Asianet News MalayalamAsianet News Malayalam

എന്‍റെ ലൈംഗികാന്വേഷണ പരീക്ഷണങ്ങള്‍ -അബിന്‍ ജോസഫ് എഴുതിയ കഥ

വാക്കുത്സവത്തില്‍ അബിന്‍ ജോസഫ് എഴുതിയ കഥ 

literature fest short story abin joseph
Author
Thiruvananthapuram, First Published Aug 29, 2019, 1:25 PM IST

അടക്കമുള്ള വാക്കുകളാണ് അബിന്‍ ജോസഫിന്‍റെ കഥകളുടെ പ്രത്യേകത. എങ്ങോട്ടും ചിന്നിച്ചിതറിപ്പോകാതെ അതങ്ങനെ സഞ്ചരിക്കുന്നു. പക്ഷേ, അതേസമയം വായനക്കാരന്‍ പലവിധ വൈകാരിക മുഹൂര്‍ത്തങ്ങളിലേക്ക് ഒളിച്ചുകടത്തപ്പെടുകയും ചെയ്യുന്നു. അതില്‍നിന്നും മാറിനില്‍ക്കാന്‍ വായനക്കാരനെ എഴുത്തുകാരനും എഴുത്തും സമ്മതിക്കുന്നേയില്ല. കഥാപരിസരങ്ങളിലൂടെ സഞ്ചരിച്ച്, തിരികെയെത്താനാകാത്തവണ്ണം കുറച്ച് നേരത്തേക്ക് ആ ലോകത്ത് തളച്ചിട്ടിട്ടുപോകും അബിന്‍റെ കഥകള്‍. സൗഹൃദങ്ങളും, മനുഷ്യന്‍റെ ചെറുതെന്ന് തോന്നിക്കുന്നവയെങ്കില്‍പ്പോലും ജീവനുള്ള കാലത്തോളം അവനെ തൊട്ടുമാത്രം നിന്നുപോരുന്ന ബന്ധങ്ങളും, വൈകാരികമായ സംഘര്‍ഷങ്ങളുമെല്ലാം അടങ്ങുന്നത് തന്നെയാണ് അബിന്‍ ജോസഫിന്‍റെ കഥകള്‍. അപ്പോഴും സമൂഹത്തിലേക്ക് കണ്ണുംമനസ്സും തുറന്നു നോക്കാനും കൃത്യമായ നിലപാടുകള്‍ പുലര്‍ത്താനും രാഷ്ട്രീയം സംസാരിക്കാനും അത് മടികാണിച്ചിരുന്നുമില്ല.

കല്ല്യാശ്ശേരി തീസിസ്, അരിവാള്‍ ചുറ്റിക നക്ഷത്രം തുടങ്ങിയ കഥകളെല്ലാം നമുക്ക് തന്നെ ചിരപരിചിതമായ പരിസരത്തുനിന്ന് ശക്തമായി ഒച്ചയുണ്ടാക്കുന്ന കഥകളാണ്. മനസ്സെടുക്കാതെ, ഒറ്റയിരിപ്പില്‍ വായിച്ചുപോകുന്ന കഥകളാണ് അബിന്‍ എഴുതിയതെല്ലാം. ഒറ്റവായനയില്‍ത്തന്നെ നെഞ്ചില്‍കൊരുത്തിപ്പോകുന്ന ഒന്ന് എപ്പോഴും തന്‍റെ കഥകളിലെവിടെയെങ്കിലും ഒളിപ്പിച്ചുവയ്‍ക്കാനും എഴുത്തുകാരന്‍ മറക്കാറേയില്ല. 

literature fest short story abin joseph

വെളിമാനം നവജ്യോതി ഗ്രാമീണ വായനശാലയില്‍ നിന്നെടുക്കുന്ന പുസ്തകങ്ങള്‍ വായിക്കുന്നതിനു മുന്‍പ്, അരയില്‍ത്തിരുകി വീട്ടിലെ ബാത്‌റൂമില്‍വെച്ച്,  കാലുകള്‍ക്കിടയില്‍ കയറ്റിവച്ചു സ്വയംഭോഗം ചെയ്യുന്ന ശീലം എനിക്കുണ്ടായിരുന്നു. അഗതാ ക്രിസ്റ്റിയുടെ ഏതോ നോവലില്‍ നായകനും നായികയും ഉടുതുണിയില്ലാതെ നീന്തല്‍ക്കുളത്തില്‍ തിമര്‍ക്കുന്ന രംഗം വായിച്ചുകിടന്ന രാത്രിയിലാണ് ആദ്യമായിട്ടങ്ങനെ ചെയ്തതെന്നാണ് ഓര്‍മ. എനിക്കു പതിനഞ്ചായിരുന്നു, പ്രായം. 

പുസ്തകത്താളുകളുടെ പഴകിയ ഗന്ധം ഞരമ്പില്‍ കയറിപ്പിടിക്കുന്നതും കഥാപാത്രങ്ങളുടെ മുഖത്തേക്കു ശുക്ലമിറ്റിച്ചു കിതയ്ക്കുന്നതും ആ ഭാഗമെഴുതാന്‍ എഴുത്തുകാരന്‍ ഉറക്കമൊഴിഞ്ഞിരുന്നു രാത്രിയെ കുറ്റബോധത്തോടെ ഓര്‍ത്തെടുക്കുന്നതും അക്ഷരങ്ങള്‍ക്കുമേല്‍ പടര്‍ന്ന കൊഴുത്ത തിരകളെ ചേമ്പിലയിലെപോലിരുന്നു തെന്നിക്കുന്നതും എന്തുകൊണ്ടോ എന്നെ വല്ലാതെ ലഹരിപിടിപ്പിച്ചിരുന്നു. 

'നിന്റെ പ്രശ്‌നം എന്താന്ന് കണ്ടുപിടിച്ചു. Liberphilia. ഒരു മാനസിക രോഗവാ' 
ഇക്കാര്യം പറഞ്ഞതിന്റെ പിറ്റേന്ന്, ഗൂഗിളില്‍നോക്കി സഹപാഠിയായ സൈനുല്‍ ആബിദ് പറഞ്ഞു. 
'ഏതെങ്കിലും സൈക്യാട്രിസ്റ്റിനെ ചെന്നു കാണുന്നതാ നല്ലത്. അല്ലെങ്കില്‍ച്ചെലപ്പോ, എടങ്ങേറാകും.'
അവന്റെ കണ്ണുകള്‍ പത്താംക്ലാസുകാരനു താങ്ങാവുന്നതിനും അപ്പുറത്തുള്ള ഗൗരവത്താല്‍ മുഴച്ചുവരുുണ്ടായിരുന്നു. മൗസ് പോയിന്‍റര്‍ ചറപറാ നീക്കിയിരുന്നതും കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്താന്‍ കഴിയാത്തതില്‍ അവന്റെ ടെക്കി മുഖത്തു നിരാശ നിറഞ്ഞു. 

'നീ എത്രവട്ടം ചെയ്തിട്ടുണ്ട്?'
എന്നെ ഉറ്റുനോക്കിക്കൊണ്ട് സൈനു ചോദിച്ചു. 
'ഒത്തിരി പ്രാവശ്യം.'
ഞാന്‍ തലകുനിച്ചു. 
'ഒന്നര കൊല്ലവായി തൊടങ്ങീട്ട്' 
സൈനു കമ്പ്യൂട്ടര്‍ ഷട്ട് ഡൗണ്‍ ചെയ്തുകഴിഞ്ഞ്, ചരട് വലിച്ചുകെട്ടി ബര്‍മുഡ മുറുക്കിക്കൊണ്ട് എഴുന്നേറ്റു. 
'എത്രേം പെട്ടെന്നു ചികിത്സിക്കണം. നമ്മുടെ ഗവണ്‍മെന്റാശുപത്രിയില്‍ എല്ലാ ബുധനാഴ്ചയും ഒരു ഡോക്ടര്‍ വരുന്നുണ്ട്. സൈക്യാട്രിസ്റ്റ്. ചെന്നുകാണ് ' 
പാന്റ്‌സിന്റെ പിന്‍ പോക്കറ്റില്‍നിന്നു വലിച്ചെടുത്ത തൂവാലകൊണ്ടു ഞാന്‍ മുഖം തുടച്ചു. വാച്ചില്‍ സമയം നോക്കി. പിന്നെ, അവന്റെ തോളില്‍ കൈവച്ചു പറഞ്ഞു.
'എനിക്കു പക്ഷേ, ഇതു ചെയ്യാതിരിക്കാന്‍ പറ്റത്തില്ലെടാ...'
ഷെല്‍ഫില്‍ അടുക്കിവച്ചിരിക്കുന്ന പുസ്തകങ്ങളിലേക്ക് ആര്‍ത്തിയോടെ നോക്കിക്കൊണ്ട് ഞാന്‍ പുറത്തിറങ്ങി. നിന്നെ ഇനി ഈ മുറിയില്‍ കയറ്റില്ലെടാ എന്ന ഭാവം സൈനുവിന്റെ മുഖത്ത് എഴുതപ്പെട്ടിട്ടുണ്ടാകും എന്നുറപ്പുള്ളതിനാല്‍ തിരിഞ്ഞുനോക്കിയില്ല. 

അന്നു രാത്രി, ബാത്‌റൂമില്‍ നില്‍ക്കുമ്പോള്‍ പുസ്തകങ്ങളുടെ തലക്കെട്ടുകളായിരുന്നു, മനസില്‍ നിറയെ. 
ഒരു തീവണ്ടിയുടെ അതിവിദൂര ദൃശ്യംപോലെ: മയ്യഴിപ്പുഴയുടെ തീരങ്ങളില്‍. 
ഗേറ്റില്‍ തൂക്കിയിടുന്ന നെയിംപ്ലേറ്റു പോലെ: നാലുകെട്ട്.
റെയില്‍വേ സ്‌റ്റേഷനിലെ, മഞ്ഞയില്‍ കറുപ്പക്ഷരത്തിലെഴുതിയ സ്ഥലപ്പേരായി പാണ്ഡവപുരം. 
ഇടംകൈയില്‍ കുത്തിയ പച്ചടാറ്റു: 9.
50-50 ബിസ്‌കറ്റിന്റെ പായ്ക്കറ്റിലെ ബ്രാന്‍ഡ് നെയിമായ ബ്രിട്ടാനിക്കയ്ക്കു പകരം സ്മാരകശിലകള്‍. 
പള്ളി സെമിത്തേരിയിലെ ഒറ്റപ്പെട്ട കല്ലറയുടെ തലയ്ക്കല്‍ സ്ഥാപിച്ചിട്ടുള്ള മരപ്പലകയില്‍ കൊത്തിവെച്ച വാചകം: മനുഷ്യന് ഒരു ആമുഖം.
പോസ്റ്റുമാന്‍ തിണ്ണയില്‍ കൊണ്ടിട്ടിട്ടുപോകുന്ന കത്തിലെ ഇത്തിരിപ്പോന്ന സ്റ്റാമ്പിനു മുകളില്‍ അടിച്ചിരിക്കുന്ന നീല സീലില്‍ തെളിയാതെ തെളിയുന്ന സ്ഥലം: അന്ധകാരനഴി. 

കൈയിലിരിക്കുന്ന പുസ്തകത്തിലേക്കു ഞാന്‍ നോക്കി. മങ്ങിയ സായാഹ്ന വെയിലിന്റെ നിറമുള്ള പുറംചട്ടയില്‍ കൂറ്റന്‍ കരിമ്പനകള്‍ക്കു താഴെ, കാറ്റത്തുവളഞ്ഞ കുറുന്തോട്ടിപോലെ എഴുത്തുകാരന്‍. എന്തോ ഒരു ദുഖം എന്നെയപ്പോള്‍ പിടികൂടി. എഴുപത്തഞ്ചാം പേജു തുറന്ന്, ഞാനെന്റെ സ്വത്വം തിരഞ്ഞു. പിന്നെ, ബാത്‌റൂമില്‍നിന്നിറങ്ങി, കിടപ്പുമുറിയില്‍ച്ചെന്ന്, പുസ്തകം മടക്കി തലയണയ്ക്കടിയില്‍വച്ച്, ഉറക്കംകാത്തു കിടന്നു. 

കടുത്ത കമ്മ്യൂണിസ്റ്റും യുക്തിവാദിയുമൊക്കെയായ ഇച്ചാച്ചന്‍ മുണ്ടും ഷര്‍ട്ടും പറമ്പിന്റെ പ്രമാണങ്ങളും വയ്ക്കുന്ന മരപ്പെട്ടിയില്‍, പഴയ മലയാളം ലിപിയില്‍ അച്ചടിച്ച സമ്പൂര്‍ണ ബൈബിള്‍ ഒളിപ്പിച്ചിരിക്കുന്നത് അവിചാരിതമായിട്ടാണു ഞാന്‍ കണ്ടെത്തിയത്. കറുത്ത തുണിപ്പുറംചട്ടയുടെ നൂലുവിട്ടിരുന്നു. തലക്കെട്ടെഴുതിയ വെളുത്ത അക്ഷരങ്ങള്‍ മുക്കാല്‍പങ്കും മാഞ്ഞിരുന്നു. അനക്കി മാറ്റാതിരുന്നതിനാല്‍ ചിതലുകള്‍ അതിര്‍ത്തിവരച്ച മരപ്പെട്ടിക്കുള്ളിലെ സാധനങ്ങള്‍ ന്യൂയോര്‍ക്കില്‍നിന്നു കൊച്ചപ്പന്‍ കൊണ്ടുവന്ന പുത്തന്‍ ട്രോളീബാഗിലേക്കു മാറ്റിവയ്ക്കാനായിരുന്നു, ഇച്ചാച്ചന്‍ എന്നെ വിളിച്ചത്. മുറിയില്‍ക്കയറിയപാടെ കതകടച്ചത് എന്തിനായിരുന്നെന്ന് മനസിലാക്കിയതിന്റെ തിളക്കം എന്റെ കണ്ണില്‍ കണ്ടതുകൊണ്ടായിരിക്കണം, ഇരുപതുറുപ്പികയുടെ ഒരു ചുവ നോട്ട് ഇച്ചാച്ചന്‍ എനിക്കുതന്നു. 

'കല്ല്യാണത്തിന്‍റന്നു രാത്രി നിന്റെ അമ്മാമ്മച്ചി തന്നതാ', ട്രോളീ ബാഗിന്റെ സിബ്ബ് വലിച്ചിടുന്നതിനിടെ ഇച്ചാച്ചന്‍ പറഞ്ഞു: 'അവളാകെത്തന്ന സമ്മാനവാ ഇത്. അതുകൊണ്ടു സൂക്ഷിച്ചുവച്ചേക്കുവാ. ഞാനിതുവരെ വായിച്ചിട്ടൊന്നുവില്ല'. 
കൈയില്‍പ്പറ്റിയ പൊടി മൂക്കിലേക്ക് ആഞ്ഞുവലിച്ചുകൊണ്ട് ഞാന്‍ പുറത്തിറങ്ങി. കറുത്ത മഷിയിലെഴുതിയ നാലാംക്ലാസുകാരന്റെ കൈപ്പടയില്‍ വെള്ളം വീണു പടര്‍ന്നതുപോലെ, കൊമ്പും വാലുമുള്ള അക്ഷരങ്ങള്‍ മനസില്‍ മായാതെ നിന്നു. അപ്പോള്‍ എന്റെയുള്ളിലെ മദയാനകള്‍ നിര്‍ത്താതെ ചിന്നം വിളിച്ചു. 

ഞായറാഴ്ച രാത്രി, പതിവുപോലെ ബ്രാന്‍ഡി കുടിച്ചു പൂസായിക്കിടന്ന ഇച്ചാച്ചന്റെ മുറിയിലേക്കു ഞാന്‍ പതുങ്ങിക്കയറി. ഉറക്കത്തിന്റെ കടുത്ത കയറ്റിറക്കങ്ങള്‍ക്കിടയിലും പുള്ളിക്കാരന്‍ എന്തൊക്കെയോ വിളിച്ചുപറയുുണ്ടായിരുന്നു. ബാഗ് തുറന്ന്, ബൈബിളുമായി ഞാന്‍ ബാത്‌റൂമിലെത്തി. കൈകള്‍ വല്ലാതെ വിറയ്ക്കുന്നുണ്ടായിരുന്നു. തുറന്നുപിടിച്ച താളുകളില്‍ കൃത്യമായി അടുക്കിയ ചതുരക്കളങ്ങളില്‍ വാചകങ്ങള്‍ അറ്റന്‍ഷനായിട്ടിരിക്കുന്നു. തലമുറകള്‍ക്കു മുമ്പേയുള്ള ലിപിക്കു ഗൂഢസൗന്ദര്യമുണ്ടെന്ന് എനിക്കുതോന്നി. ഞാന്‍ ദൈവത്തെ അന്വേഷിച്ചു. പഴക്കംചെന്ന താളുകള്‍ പൊടിഞ്ഞു. ഒറ്റയും തെറ്റയുമായി വേര്‍പെട്ട അക്ഷരങ്ങള്‍ കാല്‍ച്ചുവട്ടിലേക്ക് ഉതിര്‍ന്നു വീണു. ഞാന്‍ കിതച്ചു. പക്ഷേ, ഒന്നും സംഭവിക്കുന്നില്ല. നിരാശയുടെ ഗിരിപ്രഭാഷണം തലച്ചോറിനെ വിമ്മിട്ടപ്പെടുത്തി. വിഷാദം ഹൃദയത്തില്‍ ആണിയടിച്ചു. തലതാഴ്ത്തി മുറിയിലേക്കു നടക്കുമ്പോള്‍ നെറ്റിയില്‍ തളംകെട്ടിയ വിയര്‍പ്പു തുള്ളികള്‍ വിരലില്‍ കോരിയെടുത്ത്, വെട്ടത്തു പിടിച്ചു ഞാന്‍ നോക്കി; ചോരയല്ല എന്നുറപ്പുവരുത്താന്‍. 
    
'എടാ നിന്റെ അതേ പ്രശ്‌നമുള്ള ഒരാളെപ്പറ്റി ഞാന്‍ നെറ്റില് വായിച്ചു', വീട്ടിലെ ലാന്‍ഡ് ഫോണിലേക്കു വിളിച്ച്, സ്‌ത്രൈണ ശബ്ദത്തില്‍ സൈനുല്‍ ആബിദ് പറഞ്ഞു: 'അമേരിക്കക്കാരനാണു കക്ഷി. സര്‍വകലാശാല പ്രഫസര്‍. പതിനൊന്നാമത്തെ വയസിലാണു ഈ പരിപാടി തൊടങ്ങിയത്. ലൈബ്രേറിയനോടുള്ള ദേഷ്യം തീര്‍ക്കാനാര്ന്നു ആദ്യം ചെയ്‌തേ. സംഗതി പക്ഷേ, ഒബ്‌സെഷനായി മാറി.' 

സൈനുവിന്റെ ശബ്ദത്തില്‍ പതിവില്ലാത്ത ആവേശം തുടിക്കുന്നതു ഞാനറിഞ്ഞു. അപ്പന്‍ ചായക്കോപ്പയുമായി അപ്പുറത്തിരിപ്പുണ്ടായിരുന്നതുകൊണ്ട്, ഇടയ്ക്കിടെയുള്ള മൂളലിലേക്കു ഞാന്‍ സംസാരം ഒതുക്കി. 

'അയാള്‍ക്കു ചരിത്ര പുസ്തകങ്ങളോടായിരുന്നു പ്രിയം. ന്യൂയോര്‍ക്കിലെ പ്രശസ്തമായ ലൈബ്രറികളിലെല്ലാം സ്ഥിരം സന്ദര്‍ശകനായിരുന്നു. ചരിത്രത്തില്‍ പോസ്റ്റ് ഡോക്ടറല്‍ സ്‌കോളര്‍ഷിപ്പും നേടി. അറുപത്തഞ്ചാമത്തെ വയസില്‍ അമേരിഗോ വെസ്പുചിയെക്കുറിച്ചുള്ള പുസ്തകവുമായി വീട്ടിലെ വായനാമുറിയില്‍ ഇരിക്കുമ്പോഴായിരുന്നു, മരണം. സഹപ്രവര്‍ത്തകരും വിദ്യാര്‍ഥികളും വിവിധ ലൈബ്രറികളിലെ ജീവനക്കാരും പല സ്ഥലങ്ങളിലെ ചരിത്ര ചര്‍ച്ചകളില്‍ പങ്കെടുത്തവരുമായി ആയിരത്തിലധികം പേര്‍ ശവസംസ്‌കാരത്തിന് എത്തിയിരുന്നു. അതുല്യനായ ആ വായനക്കാരനോടുള്ള ആദരവു കാണിക്കാന്‍ പൂക്കള്‍ക്കു പകരം പുസ്തകങ്ങളാണ് എല്ലാവരും കല്ലറയില്‍ വച്ചത്.' 
 ഞാന്‍ രണ്ടുവട്ടം ചുമച്ചു. 
 'പിന്നെ'.
 ചെറിയൊരു ഗ്യാപ്പിനു ശേഷം സൈനു പറഞ്ഞു:
 'നിനക്കില്ലാത്ത ഒരു പരിപാടി പുള്ളിക്കുണ്ടായിരുന്നു. ശുക്ലം വീഴുന്ന രണ്ടു പേജുകള്‍ കീറിയെടുത്ത്, തമ്മിലൊട്ടിച്ചശേഷം പിന്‍ചെയ്തു സൂക്ഷിക്കും. സെക്‌സോളജിസ്റ്റായ രണ്ടാമത്തെ മകനാണ് മരിച്ച നിലയില്‍ അയാളെ ആദ്യം കണ്ടത്. മകന്‍ പുസ്തകമെടുത്തു മാറ്റി, തറയില്‍ തെറിച്ചു കിടന്ന തുള്ളികള്‍ തുടച്ചു നീക്കിയശേഷം പോലീസില്‍ അറിയിച്ചു. ശവസംസ്‌കാരം കഴിഞ്ഞതിന്റെ പിറ്റേന്ന്, അയാള്‍ മുറി മുഴുവന്‍ അരിച്ചുപെറുക്കിയപ്പോള്‍ ഭിത്തിയിലെ ഒരു രഹസ്യ ഷെല്‍ഫില്‍ പേഴ്‌സനല്‍ ഫയല്‍സ് എന്നെഴുതിയ സ്യൂട്ട്‌കേസില്‍ പിന്‍ ചെയ്തു വെച്ചിരിക്കുന്ന പേജുകള്‍ കണ്ടെത്തി. അത്, എത്രയെണ്ണമുണ്ടായിരുന്നെന്നു നിനക്കറിയണോ, 15, 000!.' 

അയാളെക്കുറിച്ചു മകനെഴുതിയ പുസ്തകത്തിന്റെ ചുരുക്കക്കുറിപ്പില്‍ നിന്നാണ് ഇതൊക്കെ അറിഞ്ഞതെന്നും പുസ്തകത്തിന്റെ പിഡിഎഫ് തപ്പിനോക്കിയിട്ടു കിട്ടിയില്ലെന്നും പറഞ്ഞ് സൈനു ഫോണ്‍ വച്ചുകഴിഞ്ഞിട്ടും കുറേനേരം റിസീവറും കൈയില്‍പ്പിടിച്ച് ഞാന്‍ അനക്കമറ്റു നിന്നു. ഏറ്റവും പ്രിയപ്പെട്ടൊരു പുസ്തകത്തിലേക്കു മരിച്ചുവീഴുന്നതും സങ്കല്‍പ്പിച്ച്. 

പിറ്റത്തെ ആഴ്ച നവജ്യോതി വായനശാലയില്‍ ചെന്നു കയറിയപ്പോള്‍ ലൈബ്രേറിയനായ പട്ടാളം ടോമിച്ചേട്ടന്‍ കാലിച്ചായ കുടിക്കാന്‍ പുറത്തേക്കിറങ്ങുകയായിരുന്നു. താക്കോല്‍ എന്റെ കൈയില്‍ തന്നിട്ട് പുള്ളിക്കാരന്‍ പറഞ്ഞു. 
'അകത്തൂന്ന് കുറ്റിയിട്ടോ. ആരു വന്നാലും തുറക്കണ്ട. ഞാനിപ്പോ വരാം'. 

ടോമിച്ചേട്ടന്‍ പോയിക്കഴിഞ്ഞപാടെ, പേരും എടുത്ത പുസ്തകങ്ങളും രേഖപ്പെടുത്തിയിരിക്കുന്ന രജിസ്റ്റര്‍ ഞാന്‍ തുറന്നു. എന്റെ പേരിനു നേരെ, കുനുകുനാ അക്ഷരത്തില്‍ എഴുതിയിരിക്കുന്ന പുസ്തകങ്ങള്‍ എണ്ണി. ഒര് കൊല്ലത്തെ കണക്ക് 206. ശരീരത്തിലെ അസ്ഥികളുടെയത്രയും പുസ്തകങ്ങള്‍. ലിസ്റ്റിലൂടെ ആദ്യം മുതല്‍ ഞാന്‍ വീണ്ടും കണ്ണുപായിച്ചു. ചെറിയ ഒരു മന്ദഹാസം എന്റെ മുഖത്തപ്പോള്‍ പ്രകാശനം ചെയ്യപ്പെട്ടിരിക്കണം. എല്ലാം നോവലുകളാണ്. നോവല്‍ മാത്രം. ഞാന്‍ ഷെല്‍ഫുകളുടെ ചില്ലുമറ നീക്കി. പിന്നെ, നോവല്‍ എന്ന ശീര്‍ഷകത്തിനു താഴെയുള്ളവ ഓരോന്നായി എടുത്തുനോക്കി. ചെളിയും വിയര്‍പ്പും പതിഞ്ഞ താളുകള്‍. നിരന്തരമായ ഉപയോഗംകൊണ്ടു മുഷിഞ്ഞ പുറംചട്ടകള്‍. നോവലുകള്‍ മൂക്കിനോടു ചേര്‍ത്തുവച്ച് പേജു മറിച്ചു.  രേതസിന്റെയും പ്രായം ചെന്ന കടലാസിന്റെയും പൊടിയുടെയും ഗന്ധങ്ങള്‍ ചേര്‍ന്നുള്ള ജുഗല്‍ബന്ദി തലച്ചോറിലേക്ക് ഇരമ്പിക്കയറി. എന്റെ ഞരമ്പുകളിലൂടെ ലക്ഷക്കണക്കിനു വാക്കുകള്‍ കുതിരയോട്ടം നടത്തി. കുറച്ചു സമയം കൂടി കണ്ണോടിച്ചു നിന്നപ്പോള്‍ രണ്ടു കാര്യങ്ങള്‍ക്കൂടി ബോധ്യപ്പെട്ടു. ഞാന്‍ കൊണ്ടുപോയതെല്ലാം പഴയ പുസ്തകങ്ങളാണ്. പുതിയവ ഒരെണ്ണംപോലും തൊട്ടിട്ടില്ല. പിന്നെ, ആ ഷെല്‍ഫില്‍ വഴങ്ങിത്തഴമ്പിച്ച താളുകളുള്ള ഒറ്റ നോവല്‍പോലും ബാക്കിയില്ല, ഞാനെടുക്കാത്തതായി. 

വീട്ടിലേക്കു തിരിച്ചു നടക്കുമ്പോള്‍ കവര്‍ പേജിലടക്കം ഒരക്ഷരംപോലുമെഴുതാതെ അച്ചടിച്ച പുസ്തകംപോലെ എന്റെ ഉള്ള് ശൂന്യമായി. ഫുള്‍സ്റ്റോപ്പില്‍ എത്തിപ്പെട്ട കഥാനായകന്റെ ഏകാന്തതയെന്താണെന്നു ഞാനറിഞ്ഞു. നവജ്യോതി വായനശാലയിലേക്ക് ഇനിയൊരിക്കലും പോവേണ്ടതില്ലെന്ന് അന്നു രാത്രി തീരുമാനിച്ചു. 

പിന്നീടുള്ള ദിവസങ്ങളില്‍ കൈയിലുണ്ടായിരുന്ന ഒന്നു രണ്ടു പുസ്തകങ്ങളുമായി ബാത്‌റൂമില്‍ കയറിനോക്കിയെങ്കിലും സങ്കടപ്പെട്ട് തിരിച്ചിറങ്ങേണ്ടി വന്നു. ഒരിക്കല്‍ വായിച്ച പുസ്തകം വീണ്ടുമെന്നെ ഉത്തേജിപ്പിച്ചില്ല. പഴകാത്ത താളുകളാണെങ്കില്‍ അതിലേറെ വെറുപ്പിക്കുകയും ചെയ്തു. ഞരമ്പു പൊട്ടിപ്പോകും വിധം വിമ്മിട്ടപ്പെട്ട്, ഉറങ്ങാന്‍ പറ്റാതെ ഞാന്‍ രാത്രികള്‍ തള്ളി നീക്കി. 

ഇരിക്കപ്പൊറുതിയില്ലാതായ ഒരൊഴിവു ദിവസം യുപി സ്‌കൂളില്‍ മലയാളം പഠിപ്പിച്ച രഘുനാഥന്‍ മാഷിന്റെ വീട്ടിലേക്കു വച്ചുപിടിച്ചു. നോവല്‍ വേണമെന്നു പറഞ്ഞപ്പോള്‍ വലിയ ഗൗരവത്തില്‍ എന്നെയൊന്നു ഇരുത്തിനോക്കിയശേഷം ഒരെണ്ണം കൈയില്‍വച്ചുതന്നു. 
'താള് കീറരുത്. ചെളി പിടിപ്പിക്കരുത്. ഇഷ്ടപ്പെട്ട വാചകത്തിന്റെ അടിയില്‍ വരയിടരുത്. ഒരാഴ്ചയ്ക്കകം തിരിച്ചെത്തിക്കണം'.
 തലയാട്ടി സമ്മതിച്ചശേഷം ഞാന്‍ തിരിച്ചുനടന്നു. 

പിന്നീട്, എല്ലാ വൈകുന്നേരവും ഞാന്‍ മാഷിന്റെ വീട്ടിലെത്തി. ജീവിതം ഒഎന്‍വിക്കവിതപോലെ സുന്ദരമാണെ് എനിക്കുതോന്നി. അസാമാന്യനായ ഒരെഴുത്തുകാരനു മാത്രം സാധിക്കുന്ന ആത്മവിശ്വാസത്തോടെ മറ്റുള്ളവരെ നോക്കി. തികച്ചും കാല്‍പനികമായ ചില സ്വപ്‌നങ്ങള്‍ കണ്ടുറങ്ങി. രഘുനാഥന്‍ മാഷിന്റെ പുസ്തകശേഖരം പക്ഷേ, തീര്‍ത്തും ശുഷ്‌കമാണെറിയാന്‍ അധികനാള്‍ വേണ്ടിവന്നില്ല. വായനശാലയില്‍നിന്നെടുത്ത നോവലുകള്‍ വീണ്ടും കൈയില്‍ വച്ചപ്പോള്‍ പറഞ്ഞറിയിക്കാനാകാത്ത സങ്കടം തോന്നിത്തുടങ്ങി. എന്നെ ഒരു തരത്തിലും ആവേശംകൊള്ളിക്കാത്ത പുസ്തകങ്ങള്‍ നിരത്തിയിട്ട കട്ടിലില്‍ ഞെളിപിരികൊണ്ടു കിടക്കുമ്പോള്‍ നോവലുകളത്തെന്നെ വെറുത്തുപോകുമോ എന്നു ഞാന്‍ ഭയന്നു. 
'മിനിഞ്ഞാന്ന് അവന്‍ കണക്കു ബുക്ക് വാങ്ങിയാരുന്നു. നാളെയൊരു പരീക്ഷയൊണ്ട്. കട്ടിലില്‍ ഇരിപ്പുണ്ടെന്നാ പറഞ്ഞേ'. 
സൈനുവില്ലാത്തൊരു ദിവസംനോക്കി അവന്റെ വീട്ടില്‍ച്ചെന്നു കയറിയപ്പോള്‍ ആട്ടിന്‍ പാലൊഴിച്ച ചായയുമായി വന്ന ഉമ്മയോടു ഞാന്‍ നുണ പറഞ്ഞു. 

പലപ്പോഴായി വപ്പോഴൊക്കെ ആവേശത്തോടെ നോക്കിയിട്ടുണ്ടെങ്കിലും അവന്റെ ഷെല്‍ഫിലെ പുസ്തകങ്ങള്‍ ഏതൊക്കെയാണെ് എനിക്കോര്‍മയുണ്ടായിരുന്നില്ല. ചായക്കപ്പ് തിരികെക്കൊടുത്ത്, സ്റ്റെയര്‍ കെയ്‌സ് കയറി മുറിയിലെത്തിയപ്പോള്‍ എനിക്കു ചെറിയ ടെന്‍ഷന്‍ തോന്നി. അവന്റുപ്പ ഷാര്‍ജയില്‍നിന്നു കൊണ്ടുവരുന്ന സെന്റിന്റെ മണം പതിവുപോലെ അവിടെ തങ്ങിക്കിടപ്പുണ്ടായിരുന്നു. സൈനുവിന്റെ ഷെല്‍ഫില്‍ പക്ഷേ, ഒറ്റ നോവല്‍പ്പോലുമുണ്ടായിരുന്നില്ല. കമ്പ്യൂട്ടറിനെക്കുറിച്ചുള്ള കുറേ തടിയന്‍ പുസ്തകങ്ങള്‍. ഖലീല്‍ ജിബ്രാനും ഓഷോയും നിത്യചൈതന്യയതിയും. അവന്‍ ഭാവിയില്‍ വല്ല തത്വചിന്തകനുമാകുമെന്ന് എനിക്കു തോന്നി.
'നോവലു വല്ലോം ഒണ്ടോന്നു നോക്കിയതാ', കുറച്ചു സമയം കഴിഞ്ഞിട്ടും തിരിച്ചിറങ്ങാത്തതുകൊണ്ട് അന്വേഷിച്ചുവന്ന ഉമ്മയോട് ഞാന്‍ പറഞ്ഞു: 
 'ഞാന്‍ നോവലു മാത്രേ വായിക്കത്തൊള്ളു'.
 ചിരിച്ചുകൊണ്ടു പടിയിറങ്ങുന്ന ഉമ്മയ്ക്കു പിാലെ നടപ്പോള്‍ എന്നെപ്പേടിച്ചു നോവലൊക്കെ അവന്‍ മാറ്റിവച്ചതായിരിക്കുമെന്നു ഞാന്‍   വിചാരിച്ചു. 
 'എടാ പൊലയാടി മോനേ, ഇനി മേലാ നീയെന്റെ വീട്ടിക്കേറിപ്പോയേക്കല്ല്', വീട്ടിലെ ഫോണിലേക്കു സൈനു വീണ്ടും വിളിച്ചു. 

'മര്യാദയ്ക്കു നടന്നില്ലേ, നിന്റെ സൂക്കേടിന്റെ കാര്യം സ്‌കൂളിലും നാട്ടിലുമെല്ലാം പറയും. സൂക്ഷിച്ചോ, നീയ്യ്'.
ഫോണ്‍ കട്ടുചെയ്തു കഴിഞ്ഞ്, അടിമുടി വിറച്ചുകൊണ്ട് മുറിയിലേക്കു നടക്കുമ്പോള്‍ മരിച്ചു കഴിഞ്ഞവര്‍ എന്താണു ചിന്തിക്കുകയെന്ന് എനിക്കു മനസിലായി. 

പിറ്റേു രാവിലെ, ഇച്ചാച്ചന്റെ മേശവലിപ്പില്‍നിന്നു കട്ടെടുത്ത നൂറിന്റെ രണ്ടു നോട്ടുകളുമായി ഞാന്‍ കണ്ണൂര്‍ക്കു വണ്ടി കയറി. ആദ്യമായിട്ടൊരു കൊലപാതകം ചെയ്യാന്‍ പോകുന്നവന്റെ ഭാവമായിരുന്നിരിക്കണം, എന്റെ മുഖത്തപ്പോള്‍. സ്റ്റാന്‍ഡില്‍ ബസിറങ്ങിക്കഴിഞ്ഞ്, സൈക്കിള്‍ ബുക്‌സിന്റെ ഷോറൂമിലേക്കാണു നേരെ പോയത്.  ടി. പത്മനാഭന്‍കഥയിലെ നീളംകുറഞ്ഞ വാചകങ്ങള്‍പോലെ ചാറ്റല്‍ മഴ പെയ്യുന്നുണ്ടായിരുന്നു. ചില്ലുവാതില്‍ തുറന്ന്, അകത്തു കയറിയപ്പോള്‍ എസിയുടെ തണുപ്പടിച്ച്, എന്റെ രോമങ്ങള്‍ എഴുന്നേറ്റു നിന്നു. കുറേ റാക്കുകളായി അടുക്കിവച്ചിരിക്കുകയായിരുന്നു, പുസ്തകങ്ങള്‍. പുത്തന്‍ കടലാസിന്റെയും അച്ചടി മഷിയുടെയും മണം വെട്ടിക്കളയാന്‍ പറ്റാത്ത ഒരലങ്കാരംപോലെ വായുവിലുണ്ടായിരുന്നു. അത്രയും പുസ്തകങ്ങള്‍ക്കു നടുവില്‍ ആദ്യമായിട്ടു നില്‍ക്കുകയായിരുന്നു, ഞാന്‍. ഓരോ ഷെല്‍ഫിനു മുന്നിലൂടെയും സാവധാനം നടപ്പോള്‍ മനുഷ്യശരീരങ്ങള്‍ ചില്ലിട്ടുവച്ചിരിക്കുന്ന മ്യൂസിയത്തിലാണു നില്‍ക്കുന്നതെന്ന് എനിക്കുതോന്നി. നോവലിന്റെ താളായിരുന്നു, ഏറ്റവും വലുത്. ചെരിഞ്ഞിരിക്കുന്ന തലക്കെട്ടുകളിലൂടെ കണ്ണോടിച്ചപ്പോള്‍ അവയുമായി ബാത്‌റൂമില്‍ ചെലവഴിച്ച രാത്രികള്‍ ഞാനോര്‍മിച്ചു. അപ്പോള്‍ മലയാളത്തിലെ എല്ലാ നോവലിസ്റ്റുകളോടും എനിക്ക് അടക്കാനാകാത്ത സ്‌നേഹം തോന്നി. പ്രസിദ്ധീകരിക്കപ്പെട്ട കാലത്ത് വലിയ വിവാദമാവുകയും എഴുത്തില്‍ വിപ്ലവം സൃഷ്ടിക്കുകയും ചെയ്‌തൊരു നോവലാണ് 80 രൂപ മുടക്കി ഞാന്‍ വാങ്ങിയത്. കാശുകൊടുത്തു വാങ്ങുന്ന എന്റെ ആദ്യത്തെ പുസ്തകം. പതിപ്പുകളുടെ എണ്ണം കണ്ടപ്പോള്‍ എഴുത്തുകാരനോട് ഭയങ്കരമായ ബഹുമാനം തോന്നി.  പുസ്തകവും മടിയില്‍വച്ച് ബസിലിരിക്കുമ്പോള്‍ ശബ്ദമുഖരിതമായ തെരുവിലേക്ക് പേനയും തുറന്നുപിടിച്ച് ജനാലയ്ക്കപ്പുറത്തിരിക്കുന്ന നോവലസിറ്റിന്റെ ദൃശ്യം കണ്ണില്‍ പെരുകി. 

പാലരിഞ്ഞാലില്‍ വണ്ടിയിറങ്ങിക്കഴിഞ്ഞ്, നോവല്‍ അരയിലൊളിപ്പിച്ചാണു ഞാന്‍ വീട്ടില്‍ക്കയറിയത്. രാത്രിയാകുന്നതും കാത്ത് കട്ടിലില്‍ കിടക്കുമ്പോള്‍ പലവട്ടം പേജു മറിച്ചുനോക്കി. വല്ലാത്തൊരു സന്തോഷം ഉള്ളില്‍ തുടിക്കുന്നുണ്ടായിരുന്നു. ജീവിതം, നിഗൂഢസുന്ദരമായ ഭാഷയിലെഴുതിയ ഒരു കൊച്ചു നോവലാണെന്ന് എനിക്കുതോന്നി. 
    
പാതിരാത്രി വരെ ഉമ്മറത്തുകൂടി ഉലാത്തു ഇച്ചാച്ചന്‍ മുറിയില്‍ക്കയറാന്‍ വൈകുന്നതില്‍ ഞാന്‍ അസ്വസ്ഥനായി. എന്നോളം പഴക്കമുള്ള അജന്ത ക്ലോക്കിലെ ചെറിയ സൂചി ഓട്ടത്തിനിടയില്‍ പരിഹസിക്കാന്‍ മാത്രം ശബ്ദമുണ്ടാക്കുന്നതുപോലെ തോന്നി. മുറിയില്‍ക്കയറിക്കഴിഞ്ഞ് ഇച്ചാച്ചന്‍, ഉറക്കത്തിനു മുന്നേയുള്ള കാതുകൂര്‍പ്പിച്ചു കിടക്കല്‍ അവസാനിപ്പിച്ച്, കൂര്‍ക്കം വലി തുടങ്ങുന്നതുകേള്‍ക്കാന്‍ ഞാന്‍ ചെവിയോര്‍ത്തു. ചെറുതല്ലാത്ത നീരസം എന്റെയുള്ളില്‍ നുരയിടുന്നുണ്ടായിരുന്നു. തുടകള്‍ക്കിടയില്‍ കൈ രണ്ടും ചേര്‍ത്തുവച്ച് ഞാന്‍ ചെരിഞ്ഞു കിടന്നു. കൂടിക്കിടക്കുന്ന വാക്കുകളുടെ വലിയ മണ്‍കൂനകള്‍ക്കിടയിലൂടെ ഒരു കുഞ്ഞുറുമ്പിനെപ്പോലെ ഉഴറിനടക്കുന്ന സ്വന്തം രൂപം കണ്ണില്‍ നിറഞ്ഞു. 

കുറച്ചു കഴിഞ്ഞ്, പ്ലാവുതടിക്കു ചിന്തേരിന്നതുപോലെ ഒരേ താളത്തില്‍ മുഴങ്ങുന്ന ഇച്ചാച്ചന്റെ ഉറക്കശബ്ദം വീടാകെ നിറഞ്ഞപ്പോള്‍ ഞാന്‍ പുറത്തിറങ്ങി. അടുക്കളപ്പുറത്തെ ചായ്പ്പില്‍നിന്ന് ഇഞ്ചിക്കണ്ടത്തില്‍ കളം തിരിക്കാനുപയോഗിക്കുന്ന കൊച്ചുതൂമ്പ തപ്പിയെടുത്തു. കൈയിലുണ്ടായിരു സിഗരറ്റ് ലാമ്പിന്റെ ഇത്തിരിവെട്ടം തെളിച്ച്, പരിയമ്പുറത്തെ അരകല്ലു പാത്തിയില്‍നിന്ന് പൈപ്പിലൂടെത്തുന്ന വെള്ളം വീണു കുതിര്‍ന്ന കാന്താരിച്ചുവട്ടിലെത്തി. കോഴിക്കൂടിനും കാന്താരിച്ചെടിക്കുമിടയിലെ, നനവുള്ള മണ്ണ് തൂമ്പകൊണ്ടു നീക്കുമ്പോള്‍ എന്റെ വലതുകൈ വല്ലാതെ വിറയ്ക്കുന്നുണ്ടായിരുന്നു. പത്രക്കടലാസില്‍ പൊതിഞ്ഞ പുസ്തകം അരയില്‍നിന്നെടുത്ത്, ഒരു പെരയെലിയെ അടക്കാന്‍ മാത്രം വലിപ്പമുള്ള കുഴിയിലേക്ക് ഇറക്കിവച്ചു. കൈ കൊണ്ട് മണ്ണുകോരി നോവലിനെ മൂടി. ഇരുട്ടത്തു തപ്പിയപ്പോള്‍ക്കിട്ടിയ രണ്ടു പുഴക്കല്ലുകള്‍ അതിനു മുകളില്‍ അടയാളം വയ്ക്കുന്ന നേരത്ത്, എന്റെ കണ്ണുകള്‍ ക്രിസ്മസ് നക്ഷത്രം പോലെ കത്തിയിട്ടുണ്ടാവണം. 
കഴുകിത്തുടച്ച തൂമ്പ ചായ്പ്പില്‍ തിരിച്ചിട്ടുകഴിഞ്ഞ്, ഞാന്‍ ലാമ്പുവെട്ടമണച്ചു. കഴുത്തില്ലാത്ത ബെനിയനും കൈലിമുണ്ടും ഊരിയെടുത്ത് അഴയില്‍ തൂക്കി. പിന്നെ കുഴിച്ചിട്ട പുസ്തകത്തിലേക്ക് മണ്ണ് ആഴത്തില്‍ വേരിറക്കുന്നതും താളുകളില്‍ പഴക്കത്തിന്റെ അച്ചുപതിക്കുന്നതും കാത്ത് നിലത്തു ചമ്രംപടിഞ്ഞു. അപ്പോള്‍ ഏതോ ഗ്രാമഫോണില്‍നിന്നു വിഷാദഭരിതമായൊരു പഴയ ഗസല്‍ വളരെ പതുക്കെ ഒഴുകിയെത്തി. ശബ്ദംകേട്ട ഭാഗത്തേക്കു ഞാന്‍ നടന്നു. കിണറ്റുകരയിലെ കുള്ളന്‍ മാവില്‍ നേര്‍ത്ത പ്രകാശംമാത്രമുള്ള ഒരു റാന്തല്‍ തൂക്കിയിട്ടിരിക്കുന്നു. മാഞ്ചോട്ടില്‍ നിവര്‍ത്തിയിട്ട ചാരുകസേര. അതില്‍ ഏകദേശം ആറടിയോളം നീളമുള്ള ഒരാള്‍ കാലുംനീട്ടിയിരിക്കുന്നു. കഷണ്ടിത്തല. കുഴിഞ്ഞ നെഞ്ച്. വിഖ്യാതമായ മൂക്ക്. ഷേവ് ചെയ്യാത്ത മുഖത്ത് ബ്ലാക്ക് ആന്‍ഡ് വൈറ്റ് രോമങ്ങള്‍. ചുണ്ടില്‍ എരിഞ്ഞുതീരാറായ ബീഡി. പല്ലില്ലാത്ത മോണ പുറംതള്ളുന്ന പുക ഞങ്ങള്‍ക്കിടയില്‍ നീലവെളിച്ചംപോലെ പടര്‍ന്നു. ജീവിതത്തിന്റെ രണ്ടറ്റവും കണ്ട കണ്ണുകള്‍ അദ്ദേഹം എന്റെ നേരെ തിരിച്ചു. പിന്നെ, വ്യാകരണത്തെറ്റില്ലാത്ത ഒരു പരിഹാസച്ചിരി ചിരിച്ചു. 

കൈ രണ്ടും കാലുകള്‍ക്കിടയില്‍ പൊത്തിപ്പിടിച്ചുകൊണ്ട് ഞാന്‍ പതിയെ കരയാന്‍ തുടങ്ങി.

(ഡി സി ബുക്സ് പ്രസിദ്ധീകരിച്ച കല്ല്യാശ്ശേരി തീസിസ് ഇവിടെ വാങ്ങാം)

വാക്കുത്സവത്തില്‍: 


തലയ്ക്കു മുകളില്‍ ഇപ്പോഴും തൂങ്ങി നില്‍ക്കുന്നുണ്ട് നട്ടുച്ചയുടെ ആ പച്ചറൊട്ടി , പി ടി ബിനുവിന്റെ കവിതകള്‍

ഇറച്ചിക്കലപ്പ, അജിജേഷ് പച്ചാട്ട് എഴുതിയ കഥ

ഞാന്‍ കണ്ടു, എം പി പ്രതീഷിന്റെ കവിത

ബന്ദര്‍, കെ എന്‍ പ്രശാന്ത് എഴുതിയ കഥ

അമ്മ ഉറങ്ങുന്നില്ല, അനുജ അകത്തൂട്ടിന്‍റെ കവിത

പനിക്കിടക്ക, തോമസ് ജോസഫ് എഴുതിയ കഥ

പ്രപഞ്ചം റീലോഡഡ്,  ടി പി വിനോദ് എഴുതിയ കവിത

ചിത്ര കെ. പി: തൂത്തുക്കുടിക്കവിതകള്‍

മഞ്ഞക്കുതിര, മിനി പി സി എഴുതിയ കഥ

ജൈവ ബുദ്ധന്‍, സ്മിത നെരവത്ത് എഴുതിയ കവിത

നാളെ നാളെ നാളെ, ജേക്കബ് ഏബ്രഹാം എഴുതിയ കഥ

എന്നിട്ടും പതിനൊന്നു കൊല്ലങ്ങള്‍ക്കു ശേഷം യാദ്യച്ഛികത അവര്‍ക്കിട്ടു പണിഞ്ഞു,  ഷാജു വിവിയുടെ അഞ്ച് കവിതകള്‍

കുട്ടിക്കാലത്തെ മൊട്ടത്തലയില്‍ സൂര്യന്‍   വിരല്‍തൊട്ടു, അക്ബറിന്റെ അഞ്ച് കവിതകള്‍

ആട്ടക്കഥ, എസ് കലേഷിന്റെ കവിത

മഞ്ഞ റോസാപ്പൂക്കള്‍, ജംഷദ് ഖമര്‍ സിദ്ദിഖിയുടെ ഹിന്ദി കഥയുടെ വിവര്‍ത്തനം

എന്റെ കവിത വസന്തത്തോട് അതിന്റെ പേരുചോദിച്ചു,  കുഴൂര്‍ വിത്സന്റെ മരക്കവിതകള്‍

സചേതനം അയാള്‍, ഫര്‍സാന അലി എഴുതിയ കഥ

നമ്മള്‍ എവിടെച്ചെന്നൊളിക്കാനാണ്, അശോകന്‍ മറയൂര്‍ എഴുതിയ അഞ്ച് കവിതകള്‍

അകമണ്ണ്, സീന ശ്രീവത്സന്റെ അഞ്ച് കവിതകള്‍

ഒരു സ്വീഡിഷ് കവിത മലയാളത്തിലേക്ക് പറന്നെത്തിയ മൂന്നു വഴികള്‍

 

പുസ്തകപ്പുഴയില്‍

പ്രണയ് ലാല്‍ എഴുതിയ ഇന്‍ഡിക്ക: ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ പാരിസ്ഥിതിക ചരിത്രം എന്ന പുസ്തകത്തിലെ ഒരു ഭാഗം

അവസാനത്തെ സോവിയറ്റുകള്‍

മൻമോഹൻ സിങിന്റെ മകൾ വരയ്ക്കുന്നു, മധ്യകാല ഇന്ത്യാചരിത്രത്തിന്റെ ഹസ്തരേഖ..!

കുഞ്ഞാലി മരക്കാര്‍. ടി പി രാജീവന്‍ എഴുതിയ ആമുഖക്കുറിപ്പും വിവാദ തിരക്കഥയില്‍നിന്നൊരു ഭാഗവും

പുതിയ മതങ്ങള്‍  എവിടെനിന്നാവും പിറവിയെടുക്കുക, യുവാല്‍ നോവാ ഹരാരി എഴുതിയ 'ഹോമോ ദിയൂസ്: മനുഷ്യഭാവിയുടെ ഒരു ഹ്രസ്വചരിത്രം' എന്ന പുസ്തകത്തില്‍നിന്നൊരു ഭാഗം

ക്രിസോസ്റ്റം: നര്‍മ്മങ്ങളും കേള്‍ക്കാത്ത കഥകളും 

ബോംബെ അധോലോകത്തില്‍ ഒരു ആറാം ക്ലാസ്സുകാരന്റെ തുടക്കം; ആബിദ് സൂർതിയുടെ 'സൂഫി - അധോലോകത്തിലെ അദൃശ്യമനുഷ്യന്‍' എന്ന പുസ്തകത്തില്‍ നിന്നുള്ള ഒരു ഭാഗം

ഫെര്‍ണാണ്ടോ പെസൊവയുടെ 'അശാന്തിയുടെ പുസ്തകത്തിന്റെ'  (The Book of Disquiet)  വായനാനുഭവം.

കവിതയിലെ മൊസാര്‍ട്ട്; വീസ്‌വാവ ഷിംബോര്‍സ്‌ക്ക: ജീവിതവും കവിതകളും

 

നിശ്ചല യാത്രകള്‍: മാങ്ങാട്  രത്‌നാകരന്റെ കോളം

വായനയെപ്പോലെ അപകടംപിടിച്ച പണി വേറെയില്ല

Follow Us:
Download App:
  • android
  • ios