കിഴക്കന്‍ ചക്രവാളത്തില്‍ പൊടിപടലങ്ങള്‍...

By K P JayakumarFirst Published Jul 19, 2021, 4:55 PM IST
Highlights

ഹുന്ത്രാപ്പിബുസാട്ടോ. വൈക്കം മുഹമ്മദ് ബഷീര്‍ കഥാപാത്രമായി വരുന്ന കുട്ടികളുടെ നോവല്‍ ഭാഗം 13.  രചന: കെ പി ജയകുമാര്‍. രേഖാചിത്രം: ജഹനാര. 

പ്രിയപ്പെട്ട കൂട്ടുകാരെ, 


എന്നാല്‍, നമുക്കൊരു നോവല്‍ വായിച്ചാലോ?
ഹുന്ത്രാപ്പി ബുസ്സാട്ടോ. 

ഈ പേര് ചിലരൊക്കെ കേട്ടിട്ടുണ്ടാവും. 
നമ്മുടെ നാട്ടിലെ ഒരേയൊരു സുല്‍ത്താന്‍ 
വൈക്കം മുഹമ്മദ് ബഷീറിന്റെ കഥയുടെ പേര്. 
ആ പേര് സ്വന്തമായി കിട്ടിയ രണ്ട് കുട്ടികളുടെ കഥയാണിത്. 
നിങ്ങളെ പോലെ രസികന്‍ കുട്ടികള്‍. 

അച്ഛനും അമ്മയും ഇട്ട പേര് ഇഷ്ടപ്പെടാത്തതിനാല്‍
ബഷീറിനെ തേടിവന്നതാണ് ആ കുട്ടികള്‍. 
ബഷീര്‍ അവര്‍ക്ക്  ഹുന്ത്രാപ്പി എന്നും ബുസ്സാട്ടോ എന്നും പേരിട്ടു. 
എന്നിട്ടോ? അവര്‍ ലോകം കാണാനിറങ്ങി. 

ഈ കഥ എഴുതിയത്, കെ പി ജയകുമാര്‍ എന്ന അങ്കിളാണ്. 
ചേര്‍ത്തല എന്‍ എസ് എസ് കോളജിലെ മലയാളം അധ്യാപകനാണ് ജയകുമാര്‍. 
പുസ്തകങ്ങളും ലേഖനങ്ങളും ഒക്കെ എഴുതുന്ന ആളാണ്.  

ഇതിലെ ചിത്രങ്ങള്‍ വരച്ചത് നിങ്ങളെ പോലൊരു കുട്ടിയാണ്. 
ജഹനാരാ എന്നാണ് അവളുടെ പേര്. 
തിരുവനന്തപുരം സര്‍വോദയ വിദ്യാലയത്തില്‍ അഞ്ചാം ക്ലാസില്‍ പഠിക്കുകയാണ്. 

അപ്പോള്‍, വായിച്ചു തുടങ്ങാം, ല്ലേ. 
ഇതു വായിച്ച് അഭിപ്രായം പറയണം. 
submissions@asianetnews.in എന്ന വിലാസത്തില്‍ മെയില്‍ അയച്ചാല്‍ മതി. 

എന്നാല്‍പിന്നെ, തുടങ്ങാം ല്ലേ...

 

 

ആമിമുത്തശ്ശിയും കൂട്ടരും നട്ട വൃക്ഷത്തൈകളില്‍ അധികവും മുളച്ചുവന്നു. മഞ്ഞുവെള്ളം മണ്‍കുടങ്ങളില്‍ നിറച്ച് അവര്‍ മരെത്തെകള്‍ നനച്ചു. ഓരോ തളിര്‍ വരുമ്പോഴും മരുഭൂമിയില്‍  ഉല്‍സവം വന്നു. 

എല്ലാവരും സന്തോഷത്തിലാണ്. പക്ഷെ, മുത്തശ്ശിയുടെ മനസ്സില്‍ സങ്കടമാണ്. കാരണം, ഭക്ഷണത്തിന് ക്ഷാമം വരാന്‍ പോവുകയാണ്. ശേഖരിച്ചുവെച്ച ഭക്ഷണ സാധനങ്ങള്‍ തീരുന്നു. ഇനി എവിടെനിന്നെങ്കിലും കിട്ടണം. അല്ലെങ്കില്‍, പട്ടിണി കിടന്നു ചാവും. വഴികാണാതെ മുത്തശ്ശി വിഷമിച്ചു. 

അങ്ങനെയിരിക്കെ ഒരു ദിവസം ഉച്ചതിരിഞ്ഞ സമയം. 

മരുഭൂമിയില്‍ സൂര്യന്‍ കത്തി നില്‍ക്കുന്നു. കള്ളിച്ചെടികളുടെ തണലിലും കുടിലുകളിലുമായി എല്ലാവരും വിശ്രമിക്കുകയാണ്. മരുഭൂമിയെ തഴുകി ശക്തമായ ഒരു കാറ്റ് വീശി. തണുത്ത കാറ്റ്. മുത്തശ്ശി വരാന്തയില്‍ നിന്ന് കുടിലിന്റെ മുറ്റത്തേയ്ക്കിറങ്ങി. കൈ നെറ്റിയില്‍ വെച്ച് സൂര്യനെ മറച്ച് കിഴക്കോട്ട് നോക്കി. കാണാന്‍ പറ്റുന്നില്ല. 

മുത്തശ്ശി ചുള്ളിയെ വിളിച്ചു. 

''മോള് കിഴക്കോട്ട് നോക്ക്. ആകാശത്തിന് നിറമെന്താണ്?'' മുത്തശ്ശി ചോദിച്ചു.

ചുള്ളി ദൂരേയ്ക്കു നോക്കി. ആകാശം ഇരുണ്ടിരിക്കുന്നു. നിറയെ കാര്‍മേഘങ്ങള്‍. 

പിന്നെയും ഒരു തണുത്തകാറ്റ് കടന്നുപോയി. 

''ങാ! കിഴക്ക് മഴ പെയ്യാറായി.കച്ചവടത്തിന് പോയ ഒട്ടക സഞ്ചാരികള്‍ മഴയ്ക്കു മുമ്പേ മടങ്ങി വരും. നമുക്ക് അവരോടൊപ്പം ഗ്രാമത്തില്‍ പോയി ഭക്ഷണ സാധനങ്ങള്‍ കൊണ്ടുവരണം.'' മുത്തശ്ശി പറഞ്ഞു.

''അവര്‍ക്ക് ഭക്ഷണത്തിന് പകരം നാമെന്തുകൊടുക്കും.?'' ചുള്ളി തിരക്കി. 

''സ്നേഹം.'' മുത്തശ്ശി പറഞ്ഞു. 

''ഭക്ഷണ സാധനങ്ങളും വിത്തുകളും അവരില്‍ നിന്ന് വാങ്ങണം. ആ വിത്തുകള്‍ കൃഷി ചെയ്യണം. വിളവെടുത്ത് അവര്‍ക്ക് പകരം നല്‍കണം. ബുദ്ധിമുട്ടുള്ള കാലത്ത് പരസ്പരം സഹായിക്കാം.'' മുത്തശ്ശി വിശദമാക്കി. 

മുത്തശ്ശി പറഞ്ഞതിന്റെ അര്‍ത്ഥം ചുള്ളിക്ക് മനസ്സിലായി. 

സംഘത്തിലെ കുറേപ്പേരെ ഗ്രാമത്തിലേക്ക് അയക്കണം. ചുള്ളി അതിനുള്ള ഒരുക്കം തുടങ്ങി. 

ആരോഗ്യമുള്ള സ്ത്രീകളുടേയും പുരുഷന്‍മാരുടേയും ഒരു സംഘത്തെ യാത്രക്ക് തയ്യാറാക്കി. 

ദിവസങ്ങള്‍ പിന്നെയും കടന്നുപോയി. 

ഒരു വൈകുന്നേരം കിഴക്കന്‍ ചക്രവാളത്തില്‍ പൊടിപടലങ്ങള്‍ ഉയരുന്നത് അവര്‍ കണ്ടു. 

കച്ചവടത്തിനുപോയ സംഘം മടങ്ങി വരുകയാണ്. നഗരത്തില്‍ മഴതുടങ്ങും മുമ്പ് കച്ചവട സംഘം ഗ്രാമത്തിലേക്കു മടങ്ങുണമെന്നാണ്. സ്വന്തം മണ്ണില്‍ നിന്ന് ആദ്യ മഴത്തുള്ളി ഏറ്റുവാങ്ങണമെന്നാണ് അവരുടെ ആചാരം. .

 

...........................................

ആ സഞ്ചാരികളാണ് ഇപ്പോള്‍ തിരിച്ചു വരുന്നത്. ചുറ്റും പൊടിപടര്‍ത്തി സംഘം ഒട്ടകപ്പുറത്ത് ആമിമുത്തശ്ശിയുടെയും കൂട്ടരുടേയും അരികിലേക്കെത്തി. 

 വര: ജഹനാര

 

മഴക്കാലമത്രയും അവര്‍ ഗ്രാമത്തില്‍ തന്നെ നില്‍ക്കും. നെയ്തു കൂട്ടുന്ന കമ്പിളിയും കാര്‍ഷിക ഉല്‍പ്പന്നങ്ങളുമായി അടുത്ത വേനലില്‍ അവര്‍ വീണ്ടും നഗരങ്ങളിലേയ്ക്ക് പോവും. നഗരവാസികള്‍ കമ്പളി വസ്ത്രങ്ങള്‍ വാങ്ങിക്കൂട്ടും. 

കച്ചവടക്കാര്‍ മുത്തശ്ശിയും കൂട്ടരുമായി വലിയ സ്നേഹത്തിലായിരുന്നു. മിച്ചം വരുന്ന കമ്പഇളി വസ്ത്രങ്ങളും നഗരത്തില്‍ നിന്നും വാങ്ങിയ ഭക്ഷണ സാധനങ്ങളും അവര്‍ മരുഭൂമിയിലെ കൂട്ടുകാര്‍ക്ക് നല്‍കുമായിരുന്നു. 

ആ സഞ്ചാരികളാണ് ഇപ്പോള്‍ തിരിച്ചു വരുന്നത്. ചുറ്റും പൊടിപടര്‍ത്തി സംഘം ഒട്ടകപ്പുറത്ത് ആമിമുത്തശ്ശിയുടെയും കൂട്ടരുടേയും അരികിലേക്കെത്തി. 

മുത്തശ്ശിയും കൂട്ടരും പതിവുപോലെ അവരെ സ്വീകരിച്ചു. 

''എന്താണ് മുത്തശ്ശീ വിശേഷം? കാലങ്ങളായി സംഘത്തോടൊപ്പം വന്നുപോകുന്ന മൃണാള്‍ എന്ന കച്ചവടക്കാരന്‍ പറഞ്ഞു.
 
''പഴയതിലും നല്ല അവസ്ഥയാണ്...''മുത്തശ്ശി പറഞ്ഞു. 

''ഞങ്ങളെപ്പോഴും ആലോചിക്കാറുണ്ട് മുത്തശ്ശീ. ഈ മരുഭൂമിയില്‍ എങ്ങനെയാണ് നിങ്ങള്‍ ജീവിക്കുന്നതെന്ന്. എന്നിട്ടും ഈ കൊടും ചൂടില്‍ സന്തോഷമായി നിങ്ങള്‍ ജീവിക്കുന്നു. ഇവിടെ മുഴുവന്‍ മരങ്ങള്‍ നടുന്നു. വരുന്നവര്‍ക്കെല്ലാം വെള്ളവും ഭക്ഷണവും നല്‍കുന്നു. നിങ്ങളുടെ ജീവിതം ഞങ്ങളെ അത്ഭുതപ്പെടുത്തുന്നു.'' മൃണാള്‍ പറഞ്ഞു.  

മുത്തശ്ശിയുടെ മുഖത്ത് ചിരി വിടര്‍ന്നു. മൃണാള്‍ തുടര്‍ന്നു.

''നാളെ പുലര്‍ച്ചെ ഞങ്ങള്‍ ഗ്രാമത്തിലേയ്ക്കു യാത്ര തിരിക്കുകയാണ്. എന്തെങ്കിലും സഹായം ചെയ്യേണ്ടതുണ്ടോ? '' 

''ഒരു സഹായം വേണം. താങ്കള്‍ ഞങ്ങളെ കൈവിടില്ലെന്ന് വിചാരിക്കുന്നു.'' മുത്തശ്ശി പറഞ്ഞു തുടങ്ങി. ''ഈ മരുഭൂമിയില്‍ ഇപ്പോള്‍ നനവുണ്ട്. വിത്തുകള്‍ വളരാന്‍ തുടങ്ങി. പച്ച പൊടിച്ചു തുടങ്ങിയിരിക്കുന്നു. ഇനി ഭക്ഷണത്തിനുള്ള ധാന്യങ്ങളും കിഴങ്ങുകളും കൃഷിചെയ്താല്‍ കൊള്ളാമെന്നുണ്ട്. ''

''വളരെ നന്നായി, ഈ മരുഭൂമി വയലുകളായി മാറുമെന്ന് എനിക്കുറപ്പാണ്. പറയൂ ഞങ്ങള്‍ എന്താണ് ചെയ്തു തരേണ്ട്.'' മൃണാള്‍ സന്തോഷത്തോടെ പറഞ്ഞു. 

''ഞങ്ങള്‍ക്ക് വിത്തുകള്‍ വേണം. അവ ശേഖരിക്കാനും മുളപ്പിക്കാനും വിതക്കാനും കളപറിക്കാനും വിളവെടുക്കാനും പഠിക്കണം. കാട്ടില്‍ ജീവിച്ച ഞങ്ങള്‍ക്ക് കൃഷി പരിചയമില്ല. ഞങ്ങളെ സഹായിക്കണം.'' മുത്തശ്ശി പറഞ്ഞു നിര്‍ത്തി.

മൃണാള്‍ സമ്മതിച്ചു. 
 
രാത്രി വളരെ വൈകുവോളം സംസാരിച്ചിരുന്ന ആമിമുത്തശ്ശിയും മൃണാളും ഉറങ്ങി. 

പുലര്‍ച്ചെ യാത്രക്കുള്ള ഒരുക്കങ്ങള്‍ കേട്ടാണ് അവര്‍ ഉണര്‍ന്നത്. ഒട്ടകങ്ങള്‍ ഭാണ്ഡങ്ങള്‍ ചുമലേറ്റി നില്‍ക്കുന്നു. ആളുകള്‍ മരുഭൂമിയിലെ കൂട്ടുകാരോട് യാത്ര പറയുകയാണ്. വിത്തുകള്‍ ശേഖരിക്കാനും കൃഷിരീതികള്‍ പഠിക്കാനുമായി മരുഭൂമിയിലെ ഒരു സംഘം ഗ്രാമത്തിലേയ്ക്ക് പുറപ്പെടുന്നുണ്ട്.  

മൃണാള്‍ സംഘത്തെ മുന്നില്‍ നിന്ന് നയിച്ചു.  മുത്തശ്ശിയും കൂട്ടരും ചേര്‍ന്ന് എല്ലാവരേയും യാത്രയാക്കി. 

സൂര്യന്‍ ഉദിച്ചു. മണല്‍ തീ പോലെ പഴുത്തു. എല്ലാവരും കുടിലുകളിലേയ്ക്ക് കയറിപ്പോയി. 

മരുഭൂമി വിജനമായി. 


ഭാഗം ഒന്ന്: ഹുന്ത്രാപ്പി ബുസ്സാട്ടോ, ബഷീര്‍ കഥാപാത്രമായ കുട്ടികളുടെ നോവല്‍ ആരംഭിക്കുന്നു 
ഭാഗം രണ്ട്. ആ ആഞ്ഞിലിമരം എവിടെ? 
ഭാഗം മൂന്ന്: പറന്നിറങ്ങുന്ന തക്കോഡക്കോയുടെ കാലിലതാ, ഒരാള്‍!
ഭാഗം നാല്: അന്നു രാത്രി അവര്‍ കാടിനു തീയിട്ടു, പക്ഷികളും മൃഗങ്ങളും കാട്ടുമനുഷ്യരും വെന്തു മരിച്ചു
ഭാഗം അഞ്ച്: മരുഭൂമിയിലെ നീരുറവ
ഭാഗം ആറ്: മരുഭൂമി മുറിച്ചു വരുന്ന ആ ഒട്ടകങ്ങളില്‍ ശത്രുവോ മിത്രമോ?
ഭാഗം ഏഴ്: നെല്ലിക്കയുടെ രുചിയുള്ള കാട്ടമൃത്! 

ഭാഗം എട്ട്: പരല്‍മീനിനെ വലവീശും പോലെ മഞ്ഞിനെ പിടിക്കാനാവുമോ?
ഭാഗം ഒമ്പത്: ആകാശത്തേയ്ക്ക് ഒരു ജലധാര,  ചുറ്റും മഴവില്ല്! 
ഭാഗം പത്ത്: ഒരു പാവം പുലിക്ക് പറ്റിയ അമളി! 

ഭാഗം 11: മരുഭൂമിയില്‍ അവര്‍ വിത്തുകള്‍ നടുകയാണ്
ഭാഗം 12: നെല്ലിയരുവിയുടെ കരയില്‍ നാല്‍വര്‍ സംഘം

 

click me!