
തിരുവനന്തപുരം: കോവളത്ത് അനധികൃതമായി വിൽപ്പനയ്ക്കെത്തിച്ച 155 കിലോ ചന്ദന മുട്ടികൾ പിടികൂടി. കടത്തുമായി ബന്ധപ്പെട്ട് നാലുപരെ ഫോറസ്റ് ഇൻ്റലിജൻസ് വിഭാഗത്തിൻ്റെ പ്രത്യേക സംഘം അറസ്റ്റ് ചെയ്തു. കൊല്ലം സ്വദേശികളായ ഷെഫീക്, നബീബ്, തമിഴ്നാട് സ്വദേശി നെഹേമി, നെയ്യാറ്റിൻകര സ്വദേശി ബിജു കുമാർ എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം കോവളം സമുദ്ര ബീച്ചിന് സമീപത്ത് വെച്ച് ചന്ദനമുട്ടികൾ കൈമാറുന്നതിനിടയിലായിരുന്നു സംഘം പിടിയിലായത്. തമിഴ്നാട്ടിൽ നിന്നും കേരളത്തിലേക്ക് ചന്ദനം തടികൾ കടത്തുന്ന സംഘത്തിലെ പ്രധാനിയായ പുന്നമൂട് മേപ്പാംകോട് ജയകുമാറിനെ ഏതാനും നാളുകൾക്ക് മുമ്പ് മാർത്താണ്ഡത്തിന് സമീപത്തുവച്ച് ഫോറസ്റ്റ് ഉദ്യോഗസ്ഥർ മറ്റൊരു കേസിൽ പിടി കൂടിയിരുന്നു. ഇയാളെ ചോദ്യം ചെയ്യുന്നതിനിടയിലാണ് ജില്ലയിലെ പല ഭാഗത്തും ചന്ദനമുട്ടികൾ എത്തിക്കുന്ന വിവരം ഉദ്യോഗസ്ഥർ അറിഞ്ഞത്. ഇയാൾ മുമ്പും സമാന കേസിൽ ജയിലിൽ കിടന്നിട്ടുണ്ട്. പത്ത് ലക്ഷം രൂപ വിലയുടെ കച്ചവടമുറപ്പിച്ചാണ് സംഘം ഇവിടെത്തിയത്.
ജയകുമാർ ബിജുകുമാറിനെ ഇടനിലക്കാരനായാണ് നിയോഗിച്ചിരുന്നത്. ഫോറസ്റ്റ് വിഭാഗം പരുത്തിപ്പള്ളി റെയിഞ്ച്, തിരുവനന്തപുരം ഫ്ളൈയിങ് സ്ക്വാഡ് റെയിഞ്ച് ഉദ്യോഗസ്ഥർ എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റു ചെയ്തത്. പിടിച്ചെടുത്ത ചന്ദനം കിലോയ്ക്ക് 6000 മുതൽ 7000 രൂപ വരെയുള്ള വിലയ്ക്ക് മലപ്പുറത്തെ സംഘത്തിന് വിൽക്കാനായിരുന്നു പ്രതികളുടെ പദ്ധതിയെന്ന് വനംവകുപ്പ് അറിയിച്ചു. ഈ സംഘം പിന്നീട് ഇരട്ടി വിലയ്ക്ക് ചന്ദനം മറ്റിടങ്ങളിലേക്ക് മറിച്ചുവിൽക്കുകയാണ് പതിവ്. അറസ്റ്റിലായവരിൽ നെഹേമിയും നജീബും മുൻപും ചന്ദനക്കടത്ത് കേസിൽ പ്രതികളായി ജയിൽശിക്ഷ അനുഭവിച്ചിട്ടുള്ളവരാണെന്നും അധികൃതർ അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.