'യൗവ്വനത്തിന്റെ പിടച്ചിലുകളായിരുന്നു ആ കഥകൾ': കേന്ദ്ര സാഹിത്യ അക്കാദമി യുവ പുരസ്കാരം നേടിയ അബിൻ ജോസഫ് പറയുന്നു

By Rini RaveendranFirst Published Jul 17, 2021, 10:21 AM IST
Highlights

പിന്നീടെപ്പോഴോ, കല്‍ക്കട്ടയ്ക്കു പകരം കല്യാശ്ശേരി കയറിവന്നു. കഥയുണ്ടായി. എന്തെങ്കിലും രാഷ്ട്രീയം പറയാന്‍വേണ്ടിയിട്ടല്ല ആ കഥയെഴുതിയത്. എനിക്കൊരു കഥയെഴുതണമായിരുന്നു.

കേന്ദ്ര സാഹിത്യ അക്കാദമി യുവ പുരസ്കാരം മലയാള ഭാഷാവിഭാഗം ഇത്തവണ അബിൻ ജോസഫിന്റെ കല്ല്യാശ്ശേരി തീസിസ് എന്ന കഥാസാമാഹാരത്തിനാണ്. 

ഇരുപതുകളുടെ തുടക്കം വല്ലാത്തൊരു കാലമാണ്. അവനവനെ അന്വേഷിക്കാൻ തുടങ്ങുന്ന കാലം. അരക്ഷിതാവസ്ഥകളും സന്ദേഹങ്ങളും പിടച്ചിലുകളും ആസക്തികളും കത്തിനിൽക്കുന്ന പ്രായം. കല്ല്യാശ്ശേരി തീസിസ് എന്ന കഥാസമാഹാരത്തിലെ ഓരോ കഥകളും അബിൻ ജോസഫ് എഴുതിയിരിക്കുന്നത് ആ പ്രായത്തിലാണ്. എഴുത്തുകാരനതിനെ വിളിക്കുന്നത് 'യൗവ്വനത്തിന്റെ പിടച്ചിലുകളെ'ന്നാണ്. എന്നാൽ, ആ പിടച്ചിലുകൾക്കുമപ്പുറം ചുറ്റും കാണുന്ന ലോകത്തെ കൗതുകത്തോടെ നിരീക്ഷിക്കാനും അതിനുമപ്പുറം അവിടെ ഉണ്ടായിരുന്നേക്കാമായിരുന്നതും ഇനിയും ഉണ്ടായേക്കാവുന്നതുമായ ലോകം സൃഷ്ടിക്കാനും കൂടി കഥാകൃത്തിന് കഴിഞ്ഞു എന്നിടത്താണ് കല്ല്യാശ്ശേരി തീസിസിലെ കഥകളുടെ പ്രസക്തി. 

ഇരിട്ടിയിലെ കീഴ്പ്പള്ളിയിലാണ് അബിൻ ജോസഫ് ജനിച്ചത്. കുടിയേറ്റ കുടുംബം. വേരു പടർത്താനും അതിജീവിക്കാനും അതേനേരം ചുറ്റുമുള്ളവരെ ചേർത്തുനിർത്താനും ശ്രമിക്കുന്ന കുടിയേറ്റക്കാരന്റെ ആത്മാവ് അബിന്റെ കഥകളിലും കുടിയേറിയത് അങ്ങനെ തന്നെയാവണം. ആ കരുത്ത് അയാളുടെ കഥാപാത്രങ്ങളെല്ലാം കാണിച്ചുപോരുന്നുണ്ട്. മണ്ണിലും മനസിലും ചവിട്ടിനിൽക്കാനായുന്നവന്റെ കിതപ്പ് ഓരോ എഴുത്തിലും അയാൾ ഒളിച്ചുവയ്ക്കുന്നു. അടക്കമുള്ള വാക്കുകളിലാണ് ഓരോ കഥയും അബിൻ പറയുന്നത്. വലിച്ചുനീട്ടലുകളില്ലാതെ, ആവർത്തനമില്ലാതെ ഒറ്റയിരിപ്പിൽ, ഒറ്റശ്വാസത്തിൽ വായിക്കേണ്ടുന്നവ. എന്നാൽ, വായിച്ചുകഴിഞ്ഞ് കുറച്ചുനേരം മൗനത്തിനുള്ളതാണ്. ശരിക്കും കഥ അനുഭവിക്കുന്നത് അവിടെയാണ്. 

എഴുത്ത് പിറന്ന വഴികളെ കുറിച്ച്, പുരസ്കാരത്തിന്റെ സന്തോഷത്തെ കുറിച്ച് അബിൻ ജോസഫ് ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് സംസാരിക്കുന്നു. 

ഉത്തരവാദിത്വവും സമ്മർദ്ദവും കൂടും

പുരസ്‌കാരം കിട്ടുമ്പോള്‍ ഉറപ്പായും സന്തോഷമുണ്ട്. പക്ഷേ, അതിനൊപ്പം ഉത്തരവാദിത്വവും സമ്മര്‍ദ്ദവുമുണ്ട്. അതൊക്കെ ഇതിന്റെ ഭാഗംതന്നെയാണ്. പിന്നെ, ഒരു അവാര്‍ഡ് കിട്ടുന്നൂന്ന് പറയുമ്പോ നമ്മുടെ എഴുത്തിനെയാണല്ലോ അംഗീകരിക്കുന്നതും അഭിനന്ദിക്കുന്നതും, അതാണ് ശരിക്കുള്ള സന്തോഷം.

'കല്ല്യാശ്ശേരി തീസിസി'ലെ കഥകൾ

കല്യാശ്ശേരി തീസിസിലെ എട്ടു കഥകളും ഇരുപത്തഞ്ച് വയസു വരെയുള്ള കാലത്തെ പിടച്ചിലുകളാണ്. അതിന്റെ ഗുണവും ദോഷവും അവയ്ക്കുണ്ട്. അക്കാലത്തെ വിഷാദവും വേദനയും പേടികളും സന്ദേഹങ്ങളും ആകുലതകളും ആസക്തികളുമൊക്കെയാണ് കഥകളിലേക്ക് നയിച്ചത്. അരക്ഷിതവും അരാജകപൂര്‍ണവുമായ ഒരു യൗവ്വനത്തിന്റെ അവശിഷ്ടങ്ങളാണ് ആ കഥകള്‍. അത്രയേ ഉള്ളൂ, അങ്ങനെ കണ്ടാല്‍ മതിയെന്നാണ് എന്റെ തോന്നല്‍.

ആ പേരുള്ള കഥ പിറന്നത്

കല്യാശ്ശേരിക്കടുത്തുള്ള അഞ്ചാംപീടിക എന്ന സ്ഥലത്ത് ഞാന്‍ കുറച്ചുകാലം താമസിച്ചിരുന്നു. അവിടെ മോറാഴ സമരത്തിന്റെ ഒരു സ്തൂപമുണ്ട്. കെ.പി.ആര്‍. ഗോപാലന്റെയൊക്കെ പേരുള്ളത്. ഒരു വൈകുന്നേരം അവിടെ നില്‍ക്കുമ്പോഴാണ് രാഷ്ട്രീയ പശ്ചാത്തലത്തിലുള്ള ഒരു കഥ എഴുതുന്നതിനെക്കുറിച്ച് ആലോചിച്ചത്. സത്യത്തില്‍ അത് കഥകളെക്കുറിച്ച് നിരന്തരം ആലോചിക്കുന്ന കാലവുമായിരുന്നു. അങ്ങനെ 'കല്‍ക്കട്ട തീസിസ്' എന്ന് പേരിട്ട് ഞാന്‍ എന്തോ എഴുതിത്തുടങ്ങി. പക്ഷേ, അത് മുന്നോട്ടു പോയില്ല. 

പിന്നീടെപ്പോഴോ, കല്‍ക്കട്ടയ്ക്കു പകരം കല്യാശ്ശേരി കയറിവന്നു. കഥയുണ്ടായി. എന്തെങ്കിലും രാഷ്ട്രീയം പറയാന്‍വേണ്ടിയിട്ടല്ല ആ കഥയെഴുതിയത്. എനിക്കൊരു കഥയെഴുതണമായിരുന്നു. അന്നത്തെ ജീവിതം, ഭൗതികമായ കാര്യങ്ങളല്ല, നമ്മുടെ ആന്തരിക ജീവിതമുണ്ടല്ലോ, അത് മുന്നോട്ടു കൊണ്ടുപോകാന്‍ എഴുതുകയല്ലാതെ വേറെ വഴിയുണ്ടായിരുന്നില്ല. അങ്ങനെ തന്നെയാണ്, ആ കഥയും ബാക്കി കഥകളുമൊക്കെ എഴുതിയത്. ഇരുപത്തിരണ്ട് മുതല്‍ ഇരുപത്തഞ്ച് വരെയുള്ള പ്രായത്തിലെ കഥകളാണവ. പുസ്തകത്തില്‍ ഉള്‍പ്പെടുത്താതെ ചിലത് ഉപേക്ഷിക്കുകയും ചെയ്തിട്ടുണ്ട്.

രാഷ്ട്രീയമില്ലാതെ കലയില്ല

തീക്ഷ്ണമായൊരു രാഷ്ട്രീയ സാഹചര്യത്തിലാണല്ലോ നമ്മള്‍ ജീവിക്കുന്നത്. അതുകൊണ്ടുതന്നെ രാഷ്ട്രീയത്തിനോട് അകലം പാലിച്ചുകൊണ്ട് കലയ്ക്ക് നിലനില്‍ക്കാനോ മുന്നോട്ടു പോകാനോ സാധിക്കില്ല. കാരണം, രാഷ്ട്രീയം ജീവിതത്തിന്റെ ഒരംശമാണ്. ആ ജീവിതത്തില്‍നിന്നു കഥകളുണ്ടാകുമ്പോള്‍ അതില്‍ രാഷ്ട്രീയവും അലിഞ്ഞുചേര്‍ന്നിട്ടുണ്ടാവും. രാഷ്ട്രീയ വിഷയങ്ങള്‍ ബോധപൂര്‍വ്വം തെരഞ്ഞെടുത്തില്ലെങ്കില്‍പ്പോലും കലയില്‍ അതുണ്ടാകും. കാലത്തിന്റെ ഒരു ഇടപെടലായിട്ടാണ് അതിനെ കാണേണ്ടതെന്നു തോന്നുന്നു. മുന്‍ധാരണകളെയും നിലപാടുകളെയുമൊക്കെ നിരന്തരം പരിഷ്‌കരിച്ചാണല്ലോ നമ്മള്‍- മനുഷ്യരാശി- മുന്നോട്ടു പോകുന്നത്. അത്തരം പരിവര്‍ത്തനങ്ങള്‍ ഇപ്പോള്‍ വേഗം നടക്കുന്നുണ്ട്. രാഷ്ട്രീയമായ ശരികളും ശരികേടുകളും കൂടുതല്‍ ചര്‍ച്ചയാകുന്നുണ്ട്. അതുകൊണ്ടുതന്നെ രാഷ്ട്രീയമുക്തമായി ചിന്തിക്കാന്‍ എഴുത്തുകാര്‍ക്കോ കലാകാരന്മാര്‍ക്കോ സാധിക്കില്ല.

കുടിയേറ്റക്കാരന്റെ കഥ പറച്ചിൽ

ഞങ്ങളുടേത് ഒരു കുടിയേറ്റ ഗ്രാമമാണ്. എന്റെ കുടുംബമൊക്കെ അറുപതുകളിലാണ് മധ്യതിരുവിതാംകൂറില്‍നിന്ന് ഇവിടേക്ക് കുടിയേറിയെത്തിയത്. അതിന്റെ കഷ്ടപ്പാടുകളും വേദനകളും പ്രതിസന്ധികളും അനുഭവിച്ച തലമുറകള്‍ക്കു ശേഷമാണ് ഞങ്ങളൊക്കെയുണ്ടാകുന്നത്. എന്നാലും കലയും സാഹിത്യവുമായൊന്നും വലിയ ബന്ധമുണ്ടെന്ന് പറയാനാവില്ല. 

കുടിയേറ്റക്കാര്‍ക്കിടയില്‍നിന്ന് ആദ്യമായി ഒരെഴുത്തുകാരന്‍ സാഹിത്യത്തില്‍ അംഗീകരിക്കപ്പെടുന്നത് വിനോയ് തോമസാണ്. സത്യത്തില്‍ അദ്ദേഹത്തിന്റെ തലമുറയും അതിനു മുന്‍പുള്ളവരും കുടിയേറ്റത്തിന്റെ പ്രയാസങ്ങള്‍ നന്നായി അനുഭവിച്ചവരാണ്. ഞങ്ങള്‍ക്കൊന്നും അത്രയും പ്രശ്‌നങ്ങളെ നേരിടേണ്ടി വന്നിട്ടില്ല. അതുകൊണ്ടാണ് ചെറുപ്പത്തില്‍ത്തന്നെ എഴുത്തില്‍ സജീവമാകാന്‍ പറ്റിയത്. 

വിനോയ് തോമസ് 

കുടിയേറ്റഗ്രാമം സാഹിത്യത്തെയോ, കലയേയോ വളര്‍ത്തുന്നില്ല. എന്നാല്‍, നമുക്ക് സ്വതന്ത്രമായി ചിന്തിക്കാനോ, എഴുതാനോ തടസം നില്‍ക്കുന്നുമില്ല. ഒരുപാട് ജീവിതാനുഭവങ്ങളുടെയും കഥകളുടെയും വിളനിലമാണ് ഞങ്ങളുടെ നാട്. ആ കഥകള്‍ കണ്ടെത്തുന്നതും നന്നായി പറയുന്നതുമാണ് എഴുത്തുകാരന്റെ വെല്ലുവിളി.

എഴുതിയെഴുതി വായനയിലെത്തിയൊരാൾ

ചെറുപ്പം മുതല്‍ എഴുത്തിനോട് ഇഷ്ടമുണ്ടായിരുന്നു. ആറാം ക്ലാസില്‍ പഠിക്കുന്ന സമയത്ത് ഒരു കഥാമത്സരത്തില്‍ പങ്കെടുത്ത് രണ്ടാം സ്ഥാനം കിട്ടി. അതായിരുന്നു, ആദ്യത്തെ കഥ. എഴുതി വന്നപ്പോള്‍ അതു കുളമായതും കഥാപാത്രങ്ങളുടെ പേരുകള്‍ മാറിപ്പോയതുമൊക്കെ എനിക്ക് ഓര്‍മയുണ്ട്. പിറ്റത്തെ വര്‍ഷം ഒരു നോട്ടുബുക്കിന്റെ പിറകില്‍ ' രഹസ്യദ്വീപ്' എന്ന പേരില്‍ ഒരു നോവല്‍ എഴുതിത്തുടങ്ങി. ഒരു കപ്പല്‍ അപകടത്തില്‍പ്പെട്ട് അതിലെ കപ്പിത്താനും കുറച്ചുപേരും ഒരു ദ്വീപില്‍ അകപ്പെടുന്നതായിരുന്നു, കഥ. അക്കാലത്ത് ബാലരമയില്‍ അത്തരം ചെറു നോവലുകള്‍ വന്നിരുന്നു. അതിന്റെ പ്രചോദനത്തിലാണ് അങ്ങനെ എഴുതിയത്. പിന്നീട്, ഹൈസ്‌കൂളില്‍ ഒക്കെയെത്തിയപ്പോള്‍ എഴുതണം എന്ന ആഗ്രഹം കനംവെച്ചു. വായിച്ചുവായിച്ചല്ല ഞാന്‍ എഴുത്തിലെത്തിയത്. സത്യത്തില്‍ എഴുതിയെഴുതി വായനയില്‍ എത്തുകയായിരുന്നു.

എഴുത്തിലെ ആണും പെണ്ണും

പുരുഷന്മാരും സ്ത്രീകളുമൊക്കെ ഏതാണ്ട് ഒരേ അളവില്‍ വൈകാരികമായി ചിന്തിക്കുകയും ജീവിക്കുകയും ചെയ്യുന്നവരാണെന്നാണ് എനിക്കു തോന്നിയിട്ടുള്ളത്. പക്ഷേ, വൈകാരികാനുഭവങ്ങളെ കൂടുതല്‍ നന്നായി എഴുതാന്‍ സാധിക്കുന്നത് സ്ത്രീകള്‍ക്കാണ്. നെയ്പ്പായസം പോലൊരു കഥ എഴുതാനും അതേ അളവില്‍ അനുഭവിപ്പിക്കാനും മാധവിക്കുട്ടിക്കു സാധിച്ചതുപോലെ ഒരു പുരുഷ എഴുത്തുകാരന് സാധിക്കുമെന്ന് കരുതുന്നില്ല.

പക്ഷേ, അപ്പോഴും പുരുഷന്റെയും സ്ത്രീയുടെയും വൈകാരിക ലോകം സത്യത്തില്‍ വ്യത്യസ്തമാണെന്നു തോന്നിയിട്ടുണ്ട്. വ്യക്തിപരമായ ഒരു തീക്ഷ്ണാനുഭവത്തെപ്പോലും അതിവൈകാരികമായി എഴുതി ഫലിപ്പിക്കാന്‍ പറ്റില്ല എന്നറിയാവുന്നതുകൊണ്ടാണ് ഞാന്‍ അത്തരം ശ്രമങ്ങള്‍ നടത്താത്തത്.

അബിന്‍ ജോസഫ്

മാധ്യമപ്രവർത്തകനെഴുതുമ്പോൾ

ഞാനൊരു മാധ്യമപ്രവർത്തകനായിരുന്നു. മാധ്യമപ്രവര്‍ത്തനം എഴുത്തിനെ സഹായിക്കുകയും ഉപദ്രവിക്കുകയും ചെയ്തിട്ടുണ്ട്. കഥാവിഷയം കണ്ടെത്തുന്നതിലും കഥ നന്നായി തുടങ്ങുകയും നന്നായി അവസാനിപ്പിക്കുകയും ചെയ്യുന്നതിലുമൊക്കെ മാധ്യമപ്രവര്‍ത്തകന്റെ കണ്ണ് സഹായമാണ്. കഥകള്‍ സൂക്ഷ്മമായി എഡിറ്റു ചെയ്യാനും മാധ്യമപരിചയം ഗുണം ചെയ്യും. 

പക്ഷേ, ഫീച്ചറുകള്‍ നിരന്തരം എഴുതിയാല്‍ അതിന്റെ നിഴലുകള്‍ കഥയില്‍ വീഴാനിടയുണ്ട്. വാര്‍ത്തയുടെ ശൈലി കയറിവരാനിടയുണ്ട്. അതൊരു അപകടവുമാണ്. പക്ഷേ, രണ്ടിനെയും ഭംഗിയായി കൈകാര്യം ചെയ്ത് വിജയിച്ച എത്രയോ എഴുത്തുകാര്‍ നമുക്ക് മുന്നിലുണ്ട്. എന്റെ കാര്യത്തില്‍ മാധ്യമപ്രവര്‍ത്തനം നൂറു ശതമാനം ഗുണമേ ചെയ്തിട്ടുള്ളു, എഴുത്തിനും എഴുത്തുജീവിതത്തിനും.

വായിക്കാം:

സഹയാത്രിക -അബിന്‍ ജോസഫ് എഴുതിയ കഥ
എന്‍റെ ലൈംഗികാന്വേഷണ പരീക്ഷണങ്ങള്‍ -അബിന്‍ ജോസഫ് എഴുതിയ കഥ...
വിനോയ് തോമസ് എഴുതിയ കഥ, നായ്ക്കുരണ...

 

click me!