പ്രിയപ്പെട്ട കൂട്ടുകാരെ, 


എന്നാല്‍, നമുക്കൊരു നോവല്‍ വായിച്ചാലോ?
ഹുന്ത്രാപ്പി ബുസ്സാട്ടോ. 

ഈ പേര് ചിലരൊക്കെ കേട്ടിട്ടുണ്ടാവും. 
നമ്മുടെ നാട്ടിലെ ഒരേയൊരു സുല്‍ത്താന്‍ 
വൈക്കം മുഹമ്മദ് ബഷീറിന്റെ കഥയുടെ പേര്. 
ആ പേര് സ്വന്തമായി കിട്ടിയ രണ്ട് കുട്ടികളുടെ കഥയാണിത്. 
നിങ്ങളെ പോലെ രസികന്‍ കുട്ടികള്‍. 

അച്ഛനും അമ്മയും ഇട്ട പേര് ഇഷ്ടപ്പെടാത്തതിനാല്‍
ബഷീറിനെ തേടിവന്നതാണ് ആ കുട്ടികള്‍. 
ബഷീര്‍ അവര്‍ക്ക്  ഹുന്ത്രാപ്പി എന്നും ബുസ്സാട്ടോ എന്നും പേരിട്ടു. 
എന്നിട്ടോ? അവര്‍ ലോകം കാണാനിറങ്ങി. 

ഈ കഥ എഴുതിയത്, കെ പി ജയകുമാര്‍ എന്ന അങ്കിളാണ്. 
ചേര്‍ത്തല എന്‍ എസ് എസ് കോളജിലെ മലയാളം അധ്യാപകനാണ് ജയകുമാര്‍. 
പുസ്തകങ്ങളും ലേഖനങ്ങളും ഒക്കെ എഴുതുന്ന ആളാണ്.  

ഇതിലെ ചിത്രങ്ങള്‍ വരച്ചത് നിങ്ങളെ പോലൊരു കുട്ടിയാണ്. 
ജഹനാരാ എന്നാണ് അവളുടെ പേര്. 
തിരുവനന്തപുരം സര്‍വോദയ വിദ്യാലയത്തില്‍ അഞ്ചാം ക്ലാസില്‍ പഠിക്കുകയാണ്. 

അപ്പോള്‍, വായിച്ചു തുടങ്ങാം, ല്ലേ. 
ഇതു വായിച്ച് അഭിപ്രായം പറയണം. 
submissions@asianetnews.in എന്ന വിലാസത്തില്‍ മെയില്‍ അയച്ചാല്‍ മതി. 

എന്നാല്‍പിന്നെ, തുടങ്ങാം ല്ലേ...

 

 

ഒട്ടകസഞ്ചാരികള്‍

പൊന്നുരുന്തിക്ക് തീപിടിച്ചു. പക്ഷികളും മൃഗങ്ങളും, കാട്ടുമനുഷ്യരും ഉറക്കെ കരഞ്ഞു കൊണ്ട് പുറത്തേക്ക് ഓടി. കാടിന്  ചുറ്റും തീയിട്ടതിനാല്‍, അവര്‍ തീയില്‍ വീണ് മരിച്ചു. അപൂര്‍വ്വം ചില ജീവികളും കാട്ടുമനുഷ്യരും പൊള്ളലുകളോടെ രക്ഷപ്പെട്ടോടി.  തിരിഞ്ഞു നോക്കാതെ അവര്‍ എങ്ങോ പാഞ്ഞുപോയി.  

കുഞ്ഞുങ്ങള്‍ക്ക് തീറ്റതേടിപ്പോയ അമ്മക്കിളികളും മൃഗങ്ങളും സന്ധ്യക്ക് തിരിച്ചെത്തിയപ്പോള്‍ ഞെട്ടിപ്പോയി. കാട് കത്തുന്നു. എല്ലാ കുഞ്ഞുജീവികളും പിടഞ്ഞു മരിച്ചു. മരങ്ങളില്‍ നിന്നു വീണു മുളപൊട്ടിയ വിത്തുകള്‍ കത്തിച്ചാമ്പലായി. 

''പാവങ്ങള്‍. ഒരു നഗരം പണിയാനാണോ ഇവരെയെല്ലാം കൊന്നുകളഞ്ഞത്? '' ഹുന്ത്രാപ്പി ചോദിച്ചു. 

'എനിക്കറിയില്ല ചങ്ങാതിമാരേ.'' തക്കോഡക്കോ നിസ്സഹായനായി. 

''എല്ലാവരെയും കൊന്നിട്ട് എന്തിനാ ഈ നഗരം പണിയുന്നത്?'' ബുസാട്ടോയ്ക്ക് കരച്ചില്‍ വന്നു. 

''അങ്ങനെയാ എല്ലാ സ്ഥലത്തും നഗരം ഉണ്ടാക്കിയത്. അതു കൊണ്ടാ പൂങ്കാവനത്തിലെ മുത്തശ്ശി പറയുന്നത്, നഗരത്തില്‍ ചെന്നാല്‍ സ്‌നേഹമൊന്നും ഉണ്ടാവില്ലാന്ന്..''തക്കോഡക്കോ പറഞ്ഞു. 

''ശരിയാ, നഗരത്തിലേക്ക് പോകുന്നതിന്റെ തലേരാത്രിയാ അവരെന്നെ ചാക്കില്‍ കെട്ടി ഉപേക്ഷിച്ചത്.'' മ്യാമി പറഞ്ഞു. 

ബുസാട്ടോയ്ക്ക് അന്നേരം സ്‌കൂളില്‍ പഠിച്ച ഒരു കഥ ഓര്‍മ്മ വന്നു. അവള്‍ക്ക് ഏറെ പ്രിയപ്പെട്ട കഥയായിരുന്നു അത്. 

''ഞാനൊരു കഥ പറയട്ടെ...''അവള്‍ ചോദിച്ചു. 

''പറ, പറ...'' തക്കോഡക്കോ തലയാട്ടി.  

''വെള്ളപ്പൊക്കത്തില്‍ എന്നാ കഥയുടെ പേര്. സ്‌കൂളില്‍ പഠിപ്പിച്ചതാ. തകഴി എന്ന ഒരപ്പൂപ്പപ്പനാ ആ കഥ എഴുതിയത്...'' ബുസാട്ടോ പറഞ്ഞു. 

''അതെനിക്കറിയാം...'' ഹുന്ത്രാപ്പി ഒന്ന് നെഞ്ചുവിരിച്ചിരുന്നു. 

''ബുസാട്ടോ പറയട്ടെ...''തക്കോഡക്കോ പറഞ്ഞു. 

''ഇതൊരു നായയുടെ കഥ. പണ്ടുപണ്ട് ഞങ്ങളുടെ നാട്ടില്‍ വലിയ വെള്ളപ്പൊക്കമുണ്ടായി. പുഴയും പാടവും തോടുമെല്ലാം നിറഞ്ഞു. വഴികളെല്ലാം വെള്ളത്തിലായി.  വെള്ളം വീടുകളിലേക്ക് കയറിത്തുടങ്ങി. എല്ലാവരും കിട്ടിയത് എടുത്ത് രക്ഷപ്പെടാന്‍ നോക്കുകയാണ്...'' ബുസാട്ടോ പറഞ്ഞു. 

''എന്നിട്ട്...നമ്മുടെ നായ...''മ്യാമി ചോദിച്ചു. 

''നായ ഒറ്റയ്ക്കായിരുന്നില്ല.  വീട്ടുകാരും ഉണ്ടായിരുന്നു. യജമാനനും ഭാര്യയും മക്കളും. അവരുടെ ചെറിയ കുടിലിലേക്ക് വെള്ളം കയറുകയായിരുന്നു. എങ്ങനെയോ അവര്‍  കുടിലിന്റെ മേല്‍ക്കൂരയില്‍ പിടിച്ചു നിന്നു. ആരെങ്കിലും രക്ഷിക്കാന്‍ വരുന്നുണ്ടോ എന്നവര്‍ നോക്കിക്കൊണ്ടിരുന്നു...

അകലെ ഒരു വള്ളം പോവുന്നത് അവര്‍ കണ്ടു. അതില്‍ കയറിയാല്‍ രക്ഷപ്പെടാം. യജമാനന്‍ ഉറക്കെ കൂവി വിളിച്ചു. 

''കൂയ്...ഹോയ്....'' 

ആ കൂവല്‍ അവര്‍ കേട്ടെന്നു തോന്നുന്നു. വള്ളം കുടിലിനുനേരേ വന്നു. കുടിലിനോട് ചേര്‍ത്ത് അത് നിര്‍ത്തി. ആദ്യം കുട്ടികളെ കയറ്റി. പിന്നീട് യജമാനന്റെ ഭാര്യ. ഒടുവില്‍ യജമാനന്‍. എന്നിട്ട് ആ നായയെ തിരിഞ്ഞു പോലും നോക്കാതെ അവര്‍ പോയി. 

 

........................................

അവരെല്ലാം പോവുന്നതും നോക്കി നായ തണുത്തു വിറച്ച് ഇരുന്നു. മുമ്പില്‍ വെള്ളം മാത്രമാണ്. മഴ പിന്നെയും കൂടി. ഇരുട്ട് കൂടി. ഏതു നിമിഷവും കുടില്‍ മുങ്ങാം...അവന്‍ ഉറക്കെ കരഞ്ഞു.

വര: ജഹനാര\

 

അവരെല്ലാം പോവുന്നതും നോക്കി നായ തണുത്തു വിറച്ച് ഇരുന്നു. മുമ്പില്‍ വെള്ളം മാത്രമാണ്. മഴ പിന്നെയും കൂടി. ഇരുട്ട് കൂടി. ഏതു നിമിഷവും കുടില്‍ മുങ്ങാം...അവന്‍ ഉറക്കെ കരഞ്ഞു. ആരുമത് കേട്ടില്ല. ആ ഇരുപ്പില്‍ അവന്‍ മനസ്സില്‍ ഒരു കാര്യം ഉറപ്പിച്ചു: ''ഇനിയൊരിക്കലും മനുഷ്യനെ സ്‌നേഹിക്കില്ല...''

ബുസ്സാട്ടോ കഥപറഞ്ഞ് നിര്‍ത്തുമ്പോള്‍ എല്ലാവരുടേയും കണ്ണുകള്‍ നിറഞ്ഞിരുന്നു.

''മനുഷ്യര്‍ എന്താ ഇങ്ങനെ? വലിയ സ്‌നേഹം നടിക്കും. ആപത്തുവരുമ്പം തിരിഞ്ഞുനോക്കറില്ല.'' മ്യാമിക്ക് ദേഷ്യം വന്നു. 

മനുഷ്യനായിപ്പോയതില്‍ ആദ്യമായി ഹുന്ത്രാപ്പിക്കും ബുസ്സാട്ടോയ്ക്കും നാണം തോന്നി. അവര്‍ മിണ്ടാതെ നിന്നു. 

''എല്ലാ മനുഷ്യരും ഒരുപോലെയല്ല.'' തക്കോഡക്കോ പറഞ്ഞു.  മരങ്ങളെയും മനുഷ്യരെയും ജീവികളെയും എല്ലാറ്റിനെയും സ്‌നേഹിക്കുന്ന മനുഷ്യരുമുണ്ട്...'' തക്കോഡക്കോ തുടര്‍ന്നു. ഹുന്ത്രാപ്പിയും ബുസ്സാട്ടോയും ആകാംക്ഷയോടെ കാതു കൂര്‍പ്പിച്ചു. 

''പണ്ട്, പണ്ട്... പൊന്നുരുന്തി കത്തിയ കാലം.  കാട്ടുതീയില്‍പ്പെട്ട് മരിക്കാതെ ഓടിപ്പോയ കാട്ടുമനുഷ്യരില്‍ ആമി മുത്തശ്ശി ഉണ്ടായിരുന്നു. അവരും കൂട്ടരും പോയിപ്പോയി ഒരു മരുഭൂമിയിലാണെത്തിയത്. കുടിക്കാന്‍ വെള്ളമില്ല. കഴിക്കാന്‍ ഭക്ഷണമില്ല. പണ്ടെപ്പോഴോ വറ്റിപ്പോയ ഒരു നദിയുടെ പാട് മാത്രമുണ്ട്. മുത്തശ്ശിയും കൂട്ടരും ഒരു പാട് ദൂരം നടന്നു, ഇത്തിരി വെള്ളം കിട്ടാന്‍. രാവിലെ തുടങ്ങിയ നടപ്പാണ്. ഒരിറ്റുവെള്ളം കിട്ടാതെ തൊണ്ട പൊട്ടി. മരൂഭൂമിയില്‍ ചില സ്ഥലത്ത് വെള്ളമാണെന്ന് തോന്നും. അടുത്തെത്തിയാല്‍ അതവിടെ ഉണ്ടാവില്ല. അങ്ങനെ നടന്നു തളര്‍ന്ന് അവര്‍ ഒരിടത്തിരുന്നു.''

തക്കോഡക്കോ ഒന്നു നിര്‍ത്തി. എല്ലാവരും ഒന്നു ശ്വാസംവിട്ടു. 

''അപ്പോള്‍ മുത്തശ്ശി അവരോട് പറഞ്ഞു. ഇനി നടന്നിട്ടു കാര്യമില്ല. നമുക്കിവിടെ ഇരിക്കാം. മരിക്കുന്നെങ്കില്‍ മരിക്കട്ടെ. '' 

അവരെല്ലാം ആ മണല്‍ കൂമ്പാരത്തില്‍ ഇരുന്നു, അല്ല വീണു. അത്രയ്ക്ക് തളര്‍ന്നിരുന്നു. കാലൊക്കെ കുഴഞ്ഞു. കിടന്നകിടപ്പില്‍ പലരും ഉറങ്ങിപ്പോയി. ചിലര്‍ ഉറക്കത്തിലും കരയുന്നുണ്ടായിരുന്നു. ആമി മുത്തശ്ശിമാത്രം ഉറങ്ങിയില്ല.  
നേരം വൈകിയെന്നു തോന്നുന്നു. മുത്തശ്ശി കിടന്നുറങ്ങുന്നവരെ നോക്കി. ആരും ഉറങ്ങുകയല്ല. തളര്‍ന്ന് ബോധം നശിച്ച് വീണുപോയതാണ്.

''നാളെ നേരം പുലരുമ്പോള്‍ ഇതില്‍ ആരൊക്കെ ഉണരും? ''അതാലോചിച്ചപ്പോള്‍  മുത്തശ്ശി നടുങ്ങിപ്പോയി. അവര്‍ അതാലോചിച്ച് ഭയന്നു വിറച്ചു. 

മുത്തശ്ശി ഉറങ്ങിയില്ല. പാതിര കഴിഞ്ഞപ്പോള്‍ ദൂരെ ഒരു വെട്ടം കണ്ടു. ഒന്നല്ല, ഒരുപാട് വിളക്കുകള്‍. അവ അനങ്ങുന്നുണ്ട്. 

മുത്തശ്ശി എല്ലാവരെയും തട്ടിയുണര്‍ത്തി. കുറേപ്പേര്‍ ഉണര്‍ന്നു. ചിലര്‍ ഒന്നുമറിഞ്ഞില്ല. എല്ലാവരും ഭയന്നുവിറച്ച് മുത്തശ്ശിയുടെ ചുറ്റും ഇരുന്നു. 

മറ്റൊരു ദുരന്തം എത്തുകയാണോ? വിളക്കുകള്‍ കൂടുതല്‍ അടുത്തെത്തി. 

നിലാവില്‍ ആ രൂപങ്ങളെ അവര്‍ വ്യക്തമായി കണ്ടു. ഒട്ടകങ്ങള്‍! അവയുടെ മുകളില്‍ യാത്രക്കാര്‍. എല്ലാവരുടെയും കൈകളില്‍ വിളക്കുകള്‍.

''യാത്രാ സംഘമാണ്...''മുത്തശ്ശി  പറഞ്ഞു. 

എഴുന്നേല്‍ക്കാന്‍ പോലുമാകാതെ മുത്തശ്ശിയും കൂട്ടരും മണലില്‍ ചടഞ്ഞിരുന്നു. വരുന്നവര്‍ ആക്രമിച്ചാല്‍ പോലും ഓടാന്‍ പോലും പറ്റാത്ത അവസ്ഥയാണ്. 

യാത്രക്കാര്‍ അവരെ കണ്ടില്ല. അവര്‍ ഒട്ടകങ്ങളെ കുറച്ചകലെ നിര്‍ത്തി ഓരോരുത്തരായി താഴെയിറങ്ങി. പിന്നെ, വിറകു കൂട്ടിയിട്ട് തീപൂട്ടി. ഒട്ടകപ്പുറത്തുനിന്നും പാത്രങ്ങളും വെള്ളവും താഴെയിറക്കി. കുറച്ചുപേര്‍ ഈ നേരത്ത് ചെറിയ കൂടാരം കെട്ടാന്‍ തുടങ്ങി. 

കുറച്ചു കഴിഞ്ഞപ്പോള്‍ അവര്‍ തീയ്ക്ക് ചുറ്റും കൂടിയിരുന്ന് ഭക്ഷണം കഴിക്കാന്‍ തുടങ്ങി. അവര്‍ എന്തൊക്കെയോ പറയുകയും ഉറക്കെ ചിരിക്കുകയും ചെയ്തു. ആമി മുത്തശ്ശി ചെവി വട്ടം പിടിച്ച് അവരുടെ സംഭാഷണം ശ്രദ്ധിച്ചു. എന്നിട്ട് ശബ്ദം താഴ്ത്തി കൂട്ടരോടു പറഞ്ഞു.

''ശത്രുക്കളല്ല, ഏതോ കച്ചവടക്കാരാണെന്നു തോന്നുന്നു. ഏതായാലും നേരം പുലരും വരെ കാക്കാം. അവര്‍ക്ക് നമ്മളെ സഹായിക്കാനാവും.'' എല്ലാവരുടെയും മുഖത്ത് പ്രതീക്ഷയുടെ തിളക്കം വന്നു. 

രാത്രി ഏറെ വൈകിയാണ് യാത്രാ സംഘം ഉറങ്ങിയത്. ഒട്ടകങ്ങള്‍ ഒരു വശത്ത് കിടന്നുറങ്ങി.''
 
''അവര്‍ ആമി മുത്തശ്ശിയെ സഹായിച്ചോ?'' ഹുന്ത്രാപ്പിക്ക് ആകാംക്ഷ അടക്കാന്‍ കഴിഞ്ഞില്ല. 

''പിന്നെ...അവര്‍ സഹായിച്ചു.'' തക്കോഡക്കോ പറഞ്ഞു. കഥ കേട്ടുകൊണ്ടിരുന്ന മൂന്നുപേരും ഒന്നു നിശ്വസിച്ചു. 

''പിറ്റേന്നു നേരം പുലര്‍ന്നപ്പോള്‍ ആമി മുത്തശ്ശി യാത്രക്കാരുടെ അടുത്ത് ചെന്നു. അവര്‍ നഗരത്തില്‍ കച്ചവടത്തിന് പോകുന്നവരായിരുന്നു. മരുഭൂമി കടന്നുവേണം പട്ടണത്തിലെത്താന്‍. അതിന് രണ്ടു പകലും രണ്ട് രാത്രിയും യാത്ര ചെയ്യണം. രാത്രി തണുപ്പില്‍ എവിടെയെങ്കിലും കൂടാരം കെട്ടി താമസിക്കും. ഭക്ഷണം പാകം ചെയ്ത് കഴിച്ച് വിശ്രമിച്ച് അടുത്ത ദിവസം യാത്ര തുടരും.  ഓരോ സംഘത്തിലും പത്തമ്പത് ആളുകളുണ്ടാകും. ഒട്ടകപ്പുറത്ത് നിറയെ കച്ചവടത്തിനുള്ള വസ്ത്രങ്ങളും പാത്രങ്ങളും കരകൗശല സാധനങ്ങളുമാണ്. പിന്നെ യാത്രയില്‍ കഴിക്കാനുള്ള ആഹാരവും വെള്ളവും.'' 

'എന്നിട്ട്...''ഹുന്ത്രാപ്പി മുന്നോട്ട് കുനിഞ്ഞിരുന്നു. 


''മഴക്കാലം കഴിഞ്ഞാലാണ് കച്ചവടക്കാര്‍ എത്തുന്നത്. അടുത്ത മഴക്കാലം തുടങ്ങുമ്പോള്‍ അവര്‍ മടങ്ങും. നാട്ടില്‍ ചെന്ന് വീണ്ടും കമ്പിളി തുന്നും. വസ്ത്രങ്ങള്‍ നിര്‍മ്മിക്കും. അങ്ങനെ ഒരു കച്ചവടകാലം കഴിഞ്ഞ് മടങ്ങിപ്പോകുകയായിരുന്നു അവര്‍. ആമി മുത്തശ്ശിയുടേയും കൂട്ടരുടെയും കഥ കേട്ട് ആ യാത്രികര്‍ ശരിക്കും ഞെട്ടി. 

വസ്ത്രവും ഭക്ഷണവും ഇല്ലാതെ വിഷമിക്കുന്ന ആമി മുത്തശ്ശിയെയും കൂട്ടരേയും അവര്‍ സഹായിക്കാന്‍ തയ്യാറായി. യാത്രക്കാര്‍ അവര്‍ക്ക് ഭക്ഷണവും വെള്ളവും നല്‍കി. 

''മുത്തശ്ശീ.. ഈ മരുഭൂമിയുടെ അങ്ങേയറ്റത്ത് ഒരു നീര്‍ച്ചാലുണ്ട്. അവിടെ വരെ നിങ്ങള്‍ ഞങ്ങളോടൊപ്പം വാ...''

മുത്തശ്ശിക്കും കൂട്ടര്‍ക്കും സന്തോഷമായി. അവര്‍ സംഘത്തിനൊപ്പം യാത്രയായി. സന്ധ്യ ആയപ്പോള്‍ അവര്‍ ആ സ്ഥലത്ത് എത്തി. 

മരുഭൂമിയുടെ അരുകിലൂടെ ഒരു നീര്‍ച്ചാല്‍. എവിടെനിന്നോ ഒഴുകി മരുഭൂമിയില്‍ അത് അവസാനിക്കുന്നു. 

ആമി മുത്തശ്ശിയും കൂട്ടരും അതു കണ്ട് സന്തോഷം കൊണ്ട് കരഞ്ഞുപോയി. 

കച്ചവട സംഘം അവര്‍ക്ക് കുറച്ച് ഭക്ഷണ സാധനങ്ങളും പാത്രങ്ങളും നല്‍കി. എന്നിട്ട്, വീണ്ടും കാണാമെന്ന് പറഞ്ഞ് യാത്രയായി.

 

ഭാഗം ഒന്ന്: ഹുന്ത്രാപ്പി ബുസ്സാട്ടോ, ബഷീര്‍ കഥാപാത്രമായ കുട്ടികളുടെ നോവല്‍ ആരംഭിക്കുന്നു 
ഭാഗം രണ്ട്. ആ ആഞ്ഞിലിമരം എവിടെ? 
ഭാഗം മൂന്ന്: പറന്നിറങ്ങുന്ന തക്കോഡക്കോയുടെ കാലിലതാ, ഒരാള്‍!
ഭാഗം നാല്: അന്നു രാത്രി അവര്‍ കാടിനു തീയിട്ടു, പക്ഷികളും മൃഗങ്ങളും കാട്ടുമനുഷ്യരും വെന്തു മരിച്ചു