നൂറ് വര്‍ഷത്തിലേറെ പഴക്കമുള്ള പാലം അപകടാവസ്ഥയില്‍

By Web TeamFirst Published Aug 4, 2018, 8:30 PM IST
Highlights

പൊതുമരാമത്ത് മന്ത്രിയുടെ മണ്ഡലത്തിലെ നൂറ് വര്‍ഷം പഴക്കമുള്ള പാലം അപകടാവസ്ഥയിൽ. പരാതികള്‍ പോയിട്ടും തിരിഞ്ഞു നോക്കാതെ അധികൃതര്‍... 

അമ്പലപ്പുഴ: പാലം അപകടാവസ്ഥയില്‍ നടപടിയെടുക്കാതെ അധികൃതര്‍  പഴയ ദേശീയപാതയില്‍ കാക്കാഴത്ത് സ്ഥിതി ചെയ്യുന്ന പാലമാണ് അപകട ഭീഷണിയുയര്‍ത്തി നില്‍ക്കുന്നത്. സമീപത്തുള്ള കാക്കാഴം ഗവ: ഹയര്‍ സെക്കന്‍ററി സ്‌കൂളിലെയും എസ് എന്‍ വി ടി ടി ഐ യിലെയും രണ്ടായിരത്തോളം വിദ്യാര്‍ത്ഥികളും അധ്യാപകരും നാട്ടുകാരുമടക്കം നിരവധി പേരാണ് ഈ പാലത്തിലൂടെ ദിവസവും യാത്ര ചെയ്യുന്നത്. പ്രദേശവാസികള്‍ക്ക് ദേശീയ പാതയിലേക്ക് പ്രവേശിക്കണമെങ്കിലും അപകടാവസ്ഥയിലായ കാക്കാഴത്ത് പാലം മറികടക്കണം.

കൂടാതെ ഭാരം കയറ്റി വരുന്ന ടിപ്പര്‍ ലോറികള്‍ ഉള്‍പ്പെടെയുള്ള അനേകം വാഹനങ്ങളും ഇതിലൂടെ ഓടുന്നുണ്ട്. നൂറ് വര്‍ഷത്തിലേറെ പഴക്കമുള്ള പാലം അപകടമുയര്‍ത്തി നില്‍ക്കുകയാണ്. പാലത്തിന്‍റെ കൈവരികളും കല്‍ക്കെട്ടും തകര്‍ന്നിരിക്കുകയാണ്. കല്‍ക്കെട്ട് ഇടിഞ്ഞത് മൂലം പാലം ഏതു സമയവും നിലംപൊത്തുമെന്ന ആശങ്കയാണ് നാട്ടുകാ‍‍ർ. മഴ കനത്തതോടെ പാലത്തില്‍ ആഴമേറിയ കുഴികളും രൂപപ്പെട്ടു. 

റെയില്‍വെ മേല്‍പ്പാലം യാഥാര്‍ത്ഥ്യമായതോടെ ഈ പാലത്തെ അധികൃതര്‍ അവഗണിച്ചിരിക്കുകയാണ്. പാലത്തിന്‍റെ അറ്റകുറ്റപ്പണിക്കോ ടാറിംഗിനോ പൊതുമരാമത്ത് വകുപ്പ് ഇതുവരെ തയ്യാറായിട്ടില്ല. പാലത്തില്‍ അറ്റകുറ്റപ്പണി നടത്തണമെന്ന് കാട്ടി കാക്കാഴത്തെ ഓട്ടോറിക്ഷാ തൊഴിലാളികള്‍ മന്ത്രി ജി സുധാകരന് പരാതി നല്‍കിയിട്ടും നടപടിയുണ്ടായിട്ടില്ല. വിദ്യാര്‍ത്ഥികളടക്കമുള്ളവരുടെ സുരക്ഷിതത്വം കണക്കിലെടുത്ത് അടിയന്തിരമായി പാലം ഗതാഗത യോഗ്യമാക്കണെമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.


 

click me!