പ്രിയപ്പെട്ട കൂട്ടുകാരെ, 


എന്നാല്‍, നമുക്കൊരു നോവല്‍ വായിച്ചാലോ?
ഹുന്ത്രാപ്പി ബുസ്സാട്ടോ. 

ഈ പേര് ചിലരൊക്കെ കേട്ടിട്ടുണ്ടാവും. 
നമ്മുടെ നാട്ടിലെ ഒരേയൊരു സുല്‍ത്താന്‍ 
വൈക്കം മുഹമ്മദ് ബഷീറിന്റെ കഥയുടെ പേര്. 
ആ പേര് സ്വന്തമായി കിട്ടിയ രണ്ട് കുട്ടികളുടെ കഥയാണിത്. 
നിങ്ങളെ പോലെ രസികന്‍ കുട്ടികള്‍. 

അച്ഛനും അമ്മയും ഇട്ട പേര് ഇഷ്ടപ്പെടാത്തതിനാല്‍
ബഷീറിനെ തേടിവന്നതാണ് ആ കുട്ടികള്‍. 
ബഷീര്‍ അവര്‍ക്ക്  ഹുന്ത്രാപ്പി എന്നും ബുസ്സാട്ടോ എന്നും പേരിട്ടു. 
എന്നിട്ടോ? അവര്‍ ലോകം കാണാനിറങ്ങി. 

ഈ കഥ എഴുതിയത്, കെ പി ജയകുമാര്‍ എന്ന അങ്കിളാണ്. 
ചേര്‍ത്തല എന്‍ എസ് എസ് കോളജിലെ മലയാളം അധ്യാപകനാണ് ജയകുമാര്‍. 
പുസ്തകങ്ങളും ലേഖനങ്ങളും ഒക്കെ എഴുതുന്ന ആളാണ്.  

ഇതിലെ ചിത്രങ്ങള്‍ വരച്ചത് നിങ്ങളെ പോലൊരു കുട്ടിയാണ്. 
ജഹനാരാ എന്നാണ് അവളുടെ പേര്. 
തിരുവനന്തപുരം സര്‍വോദയ വിദ്യാലയത്തില്‍ അഞ്ചാം ക്ലാസില്‍ പഠിക്കുകയാണ്. 

അപ്പോള്‍, വായിച്ചു തുടങ്ങാം, ല്ലേ. 
ഇതു വായിച്ച് അഭിപ്രായം പറയണം. 
submissions@asianetnews.in എന്ന വിലാസത്തില്‍ മെയില്‍ അയച്ചാല്‍ മതി. 

എന്നാല്‍പിന്നെ, തുടങ്ങാം ല്ലേ...

 

 

മ്യാമി
തക്കുവിന്റെ കഥകേട്ട് ഹുന്ത്രാപ്പിയുടേയും ബുസാട്ടോയുടെയും കണ്ണുകള്‍ നിറഞ്ഞു. അവനെ എങ്ങനെ സമാധാനിപ്പിക്കണമെന്നറിയാതെ രണ്ടുപേരും വിഷമത്തിലായി. 

അപ്പോള്‍ തക്കോഡക്കോ പറഞ്ഞു. ''കാട്ടിലും വലിയ ജീവികള്‍ ചെറിയ ജീവികളെ വേട്ടയാടിപ്പിടിക്കും. കൊല്ലും. അത് പക്ഷേ, വിശക്കുമ്പോള്‍, ഭക്ഷണമായിട്ടാണ്. തിന്നാനല്ലാതെ ഒരു ജീവിയും മറ്റൊരു ജീവിയെ കൊല്ലില്ല. ശല്യപ്പെടുത്തുക പോലുമില്ല. പിന്നെന്താ മനുഷ്യര്‍ മാത്രം ഇങ്ങനെ? നിങ്ങള്‍ ആലോചിച്ചു നോക്കിയിട്ടുണ്ടോ?...''

ഹുന്ത്രാപ്പിക്കും ബുസാട്ടോക്കും ഉത്തരമൊന്നും ഉണ്ടായിരുന്നില്ല. അവരുടെ ഉള്ളില്‍ ആ ചോദ്യം ആവര്‍ത്തിച്ചുകൊണ്ടിരുന്നു. 

ഹുന്ത്രാപ്പിയും ബുസാട്ടോയും തക്കോഡക്കോയും കൂടി ഏറെ നേരമായി നടക്കുകയാണ്.  കുറേ ദൂരം പിന്നിട്ടിരുന്നു. കഥകേട്ട് കാട്ടിനുള്ളിലൂടെ നടക്കുമ്പോള്‍ നേരം പോകുന്നത് അറിയില്ല. മരങ്ങള്‍ക്കിടയിലൂടെ സൂര്യന്‍ അരിച്ചിറങ്ങുന്നു. 

നേരം ഉച്ചയായിട്ടുണ്ടാവും. നാട്ടിലാണെങ്കില്‍, ഈ സമയത്ത് സൂര്യന്‍ തലക്കുമീതേ കത്തിനില്‍ക്കും. കൊടും ചൂടായിരിക്കും. കാട്ടിനുള്ളില്‍ പക്ഷെ, തീരെ ചൂടുണ്ടായിരുന്നില്ല. കാട്ടിലെ വെയില്‍ നിലാവു പോലെയാണ്. നാട്ടില്‍ രാത്രി മാത്രം നിലാവ് വരുമ്പോള്‍ കാട്ടില്‍ നട്ടുച്ചക്കും നിലാവാണ്. 

അവര്‍ നടന്നുനടന്ന് ഒരു കുന്നിറങ്ങുകയാണ്. ചുറ്റം കാട് മാത്രം.  

തക്കോഡക്കോ തുടര്‍ന്നു: ''ബുസാട്ടോ, ഹുന്ത്രാപ്പി, നിങ്ങള്‍ക്കറിയുമോ, അന്നുമുതല്‍  ഞങ്ങള്‍ക്ക് ദുഷ്ടരായ മനുഷ്യരെ പേടിയാണ്.''  

ഹുന്ത്രാപ്പിയും ബുസ്സാട്ടോയും പിന്നെയും മിണ്ടിയില്ല. 

നടന്ന് നടന്ന് അവര്‍ ഒരു അരുവിയുടെ തീരത്ത് എത്തി. അവിടെയാരു മരച്ചോട്ടില്‍ അവര്‍ ഇരുന്നു. ഏറെ ദൂരം നടന്ന ക്ഷീണത്തിലായിരുന്നു ഹുന്ത്രാപ്പിയും ബുസ്സാട്ടോയും.

''തക്കൂ... തക്കൂ...'' ദൂരെനിന്നും ഒരു വിളി.   
                                     
ഹുന്ത്രാപ്പിയാണ് ആദ്യം കേട്ടത്. ''തക്കൂ നിന്നെയാരോ വിളിക്കുന്നു.'' 

മൂന്നുപേരും ചെവി വട്ടം പിടിച്ച് ശ്രദ്ധിച്ചു. 

''തക്കൂ..... തക്കൂ....'' ശരിയാണ് ആരോ വിളിക്കുന്നുണ്ട്.  

''നിങ്ങളിവിടിരിക്ക്, ഞാനൊന്നു നോക്കി വരാം.'' തക്കോഡക്കോ ആകാശത്തേക്ക് പറന്നു പൊങ്ങി. കാടിനു മുകളില്‍ ഒരു നിരീക്ഷണ പറക്കല്‍. 

''തക്കൂ... നീ വല്ലതും കാണുന്നുണ്ടോ...?'' ഹുന്ത്രാപ്പി ആകാംക്ഷയോടെ മേലോട്ടു നോക്കി വിളിച്ചു ചോദിച്ചു. 

''യെസ്... ഞാന്‍ കാണുന്നു. കുറിഞ്ഞി മലയ്ക്കു മുകളില്‍ മൃഗങ്ങളുടെ ഒരു കൂട്ടം, എന്തോ സംഭവമുണ്ട്. ഹുന്ത്രാപ്പി..., ബുസ്സാട്ടോ... ഇവിടെ തന്നെ ഇരിക്കണം. ഞാന്‍ ദാ, എത്തിപ്പോയി...'' 

തക്കോഡക്കോ കാടിനു മുകളിലേക്ക് പറന്നു. 

ചുറ്റും കാടിന്റെ ശബ്ദം. കാട്ടുചീവീടുകളുടെ മൂളല്‍. ഹുന്ത്രാപ്പിയും ബുസാട്ടോയും വനത്തിനുള്ളില്‍ തനിച്ചായി. അതിരാവിലെയാണ് അവര്‍ കാട്ടിലെത്തിയത്.  ഇപ്പോള്‍ നേരം എന്തായി കാണും. അവര്‍ ആലോചിച്ചു.

അടുത്തെങ്ങും ആരുമില്ലാതായപ്പോള്‍ ഹുന്ത്രാപ്പിക്കും ബുസ്സാട്ടോക്കും ചെറിയ പേടി തോന്നി. ആദ്യമായാണ് ഇങ്ങനെയൊരു കാട്ടില്‍ എത്തുന്നത്.   

''ബുസാട്ടോ നീയെന്തിനാ പേടിച്ചുവിറയ്ക്കുന്നേ?'' ഹുന്ത്രാപ്പി ചോദിച്ചു.

''പേടി നിനക്കാ'' ബുസാട്ടോ പറഞ്ഞു.

''പേടിയോ..എനിക്കോ? അതിന് വേറെ ആളെ നോക്കണം!..'' ഹുന്ത്രാപ്പി തെറ്റാലി വലിച്ചു പിടിച്ച്  വില്ലുപോലെ പിന്നോട്ട് വളഞ്ഞു നിന്നു 

''ഒരു കടുവയെ കിട്ടിയിരുന്നെങ്കില്‍... ഷേയ്ക്ക് ഹാന്റ് കൊടുക്കാമായിരുന്നൂൂൂ...'' 

ഡയലോഗ് തീരും മുമ്പ് വല്ലാത്തൊരു ശബ്ദത്തോടെ കാടിന്റെ മേല്‍ക്കൂരയിളകി...

''അയ്യോ..!'' ഹുന്ത്രാപ്പി കിടുങ്ങിപ്പോയി.


''ഹുന്ത്രാപ്പി... ഡോണ്ട് വറി... ഇത് ഞാനാ.'' തക്കോഡക്കോ വിളിച്ചു പറഞ്ഞു. അവന്‍ കാടിനുമുകളിലൂടെ പറന്നിറങ്ങി. 
അവന്റെ കാലില്‍ അതാ ഒരു ജീവി!

''ഹായ്...! ദാ,  ഒരു കുഞ്ഞിപ്പൂച്ച.'' ബുസ്സാട്ടോ വിളിച്ചു കൂവി.

തക്കുവും അവന്റെ കാലില്‍ തൂങ്ങി പൂച്ചക്കുഞ്ഞും മരത്തച്ചുവട്ടില്‍ ലാന്റ് ചെയ്തു. 

''ഹലോ... ഹുന്ത്രാപ്പി, ബുസാട്ടോ ഇത് എന്റെ ചങ്ങാതി മ്യാമി. ഇവള്‍ രാവിലെ കുറിഞ്ഞിമലയില്‍ പോയതാ. അവിടെ കീരിക്കൂട്ടങ്ങളുമായി വഴക്കുണ്ടാക്കി. ഞാന്‍ ചെന്നില്ലായിരുന്നെങ്കില്‍ അവര്‍ ഇവളുടെ കഥ കഴിച്ചേനെ.'' തക്കു ഒറ്റ ശ്വാസത്തില്‍ നടന്ന സംഭവം വിവരിച്ചു. 

''ഞാന്‍ അവമ്മാരോട് ഒന്നും പറഞ്ഞില്ലെന്നേ... അവരിങ്ങോട്ട് വഴക്കുണ്ടാക്കിയതാ.'' മ്യാമി അവളുടെ ഭാഗം ന്യായീകരിക്കാന്‍ നോക്കി. 

''ങാ... ശരി, ശരി. അതൊക്കെപ്പോട്ടെ, ഇവരാണ് ഞാന്‍ പറഞ്ഞ ഹുന്ത്രാപ്പിയും ബുസാട്ടോയും. നാട്ടില്‍ നിന്ന് കാടുകാണാന്‍ വന്നതാ.'' തക്കു പരിചയപ്പെടുത്തി. 

മ്യാമിക്ക് എന്തോ അവരെ മൈന്റ് ചെയ്തില്ല. ഒട്ടും താല്‍പര്യമില്ലാതെ അവള്‍ പുഴക്കരയിലേക്ക് നടന്നു.  

''അതെന്താ മ്യാമി ഞങ്ങളോട് മിണ്ടാതെ പോയത്. ഞങ്ങള് വന്നത് ഇഷ്ടമായില്ലെ?'' ബുസാട്ടോക്ക് വിഷമമായി. 

''അതല്ല, നിങ്ങള്‍ നാട്ടില്‍ നിന്ന് വന്നതാണെന്നറിഞ്ഞപ്പോള്‍ മ്യാമിക്ക് സങ്കടമായിക്കാണും.''തക്കു പറഞ്ഞു. 

''അതെന്താ...?'' ബുസാട്ടോ തിരക്കി. 

''അതൊരു കഥയാണ്.'' തക്കു പറഞ്ഞു.

''ഈ കുന്നുകള്‍ക്കും കാടുകള്‍ക്കും അപ്പുറം മനുഷ്യരു മാത്രം ജീവിക്കുന്ന ഏതോ നാട്ടിന്‍ പുറത്താണ് മ്യാമി ജനിച്ചത്.'' തക്കോഡക്കോ മ്യാമിയുടെ കഥ പറഞ്ഞു.

''അവിടെയൊരു കച്ചവടക്കാരനുണ്ടായിരുന്നു. അയാള്‍ക്ക് നിങ്ങളെപ്പോലെ രണ്ട് മക്കളും. അവരായിരുന്നു മ്യാമിയുടെ കൂട്ടുകാര്‍. ഭക്ഷണവും ഉറക്കവുമെല്ലാം അവരുടെ കൂടെത്തന്നെ. ''

''അവളുടെ കുട്ടിക്കാലം സന്തോഷം നിറഞ്ഞതായിരുന്നു. കുട്ടികളുടെ അമ്മ പാവമായിരുന്നു. അവര്‍ക്ക് മ്യാമി സ്വന്തം മകളെപ്പോലെയാ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കും. വീടും പരിസരവും ചുറ്റിനടക്കും. വൈകുന്നേരമാവുമ്പോഴേക്കും കുട്ടികളെയും മ്യാമിയേയും കുളിപ്പിച്ച് ഒരുക്കും. ''

''എന്നാല്‍ അവരുടെ അച്ഛന് മ്യാമിയെ തീരെ ഇഷ്ടമായിരുന്നില്ല. അയാള്‍ വീട്ടിലുള്ളപ്പോള്‍ മ്യാമി കട്ടിലിനടിയില്‍ ഒളിക്കും.'' 

''അച്ഛന്‍ കച്ചവടത്തിന് പോകുമ്പോള്‍ അവള്‍ കട്ടിലിന്റെ അടിയില്‍ നിന്നും പുറത്തുവരും. പകല്‍മുഴുവന്‍ ആട്ടവും പാട്ടും കളികളുമായിരിക്കും. എന്തു രസമായിരുന്നെന്നോ അവരുടെ ജീവിതം. രാത്രി വൈകി അച്ഛന്‍ തിരിച്ചുവരും വരെ ആ വീട്ടില്‍ ഉല്‍സവമാണ്. ഗേറ്റില്‍ അയാളുടെ വിളി കേള്‍ക്കുമ്പോള്‍ മ്യാമി കട്ടിലിനടിയില്‍ ഒളിക്കും.''

ഹുന്ത്രാപ്പിയും ബുസാട്ടോയും വിടര്‍ന്ന കണ്ണുകളോടെ കഥ കേള്‍ക്കുകയാണ്. 

 

..........................................

അവര്‍ മ്യാമിയെ നോക്കി. അവള്‍ അരുവിയുടെ കരയിലെ ഒരു ചെറിയ പാറക്കൂട്ടത്തിനുമുകളില്‍ ചെരിഞ്ഞുവീഴുന്ന വെയില്‍ കായുകയാണ്. എങ്ങോ നോക്കി അവളെന്തോ ഓര്‍ത്തെടുക്കുകയാവണം. 

വര: ജഹനാര

 

അവര്‍ മ്യാമിയെ നോക്കി. അവള്‍ അരുവിയുടെ കരയിലെ ഒരു ചെറിയ പാറക്കൂട്ടത്തിനുമുകളില്‍ ചെരിഞ്ഞുവീഴുന്ന വെയില്‍ കായുകയാണ്. എങ്ങോ നോക്കി അവളെന്തോ ഓര്‍ത്തെടുക്കുകയാവണം. 

തക്കോഡക്കോ കഥ തുടര്‍ന്നു: 
ഒരു രാത്രിയില്‍ അച്ഛന്‍ വന്നത് വലിയൊരു തീരുമാനവുമായാണ്. കച്ചവടമൊക്കെ മോശമാണ്. കൃഷിയും. കൃഷി കുറഞ്ഞതിനാല്‍ ആളുകള്‍ക്ക് ജോലിയില്ല. പണിക്കാരുടെ കൈയ്യില്‍ പണമില്ല. പിന്നെങ്ങനെ കച്ചവടം നന്നാവും.''
 
അച്ഛന്‍ പറഞ്ഞു. 

''ഈ കൊച്ചു കടയും തുറന്നിരുന്നാല്‍ ഒരു കച്ചവടവും ഉണ്ടാവില്ല. നമുക്ക് ഇതൊക്കെ വിറ്റ് ടൗണില്‍പോവാം. നല്ലൊരു വീടും വാങ്ങി, ബാക്കി പണം കൊണ്ട് തരക്കേടില്ലാത്ത ഒരു കച്ചവടവും തുടങ്ങാം. മക്കളെ അവിടെ നല്ല സ്‌കൂളില്‍ ചേര്‍ക്കാം'' 

അങ്ങനെ ഗ്രാമത്തിലെ വീടുവിറ്റ് അവര്‍ നഗരത്തിലേക്കു പോകാന്‍ തീരുമാനിച്ചു. കൊണ്ടുപോകാനുള്ള സാധനങ്ങള്‍ കെട്ടി അടുക്കിവച്ചു. കുഞ്ഞിക്കാളി പശുവിനെയും അവളുടെ പാലുകുടി മാറാത്ത കറുമ്പന്‍ കിടാവിനെയും ചെറിയ വിലക്കാണ് വിറ്റത്. നഗരത്തില്‍ ആരും പശൂനേം ആടിനേമൊന്നും വളര്‍ത്തില്ലെത്രെ! 

കുഞ്ഞിക്കാളിയും കറുമ്പന്‍ കുട്ടനും വീടുവിട്ടുപോകുമ്പോള്‍ കുട്ടികളും അമ്മയും  കണ്ണീരോടെ നോക്കി നിന്നു. തൊഴുത്തിലിരുന്ന് മ്യാമിയും അത് കണ്ടു. തന്നെയും ഇവര്‍ ഉപേക്ഷിക്കുമോ?  അവള്‍ക്ക് വല്ലാതെ പേടിയും സങ്കടവും വന്നു. സന്ധ്യയാകുവോളം അവള്‍ കരഞ്ഞു. 

മ്യാമി കുട്ടികളോടൊപ്പം കമ്പിളിപ്പുതപ്പിനുള്ളില്‍ അവരുടെ ചൂടുപറ്റിയാണ് കിടന്നത്. ഇനി ഇങ്ങനെ എത്രനാള്‍? ഉറക്കം വന്നില്ല അവള്‍ക്ക്.  മനസ്സില്‍ നിറയെ കുഞ്ഞിക്കാളിപ്പശുവും കറുമ്പന്‍ കുട്ടനുമായിരുന്നു. 

രാത്രിയിലെപ്പോഴോ മ്യാമി ഉറങ്ങി. പുലര്‍ച്ചെ അച്ഛന്‍ ആ മുറിയിലേക്ക് വന്നത് ആരും അറിഞ്ഞില്ല. ഉറങ്ങിക്കിടക്കുകയായിരുന്ന മ്യാമിയെ അയാള്‍ മെല്ലെ എടുത്തു വീടിനുവെളിയിലേക്ക് നടന്നു. ഒരു ചാക്കിനുള്ളില്‍ അവളെ കിടത്തി. ചാക്ക് കെട്ടിമുറുക്കി. ആ ചെറിയ ചാക്കുകെട്ട് കാരിയറില്‍ ഉറപ്പിച്ചു. പിന്നെ അതിവേഗം ഇടവഴിയിലൂടെ ചവിട്ടിപ്പോയി. 

മ്യാമി എപ്പോഴോ ഞെട്ടി ഉണര്‍ന്നു. എന്താണ് പറ്റിയതെന്ന് മനസ്സിലാവാതെ അവള്‍ ചാക്കിനുള്ളില്‍ കിടന്നുകരഞ്ഞു.  പിന്നീടെപ്പോഴോ അവള്‍ ഉറങ്ങിപ്പോയി. നേരം പുലര്‍ന്നപ്പോള്‍ ഒട്ടും പരിചയമില്ലാത്ത ഒരു കുറ്റിക്കാട്ടിലായിരുന്നു അവള്‍. സങ്കടം വന്നിട്ട് അവള്‍ ഒരുപാട് കരഞ്ഞു, ആരും സഹായിക്കാന്‍ വന്നില്ല. അതിനിടെ കുറേ പട്ടികള്‍ ചേര്‍ന്ന് മ്യാമിയെ ആക്രമിച്ചു. 

''ഇതൊന്നുമറിയാതെ ഞാനന്ന് അതുവഴി  പറന്നുപോവുകയായിരുന്നു.'' തക്കോഡക്കോ പറഞ്ഞു. 

''കുറേ നായ്ക്കള്‍ ഒരു പൂച്ചക്കുഞ്ഞിനെ ആക്രമിക്കുന്നത് കണ്ട് ഞാന്‍ മെല്ലെ താഴ്ന്നു പറന്നു. എന്നിട്ട് അവളെ കാലില്‍ തൂക്കിയെടുത്ത് ഒറ്റപ്പറക്കല്‍. അങ്ങനെയാണ് മ്യാമി ഈ കാട്ടിലെത്തുന്നത്. അന്നുമുതല്‍ ഞങ്ങള്‍ ചങ്ങാതിമാരാണ്...'' തക്കു പറഞ്ഞു നിര്‍ത്തി. 

''പാവം മ്യാമി...'' ഹുന്ത്രാപ്പിക്ക് സങ്കടം വന്നു. 

അവര്‍ മൂന്നുപേരും  പുഴക്കരയിലേക്ക് നടന്നു. മ്യാമി അപ്പോഴും പുഴയിലേക്ക് നോക്കി ഇരിക്കുകയായിരുന്നു. 

നേരം ഉച്ച കഴിഞ്ഞു. എന്നിട്ടും നീലിപ്പാറക്ക് ആ ഇളം ചൂടു തന്നെ. മ്യാമി കണ്ണാടിപോലുള്ള പുഴയിലേക്ക് നോക്കിയിരുന്നു. പരല്‍ മീനുകള്‍ പൊങ്ങിയും താണും കളിക്കുകയാണ്. പണ്ട് ഗ്രാമത്തിലെ വീട്ടില്‍ കൂട്ടുകാരോടൊത്ത് അക്വേറിയത്തിലെ സ്വര്‍ണ്ണ മല്‍സ്യത്തെ കളിപ്പിച്ച് ഇരുന്നത് അവള്‍ക്ക് ഓര്‍മ്മ വന്നു. 

എന്തുരസമായിരുന്നു അത്.

''മ്യാമി...'' പിന്നില്‍ നിന്നും തക്കോഡക്കോ അവളെ സ്നേഹത്തോടെ വിളിച്ചു. 

മ്യാമി തിരിഞ്ഞുനോക്കി. ഹുന്ത്രാപ്പിയും ബുസാട്ടോയും തക്കുവും തൊട്ടുപിന്നില്‍ നില്‍ക്കുന്നു. 

''ഞങ്ങള് വന്നത് മ്യാമിക്ക് ഇഷ്ടമായില്ലെ?'' ഹുന്ത്രാപ്പി ചോദിച്ചു.

''ഹേയ്! നിങ്ങളെ കണ്ടപ്പം എന്റെ പഴയ കൂട്ടുകാരെ ഓര്‍ത്തു പോയി.'' അവള്‍  പറഞ്ഞു. 

പെട്ടെന്ന് ആകാശത്തുനിന്നും ഒരു ഇരമ്പല്‍ കേട്ടു.

''എല്ലാവരും നിലത്ത് കമിഴ്ന്നു കിടക്കൂ...'' ഹുന്ത്രാപ്പി വിളിച്ചുപറഞ്ഞു. 

''യുദ്ധവിമാനമാണ്. ആരോ ആക്രമിക്കാന്‍ വരുന്നുണ്ട്. ആരും അനങ്ങരുത്...'' 

പറഞ്ഞു തീര്‍ന്നതും അവന്‍ നിലത്ത് കിടന്ന് കണ്ണുകള്‍ ഇറുക്കിയടച്ചു. ചുറ്റും കനത്ത നിശ്ശബ്ദത. 

ആകാശത്തെ ശബ്ദം കൂടിക്കൂടി വന്നു. എന്നിട്ട് ആ ശബ്ദം അവരെ കടന്നു പോയി.

ഒന്നും സംഭവിച്ചില്ല.

ഹുന്ത്രാപ്പി മെല്ലെ കണ്ണുതുറന്നു. ചുറ്റും നോക്കി.

''കൂ..ൂ..ൂ..ൂയ്...'' ബുസാട്ടോ ഹുന്ത്രാപ്പിയെ കളിയാക്കി. അവന് ഒന്നും മനസ്സിലായില്ല. 

''എടാ ബുദ്ദൂസേ, അത് തേനീച്ചക്കൂട്ടം പറന്നു പോയതാ'' തക്കോഡക്കോ പറഞ്ഞു. 

''മണ്ടന്‍ കുന്ത്രാപ്പി...''ബുസാട്ടോ വിട്ടില്ല.

ഹുന്ത്രാപ്പിക്ക് കലശലായ ദേഷ്യം വന്നെങ്കിലും നാണംകൊണ്ട് ഒന്നും മിണ്ടാന്‍ പറ്റിയില്ല. അപ്പോഴതാ വീണ്ടും ആകാശത്ത് ഇരമ്പല്‍. എല്ലാവരും മുകളിലേക്ക് നോക്കി.


''ഹിയ്യട ഹിയ്യാ... അതാ ഒരു തേനീച്ചക്കൂട്.'' ഹുന്ത്രാപ്പി തെറ്റാലി കുലച്ച് തേനീച്ചക്കൂടിനെ ഉന്നം വെച്ചു.

''അരുത്  ഹുന്ത്രാപ്പി അരുത്... അവരെ ഒന്നും ചെയ്യരുത്....'' തക്കോഡക്കോ അവനെ തടഞ്ഞു. 

''അത് തേനീച്ചയല്ല, കടന്നലാ..., അവര്‍ ഇളകിയാല്‍ പിന്നെ നമുക്ക് രക്ഷപെടാനാവില്ല. ഹുന്ത്രാപ്പി കൂള്‍ ഡൗണ്‍ '' മ്യാമി ഒറ്റ ശ്വാസത്തില്‍ പറഞ്ഞു.

''അപ്പോ...തേന്‍..?'' ഹുന്ത്രാപ്പി നിരാശനായി.

''തേനൊക്കെ നമുക്ക് ശരിയാക്കാം.'' തക്കോഡക്കോ അവനെ ആശ്വസിപ്പിച്ചു.

തേന്‍ കിട്ടുമെന്നറിഞ്ഞതും ബുസാട്ടോക്കും സന്തോഷമായി. 

''തക്കു അതിനിപ്പം തേനെവിടെ കിട്ടും.'' അവള്‍ തിരക്കി. 

''ഈ മലകേറിച്ചെന്നാല്‍ നിറയെ പൂക്കളുള്ള ഒരു സ്ഥലമുണ്ട്. അവിടെ മുഴുവന്‍ തേനീച്ചക്കൂടുകളാ. ഇപ്പോള്‍ നടന്നാല്‍ വൈകാതെ അവിടെയെത്താം.'' തക്കോഡക്കോ വഴിപറഞ്ഞു. 

എല്ലാവരും നടന്നു. ഹുന്ത്രാപ്പി തെറ്റാലിയുമേന്തി മുന്നില്‍. തലക്കുമുകളില്‍ പറന്ന് തക്കോഡക്കോ അവര്‍ക്ക് വഴികാണിച്ചു. കാടറിയുന്ന മ്യാമി പിന്നില്‍ നടന്നു. അങ്ങനെ ആ നാല്‍വര്‍ സംഘം തേന്‍ തേടി യാത്ര തുടങ്ങി.

മലകേറുമ്പോള്‍, ബുസാട്ടോ തേന്‍കൂടു തേടിപ്പോയ കുട്ടികളുടെ കഥപറഞ്ഞു. എല്ലാവരും കഥകേട്ട് നടന്നു. കഥ പാട്ടായി. കൂട്ടുകാര്‍ ഏറ്റു പാടി. പാട്ട് നൃത്തമായി. 

''ഒന്നാം മലകേറിച്ചെന്നപ്പോഴേ കിളി
ഒന്നര വട്ടക തേനെടുത്തേ...''

ബുസാട്ടോ ഉറക്കെ പാടി, കൂട്ടുകാര്‍ പാട്ടിന് വായ്ത്താരിയിട്ടു.

''താനാരോ തന്നാരോ തക താനാരോ തന്നാരോ
തേനെടുത്താങ്കിളി കതിരെടുത്താങ്കിളി
കതിരുങ്കൊണ്ടക്കിളി താലോലം
താനാരോ തന്നാരോ തക താനാരോ തന്നാരോ
രണ്ടാം മലകേറിച്ചെന്നപ്പോഴേ കിളി 
രണ്ടര വട്ടക തേനെടുത്തേ,
തേനെടുത്താങ്കിളി കതിരെടുത്താങ്കിളി 
കതിരുങ്കൊണ്ടക്കിളി താലോലം.
താനാരോ തന്നാരോ തക താനാരോ തന്നാരോ...''

പാട്ടും നൃത്തവുമായി ഹുന്ത്രാപ്പിയും ബുസാട്ടോയും തക്കോഡക്കോയും മ്യാമിയും മലകയറി. 

മലമുകളിലെത്തിയപ്പോള്‍ ഹുന്ത്രാപ്പിയും ബുസാട്ടോയും അന്തംവിട്ടു. അവരുടെ കണ്ണുകള്‍ അത്ഭുതം കൊണ്ട് വിടര്‍ന്നു. 

ഹമ്പോ, നിറയെ പൂക്കള്‍! 

''ഇതാണ് പൂങ്കാവനം.'' തക്കോഡക്കോ പറഞ്ഞു. 

''ഇവിടെ നിന്ന് താഴേക്കിറങ്ങിയാല്‍ തേവര്‍കുടിയിലെത്തും, കുടിയിലെ മുത്തശ്ശിയെ കണ്ട് അനുവാദം വാങ്ങിയാലെ പൂങ്കാവനത്തില്‍ കയറാന്‍ കഴിയൂ'' മ്യാമി പറഞ്ഞു.

''ഈ കാട്ടിലെവിടുന്നാ മുത്തശ്ശി? നമ്മളെന്തിനാ അവരെ കാണുന്നെ?'' ഹുന്ത്രാപ്പിക്ക് സംശയം. 

തക്കോഡക്കോ സ്നേഹത്തോടെ ഹുന്ത്രാപ്പിയുടെ തോളില്‍ പറന്നിരുന്നു. നീളന്‍ കൊക്ക് കൊണ്ട് അവന്റെ ചെവികള്‍ തൊട്ടു. ഹുന്ത്രാപ്പിക്ക് ഇക്കിളിയായി. അവന്‍ തക്കുവിനെ മെല്ലെ കൈകളിലെടുത്തു. ഹുന്ത്രാപ്പിയുടെ കയ്യില്‍ നിവര്‍ന്നിരുന്ന് തക്കോഡക്കോ പറഞ്ഞു. 

''ഈ കാടിനൊരു കഥയുണ്ട്. പണ്ട്...പണ്ട്....പിന്നെയും പണ്ട്, ഇവിടം ഒരു മരുഭൂമിയായിരുന്നു.'' 

ഹുന്ത്രാപ്പിയും ബുസാട്ടോയും മ്യാമിയും കഥ കേട്ടുതുടങ്ങി.

(അടുത്ത ഭാഗം നാളെ)

 

ഭാഗം ഒന്ന്: ഹുന്ത്രാപ്പി ബുസ്സാട്ടോ, ബഷീര്‍ കഥാപാത്രമായ കുട്ടികളുടെ നോവല്‍ ആരംഭിക്കുന്നു 

ഭാഗം രണ്ട്. ആ ആഞ്ഞിലിമരം എവിടെ? 

 

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ  അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona