അഭിജിത്തിന് ജീവിക്കണം, ഒപ്പം സഹോദരിയേയും അമ്മൂമ്മയേയും നോക്കണം; മീന്‍ വിറ്റാണെങ്കിലും !

By Nikhil PradeepFirst Published Jun 29, 2021, 12:53 PM IST
Highlights


ഒരു നേരത്തെ ആഹാരത്തിന് വേണ്ടി രണ്ട് കുട്ടികളെയും ഒക്കത്തിരുത്തി അന്ന് വീടുകളിൽ കയറി ഭിക്ഷ വരെ യാചിച്ചിട്ടുണ്ടെന്ന് സുധ പറയുന്നു. പിന്നീട് , ചായ കടയിലും മറ്റുമായി ജോലിക്ക് നിന്ന് കിട്ടുന്ന കാശ് കൊണ്ട് സുധ കുട്ടികളെ വളർത്തി. 


" ന്നര വയസ്സായിരുന്നു അന്ന് അവന് പ്രായം, അവള്‍ക്ക് രണ്ടര വയസ്സും. രണ്ടുപേരും പഠിക്കുന്ന അങ്കണവാടിയില്‍ ഉപേക്ഷിച്ചാണ് അവര് പോയത്." പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷവും ഇത് പറയുമ്പോള്‍ അമ്മൂമ്മ സുധയുടെ കണ്ഠമിടറും. അന്ന് അങ്കണവാടിയില്‍ അച്ഛനും അമ്മയും ഉപേക്ഷിച്ച് പോയ അമൃതയ്ക്കും അഭിജിത്തിനും ഇന്ന് പന്ത്രണ്ടും പതിനൊന്നും വയസ്സ്. ജീവിതം പൊരുതി നേടേണ്ടതാണെന്ന് ഇത്ര ചെറുപ്പത്തില്‍ തന്നെ ഇരുവരും ഉറപ്പിച്ചുകഴിഞ്ഞു. അതിനായി തങ്ങളുടെ പ്രായത്തിലുള്ള കുട്ടികളോടൊപ്പം കളിച്ച് നടക്കുകയല്ല ഇരുവരും. അവര്‍ക്കിരുവര്‍ക്കും പഠിക്കണം. ആരെയും ആശ്രയിക്കാതെ ജീവിക്കണം. അതിനായി ഇന്നും അമ്മൂമ്മയോടൊപ്പം മീന്‍ വിറ്റ് പഠനത്തിനും ജീവിക്കാനുമുള്ള വക കണ്ടെത്തുകയാണ് അഭിജിത്ത്. 

തിരുവനന്തപുരം ജില്ലയിലെ തിരുവല്ലം പുഞ്ചക്കരി തമ്പുരാൻ മുക്കിനടുത്തുളള കൊച്ച് കുടിലിലാണ് സുധയും ചെറുമക്കളായ അമൃതയും അഭിജിത്തും വാടകയ്ക്ക് കഴിയുന്നത്. എന്നും രാവിലെ ഇവിടെ നിന്നാണ് അഭിജിത്തും അമ്മൂമ്മ സുധയും മീന്‍ വില്‍ക്കാനായി പോകുന്നത്. അഭിജിത്തിന് പൊലീസുകാരനാകണം. അമൃതയ്ക്ക് ചിത്രകാരിയും. ഇരുവര്‍ക്കുമൊപ്പം നിന്ന് അമ്മൂമ്മ സുധയും. 

പത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ് അഭിജിത്തിന് ഒന്നരയും അമൃതയ്ക്ക് രണ്ടര വയസുമായിരുന്നപ്പോഴാണ് ഇവരെ മാതാപിതാക്കൾ പുഞ്ചകരി അങ്കണവാടിയിൽ ഉപേക്ഷിക്കുന്നത്. സുധയുടെ മകളുടെ കുട്ടികളാണ് ഇരുവരും. മാതാപിതാക്കളെ കാണാതായതോടെ അങ്കണവാടി ടീച്ചർ കുട്ടികളുടെ അമ്മൂമ്മ സുധയെ വിവരം അറിയിക്കുകയായിരുന്നു. അന്ന് പൊലീസിനെ സമീപിച്ചെങ്കിലും ഫലം ഉണ്ടായില്ല. വിധിയോട് പോരാടാൻ തന്നെ തീരുമാനിച്ച് സുധ രണ്ട് കുഞ്ഞുങ്ങളുമായി മുന്നോട്ട് തന്നെ പോയി. 

ഒരു നേരത്തെ ആഹാരത്തിന് വേണ്ടി രണ്ട് കുട്ടികളെയും ഒക്കത്തിരുത്തി അന്ന് വീടുകളിൽ കയറി ഭിക്ഷ വരെ യാചിച്ചിട്ടുണ്ടെന്ന് സുധ പറയുന്നു. പിന്നീട് , ചായ കടയിലും മറ്റുമായി ജോലിക്ക് നിന്ന് കിട്ടുന്ന കാശ് കൊണ്ട് സുധ കുട്ടികളെ വളർത്തി. എന്നാൽ കോവിഡ്‌ വന്നതോടെ ജീവിതം പ്രതിസന്ധിയിലായതായി. അങ്ങനെയാണ് ജീവിതം മുന്നോട്ട് കൊണ്ട് പോകാൻ ഒരു വർഷം മുൻപ് മീൻ വിൽപനയുമായി സുധ ഇറങ്ങുന്നത്. 

 

 

അമ്മൂമ്മയ്ക്ക് സഹായവുമായി അഭിജിത്തും സൈക്കിളിൽ ഒപ്പം കൂടി. അഭിജിത്താണ് സൈക്കിളിൽ മീൻകൊട്ട കൊണ്ട് പോകുന്നത്. അമ്മൂമ്മക്ക് മീൻ വിറ്റ് കിട്ടുന്ന പൈസ കൊണ്ടല്ലേ തങ്ങൾക്കും ജീവിക്കാൻ സാധിക്കുന്നതെന്നും അത് കൊണ്ട് താനും ഒപ്പം നിന്ന് സഹായിക്കുകയാണെന്നും മുതിര്‍ന്ന ഒരാളെ പോലെ അഭിജിത്ത് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനോട് പറഞ്ഞു. രാവിലെ ഏഴ് മുതൽ ഉച്ചയ്ക്ക് രണ്ടുവരെയാണ് മീൻ വിൽപ്പന. ആളുകൾ മീൻ വാങ്ങി സഹായിക്കുന്നതിനാൽ നിലവിൽ 'അന്ന'തിന് ബുദ്ധിമുട്ടില്ലാതെ മുന്നോട്ട് പോകുന്നുണ്ടെന്ന് സുധ പറഞ്ഞു. 

ജീവിത സാഹചര്യം മനസിലാക്കി സമപ്രയാക്കാരിൽ നിന്നൊക്കെ വ്യത്യസ്തമായി അഭിജിത്തും അമൃതയും തനിക്കൊപ്പം നിക്കുന്നുണ്ടെന്നും സുധ പറഞ്ഞു. കുട്ടികളെ നല്ല നിലയിൽ എത്തിക്കണമെന്നാണ് സുധയുടെ ആഗ്രഹം. അവർക്ക് അന്തിയുറങ്ങാൻ സ്വന്തമായി ഒരു വീട്, നല്ല വിദ്യാഭ്യാസം, ധരിക്കാൻ നല്ല വസ്ത്രങ്ങൾ എന്നിവയൊക്കെയാണ് തന്‍റെ ആഗ്രഹങ്ങളെന്ന് സുധ ഏഷ്യാനെറ്റ് ഓണ്‍ലൈനോട് പറഞ്ഞു. 

പട്ടം സെന്‍റ് മേരീസ് സ്‌കൂൾ ഏഴാം ക്ലാസ് വിദ്യാർഥിയാണ് അഭിജിത്ത്. ചേച്ചി അമൃത പൂന്തുറ സെന്‍റ് ഫിലോമിനസ് സ്‌കൂൾ എട്ടാം ക്ലാസ് വിദ്യാർഥിനിയാണ്. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് പഠനം വഴി മുട്ടിയപ്പോള്‍ വാർഡ് കൗൺസിലർ ഡി.വി ശിവൻകുട്ടി കുട്ടികളുടെ ഓൺലൈൺ പഠനത്തിനായി മൊബൈൽ ഫോൺ വാങ്ങി നൽകി. ഇന്ന് ഇരുവരുടെയും പഠനം മുടങ്ങാതെ മുന്നോട്ട് പോകുന്നു.  പക്ഷേ അപ്പോഴും അടച്ചുറപ്പില്ലാത്ത കുടിലില്‍ എത്രകാലമിങ്ങനെ കഴിയാന്‍ പറ്റുമെന്ന് ഇവര്‍ക്കറിയില്ല.  

ഇവരെ സഹാഹിക്കാൻ താത്പര്യമുള്ളവർക്ക് താഴെക്കാണുന്ന ബാങ്ക് അക്കൗണ്ടിലൂടെ ധനസഹായം നല്‍കാം.  

Name:    SUDHADEVI.P
Branch:  Bank of India. Thiruvallam
Account number:  852710100010449
IFSC code:  BKID0008527

 

 

 


'കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. ' #BreakTheChain #ANCares #IndiaFightsCorona

click me!