പ്രിയപ്പെട്ട കൂട്ടുകാരെ, 


എന്നാല്‍, നമുക്കൊരു നോവല്‍ വായിച്ചാലോ?
ഹുന്ത്രാപ്പി ബുസ്സാട്ടോ. 

ഈ പേര് ചിലരൊക്കെ കേട്ടിട്ടുണ്ടാവും. 
നമ്മുടെ നാട്ടിലെ ഒരേയൊരു സുല്‍ത്താന്‍ 
വൈക്കം മുഹമ്മദ് ബഷീറിന്റെ കഥയുടെ പേര്. 
ആ പേര് സ്വന്തമായി കിട്ടിയ രണ്ട് കുട്ടികളുടെ കഥയാണിത്. 
നിങ്ങളെ പോലെ രസികന്‍ കുട്ടികള്‍. 

അച്ഛനും അമ്മയും ഇട്ട പേര് ഇഷ്ടപ്പെടാത്തതിനാല്‍
ബഷീറിനെ തേടിവന്നതാണ് ആ കുട്ടികള്‍. 
ബഷീര്‍ അവര്‍ക്ക്  ഹുന്ത്രാപ്പി എന്നും ബുസ്സാട്ടോ എന്നും പേരിട്ടു. 
എന്നിട്ടോ? അവര്‍ ലോകം കാണാനിറങ്ങി. 

ഈ കഥ എഴുതിയത്, കെ പി ജയകുമാര്‍ എന്ന അങ്കിളാണ്. 
ചേര്‍ത്തല എന്‍ എസ് എസ് കോളജിലെ മലയാളം അധ്യാപകനാണ് ജയകുമാര്‍. 
പുസ്തകങ്ങളും ലേഖനങ്ങളും ഒക്കെ എഴുതുന്ന ആളാണ്.  

ഇതിലെ ചിത്രങ്ങള്‍ വരച്ചത് നിങ്ങളെ പോലൊരു കുട്ടിയാണ്. 
ജഹനാരാ എന്നാണ് അവളുടെ പേര്. 
തിരുവനന്തപുരം സര്‍വോദയ വിദ്യാലയത്തില്‍ അഞ്ചാം ക്ലാസില്‍ പഠിക്കുകയാണ്. 

അപ്പോള്‍, വായിച്ചു തുടങ്ങാം, ല്ലേ. 
ഇതു വായിച്ച് അഭിപ്രായം പറയണം. 
submissions@asianetnews.in എന്ന വിലാസത്തില്‍ മെയില്‍ അയച്ചാല്‍ മതി. 

എന്നാല്‍പിന്നെ, തുടങ്ങാം ല്ലേ...

 

 

നടന്നു നടന്ന് അവര്‍ ഒരു കാട്ടരുവിയുടെ കരയിലെത്തി. അതിലൂടൊഴുകുന്ന തെളിഞ്ഞ വെള്ളത്തില്‍ ഹുന്ത്രാപ്പിയുടേയും ബുസ്സാട്ടോയുടേയും മ്യാമിയുടേയും തക്കോഡക്കോയുടെയും പ്രതിബിംബം തെളിഞ്ഞു. അവര്‍ ആ നിഴല്‍ നോക്കി നിന്നു. 

ഹുന്ത്രാപ്പി ഒരു കല്ലെടുത്ത് വെള്ളത്തിലേയ്ക്കിട്ടു. 

ഓളങ്ങളില്‍ അവരുടെ പ്രതിബിംബങ്ങള്‍ ശിഥിലമായി. ബുസ്സാട്ടോ മെല്ലെ അരുവിയിലേയ്ക്കിറങ്ങി. 

''ഹായ്! എന്തൊരു തണുപ്പ്. തലവരെ മരവിച്ചുപോകും.'' 

വെള്ളത്തിന്റെ തണുപ്പാസ്വദിച്ചുകൊണ്ട് അവള്‍ കുറേസമയം അനങ്ങാതെ നിന്നു. 

ഹുന്ത്രാപ്പിയും മെല്ലെ അരുവിയിലിറങ്ങി. ഒരു കുമ്പിള്‍ വെള്ളം കോരിക്കുടിച്ചു. 

''ഹായ്! നെല്ലിക്കയുടെ രുചി.'' അവന്‍ മതിയാവോളം വെള്ളം കുടിച്ചു. 

പരല്‍ മീനുകള്‍ അവരുടെ കാലുകളെ ഇക്കിളിയാക്കി നീന്തിത്തുടിച്ചു. മ്യാമിയുടെ നോട്ടം മുഴുവന്‍ ആ മീനുകളിലാണ്. 

''ഈ അരുവിയുടെ പേരറിയുമോ?'' തക്കോഡക്കോ വെള്ളത്തിലേയ്ക്ക് ചാഞ്ഞു കിടക്കുന്ന മരച്ചില്ലയില്‍ പറന്നിരുന്ന് ചോദിച്ചു. 

''നെല്ലിയരുവി.'' തക്കോഡക്കോ പറഞ്ഞു

''അതെന്താ അങ്ങനെ പേരുവന്നത്? '' ബുസാട്ടോ തിരക്കി. 

''ദൂരെയൊരു മലയില്‍ നെല്ലിമരങ്ങളുടെ ഒരു കാടുണ്ട്. അവിടെ നിന്നാണ് ഈ അരുവി തുടങ്ങുന്നത്. അത് ഈ വനത്തിലൂടെ ഒഴുകി സുന്ദരിപ്പുഴയില്‍ ചെന്നു ചേരും'' തക്കോഡക്കോ പറഞ്ഞു. 

''അപ്പോള്‍ സുന്ദരിപ്പുഴക്കും നെല്ലിക്കയുടെ സ്വാദുണ്ടോ?'' ഹുന്ത്രാപ്പിയുടെ ചോദ്യം

''കാട് കടക്കുവോളം അതിന് നെല്ലിക്കയുടെ സ്വാദുണ്ട്. നാട്ടിന്‍ പുറത്തെത്തിയാല്‍ നെല്‍ക്കതിരിന്റെ മണമായി മാറും. പൊന്നുരുന്തി അണക്കെട്ടില്‍ എത്തുമ്പോഴേക്കും അത് മലിനമാകുന്നു.'' തക്കോഡക്കോ പറഞ്ഞു. 

ഠപ്പോ!

പെട്ടെന്ന് വെള്ളത്തിലേയ്ക്ക് എന്തോ വീണു.

''ഹമ്മോ!'' ഹുന്ത്രാപ്പിയും ബുസാട്ടോയും ചാടി കരയ്ക്കു കയറി. 

നോക്കുമ്പോഴുണ്ട് മ്യാമി നനഞ്ഞുകുളിച്ച് വെള്ളത്തില്‍ നിന്ന് കേറി വരുന്നു. എന്താണ് സംഭവിച്ചതെന്ന് ആര്‍ക്കും മനസ്സിലായില്ല. 

''ഹ...ഹ...ഹ അവള്‍ മീന്‍ പിടിക്കാന്‍ ചാടിയതാണ്. കൊതിച്ചി.'' തക്കോഡക്കോ വിളിച്ചു പറഞ്ഞു. 

മ്യാമി ആകെയൊന്നു ചമ്മി.

''ലോകത്തേതെങ്കിലും പൂച്ച വെള്ളത്തില്‍ ചാടി മീന്‍ പിടിച്ചിട്ടുണ്ടോ?'' ഹുന്ത്രാപ്പി കളിയാക്കി.

''പൂച്ചകളായാല്‍ മിനിമം കോമണ്‍സെന്‍സ് വേണം. നീ പൂച്ച വര്‍ഗ്ഗത്തിനാകെ നാണക്കേടുണ്ടാക്കി.'' ഹുന്ത്രാപ്പി വിടുന്ന മട്ടില്ല. 

സത്യത്തില്‍ അവള്‍ മീന്‍ പിടിക്കാന്‍ ചാടിയതായിരുന്നില്ല. അരുവിക്കരയിലെ കല്ലിന്റെ പുറത്തിരുന്നപ്പോള്‍ ഒന്നു മയങ്ങി പോയി. വീണത് പുഴയിലേക്കും. പക്ഷെ, അവള്‍ക്കത് പറഞ്ഞ് മനസ്സിലാക്കാന്‍ പറ്റിയില്ല. മീന്‍ കൊതിച്ചിയെന്ന് പേരും വീണു. ആകെ നനയുകയും ചെയ്തു. 

''അരുവിയിലെ വെള്ളോം വൃത്തികേടാക്കി.'' ഗോള്‍മുഖത്ത് തളര്‍ന്നിരുന്ന മ്യാമിയുടെ തലയിലേയ്ക്ക് ബുസ്സാട്ടോ ഗോള്‍ അടിച്ചു. 

മ്യാമി നിസ്സഹായതയോടെ അവളെ നോക്കി. ആണുങ്ങള്‍ട്ടൊപ്പം കൂടി പെണ്ണുങ്ങളെ ഒറ്റപ്പെടുത്തിയ ബുസ്സാട്ടോയുടെ ഡയലോഗിന് പറ്റിയ സമയം വരുമ്പോള്‍ തിരിച്ചടി നല്‍കാന്‍ മ്യാമി മനസ്സിലുറച്ചു. മെല്ലെ വെയിലത്തേയ്ക്ക് നീങ്ങി നിന്ന് അവള്‍ ശരീരം ഉണക്കാന്‍ തുടങ്ങി.

 

................................

നടന്നു നടന്ന് അവര്‍ ഒരു കാട്ടരുവിയുടെ കരയിലെത്തി. അതിലൂടൊഴുകുന്ന തെളിഞ്ഞ വെള്ളത്തില്‍ ഹുന്ത്രാപ്പിയുടേയും ബുസ്സാട്ടോയുടേയും മ്യാമിയുടേയും തക്കോഡക്കോയുടെയും പ്രതിബിംബം തെളിഞ്ഞു.

 വര: ജഹനാര

 

നെല്ലിയരുവിയുടെ കരയില്‍ നാല്‍വര്‍ സംഘം ഇരുന്നു. 

''നമുക്ക് ഈ അരുവിയുടെ തുടക്കത്തിലേയ്ക്ക് പോയാലോ?'' ബുസ്സാട്ടോയാണ് ആ നിര്‍ദ്ദേശം മുന്നോട്ടുവെച്ചത്. 

''പോകാം. നിറയെ നെല്ലിക്ക കിട്ടും...'' ഹുന്ത്രാപ്പിക്കും ആവേശമായി. 

''ഈ അരുവിയുടെ കരയിലൂടെ നടന്നാല്‍ അവിടെയെത്താം. പക്ഷെ, നല്ല ദൂരമുണ്ട്. തേവര്‍കുടിയിലെത്തി മുത്തശ്ശിയെ കണ്ടിട്ട് നമുക്ക് അവിടേയ്ക്ക് പോകാം.'' തക്കോഡക്കോ പറഞ്ഞു. 

''തേവര്‍കുടിയിലെത്താന്‍ ഏതു വഴിക്കാ പോവേണ്ടത്?'' ബുസ്സാട്ടോ തിരക്കി. 

''അത് ഈ അരുവിയുടെ തീരത്താണ്.'' തക്കോഡക്കോ പറഞ്ഞു.

''ങേ, ഇവിടെയോ'' ബുസ്സാട്ടോ അതിശയത്തോടെ അവളെ നോക്കി. 

''അറിയുമോ, പണ്ട് ആമിമുത്തശ്ശിയും കൂട്ടരും കുടിലുകെട്ടി പാര്‍ത്തത് ഈ അരുവിക്കരയിലായിരുന്നു.'' തക്കോഡക്കോ പറഞ്ഞു. 

''ങേ?! അത് മരുഭൂമിയായിരുന്നില്ലേ?'' ബുസ്സാട്ടോ ചോദിച്ചു. 

''അതേ, ആ മരുഭൂമിയാണ് ഈ മഹാവനമായത്. വെള്ളമില്ലാതെ വറ്റിക്കിടന്ന അന്നത്തെ അരുവിയാണ് ഈ കാണുന്ന നെല്ലിയരുവി.'' തക്കു പറഞ്ഞു. 

''അപ്പോള്‍ ആമി മുത്തശ്ശി?''  ഹുന്ത്രാപ്പിയും ബുസ്സാട്ടോയും ആകാംക്ഷയോടെ തിരക്കി. 

തക്കോഡക്കോ ആമി മുത്തശ്ശിയുടെ കഥയിലേക്ക് അവരെ കൂട്ടിക്കൊണ്ടുപോയി. 

നെല്ലിയരുവിയുടെ തീരത്തുകൂടി അവര്‍ കഥകേട്ടു നടന്നു.