പുറപ്പാടും മൂന്ന് കവിതകളും, സുജേഷ് പി പി എഴുതിയ കവിതകള്‍

By Chilla Lit SpaceFirst Published May 6, 2023, 6:07 PM IST
Highlights

ചില്ല, എഴുത്തിന്‍റെ ചിറകനക്കങ്ങള്‍. സുജേഷ് പി പി എഴുതിയ കവിതകള്‍

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും.

 


പുറപ്പെട്ട് പോകുമ്പോള്‍
ഞാനൊരു കണ്ണാടി നോക്കും
ജനല്‍ തുറന്നിട്ട് തൊടിയിലേക്ക്
അലക്കിയിട്ട വെള്ളമുണ്ടിന്റെ
കരയ്ക്കുള്ളില്‍ പതിയെ
പ്രതിബിംബത്തിന്റെ
രസം പടര്‍ന്നിട്ടുണ്ടാവും,
നോട്ടത്തിന്റെ ചെരിവുകളില്‍
നനഞ്ഞ മുണ്ടിന്റെ കോന്തലയില്‍
ആരും കാണാതെ കെട്ടിയിട്ട
ഓറഞ്ച് മിഠായി അലിഞ്ഞത്
നിറം പടര്‍ന്ന് കിടപ്പുണ്ടാകും 
ഒന്നു കൂടി സൂക്ഷിച്ചു നോക്കിയാല്‍
പണ്ടെപ്പോഴോ കണ്ണാടിയില്‍
ചുംബിച്ച അനേകം 
ചിത്രമടക്കുള്ള 
നാരങ്ങയല്ലികളെ  കാണാനാവും
  

രണ്ട് 

പുറപ്പെട്ട് പോകുന്ന മനുഷ്യരെ
നോക്കി നിന്നിട്ടുണ്ടോ ?
ചിത്രം വരയാന്‍ നേരം
ചായത്തില്‍ മുക്കുന്ന 
ബ്രഷ് പോലെയാണവര്‍
ഒന്നില്‍ തൊട്ട് മറ്റൊന്നായി
മുഖം മിനുക്കി 
മുടിയൊതുക്കി
ദൃതിയില്‍ മുറ്റത്തേക്കിറങ്ങി
ആകാശത്തിന് അതൊരു
ക്യാന്‍വാസാകുന്നത്
നാം അതിനെ നോക്കി നോക്കി 
ചിത്രങ്ങളിലെ 
മുന്തിരി പടര്‍പ്പുകളാവുന്നത്
മഴനൂലുകളുടെ കായ്ഫലമാകുന്നത്


മൂന്ന്

പുറപ്പാടിന്റെ മൂന്നാമത്തെ
പുസ്തകത്തിലാണ്
മിന്നാമിനുങ്ങിനെ തേടി 
നിളയരികിലെ നക്ഷത്രത്തിനെ
കൈവെള്ളയിലെടുക്കുന്നത്
വഴി നീളെ വെളിച്ചത്തിന്റെ
അല്ലികളെ കോര്‍ത്ത്‌കോര്‍ത്ത്
നിനക്കുള്ള മൂക്കുത്തി 
നിര്‍മ്മിച്ചെടുക്കുന്നത്,
നിന്നെ അണിയിക്കാന്‍ നേരം
ഉമ്മറത്തൊടിയില്‍ നിന്ന്
ആകാശത്തേക്ക് പടര്‍ന്ന
നേര്‍ത്ത വള്ളിയില്‍ 
പൂവ് വെളിച്ചമാകുന്നത്
നോക്കൂ,
വെളിച്ചത്തിന്‍ അല്ലിത്തുമ്പില്‍
നിന്റെ നാസാരഗ്രങ്ങളെ
കൊത്തിവെച്ചപോല്‍
എനിക്കു ചുറ്റും 
നീ വെളിച്ചമാകുന്നു
നമ്മുടെ ചുംബനത്തില്‍ 
എത്രയെത്ര 
നക്ഷത്രക്കുഞ്ഞുങ്ങളാണ്
ശ്വാസം വിടാതെ
ഇപ്പോള്‍ കഴിയുമെന്ന മട്ടില്‍
ക്ഷമയോടെ കാത്തിരിക്കുന്നത്

click me!