
ഇടുക്കി: ആറു കോടി രൂപ മതിപ്പു വിലയുള്ള സ്ഥലവും കെട്ടിടവും കേരള ബാങ്ക് ജപ്തി ചെയ്ത് നിസാര തുകയ്ക്ക് ലേലത്തിൽ നൽകിയതായി പരാതി. ഇടുക്കി കുഞ്ചിത്തണ്ണി കടമ്പുംകാനത്ത് ദേവരാജനും കുടുംബവുമാണ് കേരളാ ബാങ്കിന്‍റെ നടപടിയിൽ പെരുവഴിയിലായത്. ലേലം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഡെബ്റ്റ് റിക്കവറി ട്രൈബ്യൂണലിനെ സമീപിച്ചിരിക്കുകയാണ് ദേവരാജൻ.
ഇടുക്കി ജില്ല സഹകരണ ബാങ്കിന്‍റെ കുഞ്ചിത്തണ്ണി ശാഖയിൽ നിന്നും 45 ലക്ഷം രൂപയാണ് 2004 ൽ ദേവരാജൻ വായ്പയെടുത്തത്. ടൗണിൻറെ ഹൃദയഭാഗത്തുള്ള 56 സെൻറ് സ്ഥലവും ഇരുനില കെട്ടിടവും വീടും ഈടായി നൽകി. മാതാപിതാക്കളുടെ അസുഖവും കൊവിഡും മൂലം തിരിച്ചടവ് മുടങ്ങിയതോടുകൂടി പലിശ കയറി ബാധ്യത ഒന്നരക്കോടിയായി.
രണ്ടുമാസം മുമ്പ് ബാങ്ക് വീടും സ്ഥലവും ജപ്തി ചെയ്തു. മൂന്നാഴ്ച മുമ്പ് സ്ഥലവും 1.65 കോടി രൂപയ്ക്ക് സ്വകാര്യ വ്യക്തികൾക്ക് ലേലത്തിൽ നൽകി. ഇതോടെ കുടുംബം പെരുവഴിയിലായി. ഈടുള്ള വസ്തുവിന് ആറ് കോടി രൂപ മൂല്യം കണക്കാക്കിയാണ് അന്ന് ബാങ്ക് വായ്പ അനുവദിച്ചതെന്ന് ദേവരാജൻ പറയുന്നു. എന്നാൽ ജപ്തിക്ക് 1.65 കോടി രൂപ മാത്രമാണ് വിലയിട്ടത്. ഇപ്പോള്‍ വീടിനോട് ചേർന്നുള്ള ഒന്നര സെൻറ് സ്ഥലത്ത് ഷെഡു കെട്ടിയാണ് നാലുപേരടങ്ങുന്ന കുടുംബം കഴിയുന്നത്. മുൻ മന്ത്രി എം എം മണി ഇടപെട്ടിട്ടും ഫലമുണ്ടായില്ല. ചെറിയൊരു പലചരക്ക് കടയിൽ നിന്നുള്ള വരുമാനമാണ് ഏക ആശ്രയം. ബാങ്ക് നടപടിക്കെതിരെ ഡെബ്റ്റ് റിക്കവറി ട്രൈബ്യൂണലിൽ ഇവർ കേസ് ഫയൽ ചെയ്തിട്ടുണ്ട്. എന്നാൽ നടപടിക്രമങ്ങളിൽ വീഴ്ചയുണ്ടായിട്ടില്ലെന്നും ചട്ടങ്ങൾ പാലിച്ചാണ് ലേലം നടത്തിയിരിക്കുന്നതെന്നും കുടിശ്ശികയായപ്പോൾ സംബന്ധിച്ച് നോട്ടീസ് നൽകിയിരുന്നതായും ബാങ്ക് അധികൃതർ പറഞ്ഞു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam