
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും ഫോണ്‍ നമ്പര്‍ അടക്കം വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും
വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫര്‍
കരിമേഘം കനംവച്ച്
കുന്നിനുച്ചി തൊട്ടുരുമ്മി
പതുങ്ങുന്ന പൂതമായി
പതിയുന്നു കാമറയില്‍
കരിവീരന്‍ ഒറ്റയാനൊ-
രൊച്ചവച്ചാ നടുക്കത്തില്‍
കരത്തീന്ന് തെറിച്ചത്
കാട്ടുചോലയിലൊഴുകുന്നു!
പളുങ്കുവെള്ളത്തിലപ്പോള്‍
പരല്‍ പറ്റം മീന്‍കുഞ്ഞുങ്ങള്‍
അതിന്‍ കണ്ണില്‍ മുത്തിടുന്നു
കാമറയത്യാഹ്ലാദത്തില്‍!
കളകളസ്വനധാര
ജലസഞ്ചാര കൗതുകം
വെള്ളാരങ്കല്ലിനടിത്തട്ട്
കാമറയങ്ങൊഴുകി പോയി !
അതുകണ്ട കാമറാമാന്‍
വരയ്ക്കുന്നു ദൃശ്യമാകെ
മനസ്സിലെ കണ്ണാഴത്തില്‍
വാക്കുകൊണ്ടതി ചിത്രം!
കരിയിലയനക്കങ്ങള്‍
കുരുക്കിട്ട പടര്‍പ്പുകള്‍
വീണപൂക്കള്‍ തൂവലുകള്‍
പുതുനാമ്പിന്‍ തിളക്കങ്ങള്‍
മുരണ്ടുകൊണ്ടടുക്കുന്ന
ശതപരം ചെറുപ്രാണി
പുഴു പുല്ല് മുള്ളുകളും
വാക്കുവക്കില്‍ പൂവിടുന്നു!
കിളിയില്ലാ കൂടിനൊരു
കാവലാളായ് പെരുമ്പാമ്പ്
കിളിമുട്ടയ്ക്കടയിരുന്നമ്മ
യാകാന്‍പഠിക്കുന്ന
ആശയവൈചിത്ര്യങ്ങള്‍!
ഒരു മാന്‍ മുറിവിനെ
ഉമിനീരുകൊണ്ടുണക്കുന്ന
വ്യാഘ്രമൊരു വാങ്മയം!
സീബ്ര തന്റെ കറുംവര
തൊട്ടു ചാലിച്ചെടുക്കുന്നു
കണ്ണെഴുതികൊടുക്കുന്നു
കുഞ്ഞുസിംഹം ചിരിക്കുന്നു
അലങ്കാരഭംഗി നീളേ!
കാട്ടില്‍നിന്നുമിറങ്ങുമ്പോള്‍
കൈയിലുണ്ട് കവിതയും
അല്ല, കാടുതന്നെ കവിതയായ്
കാട്ടിടുന്നു കവിതഗ്രാഫര്‍ !