പ്രിയപ്പെട്ട കൂട്ടുകാരെ, 


എന്നാല്‍, നമുക്കൊരു നോവല്‍ വായിച്ചാലോ?
ഹുന്ത്രാപ്പി ബുസ്സാട്ടോ. 

ഈ പേര് ചിലരൊക്കെ കേട്ടിട്ടുണ്ടാവും. 
നമ്മുടെ നാട്ടിലെ ഒരേയൊരു സുല്‍ത്താന്‍ 
വൈക്കം മുഹമ്മദ് ബഷീറിന്റെ കഥയുടെ പേര്. 
ആ പേര് സ്വന്തമായി കിട്ടിയ രണ്ട് കുട്ടികളുടെ കഥയാണിത്. 
നിങ്ങളെ പോലെ രസികന്‍ കുട്ടികള്‍. 

അച്ഛനും അമ്മയും ഇട്ട പേര് ഇഷ്ടപ്പെടാത്തതിനാല്‍
ബഷീറിനെ തേടിവന്നതാണ് ആ കുട്ടികള്‍. 
ബഷീര്‍ അവര്‍ക്ക്  ഹുന്ത്രാപ്പി എന്നും ബുസ്സാട്ടോ എന്നും പേരിട്ടു. 
എന്നിട്ടോ? അവര്‍ ലോകം കാണാനിറങ്ങി. 

ഈ കഥ എഴുതിയത്, കെ പി ജയകുമാര്‍ എന്ന അങ്കിളാണ്. 
ചേര്‍ത്തല എന്‍ എസ് എസ് കോളജിലെ മലയാളം അധ്യാപകനാണ് ജയകുമാര്‍. 
പുസ്തകങ്ങളും ലേഖനങ്ങളും ഒക്കെ എഴുതുന്ന ആളാണ്.  

ഇതിലെ ചിത്രങ്ങള്‍ വരച്ചത് നിങ്ങളെ പോലൊരു കുട്ടിയാണ്. 
ജഹനാരാ എന്നാണ് അവളുടെ പേര്. 
തിരുവനന്തപുരം സര്‍വോദയ വിദ്യാലയത്തില്‍ അഞ്ചാം ക്ലാസില്‍ പഠിക്കുകയാണ്. 

അപ്പോള്‍, വായിച്ചു തുടങ്ങാം, ല്ലേ. 
ഇതു വായിച്ച് അഭിപ്രായം പറയണം. 
submissions@asianetnews.in എന്ന വിലാസത്തില്‍ മെയില്‍ അയച്ചാല്‍ മതി. 

എന്നാല്‍പിന്നെ, തുടങ്ങാം ല്ലേ...

 

 

കണ്ടല്‍പുരം

''പൂങ്കാവനത്തിന്റെ കഥകേള്‍ക്കും മുമ്പ് നിങ്ങള്‍ പൊന്നുരുന്തിയുടെ കഥയറിയണം.'' തക്കോഡക്കോ പറഞ്ഞു. 

ഹുന്ത്രാപ്പിയും ബുസാട്ടോയും മ്യാമിയും കഥയിലേക്ക് കാത് കൂര്‍പ്പിച്ചു. 

''പണ്ട് പണ്ട് പൊന്നുരുന്തി എന്നൊരു മഹാവനമുണ്ടായിരുന്നു. അല്ല, പൊന്നുരുന്തി ഒരു പുഴയായിരുന്നു. അല്ലെങ്കില്‍... പുഴക്കും കാടിനും ഒരേ പേരായിരുന്നു.'' തക്കോഡക്കോ പറഞ്ഞു തുടങ്ങി.

ഹുന്ത്രാപ്പിയും ബുസ്സാട്ടോയും മ്യാമിയും ആ കഥയിലേക്ക് മനസ്സ് ചേര്‍ത്തുവെച്ചു. 

അവരുടെ ഒരു കാടിന്റെ കാഴ്ച വന്നുനിന്നു. കിളികളും മൃഗങ്ങളും മനുഷ്യരും കാടും കാട്ടരുവികളുമുള്ള കാട്. അതിനരികെ കാട്ടരുവി. അതില്‍ നിറയെ മീനുകള്‍. കരയില്‍ തേന്‍ചുരത്തുന്ന പൂക്കള്‍. തേന്‍ കൂടുകളില്‍ തേനീച്ചക്കൂട്ടങ്ങള്‍.  

''പൊന്നുരുന്തിക്കാടുകള്‍ക്ക് കുറുകെയാണ് പൊന്നുരുന്തിപ്പുഴ ഒഴുകിയിരുന്നത്.  ഒട്ടും തിരക്കു കൂട്ടാതെ. ഏതു മഴയത്തും കലങ്ങിച്ചുവക്കാതെ അത്  ശാന്തമായൊഴുകി. എന്നിട്ട്, കാടിനപ്പുറത്ത് സമതലങ്ങളിലെവിടെയോ പോയി മറഞ്ഞു.'' 

''അവിടെ മനുഷ്യരുമുണ്ടായിരുന്നോ?''ഹുന്ത്രാപ്പി ചോദിച്ചു. 

''ഉണ്ടായിരുന്നു. കാട്ടിലെ മറ്റേത് ജീവികളെയും പോലെ, ആദിമമായ മനുഷ്യര്‍. ''

ഒന്നു നിര്‍ത്തി തക്കോഡക്കോ കഥ തുടര്‍ന്നു. 

ഒരിക്കല്‍ പുഴയുടെ വഴിയെ കുറേ മനുഷ്യര്‍ നാട്ടില്‍നിന്നും വന്നു. അവര്‍ കാട്ടിലെത്തി വന്‍മരങ്ങളുടെ പൊക്കവും വണ്ണവും അളന്നു. പിന്നെ, പുഴയില്‍ തോട്ടയെറിഞ്ഞ് മീനുകളെ വേട്ടയാടി ചുട്ടുതിന്നു. കാട്ടില്‍ കൂടാരം ഉണ്ടാക്കി അവര്‍ ഏറെ നാള്‍ താമസിച്ചു. 

പിന്നീടൊരുദിവസം കാടുണര്‍ന്നപ്പോള്‍ ആ കൂടാരങ്ങളോ അതിലെ മനുഷ്യരെയോ കണ്ടില്ല. അവര്‍ സ്ഥലം വിട്ടിരുന്നു. 

പിന്നെയും കാലങ്ങള്‍ കടന്നുപോയി. പൊന്നുരുന്തി ശാന്തമായി ഒഴുകി. 

അങ്ങനെയിരിക്കെ, ഒരു ദിവസം  കാടിന്റെ അതിര്‍ത്തിയില്‍ വലില ബഹളം കേട്ടു. പക്ഷികള്‍ മാനത്തേക്കുയര്‍ന്നുപറന്ന് നോക്കി. എന്നിട്ടു വന്നു പറഞ്ഞു, ''നാട്ടില്‍നിന്നും കാട്ടിലേക്ക് ഒരു വഴിവെട്ടുന്നുണ്ട്.'' 

അത് ശരിയായിരുന്നു. പതിയെപ്പതിയെ, പുഴയുടെ അടുത്തുകൂടി ഒരു വഴിയുണ്ടായി. ആ വഴിയിലൂടെ പിന്നീട് വലിയ ലോറികള്‍വന്നു. ലോറികളില്‍ ഒരുപാട് മനുഷ്യര്‍ ഉണ്ടായിരുന്നു. അവര്‍ കാട്ടിലെ വന്‍മരങ്ങള്‍ മുറിച്ച് ലോറികളിലാക്കി പോയി. ഭയന്നുവിറച്ച പക്ഷികളും മൃഗങ്ങളും കാടിന്റെ അങ്ങേമൂലയിലേക്ക് ഓടിപ്പോയി. മീനുകള്‍ നദിയുടെ അടിയിലെവിടെയോ ഒളിച്ചുകളഞ്ഞു. 

കാട്ടിലെ മനുഷ്യര്‍ വെറുതെ നിന്നില്ല. അവര്‍ അമ്പും വില്ലും കവണയുമെടുത്ത് മരങ്ങള്‍ക്ക് കാവല്‍ നിന്നു. പക്ഷെ, സമതലത്തില്‍ നിന്നുവന്നവരുടെ കൈയ്യില്‍ മൂര്‍ച്ചയുള്ള ആയുധങ്ങളും തോക്കുകളും വെടിക്കോപ്പുകളുമുണ്ടായിരുന്നു. 

 

.........................................

കാട് ദിവസങ്ങളോളം നിന്നു കത്തി. തീയണഞ്ഞപ്പോള്‍ കാടിരുന്നിടത്ത് വലിയൊരു ചാരക്കൂന മാത്രം ബാക്കിയായി. അവിടെ ഒരു കാടുണ്ടായിരുന്നു എന്നാരും പറയാത്ത വിധം വെറും ചാരം. 

വര: ജഹനാര

 

അന്നു രാത്രി, അവര്‍ കാടിനു തീയിട്ടു. പക്ഷികളും മൃഗങ്ങളും കാട്ടുമനുഷ്യരും വെന്തു മരിച്ചു. കുറെപ്പേര്‍ ഇരുട്ടില്‍ ദിക്കറിയാതെ എങ്ങോട്ടൊക്കെയോ ചിതറിയോടി. എവിടെയും നിലവിളികള്‍മാത്രം...
  
ആ രാത്രിമുതല്‍ പൊന്നുരുന്തിക്ക് ചുവന്ന നിറമായിരുന്നു. കാട് ദിവസങ്ങളോളം നിന്നു കത്തി. തീയണഞ്ഞപ്പോള്‍ കാടിരുന്നിടത്ത് വലിയൊരു ചാരക്കൂന മാത്രം ബാക്കിയായി. അവിടെ ഒരു കാടുണ്ടായിരുന്നു എന്നാരും പറയാത്ത വിധം വെറും ചാരം. 

''പൊന്നുരുന്തിയില്‍ പിന്നീട് എന്തുണ്ടായി?'' ബുസാട്ടോ ആകാംക്ഷയോടെ ചോദിച്ചു. 

''അവര്‍ മലകള്‍ ഇടിച്ചു നിരത്തി. പുഴയുടെ കുറുകെ കൂറ്റന്‍ അണക്കെട്ടു വന്നു. ചെറിയ ചെറിയ കാട്ടരുവികളെ വഴിതിരിച്ചുവിട്ടു. വെള്ളമെല്ലാം അണക്കെട്ടിലേക്ക് ഒഴുകി.  നാട്ടിലേക്ക് ശാന്തമായി ഒഴുകിപ്പോയിരുന്ന നദി വെള്ളം കെട്ടിക്കിടന്ന് വീര്‍ത്തുവീര്‍ത്തുവന്നു. വെള്ളം തീരത്തേക്കു കയറിക്കൊണ്ടിരുന്നു. ചെറിയകുന്നുകളും താഴ്വരകളുമെല്ലാം വെള്ളത്തിനടിയിലായി. എവിടെയും വെള്ളം മാത്രം. 

മഴയത്ത് നിറഞ്ഞും വേനലില്‍ മെലിഞ്ഞും പൊന്നുരുന്തി അണക്കെട്ടില്‍ ജയിലിലായത് പോലെ കഴിഞ്ഞു. 

''പണ്ട് കാട് നിന്ന ആ സ്ഥലമാണ് ഇന്നത്തെ കണ്ടല്‍പുരം. മഹാനഗരം. ''

തക്കോഡക്കോ പറഞ്ഞു നിര്‍ത്തി. 

''അമ്പോ! കണ്ടല്‍പുരം പണ്ട് കാടാരുന്നോ?'' ബുസാട്ടോക്ക് അത്ഭുതം അടക്കാന്‍ കഴിഞ്ഞില്ല. 

''അതു മാത്രമല്ല, ഇന്നു നാം കാണുന്ന പല വന്‍നഗരങ്ങളും പണ്ട് കാടായിരുന്നു.'' 

തക്കോഡക്കോ പറഞ്ഞു. 

അടുത്തെവിടെയോനിന്ന് കാട്ടുചെമ്പകത്തിന്റെ മണവുമായി കാറ്റ് അവരെ കടന്നുപോയി. അവര്‍ ഒരു കുന്നിന്‍ ചെരുവിലൂടെ താഴ്വരയിലേക്ക് നടക്കുകയായിരുന്നു. പച്ചിലക്കാടുകള്‍ക്കിടയില്‍ പലനിറങ്ങളില്‍ പൂത്തുനില്‍ക്കുന്ന മരങ്ങള്‍. ഹുന്ത്രാപ്പിയും ബുസാട്ടോയും അത്ഭുതത്തോടെ അത് കണ്ടു. 

ആര്‍ക്കും ഒന്നും പറയാന്‍ തോന്നുന്നുണ്ടായിരുന്നില്ല. നെഞ്ചിനുള്ളില്‍ ഒരു നദി ഒഴുകാനാവാതെ കുടങ്ങിക്കിടക്കുന്നതായി ബുസാട്ടോക്ക് തോന്നി.

''തേവര്‍കുടിയിലേക്ക് ഇനി എത്ര നടക്കണം?'' ഹുന്ത്രാപ്പി ചോദിച്ചു. 

''അടുത്താ...ഈ കുന്ന് കഴിഞ്ഞ ഉടനെ'' തക്കോഡക്കോ പറഞ്ഞു.    
   
''പൂക്കളുടെ താഴ്‌വര പണ്ട് മരുഭൂമിയായിരുന്നു എന്നല്ലേ പറഞ്ഞത്? പിന്നെങ്ങനാ അത് ഇന്നത്തെ പോലെ വലിയ കാടായി മാറിയത്?'' ബുസ്സാട്ടോ നടപ്പു നിര്‍ത്തി ചോദിച്ചു.   

''അതെ, മരുഭൂമിയായിരുന്നു. ഒരു മരവുമില്ലാത്ത വെറും ഭൂമി.'' തക്കോഡക്കോ പറഞ്ഞു. 

എന്നിട്ട് പിന്നെയും കഥ പറഞ്ഞു. കാടിനു തീപിടിച്ച ആ രാത്രിയുടെ മറ്റൊരു കഥ. 

അടുത്ത ഭാഗം നാളെ

 

 

ഭാഗം ഒന്ന്: ഹുന്ത്രാപ്പി ബുസ്സാട്ടോ, ബഷീര്‍ കഥാപാത്രമായ കുട്ടികളുടെ നോവല്‍ ആരംഭിക്കുന്നു 

ഭാഗം രണ്ട്. ആ ആഞ്ഞിലിമരം എവിടെ? 
ഭാഗം മൂന്ന്: പറന്നിറങ്ങുന്ന തക്കോഡക്കോയുടെ കാലിലതാ, ഒരാള്‍!

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ  അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona