നെല്ലിക്കയുടെ രുചിയുള്ള കാട്ടമൃത്!

By K P JayakumarFirst Published Jul 12, 2021, 4:32 PM IST
Highlights

ഹുന്ത്രാപ്പിബുസാട്ടോ. വൈക്കം മുഹമ്മദ് ബഷീര്‍ കഥാപാത്രമായി വരുന്ന കുട്ടികളുടെ നോവല്‍ ഭാഗം 7.  രചന: കെ പി ജയകുമാര്‍. രേഖാചിത്രം: ജഹനാര. 

പ്രിയപ്പെട്ട കൂട്ടുകാരെ, 


എന്നാല്‍, നമുക്കൊരു നോവല്‍ വായിച്ചാലോ?
ഹുന്ത്രാപ്പി ബുസ്സാട്ടോ. 

ഈ പേര് ചിലരൊക്കെ കേട്ടിട്ടുണ്ടാവും. 
നമ്മുടെ നാട്ടിലെ ഒരേയൊരു സുല്‍ത്താന്‍ 
വൈക്കം മുഹമ്മദ് ബഷീറിന്റെ കഥയുടെ പേര്. 
ആ പേര് സ്വന്തമായി കിട്ടിയ രണ്ട് കുട്ടികളുടെ കഥയാണിത്. 
നിങ്ങളെ പോലെ രസികന്‍ കുട്ടികള്‍. 

അച്ഛനും അമ്മയും ഇട്ട പേര് ഇഷ്ടപ്പെടാത്തതിനാല്‍
ബഷീറിനെ തേടിവന്നതാണ് ആ കുട്ടികള്‍. 
ബഷീര്‍ അവര്‍ക്ക്  ഹുന്ത്രാപ്പി എന്നും ബുസ്സാട്ടോ എന്നും പേരിട്ടു. 
എന്നിട്ടോ? അവര്‍ ലോകം കാണാനിറങ്ങി. 

ഈ കഥ എഴുതിയത്, കെ പി ജയകുമാര്‍ എന്ന അങ്കിളാണ്. 
ചേര്‍ത്തല എന്‍ എസ് എസ് കോളജിലെ മലയാളം അധ്യാപകനാണ് ജയകുമാര്‍. 
പുസ്തകങ്ങളും ലേഖനങ്ങളും ഒക്കെ എഴുതുന്ന ആളാണ്.  

ഇതിലെ ചിത്രങ്ങള്‍ വരച്ചത് നിങ്ങളെ പോലൊരു കുട്ടിയാണ്. 
ജഹനാരാ എന്നാണ് അവളുടെ പേര്. 
തിരുവനന്തപുരം സര്‍വോദയ വിദ്യാലയത്തില്‍ അഞ്ചാം ക്ലാസില്‍ പഠിക്കുകയാണ്. 

അപ്പോള്‍, വായിച്ചു തുടങ്ങാം, ല്ലേ. 
ഇതു വായിച്ച് അഭിപ്രായം പറയണം. 
submissions@asianetnews.in എന്ന വിലാസത്തില്‍ മെയില്‍ അയച്ചാല്‍ മതി. 

എന്നാല്‍പിന്നെ, തുടങ്ങാം ല്ലേ...

 

 

സമയം ഉച്ചതിരിഞ്ഞു. 

കഥ പറഞ്ഞുപറഞ്ഞ് ഒരു പാടു ദൂരം കഴിഞ്ഞത് ഹുന്ത്രാപ്പിയും ബുസ്സാട്ടോയും മ്യാമിയും തക്കുവും അറിഞ്ഞില്ല. എങ്കിലും അവര്‍ക്ക് ക്ഷീണം തുടങ്ങി. മലഞ്ചെരുവില്‍ കണ്ട ഒരു പാറയുടെ പുറത്ത് ബുസ്സാട്ടോ കയറിയിരുന്നു. അവള്‍ തളര്‍ന്നിരിക്കുന്നു. ഹുന്ത്രാപ്പിയാണെങ്കില്‍ എങ്ങനെയും പൂക്കളുടെ താഴ്‌വരയില്‍ എത്തണമെന്ന ചിന്തയിലാണ്. കിട്ടാന്‍ പോകുന്ന പഴങ്ങളുടെയും തേനിന്റെയും സ്വപ്നത്തില്‍ അവന്‍ ക്ഷീണം മറന്നു.

''നമുക്കു നടക്കാം. ഇനി കുറച്ചു ദൂരമേയുള്ളു.'' -ഹുന്ത്രാപ്പി ആവേശത്തോടെ പറഞ്ഞു. 

''നീ പൊയ്ക്കോ. ഞങ്ങളില്ല. ദാഹിച്ചിട്ട് വയ്യ.'' ബുസ്സാട്ടോയും മ്യാമിയും പാറപ്പുറത്ത് ഒറ്റയിരുപ്പാണ്. 

''ഇവിടെയെങ്ങും വെള്ളമുണ്ടാവും എന്ന് തോന്നുന്നില്ല. കുറച്ചുകൂടെ നടന്നാല്‍ ചിലപ്പോള്‍ വല്ല അരുവിയും കാണും. നമുക്ക് നടക്കാം.'' ഹുന്ത്രാപ്പിയുടെ നിര്‍ദ്ദേശം ആരും സ്വീകരിച്ചില്ല. 

പരിസരത്തൊക്കെ ചുറ്റിനടന്ന് എന്തോ കണ്ടുപിടിച്ചതുപോലെ തക്കോഡക്കോ അങ്ങോട്ട് വന്നു പറഞ്ഞു. ''കുടിക്കാനുള്ള വെള്ളം ഞാനിപ്പോള്‍ തരാം.'' 

അവന്‍ എന്തോ സൂത്രം കണ്ടുപിടിച്ചിരിക്കുന്നു. 

അവര്‍ ഇരുന്ന പാറയോട് ചേര്‍ന്ന് ഒരു മരം പടര്‍ന്നുപന്തലിച്ച് നിന്നിരുന്നു.  മരത്തെ ചുറ്റിക്കിടന്ന കാട്ടു വള്ളി ചൂണ്ടിക്കാട്ടി തക്കു പറഞ്ഞു.

''ഇതാണ്  കാട്ടമൃത്.'' തക്കോഡക്കോ പറഞ്ഞു.

''കാട്ടമൃതോ? അതെന്താ?'' കുട്ടികള്‍ക്ക് മനസ്സിലായില്ല.

''കാട്ടമൃത്. കാട്ടില്‍ കാണുന്ന അസാധാരണമായ ഒരു വള്ളിച്ചെടിയാണ്. അതിന്റെ വള്ളിക്ക് വടംപോലെ നല്ല ഉറപ്പാണ്. കുരങ്ങുകളും അണ്ണാറക്കണ്ണനുമൊക്കെ അതില്‍ ഊഞ്ഞാലാടാന്‍ വരും. പിന്നെ കാട്ടമൃതിന് വേറൊരു പ്രത്യേകത കൂടിയുണ്ട്. ഈ ചെടി അതിന്റെ നീളന്‍ തണ്ടിനുള്ളില്‍ ശുദ്ധജലം ശേഖരിച്ചുവക്കും. അമൃതുപോലെ ശുദ്ധമായ വെള്ളം'' 

തക്കോഡക്കോ ആ കാട്ടുവള്ളിയുടെ ഒരറ്റം മുറിച്ചു. എന്നിട്ട് ബുസാട്ടോയ്ക്ക് കൊടുത്തു. ''ഇത് വായില്‍ വെച്ച് വലിച്ച് കുടിച്ചോളു. ധാരാളം വെള്ളമുണ്ടാകും.'' 

ബുസാട്ടോ വെള്ളം വലിച്ചു കുടിച്ചു. ''ഹായ്! നല്ല തണുത്തവെള്ളം. നെല്ലിക്കയുടെ രുചി.'' 

എല്ലാവരും മതിയാവോളം വെള്ളം കുടിച്ചു.

''ഒരിക്കല്‍ ആമി മുത്തശ്ശിയാണ് കാട്ടമൃത് എനിക്ക് കാണിച്ചു തന്നത്. കാട്ടില്‍ പ്രകൃതി സ്ഥാപിച്ച പൈപ്പ് ലൈനാണിത്.'' തക്കോഡക്കോ വിശദീകരിച്ചു. 

''ഈ ചെടിക്ക് എവിടുന്നാ വെള്ളം?'' ഹുന്ത്രാപ്പിക്ക് സംശയം. 

 

..........................................

തക്കോഡക്കോ ആ കാട്ടുവള്ളിയുടെ ഒരറ്റം മുറിച്ചു. എന്നിട്ട് ബുസാട്ടോയ്ക്ക് കൊടുത്തു. ''ഇത് വായില്‍ വെച്ച് വലിച്ച് കുടിച്ചോളു. ധാരാളം വെള്ളമുണ്ടാകും.'' 

വര: ജഹനാര

 

''ഈ വള്ളിയുടെ വേരുകള്‍ മണ്ണിലൂടെ ആഴത്തില്‍ ചെന്ന് ജലം സംഭരിക്കുന്നു. എന്നിട്ട് ആ വെള്ളം അതിന്റെ തണ്ടുകളില്‍ സൂക്ഷിച്ചുവെയ്ക്കും. നമ്മളെപ്പോലെ നടന്നു മടുത്ത് വരുന്നവര്‍ക്ക് വെള്ളം കൊടുക്കാന്‍. കാടിന്റെ കെുടിവെള്ള ടാപ്പാണ് ഇത്.'' 

തക്കോഡക്കോ പറഞ്ഞു നിര്‍ത്തി. പിന്നെ ഗൗരവത്തില്‍ അങ്ങനെ നിന്നു. 

''തക്കൂ..ദേ, നോക്ക്യേ. അതാ, ഒരു കാരയ്ക്കാമരം നിറയെ പഴങ്ങള്‍.'' മ്യാമിയാണ് അത് കണ്ടു പിടിച്ചത്. എല്ലാവര്‍ക്കും സന്തോഷമായി. അവര്‍ മരച്ചുവട്ടിലേക്ക് ഓടി. 

''ഞാന്‍ കേറിപ്പറിക്കാം, നിങ്ങളെല്ലാവരും താഴെ നിന്നാല്‍ മതി.'' ഹുന്ത്രാപ്പി വിളിച്ചു പറഞ്ഞുകൊണ്ട് ആദ്യം തന്നെ ഓടി. 

മ്യാമിയും തക്കുവും ബുസ്സാട്ടോയും ചെല്ലുമ്പോഴുണ്ട് ഹുന്ത്രാപ്പി ഇളിഭ്യനായി മരച്ചുവട്ടില്‍ നില്‍ക്കുന്നു. അത് ഹുന്ത്രാപ്പിക്ക് കയറാന്‍ പറ്റാത്തത്ര വലിയ മരമായിരുന്നു. 

''ഹൊ! ഇതൊരു വലിയ മരമാ....'' അവന്‍ അറിയാതെ പറഞ്ഞുപോയി. 

എല്ലാവരും ചിരിച്ചു. എന്നിട്ട് മരത്തിന്റെ താഴെ  വന്ന് മുകളിലേയ്ക്ക് നോക്കി നിന്നു.

''നിങ്ങള്‍ ഇവിടെ നിന്നോളൂ.. ഞാന്‍ പഴങ്ങള്‍ പറിച്ച് താഴേക്കിടാം.'' തക്കോഡക്കോ മുകളിലേക്ക് പറന്നുയര്‍ന്നു. അല്‍പ്പം കഴിഞ്ഞപ്പോള്‍ കാരയ്ക്ക പഴങ്ങള്‍ മഴപോലെ പെയ്തു.

കൈനിറയെ പഴങ്ങള്‍ വാരി താങ്ങിപ്പിടിച്ച് എല്ലാവരും പഴയ പാറപ്പുറത്തേ് തിരിച്ചെത്തി. 

കാരയ്ക്ക തിന്നുതിന്ന് ഹുന്ത്രാപ്പിയുടെ വയര്‍ വീര്‍ത്തു. വയറു നിറഞ്ഞപ്പോള്‍ ഹുന്താപ്പിക്ക് നടക്കാന്‍ വയ്യ. അവന്‍ പാറപ്പുറത്ത് ആകാശം നോക്കി കിടന്നു. 

''ആമി മുത്തശ്ശിയേം കൂട്ടുകാരെയും കാട്ടില്‍  നിന്നോടിച്ചത് എന്തൊരു കഷ്ടമാണ്.'' 

ബുസ്സാട്ടോ ആത്മഗതം പോലെ പറഞ്ഞു. ''കാട്ടിലെന്തു രസമാണ്.  പഴങ്ങളും കാട്ടമൃതും തേനും കാട്ടരുവിയും നിറയെ മാന്‍കൂട്ടങ്ങളും...'' അവള്‍ സങ്കടപ്പെട്ടു. 

''പാവം മുത്തശ്ശി... മരുഭൂമിയില്‍ വെള്ളവുമില്ല... തിന്നാനുമില്ല.'' ഹുന്ത്രാപ്പിക്കും സങ്കടമായി. 

കാട്ടമൃതും കാട്ടുപഴങ്ങളും കഴിച്ച് പാറപ്പുറത്ത് കാറ്റുകൊണ്ട് കിടക്കവെ അവരുടെ മനസ്സ് ആമി മുത്തശ്ശിയുടെയും കൂട്ടുകാരുടെയും കഥകളിലേക്ക് മടങ്ങിപ്പോയി. 

''ആ സൂര്യഗുലുവിന്  മുത്തശ്ശിയെ സഹായിക്കാന്‍ കഴിയുമോ?''ബുസസാട്ടോയുടെയും മനസ്സിലുള്ള ആ സംശയം ഹുന്ത്രാപ്പി ഉറക്കെ ചോദിച്ചു. 

 

ഭാഗം ഒന്ന്: ഹുന്ത്രാപ്പി ബുസ്സാട്ടോ, ബഷീര്‍ കഥാപാത്രമായ കുട്ടികളുടെ നോവല്‍ ആരംഭിക്കുന്നു 
ഭാഗം രണ്ട്. ആ ആഞ്ഞിലിമരം എവിടെ? 
ഭാഗം മൂന്ന്: പറന്നിറങ്ങുന്ന തക്കോഡക്കോയുടെ കാലിലതാ, ഒരാള്‍!
ഭാഗം നാല്: അന്നു രാത്രി അവര്‍ കാടിനു തീയിട്ടു, പക്ഷികളും മൃഗങ്ങളും കാട്ടുമനുഷ്യരും വെന്തു മരിച്ചു
ഭാഗം അഞ്ച്: മരുഭൂമിയിലെ നീരുറവ
ഭാഗം ആറ്: മരുഭൂമി മുറിച്ചു വരുന്ന ആ ഒട്ടകങ്ങളില്‍ ശത്രുവോ മിത്രമോ?

click me!