'മരണത്തിന് വിട്ടുകൊടുക്കില്ല'; കാണാം, അറിയാം ഈ സ്‌നേഹം...

By Web TeamFirst Published Jul 9, 2019, 9:20 PM IST
Highlights

ലോകത്തിലെ ഏറ്റവും വേഗതയേറിയ മൃഗം. എന്നാൽ എങ്ങനെ ജീവിക്കണമെന്ന് അറിവില്ലാത്തവർ. എപ്പോഴും ഉത്കണ്ഠകളിൽ പെട്ട് ഉലയുന്ന സ്വഭാവം. 
 

സ്വന്തമായിട്ട് ജീവിക്കാനറിയാത്ത ഒരു ജീവിയെ എങ്ങനെയാണ് ജീവിതത്തില്‍ പിടിച്ചുനിര്‍ത്തുക? വംശനാശത്തിന്റെ വക്കോളമെത്തിനില്‍ക്കുന്ന ചെമ്പുലികളെക്കുറിച്ചാണ് പറയുന്നത്. ലോകത്തെ ഏറ്റവും വേഗതയേറിയ മൃഗമാണ് 'ചീറ്റപ്പുലികള്‍' എന്ന് നമ്മള്‍ വിളിക്കുന്ന ചെമ്പുലികള്‍. 

കേള്‍ക്കുമ്പോള്‍ കൊടുംഭീകരരാണ് എന്ന് തോന്നുമെങ്കിലും ജിവിക്കാന്‍ ഒട്ടും അറിയാത്ത വര്‍ഗമാണത്രേ ഇവര്‍. എപ്പോഴും ഉത്കണ്ഠകളില്‍ പെട്ട് ഉലയുന്നതാണത്രേ ഇവരുടെ രീതി. പരസ്പരം എങ്ങനെ താങ്ങിനില്‍ക്കണമെന്ന് പോലും അറിയാത്ത മൃഗം. അതുകൊണ്ടുതന്നെ തങ്ങളുടെ വംശം നേരിടുന്ന അപകടകരമായ അവസ്ഥയെ അവര്‍ തിരിച്ചറിയുന്നുമില്ല. 

എങ്ങനെയാണ് ഇവരെ ജീവിക്കാന്‍ പഠിപ്പിക്കുകയെന്ന് ചിന്തിച്ച മൃഗസ്‌നേഹികള്‍, ഏറെ നാളത്തെ പഠനങ്ങള്‍ക്കൊടുവില്‍ അതിനൊരു വഴി കണ്ടെത്തിയിരിക്കുന്നു. പട്ടികളുമായി അടുത്തിടപഴകിച്ചുകൊണ്ട് ചെമ്പുലികള്‍ക്ക് അതിജീവനത്തിന്റെ പാഠങ്ങള്‍ പഠിപ്പിച്ചുനല്‍കുക. 

കാലിഫോര്‍ണിയയിലെ 'സാന്‍ഡിയാഗോ സൂ സഫാരി പാര്‍ക്ക്' അധികൃതര്‍ ഈ ആശയത്തെ വിജയകരമായി പ്രാവര്‍ത്തികമാക്കിക്കാണിച്ചിരിക്കുകയാണ് ഇപ്പോള്‍. ചെമ്പുലികളുടെ കുഞ്ഞുങ്ങളെ പട്ടിക്കുഞ്ഞുങ്ങളുടെ കൂട്ടത്തില്‍ താമസിപ്പിക്കും. അവര്‍ പതിയെ പട്ടിക്കുഞ്ഞുങ്ങളുടെ രീതികള്‍ പഠിച്ചെടുക്കും. ഏത് പ്രതിസന്ധികളേയും സധൈര്യം നേരിടാനറിയാവുന്ന വര്‍ഗമാണത്രേ പട്ടികളുടേത്. ആ മനോഭാവം ചെമ്പുലികളും ആര്‍ജ്ജിച്ചെടുക്കുന്നു. 

ഒരു പരിധി വരെയെങ്കിലും വംശനാശത്തില്‍ നിന്ന് രക്ഷ നേടാന്‍ ഇത് ചെമ്പുലികളെ സഹായിക്കുമെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. വെറുമൊരു ഗവേഷണപരിപാടി മാത്രമായിട്ടല്ല, ഇതിനെ കാണേണ്ടതെന്നും മരണത്തോളമെത്തി നില്‍ക്കുന്ന നിസഹായരായ സുഹൃത്തുക്കളെ ജിവിതത്തിലേക്ക് തിരിച്ചുപിടിക്കുന്ന സ്‌നേഹമായി കൂടി ഇതിനെ അനുഭവിക്കാനാകുമെന്നും സസന്തോഷം ഇവര്‍ പറയുന്നു.

click me!