Asianet News MalayalamAsianet News Malayalam

മരുഭൂമിയില്‍ അവര്‍ വിത്തുകള്‍ നടുകയാണ്...

ഹുന്ത്രാപ്പിബുസാട്ടോ. വൈക്കം മുഹമ്മദ് ബഷീര്‍ കഥാപാത്രമായി വരുന്ന കുട്ടികളുടെ നോവല്‍ ഭാഗം 11.  രചന: കെ പി ജയകുമാര്‍. രേഖാചിത്രം: ജഹനാര. 

Hunthrappi Bussatto kids novel by KP jayakumar  part 11
Author
Thiruvananthapuram, First Published Jul 16, 2021, 7:15 PM IST

പ്രിയപ്പെട്ട കൂട്ടുകാരെ, 


എന്നാല്‍, നമുക്കൊരു നോവല്‍ വായിച്ചാലോ?
ഹുന്ത്രാപ്പി ബുസ്സാട്ടോ. 

ഈ പേര് ചിലരൊക്കെ കേട്ടിട്ടുണ്ടാവും. 
നമ്മുടെ നാട്ടിലെ ഒരേയൊരു സുല്‍ത്താന്‍ 
വൈക്കം മുഹമ്മദ് ബഷീറിന്റെ കഥയുടെ പേര്. 
ആ പേര് സ്വന്തമായി കിട്ടിയ രണ്ട് കുട്ടികളുടെ കഥയാണിത്. 
നിങ്ങളെ പോലെ രസികന്‍ കുട്ടികള്‍. 

അച്ഛനും അമ്മയും ഇട്ട പേര് ഇഷ്ടപ്പെടാത്തതിനാല്‍
ബഷീറിനെ തേടിവന്നതാണ് ആ കുട്ടികള്‍. 
ബഷീര്‍ അവര്‍ക്ക്  ഹുന്ത്രാപ്പി എന്നും ബുസ്സാട്ടോ എന്നും പേരിട്ടു. 
എന്നിട്ടോ? അവര്‍ ലോകം കാണാനിറങ്ങി. 

ഈ കഥ എഴുതിയത്, കെ പി ജയകുമാര്‍ എന്ന അങ്കിളാണ്. 
ചേര്‍ത്തല എന്‍ എസ് എസ് കോളജിലെ മലയാളം അധ്യാപകനാണ് ജയകുമാര്‍. 
പുസ്തകങ്ങളും ലേഖനങ്ങളും ഒക്കെ എഴുതുന്ന ആളാണ്.  

ഇതിലെ ചിത്രങ്ങള്‍ വരച്ചത് നിങ്ങളെ പോലൊരു കുട്ടിയാണ്. 
ജഹനാരാ എന്നാണ് അവളുടെ പേര്. 
തിരുവനന്തപുരം സര്‍വോദയ വിദ്യാലയത്തില്‍ അഞ്ചാം ക്ലാസില്‍ പഠിക്കുകയാണ്. 

അപ്പോള്‍, വായിച്ചു തുടങ്ങാം, ല്ലേ. 
ഇതു വായിച്ച് അഭിപ്രായം പറയണം. 
submissions@asianetnews.in എന്ന വിലാസത്തില്‍ മെയില്‍ അയച്ചാല്‍ മതി. 

എന്നാല്‍പിന്നെ, തുടങ്ങാം ല്ലേ...

 

Hunthrappi Bussatto kids novel by KP jayakumar  part 11

 

മരുഭൂമിയില്‍ അവര്‍ വിത്തുകള്‍ നടുകയാണ്...

''പിന്നെയവര്‍ മഞ്ഞ് പെയ്യുന്ന രാത്രിക്കായി കാത്തിരുന്നു. രാത്രിയില്‍ പന്തത്തിന്റെ വെളിച്ചത്തില്‍ നൃത്തം ചെയ്തു. ആര്‍ക്കും ഉറങ്ങാനായില്ല.  വലകളിലേക്ക് മഞ്ഞുപെയ്യുന്നത് കാത്ത് അവര്‍ ഇരുന്നു.''

തക്കോഡക്കോ കഥ പറയുമ്പോള്‍, മറ്റുള്ളവര്‍ നോക്കിയിരുന്നു. 

ഉറക്കമില്ലാത്ത രാത്രികള്‍ ആമിമുത്തശ്ശിയെ ആകെ തളര്‍ത്തിയിരുന്നു. അതിനാല്‍, അന്ന് രാത്രി മുത്തശ്ശി ഉറങ്ങിപ്പോയി. പുറത്ത് എന്തോ ആരവം കേട്ടാണ് അവര്‍ ഉണര്‍ന്നത്. മുത്തശ്ശി കൂടാരത്തിന് പുറത്തുവന്നു. നേരം പുലര്‍ന്നിരിക്കുന്നു. . 
കൂട്ടരെല്ലാം മണ്‍കുടങ്ങളില്‍ വെള്ളവുമായി നൃത്തം ചെയ്യുന്നു. ജലനൃത്തം. 


അന്നുമുതല്‍ എല്ലാ വര്‍ഷവും ആ ദിവസം അവര്‍ ആഘോഷിക്കാന്‍ തുടങ്ങി. മണ്‍ പാത്രങ്ങളില്‍ വെള്ളം നിറച്ച് ആളുകള്‍ ആനന്ദനൃത്തം ചെയ്തു. ആ ജലനൃത്തം ഗ്രാമത്തിന്റെ ഉല്‍സവമായി മാറി.'' 

തക്കോഡക്കോ ഒന്നു പറഞ്ഞു നിര്‍ത്തി. എന്നിട്ട് ആമി മുത്തശ്ശിയുടെ കഥയിലേക്ക് തിരിച്ചുപോയി.

ആമി മുത്തശ്ശിക്കും കൂട്ടര്‍ക്കും  സന്തോഷമായി. എല്ലാ ദിവസവും അവര്‍ വെള്ളം ശേഖരിച്ചു. 

പിന്നെ, പുഴ ഒഴുകിയ വഴികളില്‍ നിന്ന് കല്ലുകള്‍ പെറുക്കി വലിയ ജല സംഭരണികള്‍ കെട്ടിയുണ്ടാക്കി. അതില്‍ വെള്ളം സൂക്ഷിച്ചു. ക്രമേണ ആവശ്യമുള്ളത്ര വെള്ളം കിട്ടിത്തുടങ്ങി. 

ഒരു ദിവസം മുത്തശ്ശി എല്ലാവരെയും വിളിച്ചു കൂട്ടി ഒരു തീരുമാനമെടുത്തു. ''ഇനി മരുഭൂമി വിട്ട് എവിടേയ്ക്കും പോകേണ്ട.'' 

''അരുവിക്കരയിലും പുഴ ഒഴുകിയ വഴിയിലും കൃഷി ചെയ്യാം.'' ചുള്ളിയാണ് അഭിപ്രായം പറഞ്ഞത്. 

എല്ലാവരും തലയാട്ടി. 

''പക്ഷെ, കൃഷിയിറക്കാന്‍ വിത്തെവിടെ?  പണിയായുധങ്ങളെവിടെ? പണിയെടുത്ത് തളരുമ്പോള്‍ വിശപ്പടക്കാന്‍ ഭക്ഷണമെവിടെ?''- ഉത്തരമില്ലാത്ത ഒരു പാട് ചോദ്യങ്ങള്‍ അവിടെ നിറഞ്ഞു. 

ആള്‍ക്കൂട്ടത്തില്‍ നിന്നും മെല്ലെ എഴുനേറ്റ് ആമിമുത്തശ്ശി കുടിലിലേയ്ക്ക് നടന്നു. എല്ലാവരും പുറത്ത് കാത്തിരുന്നു. 

അല്‍പ്പസമയം കഴിഞ്ഞു.  കയ്യിലൊരു സഞ്ചിയുമായി മുത്തശ്ശി തിരികെ വന്ന് പഴയ ഇരുപ്പിടത്തിലിരുന്നു. എന്നിട്ട് സഞ്ചി ഉയര്‍ത്തിക്കാട്ടി ചോദിച്ചു. 

''കൂട്ടരേ, നിങ്ങള്‍ക്കറിയുമോ ഇതിനുള്ളില്‍ എന്താണെന്ന്?''

ആര്‍ക്കും മനസ്സിലായില്ല. നിശ്ശബ്ദത. എല്ലാവരേയും ഒരുവട്ടം നോക്കിയ ശേഷം മുത്തശ്ശി തുടര്‍ന്നു. 

''കാട്ടുതീയില്‍നിന്ന് രക്ഷപ്പെട്ട് പോരുമ്പോള്‍ ഞാന്‍ എന്റെ കുടിലിലേയ്ക്ക് തിരികെപ്പോയത് ഓര്‍മ്മയുണ്ടോ? എങ്ങനെയെങ്കിലും രക്ഷപ്പെടാന്‍ നോക്കുമ്പോള്‍ എന്നെ കാത്തുനില്‍ക്കേണ്ടി വന്ന് എല്ലാവര്‍ക്കും ഉള്ളില്‍ എന്നോട് ദേഷ്യം തോന്നിയിരിക്കണം. നമുക്കിനി ഒരിക്കലും അവിടെ തിരിച്ചു കിട്ടില്ലെന്ന് എനിക്കറിയാമായിരുന്നു. കുടിലില്‍ കാലാകാലങ്ങളായി സൂക്ഷിച്ചുവെച്ച ഏറ്റവും അമൂല്യമായ ഒരു വസ്തു എടുക്കാതെ പോരാന്‍ എനിക്ക് മനസ്സുവന്നില്ല. അതാണ് ഈ സഞ്ചിയില്‍...''

എല്ലാവരും ആശ്ചര്യത്തോടെ മുത്തശ്ശിയെ നോക്കി. 

മുത്തശ്ശി തുടര്‍ന്നു. ''ജീവനും കൊണ്ട് ഓടുന്നതിനിടെ ആരും അതിനെപ്പറ്റി എന്നോട് ചോദിച്ചില്ല. ഞാന്‍ പറഞ്ഞുമില്ല.'' ഒന്നു നിര്‍ത്തിയ ശേഷം ശബ്ദമുയര്‍ത്തി ആവേശത്തോടെ മുത്തശ്ശി വിളിച്ചു പറഞ്ഞു. 

''കൂട്ടരേ, ഇതിനുള്ളില്‍ വിത്തുകളാണ്. കാടിന്റെ വിത്തുകള്‍. മഹാവൃക്ഷങ്ങളുടെയും കുരുന്നു ചെടിയുടേയും വിത്തുകള്‍. ചോളം, തിന, എള്ള്, ഈട്ടി, കരിമരുത്, വേങ്ങ, വെണ്‍തേക്ക്, ചന്ദനം, അകില്‍, പ്ലാവ്, ആഞ്ഞിലി, മാവ്, ചെമ്പകം, ആല്, കാഞ്ഞിരം, മഞ്ചാടി, ഞാവല്‍, തഴുതാമ, വേപ്പ്, കുറുന്തോട്ടി, നറുനീണ്ടി, ശതാവരി, തൊട്ടാവാടി....'' പറഞ്ഞുപറഞ്ഞ് ആ ആവേശത്തില്‍ മുത്തശ്ശിക്ക് ശ്വാസം മുട്ടി.  

''കാടിന്റെ വിത്തുകള്‍, കാടിന്റെ വിത്തുകള്‍...''എല്ലാവരും സ്വയം പറഞ്ഞുകൊണ്ടിരുന്നു. 

പൊന്നുരുന്തിയുടെ ഓര്‍മ്മകളുമായി സങ്കടത്തോടെ ഓരോരുത്തരും കുടിലുകളിലേക്ക് പൊയി. 

രാത്രി കനത്തു. പലര്‍ക്കും ആ രാത്രി ഉറങ്ങാനായില്ല. മരുഭൂമിക്കുമേല്‍ നേരംപുലര്‍ന്നു. 

ആമി മുത്തശ്ശി വിത്തുകള്‍ നിറച്ച സഞ്ചിയുമായി വറ്റിത്തുടങ്ങിയ അരുവിയുടെ തീരത്തേയ്ക്ക് നടന്നു. കയ്യില്‍ മുനകൂര്‍പ്പിച്ച ഒരു കമ്പുമുണ്ടായിരുന്നു. 

കുടിലുകളില്‍നിന്നും ഇറങ്ങിവന്നവര്‍ ഓരോരുത്തരായി മുത്തശ്ശിയോടൊപ്പം നടന്നു. അരുവിയുടെ മണല്‍ തിട്ടില്‍ എല്ലാവരും ഇരുന്നു. മുത്തശ്ശി പ്രാര്‍ത്ഥനചൊല്ലി:

''മണ്ണ് പൊലികാ...മാനം പൊലിക
വിത്തു പൊലികാ...വിള പൊലിക
വീടു പൊലിക... നാടു പൊലിക
കാടു പൊലികാ...കനവു പൊലിക...'' 

കൈകള്‍ മണ്ണില്‍ കമിഴ്ത്തിവെച്ച് എല്ലാവരും പ്രാര്‍ത്ഥന ഏറ്റുചൊല്ലി. 

മുത്തശ്ശി മെല്ലെ എഴുന്നേറ്റു. കയ്യിലുണ്ടായിരുന്ന സഞ്ചിയില്‍ നിന്നും വിത്തുകള്‍ കൂട്ടര്‍ക്ക് വീതിച്ചുകൊടുത്തു. 

മുനകൂര്‍ത്ത കമ്പ് മണ്ണില്‍ കുത്തിയാഴ്ത്തി മുത്തശ്ശി കുഴിയുണ്ടാക്കി. ആ കുഴിയില്‍ ആദ്യവിത്തിട്ടു. 

കാടിന്റെ ആദ്യവിത്ത് ഭൂമിയില്‍ വീണു.

 

Hunthrappi Bussatto kids novel by KP jayakumar  part 11

 വര: ജഹനാര

 

കമ്പുകുത്തി കുഴിയുണ്ടാക്കി മുത്തശ്ശി മുമ്പേ നടന്നു. കുഴികളില്‍ വിത്തിട്ട് കൂട്ടര്‍ പിന്നാലെയും. 

ആ മരുഭൂമിയാകെ വിത്തുകള്‍ കൊണ്ട് നിറഞ്ഞു. 

എല്ലാദിവസവും കാലത്ത് ആമിമുത്തശ്ശിയും കൂട്ടരും അവയ്ക്ക് വെള്ളമൊഴിച്ചു. 

ചുള്ളിയും കൂട്ടുകാരികളും കള്ളിച്ചെടിയുടെ തണ്ടുകള്‍ മുറിച്ച് വിത്തുകള്‍ക്ക് തണല്‍നാട്ടി. ഓരോ വിത്തുകളോടും സംസാരിച്ചുകൊണ്ട് മുത്തശ്ശി അരുവിയുടെ കരയിലൂടെ എന്നും നടന്നു. ചിലപ്പോള്‍ മണ്ണില്‍ ചെവിചേര്‍ത്ത് വിത്തുകള്‍ പൊട്ടിമുളക്കുന്നതിന്റെ ഒച്ച കേട്ടു. 

ഓരോ ദിവസവും മുത്തശ്ശി വീണ്ടും വിത്തുകള്‍ മണ്ണില്‍ കുഴിച്ചിട്ടു. 
 
ഒരു ദിവസം ചുള്ളി മുത്തശ്ശിയോട് ചോദിച്ചു.

''എല്ലാ ദിവസവും വിത്തുകള്‍ കുഴിച്ചിടുന്നത് എന്തിനാ? നട്ട വിത്തുകള്‍ ആദ്യം മുളയ്ക്കട്ടെ, അവയ്ക്ക് വെള്ളം കൊടുക്കാം. അതിനുശേഷം ബാക്കി... അതല്ലെ നല്ലത്?''

''നട്ട വിത്തുകള്‍ എല്ലാം മുളയ്ക്കണമെന്ന് നീ ആഗ്രഹിക്കുന്നു. ആ വിത്തുകളോ പ്രകൃതിയോ അത് ആഗ്രഹിക്കുന്നുണ്ടോ? അത് പ്രകൃതി നിശ്ചയിക്കട്ടെ. ആവശ്യമുള്ളവയെ മാത്രം മുളപ്പിക്കട്ടെ. എല്ലാം മുളയ്ക്കണമെന്ന് നാം ആഗ്രഹിച്ചുകൂടാ.''
ഇത്രയും പറഞ്ഞ് മുത്തശ്ശി പിന്നെയും കമ്പുകൊണ്ട് കുഴികള്‍ തീര്‍ത്തു. 

ചുള്ളി നിശ്ശബ്ദയായി പിന്നാലെ നടന്ന് കുഴികളില്‍ വിത്തിട്ടുകൊണ്ടിരുന്നു. 

എല്ലാ വിത്തുകളും മുളക്കണമെന്ന് ആഗ്രഹിക്കരുത്. ചുള്ളി വലിയൊരു പാഠം മനസ്സിലാക്കുകയായിരുന്നു. 

അവര്‍ നടന്നുനടന്ന് ഒരു മണല്‍ക്കൂന താണ്ടി. 

''ഈ ഭൂമി നമുക്ക് മാത്രം അനുഭവിക്കാനുള്ളതല്ല. എല്ലാജീവജാലങ്ങളുടേതുമാണ്.'' മുത്തശ്ശി പറഞ്ഞു. 

ചുള്ളി വിടര്‍ന്ന കണ്ണുകളോടെ മുത്തശ്ശിയുടെ വാക്കുകള്‍ കേട്ടു. 

''വരാനുള്ള തലമുറയില്‍ നിന്നും നാം കടം വാങ്ങിയതാണിത്. അവര്‍ക്കിത് തിരികെ നല്‍കണം.'' 

മുത്തശ്ശി പറഞ്ഞുകൊണ്ടിരുന്നു.

''വിത്തുകള്‍ സംസാരിക്കുന്നത് കേട്ടിട്ടുണ്ടോ?'' മുത്തശ്ശി ചോദിച്ചു. 

''അതിന്, വിത്തുകള്‍ സംസാരിക്കുമോ?''ചുള്ളി തിരിച്ചുചോദിച്ചു. 

''സംസാരിക്കും. നമുക്ക് നമ്മുടെ ഭാഷ ഉള്ളതുപോലെ അവര്‍ക്കുമുണ്ട്. നമുക്ക് പക്ഷേ, ഇപ്പോള്‍ പ്രകൃതിയുടെ ഭാഷ മനസ്സിലാവുന്നില്ല. അതുകൊണ്ടാണ് മൃഗങ്ങള്‍ നിലവിളിച്ചിട്ടും അവര്‍ കാടിന് തീയിട്ടത്...'' മുത്തശ്ശി പറഞ്ഞു. 

''മനുഷ്യരുടതോണോ പ്രകൃതി? ''ചുള്ളിതിരക്കി.

''അല്ല. എല്ലാ ജീവികളുടേതുമാണ്. പുല്ലിനും പുഴുവിനും മനുഷ്യര്‍ക്കും ഒരേ സ്ഥാനമേ ഇവിടെ ഉള്ളൂ.''മുത്തശ്ശി പറഞ്ഞു.

''എന്നിട്ട് എന്തിനാണ് അവര്‍ അവര്‍ മറ്റുജീവികളെ വേട്ടയാടുന്നത്? പ്രകൃതിയെ ഭരിക്കുന്നത്?'' ചുള്ളി ചോദിച്ചു. 

''വിവരക്കേടാണ് അത്. കാടുപോയാല്‍, മരങ്ങളും ചെടികളും മാത്രമല്ല ഇല്ലാതാകുന്നത്. ജീവന്‍ ഇല്ലാതാവും. ചെടികളുടെ വേരുകളുമായി ബന്ധം മുറിഞ്ഞാല്‍ അരുവികള്‍ ഭൂമിക്കടിയിലേയ്ക്ക് മടങ്ങിപ്പോവും. ജലമില്ലാതാകും. ജലമില്ലാതെ മനുഷ്യര്‍ക്ക് ജീവിക്കാനാവില്ല. അപ്പോഴവര്‍ വെള്ളത്തിനായി യുദ്ധം തുടങ്ങും. ഇതുവരെ ഉണ്ടാക്കിയതെല്ലാം കൂട്ടിവെച്ച് പരസ്പരം കൊല്ലും. അവസാനം ഒന്നും ഇല്ലാതാവും. ''മുത്തശ്ശി പറഞ്ഞു.

ചുള്ളി സങ്കടത്തോടെ, മണ്ണിലേക്കു നോക്കി. അവിടെ ഉറങ്ങിക്കിടന്ന വിത്തുകള്‍ മന്ദഹിക്കുന്നതായി അവള്‍ക്കു തോന്നി. 

മരുഭൂമിയില്‍ വെയില്‍ ഉറച്ചപ്പോള്‍ മുത്തശ്ശിയും ചുള്ളിയും കുടിലിലേയ്ക്ക് നടന്നു. 

(ബാക്കി നാളെ)

 

ഭാഗം ഒന്ന്: ഹുന്ത്രാപ്പി ബുസ്സാട്ടോ, ബഷീര്‍ കഥാപാത്രമായ കുട്ടികളുടെ നോവല്‍ ആരംഭിക്കുന്നു 
ഭാഗം രണ്ട്. ആ ആഞ്ഞിലിമരം എവിടെ? 
ഭാഗം മൂന്ന്: പറന്നിറങ്ങുന്ന തക്കോഡക്കോയുടെ കാലിലതാ, ഒരാള്‍!
ഭാഗം നാല്: അന്നു രാത്രി അവര്‍ കാടിനു തീയിട്ടു, പക്ഷികളും മൃഗങ്ങളും കാട്ടുമനുഷ്യരും വെന്തു മരിച്ചു
ഭാഗം അഞ്ച്: മരുഭൂമിയിലെ നീരുറവ
ഭാഗം ആറ്: മരുഭൂമി മുറിച്ചു വരുന്ന ആ ഒട്ടകങ്ങളില്‍ ശത്രുവോ മിത്രമോ?
ഭാഗം ഏഴ്: നെല്ലിക്കയുടെ രുചിയുള്ള കാട്ടമൃത്! 

ഭാഗം എട്ട്: പരല്‍മീനിനെ വലവീശും പോലെ മഞ്ഞിനെ പിടിക്കാനാവുമോ?
ഭാഗം ഒമ്പത്: ആകാശത്തേയ്ക്ക് ഒരു ജലധാര,  ചുറ്റും മഴവില്ല്! 
ഭാഗം പത്ത്: ഒരു പാവം പുലിക്ക് പറ്റിയ അമളി! 



 

Follow Us:
Download App:
  • android
  • ios