Malayalam Poem: വീട്ടിലേക്കുള്ള വഴി, ലിയ മുഹമ്മദ് എഴുതിയ കവിത

Published : Aug 27, 2025, 02:05 PM IST
liya muhammad

Synopsis

ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ലിയ മുഹമ്മദ് എഴുതിയ കവിത

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും ഫോണ്‍ നമ്പര്‍ അടക്കം വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും

 

 

 

വീട്ടിലേക്കുള്ള വഴി

വീടുകള്‍
നമ്മുടേതല്ലാതാവുമ്പോള്‍
അങ്ങോട്ടുള്ള വഴിയും
മറക്കാന്‍ കഴിയണം,

ഉപേക്ഷിക്കപ്പെട്ടന്ന് ഓര്‍മയില്ലാതെ
ഇടക്ക് ഇടക്ക്
കയറിച്ചെല്ലാന്‍ തോന്നും,

ഉമ്മറത്തെത്തുമ്പോഴായിരിക്കും
പടിയിറങ്ങിപോയതിന്റെ
കനം തികട്ടി വരുന്നത്.

പിന്നെ,


നമുക്ക്
ഇടമുണ്ടായിരുന്ന
വരാന്തയും,
കസേരകളും
നമ്മളെ മറന്നെന്ന് നടിച്ചുനിക്കും.

നമുക്ക് മാത്രം
തുറക്കാനുള്ള
സൂത്രവാക്യങ്ങളറിഞ്ഞിരുന്ന,
നമുക്ക് മാത്രം
പ്രവേശനമുണ്ടായിരുന്ന മുറികള്‍
വാതിലുകളടച്ച്
താക്കോല്‍ പഴുതിലൂടെ
എത്തിനോക്കാതെ
അപരിചിതത്വത്തിന്റെ
മുഖം മൂടികളണിഞ്ഞ്
മയങ്ങിക്കിടക്കും.

നമ്മുടെ
ആനന്ദങ്ങളെ പാകം ചെയ്ത
ദുഃഖങ്ങളുടെ കടുപ്പമറിഞ്ഞിരുന്ന
അടുക്കള
നമ്മുടെ രുചിയും, മണവും
അടയാളങ്ങളും
തുടച്ചുകളഞ്ഞ്
പാത്രങ്ങളനക്കാതെ,
ഒച്ചയുണ്ടാക്കാതെ
ഒളിച്ചിരിക്കും.

വേദന കൊണ്ട്
ശ്വാസം മുട്ടി
തിരികെയിറങ്ങുമ്പോള്‍
ജനാലക്കപ്പുറത്ത്
നമ്മള്‍ നട്ട മുല്ലകള്‍
വസന്തങ്ങള്‍ മറന്ന്,
സ്‌നേഹത്തിന്റെ നീരുവറ്റി
വാടിയുറങ്ങുന്നുണ്ടാവും...

അതെ,
ഇറങ്ങിപോരേണ്ടി വന്ന
വീട്ടിലേക്കുള്ള വഴി
മറന്നുപോകാനറിയാത്തവരൊക്കെയും
ആ മുറിവുകള്‍
പെരുവിരലുകളിലേന്തി,
ഓര്‍മ്മകളെ
മറവികളിലേക്കുപേക്ഷിക്കുന്ന
ദൂരം വരെ
ഒരു കാലം നടന്ന് തീര്‍ക്കുകയാണ്!

 

PREV
Read more Articles on
click me!

Recommended Stories

Malayalam Short Story : ചോരക്കൂരിരുട്ട്, രാധാകൃഷ്ണന്‍ ചാത്തങ്കൈ എഴുതിയ ചെറുകഥ
Malayalam Poem: അപ്‌സര തീയറ്റര്‍, സഞ്ജയ്‌നാഥ് എഴുതിയ കവിത