Asianet News MalayalamAsianet News Malayalam

വിനോയ് തോമസ് എഴുതിയ കഥ, നായ്ക്കുരണ

വാക്കുല്‍സവത്തില്‍ ഇന്ന് പ്രശസ്ത കഥാകൃത്ത് വിനോയ് തോമസ് എഴുതിയ കഥ, നായ്ക്കുരണ. ഡിസി ബുക്‌സ് ഈയടുത്ത് പ്രസിദ്ധീകരിച്ച മുള്ളരഞ്ഞാണം എന്ന സമാഹാരത്തില്‍ ഉള്‍പ്പെട്ടതാണ് ഈ കഥ. 
 

literature festival malayalam short story naaykkurana by Vinoy thomas
Author
Thiruvananthapuram, First Published Sep 27, 2019, 7:30 PM IST

ഒറ്റ പടവ് വെള്ളം മാത്രമുള്ളപ്പോഴും എല്ലാ കാലത്തും എല്ലാവര്‍ക്കുമായി ശുദ്ധജലം കാത്തുസൂക്ഷിക്കുന്നൊരു നാട്ടുകിണറിനെക്കുറിച്ച് ഒരഭിമുഖത്തില്‍ വിനോയ് തോമസ് പറയുന്നുണ്ട്. അത് കഴിഞ്ഞ് വിനോയ് പറയുന്നത് ഇങ്ങനെയാണ്: 'കിണറാണ് എന്റെ നാടും. എത്ര കഥയില്‍ കോരിയാലും തീരാത്ത ജീവിതങ്ങളുമായി അതങ്ങനെ നിറഞ്ഞു തുളുമ്പാതെ സാധാരണമായി കിടക്കുന്നു'. വിനോയ് തോമസിന്റെ കഥകളെ വേണമെങ്കില്‍, ഈ പറച്ചിലുമായി കൂട്ടിവായിക്കാം. ദേശത്തിന്റെ എഴുത്തുകളെന്നോ, നാടെഴുത്തുകളെന്നോ എളുപ്പത്തില്‍, ലളിതമായി ലേബലിടാം. എന്നാല്‍, സൂക്ഷ്മമായി ആ എഴുത്തുകള്‍ വായിച്ചുനോക്കിയാലറിയാം, ആ താരതമ്യം ഒരു ചതിക്കുഴിയാണെന്ന്.  ദേശത്തിന്റെ അനുഭവങ്ങള്‍ എഴുതുമ്പോഴും വിനോയ് തോമസ് ഉന്നം വെയ്ക്കുന്നത് അടിത്തട്ടുകളില്‍ ഇളകിമറിയുന്ന രാഷ്ട്രീയവും സാമൂഹ്യവും സാംസ്‌കാരികവുമായ സംഘര്‍ഷങ്ങെളയാണ്. പ്രശ്‌നവല്‍ക്കരിക്കുന്നത്, ലളിതമായി വായിക്കാവുന്ന നാട്ടടരുകളില്‍ മറഞ്ഞിരിക്കുന്ന അതിസങ്കീര്‍ണ്ണമായ അവസ്ഥകളെയും.

ലളിതമായ ആഖ്യാനങ്ങളിലൂടെ, നേരിട്ട് വായനക്കാരിലെത്തുമ്പോഴും പല വിധത്തിലുള്ള വായനകള്‍ സാദ്ധ്യമാക്കുന്നതാണ് വിനോയ് തോമസിന്റെ ചെറുകഥകളും നോവലുകളും. പോളീഷ് ചെയ്തുവെച്ച നാട്ടുനന്‍മകളുടെ അടരുകളില്‍ സദാകണ്‍തുറന്നിരിക്കുന്ന ജാതിവെറിയുടെ, ആണ്‍കോയ്മയുടെ, ഹിംസയുടെ, അധികാരത്തിന്റെ, അടിമത്തത്തിന്റെ, നിസ്സഹായതകളുടെ അടരുകളെ ആ കഥകള്‍ അടയാളപ്പെടുത്തുന്നു. മനുഷ്യനു മാത്രമുള്ളതല്ല ഭൂമിയെന്ന പാരിസ്ഥിതിക ദര്‍ശനം മുന്നോട്ടുവെയ്ക്കുന്നു. സ്റ്റീരിയോ ടൈപ്പുകള്‍ പുല്ലുപോലെ വകയുന്ന ആണുങ്ങളെയും പെണ്ണുങ്ങളെയും എടുത്തുകാട്ടുന്നു. കുടുംബത്തിനകത്തും പുറത്തുമുള്ള അധികാര പ്രയോഗങ്ങളെ സൂക്ഷ്മമായി പകര്‍ത്തുന്നു. ഒരു കള്ളിയിലുമൊതുങ്ങാതെ പൊട്ടിത്തെറിക്കുന്ന കാമനകളുടെ ഉടല്‍ച്ചതുപ്പുകളിലേക്കുള്ള വെട്ടമാവുന്നു. മണ്ണുറപ്പുള്ള ഭാഷയും ആഖ്യാനത്തിലെയും പ്രമേയസ്വീകരണത്തിലെ അനിതരസാധാരണമായ പ്രതിഭയും ചേര്‍ന്ന് പുതിയകാലത്തിന്റെ നെഞ്ചുകീറിക്കാട്ടുന്നു, വിനോയ് തോമസ് കഥകള്‍.


literature festival malayalam short story naaykkurana by Vinoy thomas


വീട്ടില്‍നിന്ന് ഇറങ്ങുന്നതിനുമുമ്പ് ദൈവത്തിന്റെ മുമ്പില്‍ വച്ചിരിക്കുന്ന പ്രാര്‍ത്ഥനകളുടെ പുസ്തകം ആദരവോടെ സാബു കൈയിലെടുത്തു. വിവിധ കാര്യസാധ്യത്തിനുള്ള പ്രാര്‍ത്ഥനയുടെ പേജ് നാക്കില്‍ തൊട്ട വിരലുകള്‍കൊണ്ട് തിരഞ്ഞുപിടിച്ച് അടപടലെ അത് ഫലിക്കത്തക്കവിധം ഭക്തിയെടുത്ത് നെഞ്ചത്തു വലംകൈവെച്ച് അവനത്  ചൊല്ലി.

മറ്റെന്തിനെക്കാളും മാലിക്കന്‍ സാബുവും കുടുംബവും ആശ്രയിക്കുന്നത് ആ പ്രാര്‍ത്ഥാനാപുസ്തകത്തെയാണ്. പലതരം ജപമാലകള്‍, മക്കളുണ്ടാകാനുള്ള പ്രാര്‍ത്ഥന, ദമ്പതികളുടെ പ്രാര്‍ത്ഥന, ഗര്‍ഭിണികളുടെ പ്രാര്‍ത്ഥന, പ്രസവസമയത്തെ പ്രാര്‍ത്ഥന, കുട്ടികളുടെ പ്രാര്‍ത്ഥന, യുവതീയുവാക്കളുടെ പ്രാര്‍ത്ഥന, പാപമോചനത്തിനുള്ള പ്രാര്‍ത്ഥനകള്‍, കുടുംബവിശുദ്ധീകരണത്തിനുള്ള പ്രാര്‍ത്ഥന, ആശയടക്കത്തിനുള്ള ജപങ്ങള്‍, ഭക്ഷണത്തിനു മുമ്പും ശേഷവുമുള്ളത്, വീട്ടില്‍ വളര്‍ത്തുന്ന പക്ഷിമൃഗാദികള്‍ക്കായുള്ളത്, പ്രകൃതിക്ഷോഭകാലത്തേക്കുള്ളത്, യാത്രയുടെ തുടക്കത്തിലും അവസാനത്തിലുമുള്ളത്, യുദ്ധകാലത്തേക്കുള്ളത്, വൃദ്ധര്‍ക്കായുള്ളത്, ആസന്നമരണര്‍ക്കായുള്ളത്, മരണസമയത്തേക്കുള്ളത് തുടങ്ങി സകലകാര്യത്തിനുമുള്ള പ്രാര്‍ത്ഥനകള്‍ ആ പുസ്തകത്തിലുണ്ട്.

'മകനേ പ്രാര്‍ത്ഥനയോടുള്ള കൂട്ടാണ് ഏറ്റവും വലുത്. നിന്റെ ചുറ്റും മേളാങ്കിക്കാന്‍ വരുന്നോരും സ്വന്തക്കാരും ബന്ധുക്കളും കുടുംബോം പെണ്ണങ്ങളുമൊക്കെ നിന്നോട് കൂട്ടുകൂടുന്നത് അവര്‍ക്കു വേണ്ടിയാ. പക്ഷേ, പ്രാര്‍ത്ഥന നമുക്കുവേണ്ടി മാത്രാ. സകല മഹത്ത്വവും പ്രാര്‍ത്ഥന നിനക്കു നല്കും. ആ കൂട്ട്  വിടരുത്.'

സ്‌കൂളുവിട്ട പിള്ളേര്‍ കുന്നുകയറി അവന്റെകൂടെ കളിക്കാന്‍വരുന്ന കാലത്ത് അപ്പന്‍ മാലിക്കന്‍ കുഞ്ഞൂഞ്ഞ് പറഞ്ഞു. അന്നുതൊട്ട് മുപ്പത്താറു കൊല്ലമായി അപ്പന്റെ വാക്കുകള്‍ സാബു തീറ്റേംകുടീം പോലെ ആചരിക്കുകയാണ്.

അപ്പന്റെ വാക്കിന് അതുപോലെ വില കൊടുത്തതുകൊണ്ടാണ് പത്താംക്ലാസ്സ് പരീക്ഷ കഴിഞ്ഞപ്പോള്‍ സിസ്റ്റര്‍മാര്‍ ചൊല്ലിക്കൊടുത്ത വിദ്യയുടെ കൃപാവരത്തിന് നന്ദിപറയുന്ന പ്രാര്‍ത്ഥന സാബുവിനെ സംബന്ധിച്ച്  പഠിപ്പ് അവസാനിപ്പിക്കാനുള്ള പ്രാര്‍ത്ഥനയായി മാറിയത്. അവന്‍ അപ്പന്റെകൂടെ  പറമ്പില്‍ പണിക്കിറങ്ങി. കാഞ്ഞിരക്കൊല്ലിയില്‍ ഏറ്റവും പാറകള്‍ നിറഞ്ഞതും കാടുപിടിച്ചതും ഇരുട്ടുപടര്‍ന്നതും കയറിയിറങ്ങി നടക്കാന്‍ പറ്റാത്തതുമായ പറമ്പായിരുന്നു മാലിക്കന്മാരുടേത്. കുന്നുകളിലേക്ക് കുത്തനെ കൂര്‍മ്പിച്ചും കൂണിച്ചും കോണിച്ചും നില്ക്കുന്ന  പാറകള്‍ക്കുതാഴെ കാടുകയറാത്ത സ്ഥലത്തെ ഇടത്തരം കല്ലുകള്‍ക്കിടയിലൂടെ കിളച്ചും പണിതുമാണ് കുഞ്ഞൂഞ്ഞ് കുടുംബം പോറ്റിയത്.

കൊത്തും പണീം നടക്കുന്നതുകൊണ്ട് കുഞ്ഞൂഞ്ഞിന് എപ്പോഴും കയ്യാള്‍ വേണം. തരത്തിന് കൂടെ നില്ക്കാന്‍  പെണ്ണുങ്ങളാണ് നല്ലത്. കണ്ടുമറിഞ്ഞും നിന്നുകൊള്ളും. പണിക്ക് വന്നവര്‍ ആത്മാര്‍ത്ഥതയുള്ളവരായതുകൊണ്ട് സാബുവിന്റെ അമ്മയ്ക്ക് അടുക്കളയിലെ കാര്യം മാത്രം നോക്കിയാല്‍ മതിയായിരുന്നു. അല്ലെങ്കിലും ആ പാറക്കെട്ടിനിടയിലൂടെ കയറിയിറങ്ങി നടക്കാനുള്ള ആരോഗ്യമൊന്നും സാബുവിന്റെ അമ്മയ്ക്കില്ല.

പ്രാര്‍ത്ഥന അത്ര വശമില്ലാത്ത ചിന്നമ്മയായിരുന്നു ആദ്യം കയ്യാളായി വന്നത്.  പണിക്കിറങ്ങുന്നതിനുമുമ്പ് കുഞ്ഞൂഞ്ഞ് വെറും മണ്ണില്‍ പ്രണമിച്ചുവീണ് പ്രാര്‍ത്ഥിക്കാന്‍ ചിന്നമ്മയെ പഠിപ്പിച്ചു. അതോടെ കുഞ്ഞൂഞ്ഞ് ദൈവതുല്യനായ ഒരുവനാണെന്ന് അവള്‍ക്കു തോന്നി. പിന്നെയവള്‍ പലതരം പണിയായുധങ്ങളായി മാറി.

അപ്പനും പണിക്കാരിക്കും കുടിക്കാന്‍ കുത്തരിക്കഞ്ഞിവെള്ളമെടുക്കുന്നതിന് കുഞ്ഞുസാബു വീട്ടിലേക്കുപോയ നേരത്ത് ചിന്നമ്മ എന്തിനോവേണ്ടി കാട്ടിലെ പാറക്കെട്ടിലേക്ക് കയറുകയും അവിടെ നിന്നും ആഴങ്ങളിലെ മുള്ളുകളിലേക്കു വീണ് മുറിഞ്ഞുപോവുകയും ചെയ്തു. അതിനുശേഷമാണ് കുഞ്ഞൂഞ്ഞ് ജലജയെ കൂട്ടുന്നത്. കുഞ്ഞൂഞ്ഞിന് കൊത്തും കിളയും ആവുന്നിടത്തോളം കാലം ജലജ കൂടെത്തന്നെയുണ്ടായിരുന്നു.
 
ഒരിക്കല്‍ സാബുവിന്റെ കുഞ്ഞമ്മയെ കെട്ടിയവന്‍ കാഞ്ഞിരക്കൊല്ലിയില്‍ വന്ന് നാടനടിച്ച് തരിപ്പായപ്പോള്‍  കുഞ്ഞൂഞ്ഞിനോടു ചോദിച്ചു: 'മാലിക്കന്‍കാരെന്തിനാ ആര്‍ക്കും വേണ്ടാതെകിടന്ന ഈ പാറക്കൊല്ലികള്‍ മേടിച്ചത്? ആ ഉളിക്കല്‍ ടൗണിലെങ്ങാനും അന്നത്തെക്കാലത്ത് പത്തുസെന്റ് മേടിച്ചാ മതിയാരുന്നല്ലോ.'

ജന്മിമാരുടെ കാലത്ത് വഞ്ചകികളും പിഴച്ചവരുമായ പെണ്ണുങ്ങളെ രഹസ്യമായി കൊല്ലാന്‍ കൊണ്ടുവന്നിരുന്ന സ്ഥലമായിരുന്നു ആ പാറക്കെട്ട്. അതുകൊണ്ട്  വലിയ വിലയൊന്നും കൊടുക്കാതെയാണ് മാലിക്കന്‍കാര്‍ക്ക് ആ പറമ്പ് കിട്ടിയത്. അക്കാര്യം ഓര്‍മ്മയില്‍ വന്നെങ്കിലും കുഞ്ഞൂഞ്ഞ്  പറഞ്ഞ കാര്യം വേറേയാണ്.

'എല്ലിനെടേലെ എറച്ചീടേം കല്ലിനെടേലെ മണ്ണിന്‍േറം രുചിയറിയാത്തോര്‍ കൃഷിക്കാരല്ലാന്ന് കാര്‍ന്നോന്മാര്‍ വെറുതേ പറയുവോടാ? നമ്മള്‍ ഉള്ളുരുകി പ്രാര്‍ത്ഥിച്ചോണ്ട് എന്നാ നായ്ക്കുരണ കുഴിച്ചിട്ടാലും അത് നൂറുമേനിക്കങ്ങ് ഉണ്ടായിക്കോളും. പിന്നെ ഈ മണ്ണിന്  എന്നാ കൊഴപ്പവാ?'

പറച്ചിലങ്ങ് പറഞ്ഞെങ്കിലും പറമ്പിലെവിടെയെങ്കിലും നായ്ക്കുരണ മുളച്ചുകണ്ടാല്‍ അത് പൂക്കുന്നതിനു മുമ്പ് പറിച്ചുകളഞ്ഞില്ലെങ്കില്‍ അപ്പന്റെ വായിലിരിക്കുന്നതു മുഴുവന്‍ സാബു കേള്‍ക്കേണ്ടിവരും. അതുകൊണ്ട് എല്ലാക്കൊല്ലവും പുതുമഴയ്ക്കുമുമ്പ് പറമ്പില്‍ കള വളരാതിരിക്കാനുള്ള പ്രാര്‍ത്ഥനചൊല്ലി ഉപ്പുകല്ലുവിതറി സാബു നായ്ക്കുരണയെയും മറ്റു കളകളെയും വിലക്കിയൊടുക്കുമായിരുന്നു.

അപ്പനും സാബുവുംകൂടി പണിക്കിറങ്ങുമ്പോഴും പ്രാര്‍ത്ഥിക്കും പണികയറുമ്പോഴും പ്രാര്‍ത്ഥിക്കും. നടുമ്പോഴും പ്രാര്‍ത്ഥിക്കും. പറിക്കുമ്പോഴും പ്രാര്‍ത്ഥിക്കും. ഓരോ നിമിഷവും പ്രാര്‍ത്ഥനയുടെ വളംകയറി മാലിക്കന്‍പറമ്പ് മുറ്റി വിളഞ്ഞു.  

പക്ഷേ, പറമ്പിന്റെ മുകളിലത്തെ തല മെരുക്കിയെടുക്കാന്‍ കുഞ്ഞൂഞ്ഞ് വലിയ താത്പര്യം കാണിച്ചില്ല. ചിന്നമ്മ വീണുമരിച്ച വലിയ പാറകള്‍ അവിടെയുള്ളതുകൊണ്ടാണോ അതെന്ന് സാബുവിന് സംശയമുണ്ടായിരുന്നു.

'പഴത്തിന്റെ മേമ്മുറീം ഒഴത്തിന്റെ കീമ്മുറീം അതാ കണക്ക്. പിന്നെ പണിക്കെടേല്‍ ഒന്നു വെളിക്കിരിക്കണന്നോ നടുനീര്‍ക്കണന്നോ വെച്ചാ ഒരു തണലും മറേം നല്ലതാ. അവിടെ  കെടക്കട്ടെ, ആരും ചൊമന്നോണ്ടു പോകുവൊന്നുമില്ലല്ലോ.'

കൗമാരംവിട്ട കാലത്ത് സാബു ഇടയ്ക്കിടയ്ക്ക് ആ മേമ്മുറിയിലേക്ക് കയറിപ്പോകാന്‍ തുടങ്ങി. ഒറ്റയ്ക്കിരുന്ന്  പ്രാര്‍ത്ഥിക്കാന്‍വേണ്ടിയാണ് ആ പോക്കെന്നോര്‍ത്ത അപ്പന്‍ അവന്‍ വല്ല സന്ന്യാസിയോമറ്റോ ആയേക്കുമെന്നു കരുതി ആധിപിടിച്ചു.

ആയിടയ്ക്കാണ് പേരാവൂരില്‍നിന്നും ഷിജിനയുടെ ആലോചന വരുന്നത്. മറ്റെല്ലാംകൊണ്ടും ചേരുമെങ്കിലും അവളും വീട്ടുകാരും പ്രാര്‍ത്ഥനയുടെ കാര്യത്തില്‍ മാലിക്കന്‍കാരോളം തീക്ഷ്ണതയുള്ളവരല്ല. അതുകൊണ്ട് കല്യാണത്തലേന്ന് കുഞ്ഞൂഞ്ഞ് മകനെ അരികില്‍ വിളിച്ചു.

'മോനേ സാബൂ, പറമ്പില്‍ പണിയെടുക്കാനേ നീ പഠിച്ചിട്ടൊള്ളെന്നാ ഞാന്‍ വിചാരിക്കുന്നത്. നിനക്കറിയാവെങ്കിലും അറിയത്തില്ലെങ്കിലും അപ്പനൊരു കാര്യം പറയാം.  നാളെ മുതല്‍  നീ ഒരു പെണ്ണിന്റെ കൂടെ കഴിയണം. അവളെ മെരുക്കണെങ്കില്‍ ഏറ്റവും നല്ല വഴി പ്രാര്‍ത്ഥനയാ. എപ്പളും  പ്രാര്‍ത്ഥിക്കുന്നവളായി അവള്‍ മാറിയാല്‍ കാര്യങ്ങളൊക്കെ നിന്റെയിഷ്ടത്തിനു നടന്നോളും.'

കല്യാണത്തിനുശേഷമുള്ള രാത്രികളില്‍ സാബുവിന്റെ മുറിയില്‍ നിന്നും വിവിധ കാര്യങ്ങള്‍ക്കുള്ള യുഗ്മപ്രാര്‍ത്ഥനകള്‍ ഉയരുന്നതുകേട്ട് കുഞ്ഞൂഞ്ഞ് ആനന്ദിച്ചു. അങ്ങനെ മോളുവുണ്ടായിക്കഴിഞ്ഞപ്പോള്‍ അപ്പന്‍ സ്ഥലം വീതംവെച്ച്  സാബുവിനെ വേറേ വിട്ടു. മേമ്മുറി സാബുവിനുതന്നെ കിട്ടി. കാടുപിടിച്ചുകിടക്കുന്ന പാറക്കൂട്ടത്തിനു താഴെ ഒന്നുരണ്ടേക്കര്‍ സ്ഥലം കൃഷിചെയ്യാന്‍ കൊള്ളുന്നതുമുണ്ട്.

ശരിക്കും പറഞ്ഞാല്‍ കൃഷി പൊളിഞ്ഞ കാലത്ത് പട്ടിണിയില്ലാണ്ട് ജീവിച്ചത് പ്രാര്‍ത്ഥനയുടെ ബലംകൊണ്ടു മാത്രമാണെന്ന് പിന്നീട് നല്ലകാലം വന്നപ്പോഴും സാബു പറയും. ആ നല്ലകാലവും പ്രാര്‍ത്ഥനതന്നെ കൊണ്ടുവന്നതാണെന്നാണല്ലോ. കാരണം പ്രാര്‍ത്ഥനാപുസ്തകത്തിന് പൊതിയിടാന്‍വേണ്ടിയെടുത്ത പത്രക്കടലാസിലാണ് സാബു ആ വാചകം ആദ്യമായി കാണുന്നത്. പൂര്‍ണ്ണമായും മനസ്സിലാകാത്തതുകൊണ്ട് അവന്‍ മാത്യുസാറിന്റെ അടുത്തുപോയി ചോദിച്ചു. കാഞ്ഞിരക്കൊല്ലിയെപ്പറ്റി പുസ്തകമെഴുതിയ ആളാണ് മാത്യുസാര്‍.

'എടാ, ഈ വാജീകരണമെന്ന് പറഞ്ഞാല്‍ ലൈംഗിക ഉത്തേജനമാണ്.'

'ഉത്തേജനമെന്നു പറഞ്ഞാല്‍?'  ലൈംഗികത്തിന്റെ അര്‍ത്ഥമറിയാവുന്നതുകൊണ്ടാണ് സാബു അതുമാത്രം ചോദിച്ചത്.

'അതുതന്നെയാടാ,  മറ്റേതിനെ ഉശാറാക്കുന്നത്. മാലിക്കന്‍ കുഞ്ഞൂഞ്ഞിന്റെ മകന്‍ ഈ കാര്യത്തില്‍ ഇത്ര പൊട്ടനായിപ്പോയതെങ്ങനെയാ.'

'നായ്ക്കുരണപ്പരിപ്പ് ഉത്തമ വാജീകരണ ഔഷധം എന്നു പറയുമ്പോള്‍ അതിന് വെല കിട്ടുവാരിക്കൂല്ലോ?'

'അതു കിട്ടും. കാരണം എല്ലാ അവനും വാജീകരണത്തിനുള്ള വഴികളാണല്ലോ അന്വേഷിക്കുന്നത്. പിന്നെ നമ്മള്‍ കൊത്തിപ്പറിച്ചു കളഞ്ഞുകളഞ്ഞു നായ്ക്കുരണ ഇപ്പോ എവിടെയും കാണാനുമില്ല.'

 

literature festival malayalam short story naaykkurana by Vinoy thomas
 

ഈ കഥ അടങ്ങുന്ന മുള്ളരഞ്ഞാണം സമാഹാരം ഓണ്‍ലൈനായി വാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം 

 

പിറ്റേന്ന് കാലത്തുതന്നെ സാബു കുന്നുകയറി പാറക്കൂട്ടങ്ങള്‍ക്കിടയിലേക്ക് പോയി. ആദ്യമായി കാണുന്നതുപോലെ അവന്‍ മേമ്മുറിയെ നോക്കി. പാടവള്ളികളും ഇഞ്ചമുള്ളും കാട്ടുകാച്ചിലും പടര്‍ന്ന പൊന്തക്കാട് പാറകള്‍ക്കു കുരുക്കിട്ട് കയറിമറിഞ്ഞ് കിടക്കുകയാണ്. അതിനിടയില്‍ പണ്ട് താന്‍ പോയിരിക്കുമായിരുന്ന സ്ഥലങ്ങളൊക്കെ ഓരോന്നായി അവന്‍ ഓര്‍ത്തെടുത്തു. കരിങ്കല്‍ ചീളുപോലെ ഉറച്ചെഴുന്നേറ്റ ആ ഓര്‍മ്മകള്‍  കാലങ്ങളിലൂടെ സഞ്ചരിച്ച് ദുര്‍ബ്ബലമായി മടങ്ങിച്ചുരുണ്ടുപോയെന്നറിഞ്ഞപ്പോള്‍ അവന്റെ കണ്ണുകള്‍ നിറഞ്ഞു.

ഒരു പന്നിയെലിയെപ്പോലെ അവന്‍ പൊന്തകള്‍ക്കിടയിലൂടെ നൂണുനൂണു പോയി. തിരിച്ചുകയറുമ്പോള്‍ തന്റെ കൈയും കഴുത്തും ചൊറിയാന്‍ തുടങ്ങിയിരിക്കുന്നല്ലോ എന്നോര്‍ത്ത് അവന് അടക്കാന്‍ കഴിയാത്ത സന്തോഷം. ചൊറിഞ്ഞുകൊണ്ടു പച്ചിലഗുഹയിലൂടെ വീണ്ടും ഇഴയുമ്പോള്‍ പാടത്താളിയിലകളാല്‍ മറഞ്ഞുകിടക്കുന്ന നായ്ക്കുരണക്കുലകള്‍ അവന്‍ കണ്ടു. നൂറ്റാണ്ടുകളായി ആ പാറക്കൂട്ടം ഒളിപ്പിച്ചുവച്ച ആനന്ദത്തിന്റെ വിത്തുകള്‍ തന്റെ സ്വന്തമാണല്ലോ എന്ന തിരിച്ചറിവില്‍ അവന്‍ നന്ദിപ്രാര്‍ത്ഥനയ്ക്കായി തലയുയര്‍ത്തുമ്പോള്‍ നായ്ക്കുരണക്കുലകള്‍ പലതായി രൂപം മാറി. നിരാശയില്‍ താഴേക്കു വളഞ്ഞുചുരണ്ട ആണത്തങ്ങള്‍, കൊതിവെള്ളമിറ്റുന്ന പട്ടിനാക്കുകള്‍,  നനുത്ത രോമങ്ങളുള്ള കുഞ്ഞുമൃഗങ്ങള്‍.

പ്ലാസ്റ്റിക്കൂട് കൈയിലിട്ടുകൊണ്ട് പറിച്ചാല്‍ മതിയെന്ന ബുദ്ധി ഷിജിനയാണ് അവന് പറഞ്ഞുകൊടുത്തത്. അമ്പതുപൈസയുടെ മൂന്ന് പ്ലാസ്റ്റിക്കൂട് നിറയെ കായകള്‍ കിട്ടി.  ചൊറിയന്‍പൊടി കളയാന്‍ വേണ്ടി മുറ്റത്ത് കായകള്‍ നിരത്തിയിട്ട് കരിയിലകള്‍കൊണ്ടു മൂടി തീയിട്ടു. കരിഞ്ഞ പുറന്തോടുകള്‍ പൊട്ടിച്ചപ്പോള്‍ ഇളംകറുപ്പുള്ള നായ്ക്കുരണപ്പരിപ്പ്. കുറച്ചെടുത്ത് വിത്തിനും സ്വന്തം ആവശ്യത്തിനുമായി മാറ്റിവച്ചു. ബാക്കി  ഉളിക്കല്ലിലെ ഒതേനന്‍വൈദ്യരുടെ കടയിലാണ് കൊടുത്തത്. കിലോയ്ക്ക് രണ്ടായിരംവച്ചു വില. പണവുമായി കുന്നുകയറുമ്പോള്‍ സാബു നന്ദിപ്രാര്‍ത്ഥന ഉച്ചത്തില്‍ ചൊല്ലി.

ആ വേനലില്‍ പാറക്കെട്ടിലെ കാടെല്ലാം വയക്കി തീയിട്ടു. പുതുമഴയ്ക്കുമുമ്പേ കല്ലുകള്‍ക്കിടയിലെ കരിമണ്ണ് കിളച്ച് തടമെടുത്തു. ആദ്യത്തെ കൃഷിയായതുകൊണ്ട് അടിവളമൊന്നും ചേര്‍ക്കേണ്ടി വന്നില്ല.  മഴപെയ്തപ്പോള്‍ പയറു നടുന്നതുപോലെ നായ്ക്കുരണവിത്തുകള്‍ തടങ്ങളില്‍ പാകി. മുളച്ചുപൊന്തി വള്ളി നീളാന്‍തുടങ്ങിയപ്പോള്‍ പാവലിന് കെട്ടുന്നതുപോലെ കമ്പിയും പ്ലാസ്റ്റിക്ചൂടിയുംകൊണ്ട് പന്തലുകെട്ടി. നായ്ക്കുരണ പന്തലില്‍ കയറി പൂത്തു കുലച്ചുമറിഞ്ഞ് കായ്ച്ചു.

'നായ്ക്കുരണസാബുവേട്ടാ, പയ്യാവൂര്‍ക്കാന്നേ കേറിക്കോ.'

അമേരിക്കന്‍പാറയില്‍നിന്നു ചെങ്കല്ല് കയറ്റിവരുന്ന നാനൂറ്റേഴ് നിര്‍ത്തി ഡ്രൈവര്‍ സുര വിളിച്ചു.  വണ്ടിക്കകത്ത് വിയര്‍പ്പില്‍ കുഴഞ്ഞ മണ്ണുകാരണം ഷര്‍ട്ടിടാന്‍ പറ്റാത്ത ശരീരവുമായി ഒരു കല്ലുകയറ്റുകാരനിരിപ്പുണ്ട്. സീറ്റില്‍ ചെങ്കല്ലിന്റെ പൊടിയും ചെളിയും.

'നിങ്ങള്‍ വിട്ടോ, എനിക്ക് എടയ്ക്കൊരടത്ത് കേറാനുണ്ട്.' താനിട്ടിരിക്കുന്ന നല്ല വെള്ളമുണ്ടും വെള്ളഷര്‍ട്ടുമോര്‍ത്ത് മാത്രമല്ല സാബു അങ്ങനെപറഞ്ഞത്. നായ്ക്കുരണസാബു എന്നുള്ള അവന്റെ ആ വിളി സാബുവിന് പിടിച്ചില്ല. കാഞ്ഞിരക്കൊല്ലിയിലെ മിക്ക അവന്മാരും രഹസ്യമായി സാബുവിന്റെയടുത്തുവന്ന് മരുന്നുമേടിച്ചിട്ടുള്ളവരാണ്.  ആദ്യകാലത്ത് പരിപ്പായിരുന്നു വില്പന. അത് വേണ്ടരീതിയില്‍ തയ്യാറാക്കാതെ കഴിച്ചതുകൊണ്ട് വാജീകരണം കാത്തുകിടന്ന പല കിടപ്പറകളിലും വയറൊഴിച്ചിലാണുണ്ടായത്.

ഉപഭോക്താക്കളുടെ സൗകര്യത്തിനുവേണ്ടിയാണ്  സാബു സ്ട്രോങ് ഡബിള്‍ പ്ലസ് ഉണ്ടാക്കാന്‍ തീരുമാനിക്കുന്നത്. നായ്ക്കുരണപ്പരിപ്പ് പാലില്‍ പുഴുങ്ങി കട്ടുകളഞ്ഞ് ഇളംവെയിലില്‍ ഉണക്കി നേര്‍മ്മയായി പൊടിച്ച് ഡപ്പിയിലാക്കി ലേബലൊട്ടിച്ചതാണ് സ്ട്രോങ്് ഡബിള്‍ പ്ലസ്.  ലൈസന്‍സെടുത്ത് വില്പന നടത്താന്‍ തുടങ്ങിയപ്പോള്‍ വരുമാനം ഇരട്ടിക്കിരട്ടിയായെങ്കിലും മാലിക്കന്‍സാബു നായ്ക്കുരണസാബുവായി. ഷിജിനയെയും  മോളുവിനെയും കാണുമ്പോള്‍ ചിലര്‍ നായ്ക്കുരണപ്പൊടിപോലെ ചൊറിയുന്ന അഭിപ്രായങ്ങള്‍ പാറിച്ചു. അതോടെ സാബു ഒരു കച്ചവടനയമുണ്ടാക്കി. നാട്ടുകാര്‍ക്ക് നേരിട്ട് മരുന്ന് കൊടുക്കില്ലെന്നുള്ളത് ആ നയത്തിന്റെ ഭാഗമായായിരുന്നു. മരുന്നുകടകള്‍വഴി മാത്രമേ തന്റെ ഉത്പന്നം വില്ക്കുകയുള്ളൂ. അതേറ്റു, കളിയാക്കല്‍ കുറഞ്ഞുവന്നു. എന്നാലും അവന്മാരുടെ മനസ്സിലൊരു ചൊറിച്ചിലുണ്ട്. അതാണ് ആ വിളിയിലുള്ളത്.

നാനൂറ്റേഴ് രണ്ടു ചക്രത്തിന്റെ വീതിയുള്ള ചാലുകളിലൂടെ പാളം തെറ്റാതെ മുമ്പോട്ടു പോയി. സാബു നടന്ന് കുഞ്ഞിപ്പറമ്പ്  ജങ്ഷനിലെത്തിയപ്പോള്‍ മരുവേലില്‍ പീറ്റര്‍ കൈകൊട്ടി കടയില്‍നിന്നും  ഇറങ്ങിവന്നു. വിടാതെ പടരുന്ന ക്യാന്‍സര്‍ തകര്‍ത്തുകളഞ്ഞ തന്റെ  തൊണ്ടയില്‍നിന്നും പുറത്തുകടക്കാതെ കൂവല്‍ പരാജയപ്പെട്ടു പോയതുകൊണ്ടാണ് അയാള്‍ കൈകൊട്ടിയത്.   കോടിപ്പോയ മുഖവും കൈയുമുപയോഗിച്ച് അയാള്‍ മുമ്പുപറഞ്ഞ ഒരു ആവശ്യം സാബുവിനെ വീണ്ടും ഓര്‍മ്മിപ്പിച്ചു. അവസാനത്തെ ചില ആഗ്രഹങ്ങള്‍ നിവര്‍ത്തിക്കാന്‍ അയാള്‍ക്ക് രണ്ടു ബോട്ടില്‍  സ്ട്രോങ് ഡബിള്‍ പ്ലസ് വേണം.

'പീറ്റര്‍ചേട്ടാ, എനിക്കീ സാധനം ഉണ്ടാക്കാം എന്നല്ലാതെ വില്‍ക്കാന്‍ പറ്റത്തില്ല. വിതരണക്കാര്‍ സമ്മതിക്കുകേല. അവര്‍ തെറ്റിയാല്‍ ഇതു മുഴുവന്‍ ഞാന്‍തന്നെ കൊണ്ടുനടന്ന് വില്ക്കണ്ടി വരും. നമ്മടെ നാട്ടുകാര്‍ രഹസ്യമായിട്ട് ചോദിക്കൂന്നല്ലാതെ സാധനത്തിന്റെ വില കേള്‍ക്കുമ്പോ മേടിക്കാന്‍ നിക്കിയേലല്ലോ. യഥാര്‍ത്ഥ വെല കൊടുത്ത് മേടിക്കാന്‍ ആമ്പിയറൊള്ളോര്‍ പൊറത്തുണ്ട്.'

നാട്ടുകാര്‍ക്കിട്ട് മൊത്തത്തില്‍ കുത്തിയത് തനിക്കിട്ടാണ് കൊണ്ടതെന്ന് മനസ്സിലായെങ്കിലും എന്തു വിലകൊടുത്തും സാധനം മേടിക്കാന്‍ താന്‍ തയ്യാറാണെന്ന്  പീറ്റര്‍ പണിപ്പെട്ട് വ്യക്തമാക്കി.

'ചേട്ടനൊരു കാര്യം ചെയ്യ്,  ആരെങ്കിലും കണ്ണൂരോ തളിപ്പറമ്പിലോ പോകുമ്പോ സംഗതി പറഞ്ഞുവിട്. എന്റെ മരുന്നുതന്നെ അവിടെ കിട്ടും. അതാ നല്ലത്.'  
 
പീറ്റര്‍ പിന്നെയും എന്തോ പറയാന്‍ തുടങ്ങുമ്പോഴേക്കും പയ്യാവൂരിലേക്ക് പോകുന്ന ഒരു ജീപ്പ് വന്നു. സാബുവിന് അതിന്റെ മുന്നില്‍ തന്നെ സീറ്റുകിട്ടി. പയ്യാവൂരില്‍നിന്ന് ബസ്സിനാണ് ശ്രീകണ്ഠാപുരത്തേക്കു പോയത്. ബസ സ്റ്റാന്റിനു പുറത്ത് കമ്മ്യൂണിറ്റിഹാളിനു മുമ്പില്‍ പറഞ്ഞ സ്ഥലത്തുതന്നെ അവള്‍ നില്പുണ്ടായിരുന്നു. ഇളംപച്ചനിറമുള്ള അയഞ്ഞ ചുരിദാറിട്ട്, കണ്ണടവെച്ച് ഗൗരവത്തില്‍ നില്ക്കുന്ന അവളെ സാബു പ്രാര്‍ത്ഥനയോടെ ഒന്ന് നോക്കി. ചുരിദാറ് അയഞ്ഞതാണെങ്കിലും അതിനുള്ളിലെല്ലാം മുറുകിത്തന്നെയാണ്. ങാ, മതീന്ന് ഒരഭിപ്രായമാണ് അവനുണ്ടായത്.

'ചായകുടിച്ചിട്ട് പോയാലോ?'

'വേണ്ട, ഞാന്‍ കുടിച്ചതാ.'

'ഓ, എന്നാ നമുക്കൊരു ഓട്ടോ പിടിക്കാം.'

ശ്രീകണ്ഠാപുരമല്ലേ, പരിചയമുള്ള ആരുമില്ലല്ലോ. കൂടുതല്‍ തിരയാന്‍ നില്ക്കാതെ വെള്ളനിറമുള്ള ഒരു എയ്സോട്ടോ വിളിച്ച്  അവളെ പിന്‍സീറ്റിലാക്കി സാബു മുമ്പില്‍ കയറി. കുഞ്ഞിപ്പറമ്പ് കഴിഞ്ഞ് ചാലുള്ള റോഡില്‍ കയറിയപ്പോള്‍ ഓട്ടോക്കാരന്‍ ചവിട്ടി.

'ഇവിടുള്ളോര്‍ അങ്ങുവരെ പോകുന്നതാരുന്ന്.' സാബു ഒന്ന് തള്ളിനോക്കി.

'ഈ വണ്ടി പോവൂല്ല ചേട്ടാ.' ഓട്ടോക്കാരന്‍ റിവേഴ്സിട്ടു തിരിച്ചു നിര്‍ത്തി.

'എത്രെയാ തരണ്ടത് ?'  സാബു പുറത്തിറങ്ങി.

'മുന്നൂറ്റമ്പത്.'  പുറകിലത്തെ വാതില്‍ ഏന്തിവലിഞ്ഞു തുറന്നുകൊടുത്തുകൊണ്ട് ഓട്ടോക്കാരന്‍ പറഞ്ഞു.

'അയ്യോ, അത് കൂടുതലാടാ. എല്ലാരും ഇരുനൂറ്റമ്പതാ മേടിക്കുന്നെ.'

'ഇതാ, ഈ മലയ്ക്കേക്ക് ആരും ഓട്ടം വരാത്തത്. ഇവിടെയെത്തിക്കഴിയുമ്പോള്‍ നിങ്ങക്ക് ഓരോ ന്യായവാ.'

'ഓ, നീ ചൂടാകാതെടാ ഉവ്വേ, ഇന്നാ മുന്നൂറുണ്ട്. പരാതി വേണ്ട. വാ.' സാബു വലതുവശത്തെ ചാലിലൂടെ നടന്നുതുടങ്ങിയിരുന്നു. പുറകേ അവളും.
ഉരുളന്‍കല്ലുനിറഞ്ഞ ഒരു വഴിയിലൂടെയും കശുമാവിന്തോട്ടത്തില്‍ വഴിയില്ലാത്ത ഒരു കുറുക്കിലൂടെയും ചട്ടക്കല്ലിന്റെ കയ്യാലവെച്ച റബ്ബറിനകത്തെ നെട്ടക്കുത്തം കേറ്റത്തിലൂടെയുമാണ് അവര്‍ സാബുവിന്റെ വീടിന്റെ പിന്നാമ്പുറത്തെത്തിയത്. ആ സ്ത്രീയുടെ ചുരിദാര്‍ നനഞ്ഞ് അകവസ്ത്രത്തിന്റെ വള്ളികള്‍ തെളിയുകയും അവര്‍ നേരിയ ശബ്ദത്തോടെ അണയ്ക്കാന്‍ തുടങ്ങുകയും ചെയ്തിരുന്നു.

'നമ്മളേ എളുപ്പമുള്ള വഴിക്കാ വന്നത്. ഞാന്‍ കുടിക്കാനെന്നതേലും എടുക്കാം. തേനുംവെള്ളം ഇഷ്ടമാണോ?' സാബു തിണ്ണയില്‍ കയറി വാതിലുതുറക്കുമ്പോള്‍ ചോദിച്ചു.

'എന്തെങ്കിലും കുടിക്കാന്‍ കിട്ടിയാല്‍ മതി.' അവര്‍ സ്വീകരണമുറിയിലെ കടുവാപ്പുള്ളിതുണിയിട്ട സെറ്റിയില്‍ ഇരുന്നു.

അടുക്കളയില്‍ കയറിയ സാബു തണുപ്പിച്ച പാലിലേക്ക് രണ്ടുസ്പൂണ്‍ സ്ട്രോങ് ഡബിള്‍ പ്ലസിട്ട് കലക്കിക്കുടിക്കുകയാണ് ആദ്യം ചെയ്തത്. അതിനുശേഷം പിടിയുള്ള ചില്ലുഗ്ലാസ്സിലേക്ക് നന്നാറിവേര് ചതച്ചിട്ട വെള്ളമെടുത്തു. വെള്ളത്തിലേക്ക് തേനൊഴിക്കുമ്പോള്‍ അത് കട്ടിനൂലായി ഗ്ലാസ്സിന്റെ  അടിയിലേക്ക് പോയി. അവിടെ അലിയാതെ കിടക്കുന്ന തേനിന്റെ പളുങ്കുപാളിയെ സ്പൂണ്‍കൊണ്ട് കുത്തിയിളക്കിക്കൊണ്ട് സ്വീകരണമുറിയിലേക്ക് അവന്‍ കയറുമ്പോള്‍തന്നെ തിണ്ണയില്‍നിന്ന് ഷിജിനയും മോളുവും അങ്ങോട്ട് കയറി. സാബുവിന്റെ കൈയിലിരുന്ന തേന്‍വെള്ളത്തില്‍നിന്നും അഞ്ചാറുതുള്ളി തുളുമ്പിപ്പോയെങ്കിലും സാബു പെട്ടെന്ന് ചോദിച്ചു:
'നിങ്ങള്‍ വന്നോ?'

തേന്‍വെള്ളത്തിന് നീട്ടിയ കൈ പിന്‍വലിച്ച് സെറ്റിയില്‍ ഇരിക്കുന്ന സ്ത്രീയെ നോക്കിയിട്ട് ഷിജിന മോളുവിനെ തള്ളിക്കൊണ്ട് കിടപ്പുമുറിയിലേക്കു പോയി.  കാറ്റില്‍ മരങ്ങള്‍ ചാരി മറിയുന്നതുപോലെ അമ്മയും മകളും കട്ടിലിലേക്ക് വീണു. മകള്‍ കമഴ്ന്ന് ഭിത്തിയിലേക്ക് നോക്കിയും അമ്മ മലര്‍ന്ന് മച്ചിലേക്കു നോക്കിയും കിടക്കുന്നതിനിടയില്‍ അമ്മയുടെ മനസ്സിലൂടെ പല കാര്യങ്ങളും കടന്നുപോയി.

 

................................................................................

അവള്‍ ഓരോ വസ്ത്രങ്ങളുമഴിക്കുമ്പോള്‍ സാബുവിന്റെ കൈവിരലുകളില്‍ നിയന്ത്രിക്കാനാവാത്ത ഒരു വിറയല്‍ ഇളകിയൊളിച്ചുകൊണ്ടിരുന്നു. പതുക്കെ, മേക്കപ്പ് അഴിക്കുന്നതുപോലെ, അതുവരെ കണ്ട നിസ്സഹായയായ യുവതിയുടെ രൂപം അവള്‍ ഊരിക്കളഞ്ഞു. അമ്പരപ്പിക്കുംവിധം സ്ത്രീത്വം തഴച്ച് അളവും അഴകും ചേര്‍ന്ന അവളുടെ നഗ്‌നതയിലേക്ക് സാബു പ്രതിസന്ധിയലകപ്പെട്ടു നോക്കി

literature festival malayalam short story naaykkurana by Vinoy thomas
Image Courtesy: Engin Akyurt/ Pixabay
 

ഷിജിനയുടെ ആങ്ങളയുടെ മകന്‍  സൂരജ് ഡല്‍ഹീക്കു തിരിച്ചു പോകുന്നത് നാളെകഴിഞ്ഞാണ്.  അവനു കൊണ്ടുപോകാന്‍ വേണ്ടി കുറച്ചു ചക്ക വറുക്കാനാണ് ഷിജിനയും മകളുംകൂടി പേരാവൂരുള്ള ആങ്ങളയുടെ വീട്ടിലേക്ക് പോകാന്‍ തീരുമാനിച്ചത്. നാത്തൂന്‍ വറത്താല്‍ ചക്ക ഒരുമാതിരി തളുതളാന്നിരിക്കും. ഷിജിനയ്ക്കൊരു സൂത്രപ്പണി അറിയാം. ചക്ക ആദ്യത്തെ ദിവസം എണ്ണയിലിട്ട്  പകുതി വാട്ടിയങ്ങ് വെക്കും. പിറ്റേന്നെടുത്ത് ഒന്നൂടെ വറുത്തുകഴിഞ്ഞാല്‍ ചക്ക നല്ല കുപ്പിച്ചില്ലുപോലിരിക്കും. ആണ്ടോടാണ്ടിരിക്കുകയും ചെയ്യും. പക്ഷേ, അതിന് രണ്ടു ദിവസം വേണമല്ലോ. അതുകൊണ്ട് സൂരജ് പോയിട്ടേ   വരത്തൊള്ളൂ എന്നും പറഞ്ഞാണ് അവര്‍ അതിരാവിലെ ഇറങ്ങീത്.

'രണ്ടു ചക്ക കൂടുതല്‍ വറത്തോ. നമ്മക്കും ശകലം എടുക്കാല്ലോ. മറ്റന്നാള്‍ ഉച്ചകഴിഞ്ഞ് വന്നാലും മതി. ഒള്ള ചക്കവറുത്തതുമെടുത്തോണ്ട് അവള്‍ ഇടിപിടീന്ന് പോയെന്ന്  പരാതി പറയുന്നോനാ നിന്റെ ആങ്ങള.'

ഇറങ്ങാന്‍ നേരത്ത് സാബു അങ്ങനെയാണ് പറഞ്ഞത്. എന്നാലും വീട്ടിലേക്കാര്യമോര്‍ക്കുമ്പോള്‍  ഒരിടത്തുംപോയി നില്ക്കാന്‍  ഷിജിനയ്ക്കു മനസ്സ് വരിയേല. പക്ഷേ, അന്നു തിരിച്ചുവന്നത് അതുകൊണ്ടൊന്നുമല്ല. കാഞ്ഞിരക്കൊല്ലീന്ന് ബസ്സു കയറി ഇരിട്ടിയില്‍ ഇറങ്ങിക്കഴിഞ്ഞപ്പോള്‍ മോളുവൊന്ന് ഛര്‍ദ്ദിച്ചു. സാധാരണ കോട്ടയംവരെ ബസ്സിനുപോയാലും ഒരു കുഴപ്പവും ഇല്ലാത്തവളാണ്. ഇരിട്ടി ബസ്സ്റ്റാന്റിലെ ബെഞ്ചില്‍ അവളങ്ങനെ തളര്‍ന്ന് ഇരിക്കുന്നതുകണ്ടപ്പോള്‍ ഷിജിനയ്ക്ക് വയറ്റില്‍ നിന്നും ഒരു ആന്തല്‍ വന്നു. കഴിഞ്ഞമാസം എന്നാണ് മകള്‍ക്ക് പീര്യഡ്സ് ആയതെന്നാണ് അവള്‍ അപ്പോള്‍ ആലോചിച്ചത്. എത്രയാലോചിച്ചിട്ടും ഓര്‍മ്മവരുന്നില്ല. മകളോട് ചോദിച്ചപ്പോള്‍ ഒന്നും മിണ്ടാതെയിരുന്ന് അവള്‍ കരഞ്ഞു. അന്നേരം അമ്മയ്ക്കും തല കറങ്ങാന്‍ തുടങ്ങി. കുറെനേരം ഒന്നുംചെയ്യാതെ അവര്‍ ബസ് സ്റ്റാന്റിലിരുന്നു.

അപ്പോഴാണ് ജപമാലയുടെ കാര്യം ഓര്‍മ്മ വരുന്നത്. രണ്ടുപേരും പുറത്തേക്ക് ഒച്ചയില്ലാതെ, ചുണ്ടനക്കാതെ, കണ്ണില്‍ക്കണ്ണില്‍ നോക്കി പ്രാര്‍ത്ഥന ചൊല്ലിക്കൊണ്ടിരുന്നു. കാഞ്ഞിരക്കൊല്ലിക്ക് നാലാമത്തെ ബസ്സുവന്നപ്പോള്‍ ഇനി ഒരു ചക്ക വറക്കാനും പോകുന്നില്ലെന്നു തീരുമാനിച്ച് അവരാ ബസ്സില്‍ കയറി.

'നീ ആങ്ങളമാര്‍ക്കൊണ്ടാക്കാനായിട്ട് നടന്നോ. ഇവിടെ ഓരോരോ കാര്യങ്ങള്‍ക്ക് ആളുകള്‍ വരുമ്പോള്‍ ഞാന്‍ കെടെന്ന് ഓടിക്കോളൂല്ലോ. ഇപ്പോ ഇതാ നമ്മടെ കൃഷിക്ക് സബ്സിഡി തരാന്‍ വേണ്ടി നോക്കാന്‍ വന്ന കൃഷി ആഫീസറാ അത്. ഈ വെയിലത്ത് നടന്നുവന്നപ്പോള്‍ എന്നതേലും ഇവിടെ കൊടുക്കാനുണ്ടോ? എളുപ്പത്തിലൊണ്ടാക്കാന്‍ പറ്റൂല്ലോന്നോര്‍ത്ത് ഇച്ചിരി തേനുംവെള്ളമെടുത്ത് കൊടുക്കുകാരുന്നു.'

'ചേട്ടായി എന്നാത്തിനാ ഇങ്ങനെ ദേഷ്യപ്പെടുന്നെ. ചേട്ടായി സമ്മതിച്ചിട്ടല്ലേ ഞാന്‍ പോയത്. പെണ്ണിനെന്തോ വല്ലായ്ക വന്നതുകൊണ്ടാ ഞങ്ങളിങ്ങ് പോന്നത്. കൃഷിയാഫീസറ് ചോറു തിന്നതല്ലെങ്കില്‍ കുക്കറിലോട്ടിട്ടാ പത്തുമിനുറ്റുകൊണ്ടാകൂല്ലേ. ഞാനിപ്പോ വെക്കാല്ലോ.'

സാബു പെട്ടന്നങ്ങ് തണുത്തു.

'അല്ല, ഞാന്‍ പറയുകാരുന്നു. എന്നാ ഒരു കാര്യം ചെയ്യാം. ഞാനവരേം കൂട്ടിക്കൊണ്ട് കൃഷി  കാണിച്ചിട്ട് വരാം. അപ്പളേയ്ക്കും നീയിച്ചിരി ചോറുവെച്ച് എന്തേലും കറീം ഒണ്ടാക്ക്. ഇച്ചിരി തേങ്ങാച്ചമ്മന്തി അരച്ചാലും മതി.'

ഇതുപറഞ്ഞപ്പോള്‍ ഷിജിനയെഴുന്നേറ്റ്  സാബുവിന്റെകൂടെ കൃഷിയാഫീസറുടെ അടുത്തേക്കു ചെന്നു. ഉള്ളില്‍ തീയാണേലും  ചിരിക്കാതിരിക്കാന്‍ പറ്റുവോ.

'ഇന്ന് വരൂന്ന് അറിഞ്ഞില്ല. ഞാനൊന്ന് ആങ്ങളേടെ വീടുവരെ പോയതാരുന്നേ.  വേഗന്ന് ചോറും കറിയും വെക്കാം. നിങ്ങള്‍ മലയ്ക്ക് പോയിട്ടു വാ.'

തേന്‍വെള്ളത്തിന്റെ ഗ്ലാസ്സ് തിരികെ മേടിക്കുമ്പോള്‍ ഷിജിന ക്ഷമാപണത്തോടെ പറഞ്ഞു.

'കൃഷിയാപ്പീസറേ, നമ്മക്ക് മുകളിലെ പറമ്പില്‍ പോയി കൃഷി നോക്കീട്ട് വരാം. അപ്പഴത്തേക്കും ഇവള്‍ ചോറു വെക്കും.'

'ങേ, എവിടെയാ?'

'മുകളിലത്തെ പറമ്പിലേ, അവിടെയല്ലേ കൃഷിയുള്ളത്.'

'ഓ.'

കരിങ്കല്ലുകള്‍ക്കിടയിലൂടെ മല കയറുമ്പോള്‍ ഇടയ്ക്കിടയ്ക്ക് സാബു അവളുടെ കൈപിടിച്ച് സഹായിച്ചു. കുന്നിന്റെ നിറുകയില്‍ ചതുരത്തിലുള്ള വലിയൊരു കൂടാരംപോലെ നായ്ക്കുരണച്ചെടികള്‍ പൂത്തുപടര്‍ന്ന പന്തല്‍ കണ്ട് അവള്‍ അത്ഭുതത്തോടെ നോക്കി.

പെട്ടെന്ന് നീണ്ടമുടികളുള്ള അദൃശ്യമായ ഒരു നിലവിളി പാറകളിലേക്കുവീണ് മുറിഞ്ഞുപോയതുപോലെ അവള്‍ക്കു തോന്നി. അത് വെറുമൊരു തോന്നലാണെന്നുതന്നെയുറപ്പിച്ച് അവള്‍ തലയില്‍നിന്നും മുടിക്ലിപ്പഴിച്ചു.

സാബു അപ്പോള്‍ ചിന്തിച്ചത് സ്ട്രോങ് ഡബിള്‍ പ്ലസിനെപ്പറ്റിയാണ്. നായ്ക്കുരണപന്തലിന്റെ ഇടുങ്ങിയ വാതിലിലൂടെ അകത്തേക്ക് കടന്നതോടെ സാബു അവരുടെ കൈപിടിച്ച് പ്രാര്‍ത്ഥനാനിരതനായി.

'അപ്പാ.' കണ്ണുകളടച്ചുനിന്ന് പ്രാര്‍ത്ഥനാസ്വരത്തില്‍ അയാള്‍ നീട്ടിവിളിച്ചു. നായ്ക്കുരണവള്ളികള്‍ കൂട്ടത്തോടെ ഇളകി. വെളുത്ത ഉറയില്‍നിന്നും വിജൃംഭിച്ച് പുറത്തേക്കു നില്ക്കുന്ന നീലപ്പൂവുകള്‍ കുലകളോടെ ചിരിച്ചു. അതോടെ ആ സ്ത്രീയും കണ്ണുകളടച്ച് എന്തിനെന്നറിയാതെ പ്രാര്‍ത്ഥിക്കാന്‍ തുടങ്ങി.  
കണ്ണട എടുത്തുമടക്കി കൂടിനുള്ളിലാക്കി ബാഗില്‍വെച്ചു നിവര്‍ന്നപ്പോള്‍  ആ സ്ത്രീ ആശങ്കപ്പെട്ടു:

'ഇതിനകത്ത് കിടന്നാല്‍ ചൊറിയുവോന്നാ എന്റെ പേടി.'

വിലങ്ങഴിക്കുന്ന ആശ്വാസത്തോടെ വെളുത്ത വസ്ത്രങ്ങളെല്ലാം ഊരിമാറ്റുകയായിരുന്ന സാബു അടക്കിപ്പിടിച്ചലറി:  

'അതിനുംകൂടിയുള്ളതാ കഴുവേറിമോളേ നിനക്ക് തള്ളിത്തരുന്നത്. നേരം കളയാതെ പറിച്ചു വെക്കെടീ സകലതും. നീ  ആദ്യമായിട്ടല്ലേ എന്റടുത്തു വരുന്നത്. അതുകൊണ്ടു പറയുവാ. ഇതുവരെ നീ കാണാത്ത പലതും  നായ്ക്കുരണസാബു നിന്നെ കാണിക്കും. പല വിധത്തിലെനിക്കു നിന്നെ വേണം. ആദ്യം കൊച്ചു കുഞ്ഞുങ്ങളെപ്പോലെ നീയെന്നെ അപ്പാന്നു വിളിക്കണം. പിന്നെ നാലുകാലേല്‍ നില്ക്കുന്ന കന്നാലിയായിട്ട് അമറണം. നരച്ച തള്ളയായിട്ട് ചുക്കിച്ചുളിഞ്ഞ് ചൊരത്തണം. പതിനാറുകാരിയായിട്ട് കുണുങ്ങണം. ശവമായിട്ട് മലര്‍ന്നും കമഴ്ന്നും കിടക്കണം.  എന്റെ എല്ലാ ആശകളും നീയായിട്ട് തീര്‍ക്കണം. എന്നിട്ടേ നീ ഇവിടെനിന്ന് പോകൂ. '

അവള്‍ മാറ്റമൊന്നുമില്ലാതെ അവനെ നോക്കി. അവള്‍ ഓരോ വസ്ത്രങ്ങളുമഴിക്കുമ്പോള്‍ സാബുവിന്റെ കൈവിരലുകളില്‍ നിയന്ത്രിക്കാനാവാത്ത ഒരു വിറയല്‍ ഇളകിയൊളിച്ചുകൊണ്ടിരുന്നു. പതുക്കെ, മേക്കപ്പ് അഴിക്കുന്നതുപോലെ, അതുവരെ കണ്ട നിസ്സഹായയായ യുവതിയുടെ രൂപം അവള്‍ ഊരിക്കളഞ്ഞു. അമ്പരപ്പിക്കുംവിധം സ്ത്രീത്വം തഴച്ച് അളവും അഴകും ചേര്‍ന്ന അവളുടെ നഗ്‌നതയിലേക്ക് സാബു പ്രതിസന്ധിയലകപ്പെട്ടു നോക്കി. അവള്‍ അവനെ ഗൗനിക്കാതെ മേഘങ്ങളിലൂടെ എന്ന വിധം പാറക്കെട്ടുകളിലേക്കു നടന്നു. നായ്ക്കുരണപ്പന്തലിനുള്ളിലെ ഏറ്റവും ഉയര്‍ന്ന പാറയുടെ മുകളില്‍ ഒരു കാല്‍ താഴേക്കിട്ട് മറ്റൊന്നു മടക്കി അവളിരുന്നു. വിരല്‍ചൂണ്ടി അവനെ വിളിച്ചു.  തണുത്തുകിടന്ന അവളുടെ കണ്ണുകള്‍ എരിഞ്ഞെരിഞ്ഞ് ആളി. മുടിനാരുകള്‍ കാറ്റിനെതിരേ ഇളകി.

'ഞാന്‍ കാണാത്തതും കേള്‍ക്കാത്തതുമായതൊന്നും നിന്റെയടുത്തില്ല സാബൂ.' അവന്‍ നടുങ്ങി. സ്വരംകൊണ്ടും ലോകാതീതയായ മറ്റാരോ ആയി അവള്‍ മാറിയിരിക്കുന്നു. തൊണ്ടവിറച്ച് ഒന്നു ഞരങ്ങുവാനേ അവനു കഴിഞ്ഞൊള്ളൂ. അതുവരെ അനുഭവിക്കാത്ത ഒരു പ്രാര്‍ത്ഥനയുടെ അരൂപിയില്‍ സാബു അവളുടെ മുമ്പില്‍ മുട്ടുകുത്തി.

ഷിജിന വേഗത്തില്‍ കുക്കറിലേക്ക് മൂന്നു ഗ്ലാസ്സ് അരിയിട്ട് ചോറാക്കി. രണ്ടു മുട്ടയെടുത്തു പൊട്ടിച്ച് തേങ്ങാ ചെരകിയിട്ട് കാന്താരിമുളകും മുറിച്ചിട്ട് ദോശക്കല്ലേല്‍ പൊരിച്ചെടുത്തു. ഉപ്പുമാങ്ങാ ഇരുന്നത് മുളകും കൂട്ടി ചാറുചമ്മന്തിയായിട്ട് അരച്ചെടുത്തു. ഇതിനിടയ്ക്ക് അവള്‍ മകളുടെ അടുത്തുമെത്തി.  ഭിത്തിയിലേക്കു നോക്കി തലയിണയില്‍ താടിയുംവെച്ച് കമഴ്ന്നുള്ള അതേ കിടപ്പാണ്.  പിന്നെ ഓരോന്നെടുക്കുമ്പോഴും ഷിജിനയുടെ കൈയും കാലും വിറയ്ക്കുകയായിരുന്നു.
പറമ്പില്‍ കയറിയിറങ്ങി നടന്നതുകൊണ്ടായിരിക്കും സാബു നല്ലതുപോലെ ചോറുണ്ടതെന്ന് ഷിജിന കരുതി. ചോറുണ്ടുകഴിഞ്ഞ്  അവന്‍ ഷിജിനയുടെ പുറകേ മുറിയിലേക്കു കയറി.

'അതേ, അവര്‍ സബ്സീഡി ശരിയാക്കിത്തരണെങ്കില്‍ കൈക്കൂലി കൊടുക്കണംപോലും. നീയാ മേശക്കാത്തുന്ന് രണ്ടായിരം രൂപയിങ്ങെടുത്തേ.'

അതങ്ങനെയാണ്, വീട്ടിലെ ഏതാവശ്യത്തിനും ഷിജിന അവിടെയുണ്ടെങ്കില്‍ രൂപ സാബുവിന് പെട്ടിയില്‍നിന്ന് എടുത്തു കൊടുക്കണം. സാബു പോക്കറ്റില്‍ പൈസ വെക്കുന്ന പതിവില്ല. രൂപ നീട്ടുമ്പോള്‍ അവര്‍ പറഞ്ഞു: 'വേണ്ട സാബൂ, മോളൂനെ ഒന്ന് ഞാന്‍ കാണാം?'

സാബു മറുപടി പറയുന്നതിനുമുമ്പ് അവര്‍ മോളു കിടക്കുന്ന മുറിയിലേക്ക് കയറിയിരുന്നു. കുറച്ചുനേരം അവളെ നോക്കിനിന്നിട്ട് കട്ടിലിലിരുന്ന് അവളുടെ തല നെഞ്ചിലേക്ക് ചേര്‍ത്ത് തലോടി. മോളു   ആ സ്ത്രീയെ നോക്കി. പിന്നെ പതുക്കെ ചിരിച്ചു.

അവരെന്തോ പ്രാര്‍ത്ഥനയ്ക്കൊരുങ്ങുകയാണെന്നു കരുതി ഷിജിന പ്രാര്‍ത്ഥനയുടെ പുസ്തകമെടുത്ത് അവരുടെ നേര്‍ക്ക് നീട്ടി. അവരത് നിഷേധിച്ചിട്ട് മോളുവിന്റെ നെറ്റിയില്‍ ഒരു ചുംബനം കൊടുത്തു. അപ്പോള്‍ മോളു ആശ്വാസത്തോടെ ചുവന്ന്  ഒഴുകാന്‍ തുടങ്ങി.

അവളുടെ തലയില്‍ ഒന്നു തലോടിയിട്ട് ആ സ്ത്രീ എഴുന്നേറ്റ് പുറത്തേക്കു പോയി. അവര്‍ മുറ്റംകടന്നു പോകുന്നതുനോക്കി നില്ക്കുമ്പോള്‍ സാബു ഷിജിനയോടു പറഞ്ഞു:

'എടീ, മംഗലാപുരത്തെങ്ങാന്‍ പോയി ഒരു പത്തുനൂറേക്കറ് സ്ഥലമെടുത്ത് കൃഷി ഉശാറാക്കിയാലോന്നാ  ഞാന്‍ ആലോചിക്കുന്നെ.'

ഈ കഥ അടങ്ങുന്ന മുള്ളരഞ്ഞാണം സമാഹാരം ഓണ്‍ലൈനായി വാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം 

 

 

വാക്കുത്സവത്തില്‍: 

ഇറച്ചിക്കലപ്പ, അജിജേഷ് പച്ചാട്ട് എഴുതിയ കഥ

ഞാന്‍ കണ്ടു, എം പി പ്രതീഷിന്റെ കവിത

ബന്ദര്‍, കെ എന്‍ പ്രശാന്ത് എഴുതിയ കഥ

അമ്മ ഉറങ്ങുന്നില്ല, അനുജ അകത്തൂട്ടിന്‍റെ കവിത

പനിക്കിടക്ക, തോമസ് ജോസഫ് എഴുതിയ കഥ

പ്രപഞ്ചം റീലോഡഡ്,  ടി പി വിനോദ് എഴുതിയ കവിത

ചിത്ര കെ. പി: തൂത്തുക്കുടിക്കവിതകള്‍

മഞ്ഞക്കുതിര, മിനി പി സി എഴുതിയ കഥ

ജൈവ ബുദ്ധന്‍, സ്മിത നെരവത്ത് എഴുതിയ കവിത

നാളെ നാളെ നാളെ, ജേക്കബ് ഏബ്രഹാം എഴുതിയ കഥ

എന്നിട്ടും പതിനൊന്നു കൊല്ലങ്ങള്‍ക്കു ശേഷം യാദ്യച്ഛികത അവര്‍ക്കിട്ടു പണിഞ്ഞു,  ഷാജു വിവിയുടെ അഞ്ച് കവിതകള്‍

കുട്ടിക്കാലത്തെ മൊട്ടത്തലയില്‍ സൂര്യന്‍   വിരല്‍തൊട്ടു, അക്ബറിന്റെ അഞ്ച് കവിതകള്‍

ആട്ടക്കഥ, എസ് കലേഷിന്റെ കവിത

മഞ്ഞ റോസാപ്പൂക്കള്‍, ജംഷദ് ഖമര്‍ സിദ്ദിഖിയുടെ ഹിന്ദി കഥയുടെ വിവര്‍ത്തനം

എന്റെ കവിത വസന്തത്തോട് അതിന്റെ പേരുചോദിച്ചു,  കുഴൂര്‍ വിത്സന്റെ മരക്കവിതകള്‍

സചേതനം അയാള്‍, ഫര്‍സാന അലി എഴുതിയ കഥ

നമ്മള്‍ എവിടെച്ചെന്നൊളിക്കാനാണ്, അശോകന്‍ മറയൂര്‍ എഴുതിയ അഞ്ച് കവിതകള്‍

അകമണ്ണ്, സീന ശ്രീവത്സന്റെ അഞ്ച് കവിതകള്‍

ഒരു സ്വീഡിഷ് കവിത മലയാളത്തിലേക്ക് പറന്നെത്തിയ മൂന്നു വഴികള്‍

എന്‍റെ ലൈംഗികാന്വേഷണ പരീക്ഷണങ്ങള്‍ -അബിന്‍ ജോസഫ് എഴുതിയ കഥ

അസമിന്റെ മുറിവുകളിലേക്ക് ആറ് ദര്‍വീശ് കവിതകള്‍

ബ്രസീലിലെ കറുത്ത മണമുള്ള ചേരിയില്‍ നിന്ന് ഒരു ഫുട്‌ബോള്‍ മാനത്തേക്ക് പറക്കുന്നു, സജീവന്‍ പ്രദീപ് എഴുതിയ എട്ട് കവിതകള്‍

ചാവുകഥക്കെട്ട്, പി.കെ സുധി എഴുതിയ കഥ

കൊലപാതകത്തിന്റെ അടയാളം, സ്മിത മീനാക്ഷിയുടെ ആറ് കവിതകള്‍

'കിച്ചൻ എന്നുപേരുള്ള, മെലിഞ്ഞ് ഉയരം കുറഞ്ഞ പതിനൊന്നാം ക്ലാസുകാരൻ' -അജിത്ത് രുഗ്മിണി എഴുതിയ അഞ്ച് കവിതകള്‍

ഇരുണ്ട ശരീരമുള്ളവളെ ആര് പ്രണയിക്കും; സ്വാതി ലക്ഷ്മി വിക്രം എഴുതിയ കവിതകള്‍

യോനി; ലോര്‍ണ ക്രോസിയെര്‍ എഴുതിയ കവിത

തലയ്ക്കു മുകളില്‍ ഇപ്പോഴും തൂങ്ങി നില്‍ക്കുന്നുണ്ട് നട്ടുച്ചയുടെ ആ പച്ചറൊട്ടി , പി ടി ബിനുവിന്റെ കവിതകള്‍

കറുത്തകോപ്പ, എം യു പ്രവീണ്‍ എഴുതിയ നാടകം

യന്ത്രയുക്തിയുടെ അപരിചിത ഇടങ്ങള്‍;  സൈബര്‍ കാലത്ത് ഫിക്ഷന്‍ താണ്ടേണ്ട ദൂരങ്ങള്‍

പരീക്ഷാ കാലം തുടങ്ങിക്കഴിഞ്ഞാല്‍ ഞങ്ങള്‍ രണ്ട് ശത്രു രാജ്യങ്ങളാണ്, ഇസ്ഹാഖ് കെ. സി എഴുതിയ കവിതകള്‍

ബ്ലൂ പ്രിന്റ്, സുദീപ് ടി. ജോര്‍ജ് എഴുതിയ കഥ

സങ്കടം പൂച്ചക്കുഞ്ഞിനെപ്പോലെ അത്രകുഞ്ഞൊന്നുമല്ല, സുബിന്‍ അമ്പിത്തറയില്‍ എഴുതിയ കവിതകള്‍

ഇ. സന്തോഷ് കുമാറിന്റെ കഥ, സങ്കടമോചനത്തിന് ഒരു കൈപ്പുസ്തകം

 

പുസ്തകപ്പുഴയില്‍

പ്രണയ് ലാല്‍ എഴുതിയ ഇന്‍ഡിക്ക: ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ പാരിസ്ഥിതിക ചരിത്രം എന്ന പുസ്തകത്തിലെ ഒരു ഭാഗം

അവസാനത്തെ സോവിയറ്റുകള്‍

മൻമോഹൻ സിങിന്റെ മകൾ വരയ്ക്കുന്നു, മധ്യകാല ഇന്ത്യാചരിത്രത്തിന്റെ ഹസ്തരേഖ..!

കുഞ്ഞാലി മരക്കാര്‍. ടി പി രാജീവന്‍ എഴുതിയ ആമുഖക്കുറിപ്പും വിവാദ തിരക്കഥയില്‍നിന്നൊരു ഭാഗവും

പുതിയ മതങ്ങള്‍  എവിടെനിന്നാവും പിറവിയെടുക്കുക, യുവാല്‍ നോവാ ഹരാരി എഴുതിയ 'ഹോമോ ദിയൂസ്: മനുഷ്യഭാവിയുടെ ഒരു ഹ്രസ്വചരിത്രം' എന്ന പുസ്തകത്തില്‍നിന്നൊരു ഭാഗം

ക്രിസോസ്റ്റം: നര്‍മ്മങ്ങളും കേള്‍ക്കാത്ത കഥകളും 

ബോംബെ അധോലോകത്തില്‍ ഒരു ആറാം ക്ലാസ്സുകാരന്റെ തുടക്കം; ആബിദ് സൂർതിയുടെ 'സൂഫി - അധോലോകത്തിലെ അദൃശ്യമനുഷ്യന്‍' എന്ന പുസ്തകത്തില്‍ നിന്നുള്ള ഒരു ഭാഗം

ഫെര്‍ണാണ്ടോ പെസൊവയുടെ 'അശാന്തിയുടെ പുസ്തകത്തിന്റെ'  (The Book of Disquiet)  വായനാനുഭവം.

കവിതയിലെ മൊസാര്‍ട്ട്; വീസ്‌വാവ ഷിംബോര്‍സ്‌ക്ക: ജീവിതവും കവിതകളും

ആണ്‍ കാപട്യങ്ങളുടെ തുറന്നെഴുത്തുകള്‍, വിമോചനത്തിന്റെ പെണ്‍ലോകങ്ങള്‍

 

നിശ്ചല യാത്രകള്‍: മാങ്ങാട്  രത്‌നാകരന്റെ കോളം

വായനയെപ്പോലെ അപകടംപിടിച്ച പണി വേറെയില്ല

കോമപ്പന്റെ ഹനുമാന്‍യോഗം

 പോരാട്ടത്തിന്റെ മുഹൂര്‍ത്തത്തില്‍ ചോരക്കുഞ്ഞിനെ ഉപേക്ഷിക്കേണ്ടിവന്ന അമ്മയുടെ കഥ

Follow Us:
Download App:
  • android
  • ios