malayalam Short Story : ഇടം, നീതു വി ആര്‍ എഴുതിയ ചെറുകഥ

By Chilla Lit SpaceFirst Published Jan 25, 2023, 4:54 PM IST
Highlights

 ചില്ല, എഴുത്തിന്‍റെ ചിറകനക്കങ്ങള്‍. നീതു വി ആര്‍ എഴുതിയ ചെറുകഥ 

 ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും


എന്‍റെ മുന്നിലിരുന്ന് കണ്ണീർ വാർക്കുന്ന ഇരുപതുകാരിയെ ഞാൻ സൂക്ഷിച്ചു നോക്കി. കൺതടങ്ങളിൽ ഇരുൾ കൂടുകൂട്ടിയിരിക്കുന്നു. ദിവസങ്ങളായി ഉറങ്ങിയിട്ടെന്ന് മുഖം വിളിച്ചു പറയുന്നു.

ഒറ്റനോട്ടത്തിൽത്തന്നെ വിഷാദം വിരുന്നിനെത്തിയിരിക്കുന്നുവെന്ന് അനേകം മുഖങ്ങൾ കണ്ട പരിചയത്തിൽ ആരും പറയാതെ തന്നെ ഞാൻ മനസ്സിലാക്കി. പെൺകുട്ടിയെ പുറത്തേക്ക് പറഞ്ഞയച്ച് പുറത്തിരിക്കുന്ന മാതാപിതാക്കളെ അകത്തേക്ക് വിളിച്ചു. അച്ഛൻ തന്‍റെ മുഖത്തെ വലിയ കണ്ണാടി ഒന്ന് ശരിയാക്കി മുന്നിലെ കസേരയിൽ ആരും പറയാതെ തന്നെ ഇരുന്നു. അച്ഛനിരിക്കുന്ന കസേരയിൽ പിടിച്ച് മുഖം താഴ്ത്തി കൊണ്ട് അമ്മയും. അവരോട് തൊട്ടടുത്ത കസേരയിൽ ഇരിക്കാൻ പറഞ്ഞിട്ടും അവർ വിസമ്മതഭാവത്തിൽ അങ്ങനെത്തന്നെ നിലകൊണ്ടു. എന്തേലുമാട്ടെ എന്ന് കരുതി ഞാൻ വിഷയത്തിലേക്ക് വന്നു. അവർ പറയുന്നത് കുഞ്ഞാറ്റക്ക് കുറച്ചു ദിവസങ്ങളായി വന്ന മാറ്റത്തേക്കുറിച്ചാണ്. "ചിരിച്ചു കളിച്ചു നടന്ന പെൺകുട്ടി പെട്ടെന്നൊരു ദിവസം മൗനിയായി മാറിയതിൽ അസ്വഭാവികതയൊന്നും നിങ്ങൾക്കനുഭവപ്പെട്ടില്ലേ?"

എന്‍റെ ചോദ്യം അച്ഛനെന്ന് പറയുന്ന ആ വ്യക്തിയെ തെല്ലൊന്നുമല്ല ദേഷ്യപ്പെടുത്തിയത്.
" അനുഭവപ്പെട്ടതുകൊണ്ടാണല്ലോ ഇങ്ങോട്ട് കൊണ്ടുവന്നത്". അതേ ദേഷ്യത്തോടെ അയാൾ എന്നോട് മുരണ്ടു. എന്നിട്ട് തുടർന്നു " ഒരു കല്യാണക്കാര്യം പറഞ്ഞ മുതൽക്കാണ് അവളുടെയീ മാറ്റം. വല്ല പ്രേമോം കാണും. ഇപ്പളത്തെ പിള്ളേരല്ലേ ഞാൻ അതൊന്നും കാര്യമാക്കീല്ല "

ഞാൻ അയാളുടെ കണ്ണുകളിൽ തന്നെ സൂക്ഷിച്ചു നോക്കി കൊണ്ട് തുടർന്നു.
" അവൾക്ക് തുടർന്ന് പഠിക്കാനാണിഷ്ടം എന്ന് പറഞ്ഞില്ലേ? "

" ഈ പഠിപ്പിന്‍റെ കാര്യമൊക്കെ പയ്യൻ വീട്ടുകാർ സമ്മതിച്ചതാ, കല്യാണം കഴിഞ്ഞാൽ അവർ പഠിപ്പിച്ചോളുംന്ന് വാക്ക് തന്നതാ "

പണ്ട് തൊട്ടേ കല്യാണ വിപണിയിൽ പെൺകുട്ടികളെ പിടിയ്ക്കാൻ ഒരുക്കി വച്ച ഒരു അടിപൊളി ഓഫർ ആണല്ലോ ഇതെന്ന് ഞാൻ ഒരു ചിരിയോടെ ഓർത്തു പോയി.
ഞാൻ അയാളോട് ചോദിച്ചു. " നിങ്ങളുടെ കുഞ്ഞ് പിച്ചവെച്ച് നടക്കുന്ന പ്രായമാണെന്ന് കരുതുക, എങ്കിൽ നിങ്ങൾ ഒട്ടും പരിചയമില്ലാത്ത ഒരാളുടെ കൈയ്യിലേക്ക് കുഞ്ഞിനെ ഏൽപ്പിക്കുമോ? "
ഇതെന്തു ചോദ്യമാണെന്ന ഭാവത്തിൽ നെറ്റി ചുളിച്ച് അയാൾ എന്നെ നോക്കി.
"ഊം ഉത്തരം പറയൂ "

"ഇല്ല " അയാൾ പറഞ്ഞു.

ഞാനൊന്ന് പുഞ്ചിരിച്ചു " എങ്കിൽ പ്രിയപ്പെട്ടവരേ നിങ്ങളുടെ കുഞ്ഞ് ഇപ്പോളും പിച്ച വെച്ച് നടക്കുന്ന പ്രായത്തിലാണ്, അവൾ തനിച്ചു നടക്കാറായിട്ടില്ല "
അവർ ഒന്നും മനസ്സിലാക്കാതെ എന്നെ തറപ്പിച്ചു നോക്കി.
" നിങ്ങൾ കണ്ടിട്ടില്ലേ കൊച്ചുകുട്ടികളെ മാതാപിതാക്കൾ എത്ര ശിക്ഷിച്ചാലും ശകാരിച്ചാലും  കുഞ്ഞുങ്ങൾ വീണ്ടും വീണ്ടും അവരുടെ അടുത്തേക്ക് തന്നെ പോവും, കാരണമെന്താ..? "

"എന്താ മാതാപിതാക്കളുടെ മഹത്വം. അല്ലാതെന്ത് ".
അവർ കണ്ടുപിടിച്ച ഉത്തരം ഒരു പ്രയാസവുമില്ലാതെയങ്ങു പറഞ്ഞു.

"ഊഹും, അല്ലേയല്ല. കുഞ്ഞുങ്ങൾ നിസ്സഹായരാണ് സ്വന്തം കാര്യങ്ങൾ സ്വയം ചെയ്യാൻ അവർക്ക് കഴിയില്ല, അഭിമാനത്തിന്‍റെ പേരിൽ ഇറങ്ങിപ്പോവാൻ അവർക്ക് മറ്റൊരിടമില്ല എല്ലാത്തിലുമുപരി അവർ എല്ലാം പെട്ടെന്ന് മറക്കുന്നു. അവരുടെ തലച്ചോറിന് അത്രയേ വികാസം കൈവന്നിട്ടുള്ളു. എന്നാൽ മുതിർന്നിട്ടും ഇതേ അവസ്ഥ ഒരു മനുഷ്യന് വന്നാലുള്ള സ്ഥിതി നിങ്ങൾ ഓർത്തിട്ടുണ്ടോ?"

ഇത്രയും കേട്ടതോടെ അമ്മ എന്ന സ്ത്രീ അറിയാതെ വിതുമ്പിപ്പോയി.

"ഓരോ മനുഷ്യനും സ്വന്തമായി ഒരു തൊഴിൽ, ഒരു വരുമാനം എന്നത് സാമ്പത്തിക ഭദ്രതക്ക് മാത്രമല്ല ഈ നിസ്സഹായാവസ്ഥ ഇല്ലാതിരിക്കാനും കൂടിയാണ്. പ്രവചിക്കാൻ പറ്റാത്തിടത്തോളം നിഗൂഢമായ മനുഷ്യജീവിതം. അതിൽ, ഒരു കൂട്ടം മനുഷ്യർ നിസ്സഹായരായിപ്പോവുന്നു, അവർക്ക് നേരെ നീളുന്ന അനീതികൾക്കെതിരെ നിശബ്ദരായിപ്പോവുന്നു. വിദ്യാഭ്യാസം, തൊഴിൽ എന്നതൊക്കെ ഈ നിശ്ശബ്ധതക്ക് ഏതാണ്ടൊരു പരിഹാരമാണ്. മാത്രമല്ല നമ്മുടെ കുഞ്ഞിന് വിദ്യാഭ്യാസം വേണം. സ്വന്തം കാലിൽ നിൽക്കണം. എന്ന് നമ്മേക്കാളുപരി മറ്റാര് ചിന്തിക്കാനാണ്..? അതുകൊണ്ട് അവൾക്കീ പ്രായത്തിൽ വേണ്ടത് വിദ്യാഭ്യാസമാണ് അത് നൽകൂ...  നൽകാം എന്ന് അവളിൽ വിശ്വാസം ഉണ്ടാക്കൂ അപ്പൊ അവള് നമ്മുടെ പഴയ കുഞ്ഞാറ്റയാകും "

അച്ഛന്‍റെയും അമ്മയുടെയും ഒപ്പം അവളെയുമിരുത്തി, ഉപരിപഠനം എന്ന ഉറപ്പ് നൽകുമ്പോൾ ഞാൻ ആ മിഴികളിൽ അണയാനൊരുങ്ങിയ ഒരു നാളം ആളിക്കത്തുന്നത് കണ്ടു, ഒരിക്കൽ എന്‍റെ മിഴികളിൽ അണഞ്ഞു പോയ അതേ നാളം...!

അച്ഛന്‍റെയും അമ്മയുടെയും നിർബന്ധത്തിന് വഴങ്ങി വിവാഹം എന്ന കച്ചവടം ഉറപ്പിക്കുമ്പോൾ എനിക്കും പ്രായം ഇരുപത്.

ചെന്ന് കയറിയപാടെ തുടർപഠനം എന്നത് വെറുമൊരു വാക്ക് മാത്രമായിരുന്നെന്ന് മനസ്സിലാക്കിയപ്പോൾ ഉണ്ടായ വേദന, അത് മറ്റാർക്കും പറഞ്ഞറിയാൻ സാധിക്കാത്തതായിരുന്നു.

അവിടെ വെറുമൊരു ശമ്പളമില്ലാ വേലക്കാരിയാണ് താനെന്ന് മനസ്സിലാക്കി നീറിപ്പുകയുമ്പോൾ ഒപ്പമൊരു കുരുന്നും മുളപൊട്ടിയിരുന്നു.

'നിയമപ്രകാരമുള്ള' മാതാപിതാക്കളുടെ കുത്തുവാക്കുകളേറ്റ് പിടയുമ്പോൾ ഞാൻ എന്‍റെ ഗർഭപാത്രത്തിലുള്ള കുഞ്ഞിനേക്കാൾ നിസ്സഹായയായി...!

ഭർത്താവിന് തന്നോടുള്ള പെരുമാറ്റത്തിൽ ഞാൻ സ്നേഹം കണ്ടെത്താൻ തുടങ്ങി, ശാരീരികമായ ആവശ്യം മാത്രമേ എന്നിൽ അയാൾക്കുള്ളുവെങ്കിലും അതിനെ ഞാൻ സ്നേഹമായി കണക്കാക്കി..

ഒടുവിൽ, അഞ്ച് വർഷത്തെ മാനസിക പീഡനങ്ങൾക്കൊടുവിൽ ആ ബന്ധത്തിൽ നിന്ന് തന്നെ വിടവാങ്ങുമ്പോൾ ആകെ കീറിപ്പറിഞ്ഞു  ചോരവാർന്ന ഒരു മനസ്സും, വിരൽത്തുമ്പിൽ പിടിച്ചുലയ്ക്കുന്ന രണ്ട് കുഞ്ഞുങ്ങളുമായിരുന്നു ആകെ സമ്പാദ്യം.

മറ്റുള്ളവർക്ക് മുൻപിൽ കാണിക്കാൻ ദേഹത്ത് ഒരു പോറൽ പോലുമുണ്ടായിരുന്നില്ല, എന്നാൽ സ്നേഹമുള്ളവർക്ക് മാത്രം കാണാൻ കഴിയും വിധത്തിൽ മനസ്സ് ക്രൂര താഡനങ്ങളാൽ പിഞ്ഞിപ്പോയിരുന്നു... 

അവിടുന്ന് തുടങ്ങിയ യാത്രയായിരുന്നു, സ്വന്തമായുള്ളത് കുറച്ചു സ്വർണവും പിന്നെ ഒന്നിനും പകരം വെക്കാൻ പറ്റാത്ത ആത്മാഭിമാനവും..!

കടയോട് ചേർന്നുള്ള വീട് വാടകക്കെടുത്തു, രണ്ട് തയ്യൽ മെഷീനും. അറിയാത്ത പണിക്കെന്തിനാ പുറപ്പെടുന്നേ എന്ന് മനസ്സ് ചോദിച്ചിട്ടും പിൻവാങ്ങിയില്ല. പരിചയത്തിലുള്ള തയ്യൽ അറിയുന്ന രണ്ട് സ്ത്രീകളെ വച്ച് ആദ്യം തുടങ്ങി, കൈയ്യിൽ ഒരു കലയുണ്ടായിരുന്നു... 'വര'.

ഒരുകാലത്തെ എന്‍റെ സ്വപ്നം.

അവിടുന്ന്  തുടങ്ങിയതാണ് ഇപ്പോൾ നൂറ്റി അൻപതോളം സ്ത്രീകൾക്ക് വസ്ത്ര നിർമാണ രംഗത്തും, പത്ത് ഔട്ട്ലെറ്റുകളിലായി അൻപതുപേർക്കും തൊഴിൽ നൽകുന്ന "സൃഷ്ടി" ആയി മാറിയത്!

അതിനിടയിൽ എന്തെല്ലാം തടസ്സങ്ങൾ, ഒന്നിനും എന്‍റെ ലക്ഷ്യത്തെ തളർത്താൻ കഴിഞ്ഞിരുന്നില്ല.
നിസ്സഹായരായിപ്പോവുന്ന പെണ്ണുങ്ങൾക്കും മനുഷ്യനായി ജീവിക്കണം. അതായിരുന്നു എന്‍റെ ലക്ഷ്യം.

സൃഷ്ടിയോട് അനുബന്ധമായി തുടങ്ങിയതാണ് 'ഇടം'. അതിനായി സൈക്കോളജിയിൽ ബിരുദാനന്തരബിരുദവും നേടി. ഇടത്തിൽ ഏത് സമയവും അൻപത് സ്ത്രീകൾക്കെങ്കിലും താമസിക്കാൻ ഇടമുണ്ട്. അതിൽത്തന്നെ ഒരു ജോബ് കൺസൽട്ടൻസി സെന്‍റർ. ഇവിടെ രജിസ്റ്റർ ചെയ്യുന്ന ഏതൊരു സ്ത്രീക്കും അവരുടെ യോഗ്യതകൾക്കനുസരിച്ചുള്ള തൊഴിൽ കണ്ടെത്തി നൽകാൻ നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുകയും അതിൽ വിജയം കണ്ടെത്തുകയും ചെയ്യാറുണ്ട്.

കൈക്കുഞ്ഞുങ്ങളുള്ളവർക്ക് തൊഴിലിന് തടസ്സം ആവാതെ കുഞ്ഞുങ്ങളെ സംരക്ഷിക്കാനുള്ള ഡേ കെയർ സെന്‍ററുകൾ, അവിടെയും തൊഴിൽ.

അങ്ങനെ ഞാനുൾപ്പെടുന്ന കുറച്ച് പെണ്ണുങ്ങളുടെ ചിരകാല സ്വപ്നത്തിന് ഇടമുണ്ടാവുകയായിരുന്നു. 

ചിന്തിച്ചു നിൽക്കേ ഫോൺ റിങ് ചെയ്തു. എന്‍റെ കൂട്ടുകാരി പ്രിയ ആണ്, അവൾ ഹൈസ്കൂൾ അധ്യാപികയാണ്.

കോൾ അറ്റൻഡ് ചെയ്തതും ഒരു ഏങ്ങൽ വന്നെന്‍റെ കാത് തുളച്ചു കയറി.
"വയ്യെടീ, എനിക്ക് മടുത്തു. ചത്താൽ മതിയാരുന്നു..."

ഏങ്ങലിനിടയിലൂടെ നേർത്ത ശബ്ദം പുറത്തു വന്നു.

ഹൈസ്കൂൾ ടീച്ചറാണ്. മാസം അഞ്ചക്ക ശമ്പളം വാങ്ങുന്നവളാണ് അവളാണിങ്ങനെ കിടന്നു മോങ്ങുന്നത്. വല്ലാത്തൊരരിശം എന്നിൽ മുളപൊന്തി.

" നിനക്കറിയാമല്ലോ എന്‍റെ കാര്യം, എന്തെല്ലാം ഇവർക്ക് വേണ്ടി ഞാൻ ചെയ്യുന്നു. എന്നിട്ടും ഞാൻ ഒന്നും ചെയ്യുന്നില്ലെന്ന പരാതിയും കുറ്റപ്പെടുത്തലും, വല്ലാതെ മടുത്തു "

എനിക്കറിയാം, കുടുംബത്തെ ഒത്തിരി സ്നേഹിക്കുന്നവളാണ് ആരെയും വേദനിപ്പിക്കാൻ കഴിയാത്തവളാണ്. സ്വപ്നം കണ്ടത് പോലെ ജോലി നേടിയെടുത്ത ശേഷമാണ് വിവാഹം ചെയ്തത്. അതും വീട്ടുകാർ കണ്ടുപിടിച്ച ആളെത്തന്നെ.

ഇപ്പോൾ രണ്ട് വയസ്സുള്ള കുഞ്ഞുമുണ്ട്, രാവിലെ അമ്മായിയച്ഛനും അമ്മയ്ക്കും വേണ്ടതെല്ലാം ഒരുക്കി ടേബിളിൽ മൂടിവെച്ചു കുഞ്ഞിനേയും ഒരുക്കി അവനെയും കൊണ്ടാണവൾ ജോലിക്കിറങ്ങുന്നത്, സ്കൂളിനടുത്തുള്ള ഡേ കെയർ സെന്‍ററിൽ കുഞ്ഞിനെ ഏല്പിച്ചു അവൾ സ്കൂളിലെത്തും അവൾ പറയുമ്പോലെ, അപ്പോഴാണ് അവളൊന്ന് ശ്വാസം നേരെ വിടുന്നത്.

വൈകീട്ട് കുഞ്ഞിനേയും കൊണ്ട് വീട്ടിൽ എത്തുമ്പോൾ സ്വീകരിക്കാൻ എച്ചിൽ പാത്രങ്ങളുടെ ഒരു കൂമ്പാരം തന്നെയുണ്ടാവും.

പോരാത്തതിന് ശകാരവും, ശാപ വാക്കുകളും. 

എ.ടി.എം കാർഡ് പോലും ഭർത്താവിന്‍റെ അടുത്താണ്. ഒരു പാഡ് വാങ്ങാൻ പോലും അയാളോട് കൈ നീട്ടണം!

എന്തിനിങ്ങനെ സഹിക്കണം പെണ്ണേ? പല തവണ ഞാൻ ചോദിച്ചിരിക്കുന്നു. ഉത്തരമില്ലാത്തൊരു മൗനത്തിൽ ആ സംഭാഷണങ്ങളൊക്കെയും അവസാനിച്ചിരുന്നു.

അവൾക്ക് ഇപ്പോൾ മരിക്കണം പോലും.

"നീ വീഡിയോ കാളിൽ വാ " പറഞ്ഞത് പോലെ അവൾ വീഡിയോ കോളിൽ വന്നു.
സ്കൂളിൽ തന്നെയാണ് കക്ഷി. കരഞ്ഞു വീർത്ത കണ്ണുകൾ...

ഈ പെണ്ണുങ്ങളുടെ ഓരോ കാര്യം, എല്ലാത്തിനും കരഞ്ഞേക്കും.

" നീ വൈകീട്ട് വീട്ടിലോട്ട് പോവണ്ട ഇങ്ങോട്ട് വാ "

പെട്ടെന്ന് ഞെട്ടിയത് പോലെ അവൾ. 
" അയ്യോ അവരെന്തു വിചാരിക്കും? "

"അയ്യോ... നീ ചത്താൽ അവരെന്തു വിചാരിക്കും, കുഞ്ഞിനേയും കൊണ്ട് വൈകുന്നേരം ഇവിടെ എത്തണം ബാക്കിയെല്ലാം നേരിൽ"

"ഹല്ല പിന്നെ മനുഷ്യനായാൽ അവനവനോട് തന്നെ സ്നേഹം വേണം. അതില്ലാതായാൽ ഇങ്ങനാ.." ഫോൺ കട്ട്‌ ചെയ്തു ഞാൻ നിവർന്നിരുന്നു.

എനിക്കൊരു ജോലി വേണം ആത്മാഭിമാനത്തോടെയും അന്തസ്സോടെയും ജീവിക്കാനെന്ന് ഒത്തിരി പെണ്ണുങ്ങൾ ഇങ്ങോട്ട് വന്ന് പറയുന്നിടത്താണ് ഒരുത്തിയിങ്ങനെ കൈയ്യിൽ അന്തസ്സായി ജീവിക്കാൻ ഒരു തൊഴിലുണ്ടായിട്ടുമിങ്ങനെ.

എന്താണ് സത്യത്തിൽ പ്രശ്നം?

ജീവിക്കാൻ തന്‍റേതായ "ഇടം" ഉണ്ടാക്കേണ്ടത് ആരുടെ ഉത്തരവാദിത്തം ആണ്..?

 

ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...

 

click me!