രാഥമിക ചികിത്സ നല്‍കാന്‍ ശ്രമിച്ചെങ്കിലും അപ്പോഴേക്കും ജീവന്‍ നഷ്ടപ്പെട്ടിരുന്നു. 

കൊല്ലപ്പെട്ട യുവാവിന്റെ വിശദാംശങ്ങള്‍ ഇതുവരെ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. സന്ദര്‍ശകനായ യുവാവ് ആണെന്ന് മാത്രമേ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നുള്ളൂ. നീന്തുന്നതിനിടെ അപ്രതീക്ഷിതമായി പാഞ്ഞെത്തിയ സ്രാവ് ആദ്യം യുവാവിനെ വാല്‍ കൊണ്ട് അടിക്കുകയായിരുന്നുവെന്നും തുടര്‍ന്നും ആക്രമിച്ചുവെന്നും ദൃക്‌സാക്ഷികള്‍ പറയുന്നു. 

'പെട്ടെന്ന് എന്താണ് ചെയ്യേണ്ടത് എന്നറിയാതിരുന്ന സാഹചര്യമായിരുന്നു. എന്നിട്ടും ഗാര്‍ഡുകളും മെഡിക്കല്‍ സംഘവുമെല്ലാം സധൈര്യം യുവാവിനെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചുകൊണ്ടിരുന്നു. രാവിലെ ബീച്ചിലുണ്ടായിരുന്ന എല്ലാവര്‍ക്കും ഇതൊരു ആഘാതമായി...'- സംഭവസ്ഥലത്തുണ്ടായിരുന്ന ആരോഗ്യപ്രവര്‍ത്തകന്‍ ക്രിസ് വില്‍സണ്‍ പറയുന്നു. 

സംഭവത്തെ തുടര്‍ന്ന് ബീച്ച് അടച്ചിട്ട നിലയിലാണിപ്പോള്‍. ഈ വര്‍ഷം തന്നെ ഓസ്‌ട്രേലിയയില്‍ ബീച്ചില്‍ ഗുരുതരമായ രീതിയില്‍ സ്രാവിന്റെ ആക്രമണം നടക്കുന്നത് ഇത് രണ്ടാം തവണയാണ്. ചെറിയ ആക്രമണങ്ങള്‍ വേറെയും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 

2020ലാണെങ്കില്‍ ഓസ്‌ട്രേലിയന്‍ ബീച്ചുകളില്‍ 26 തവണ സന്ദര്‍ശകര്‍ക്കെതിരെ സാവിന്റെ ആക്രമണമുണ്ടായതായി റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. സര്‍ക്കാര്‍ കണക്കുകളുടെ അടിസ്ഥാനത്തിലാണ് ഈ റിപ്പോര്‍ട്ടുകള്‍. ഇത്തരം സംഭവങ്ങള്‍ വിനോദസഞ്ചാരമേഖലയെ കാര്യമായി ബാധിക്കുമെന്നാണ് വിലയിരുത്തല്‍. അതിനാല്‍ തന്നെ ഇതുമായി ബന്ധപ്പെട്ട് വിശദമായ പഠനങ്ങള്‍ നടക്കേണ്ടതുണ്ടെന്നും എങ്ങനെയാണ് ഈ പ്രശ്‌നങ്ങളെ പ്രതിരോധിക്കാനാവുകയെന്ന് കണ്ടെത്തേണ്ടതുണ്ടെന്നും ആവശ്യവും ഉയരുന്നുണ്ട്.

Also Read:-മീന്‍ ചൂണ്ടയില്‍ കുരുങ്ങിയ വമ്പന്‍; ലക്ഷക്കണക്കിന് പേര്‍ കണ്ട വീഡിയോ...

click me!