
തൃശ്ശൂര്‍:തൃശ്ശൂര്‍ കോര്‍പ്പറേഷനില്‍ അമൃത് പദ്ധതിയിലെ 20 കോടിയുടെ ക്രമക്കേട് ആരോപണം തള്ളി മേയര്‍ എം.കെ. വര്‍ഗീസ്. ആരോപണം അടിസ്ഥാന രഹിതമാണെന്നും മുൻ സെക്രട്ടറി രാഹേഷ് കുമാർ ചെയ്ത കുറ്റം മറയ്ക്കാൻ എഴുതി തയ്യാറാക്കിയതാണ് ആരോപണങ്ങളെന്നും എം.കെ. വര്‍ഗീസ് പറഞ്ഞു. പുറത്തുവന്ന വാർത്തകൾ സെക്രട്ടറി ആർ രാഹേഷ് കുമാറിന്റെ കത്തിന്റെ സാരാംശങ്ങളിൽ ഊന്നി നിന്നുള്ളതാണ്. സെക്രട്ടറി ചെയ്ത തെറ്റ് മറക്കാൻ എഴുതി തയ്യാറാക്കിയ വസ്തുതകൾക്ക് നിരക്കാത്ത വിഷയങ്ങളാണ് ഇവ. സെക്രട്ടറി അറിയാതെ ഒരു പദ്ധതിയും നടപ്പാക്കിയിട്ടില്ല.
വാട്ടർ അതോററ്റി ക്ക് ചെയ്യാൻ സാധിക്കാത്തതു മൂലമാണ് കോർപ്പറേഷൻ പദ്ധതി ഏറ്റെടുത്തത്. സെക്രട്ടറിയുടെ ആരോപണത്തിൽ ഏത് അന്വേഷണത്തിനും തയ്യാരാണ്. തൻറെ ചേമ്പറിൽ കയറി പ്രതിപക്ഷം നടത്തിയ പ്രതിഷേധം ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതാണെന്നും സെക്രട്ടറിക്ക് എതിരെ നടപടിക്ക് ശുപാർശ ചെയ്യുമെന്നും മേയര്‍ എം.കെ. വര്‍ഗീസ് പറഞ്ഞു. അതേസമയം, മുന്‍ സെക്രട്ടറിയുടെ ആരോപണം തള്ളിയ മേയര്‍ എം.കെ. വര്‍ഗീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയും രൂക്ഷ വിമര്‍ശനം ഉയര്‍ത്തി. ഉദ്യോഗസ്ഥരിൽ ഭൂരിഭാഗവും മദ്യപിച്ച് നടക്കുന്നവരാണെന്നും അവരെ മദ്യപിച്ച് നടക്കാൻ അനുവദിക്കാത്തതാണ് പ്രശ്നമെന്നും എം.കെ. വര്‍ഗീസ് ആരോപിച്ചു. ഇക്കാര്യത്തില്‍ പരിശോധന നടത്താൻ പൊലീസ് തയ്യാറാകണമെന്നും എം കെ വർഗീസ് ആവശ്യപ്പെട്ടു.
അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി തൃശൂര്‍ കോര്‍പ്പറേഷന്‍ നടപ്പാക്കുന്ന 56 കോടിയുടെ കുടിവെള്ള പദ്ധതിയിൽ 20 കോടിയുടെ ക്രമക്കേട് എന്നാണ് ആരോപണം. കോർപ്പറേഷൻ സെക്രട്ടറിയായിരുന്ന ആർ രാഹേഷ് കുമാർ ആണ് തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർക്ക് ഇക്കാര്യം കാണിച്ച് കത്തയച്ചത്. കത്തിന്‍റെ പകര്‍പ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. കഴിഞ്ഞമാസം 27 നാണ് രാഹേഷ് കുമാർ കത്തയച്ചത്. അമൃത് പദ്ധതിയുടെ ഭാഗമായി 800 എംഎം പൈപ്പ് സ്ഥാപിച്ച് പീച്ചിയിൽ നിന്ന് തേക്കൻകാട് മൈതാനം വരെ കുടിവെള്ളം എത്തിക്കുന്നതിൽ 20 കോടിയുടെ ക്രമക്കേടുണ്ടായെന്നാണ് കത്തിന്‍റെ ഉള്ളടക്കം. ക്രമരഹിതമായ ബില്ലുകൾ പാസാക്കാനാകില്ലെന്ന് ഉറപ്പിച്ചു പറഞ്ഞ തന്നെ കൊല്ലുമെന്നും സ്ഥലം മാറ്റുമെന്നും ഭീഷണിപ്പെടുത്തിയതായും രാഹേഷ് കുമാർ കത്തിൽ ആരോപിക്കുന്നു.
ജീവഹാനി, സ്ഥാനചലനം തുടങ്ങിയ ഭീഷണികൾ നിൽക്കുന്നുണ്ടെന്നും ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്നും ആവശ്യപ്പെട്ട് കോർപ്പറേഷൻ സെക്രട്ടറി പോലീസിൽ പരാതി നൽകിയിരുന്നു. കത്തിലെ സൂചന പോലെ മൂന്നു ദിവസം മുൻപ് രാഹേഷ് കുമാറിനെ ഇവിടെ നിന്നും സ്ഥലം മാറ്റുകയും ചെയ്തു. പിന്നാലെയാണ് അഴിമതി ആരോപണമുള്ള കത്ത് പുറത്തുവന്നത്. ഇക്കൊല്ലം മാര്‍ച്ചിലാണ് പദ്ധിക്കായി ഇ-ടെണ്ടര്‍ ക്ഷണിച്ചത്. ഒരു കമ്പനിയൊഴികെ മറ്റൊന്നും യോഗ്യമല്ലെന്ന് കണ്ട് ചീഫ് എഞ്ചിനിയര്‍ തള്ളി. എന്നാല്‍ സൂപ്രണ്ടിങ് എഞ്ചിനീയര്‍ രേഖാമൂലം എഴുതിയത് എല്ലാ കമ്പനികള്‍ക്കും യോഗ്യതയുണ്ടെന്നാണ്. പിന്നാലെ മേയറില്‍ നിന്ന് അനുമതി തേടി ഫിനാഷ്യല്‍ ബിഡ് ഉറപ്പിച്ചു. ഇത് നിയമ ലംഘനമാണെന്നും ഫിനാൻഷ്യല്‍ ബിഡ് പുറപ്പെടുവിക്കാന്‍ ചീഫ് എഞ്ചിനിയര്‍ക്ക് മാത്രമാണ് അധികാരമെന്നും സെക്രട്ടറിയുടെ കത്തിലുണ്ട്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam