ഫോണിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ വാടകവീട്ടിലെത്തിച്ച് പീഡിപ്പിച്ചു, കവര്‍ച്ച; മുങ്ങി നടന്ന പ്രതി പിടിയില്‍

By Web TeamFirst Published Jun 29, 2021, 12:15 PM IST
Highlights

കോഴിക്കോട് ജില്ലയിലെ കസബ, മെഡിക്കൽ കോളേജ്, പന്നിയങ്കര, നല്ലളം, പന്തീരങ്കാവ് എന്നീ പോലീസ് സ്റ്റേഷനുകളിലായി  ബലാത്സംഘം, കവർച്ച തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ് ദില്‍ഷാദ്. 

കോഴിക്കോട്: പീഡന കേസടക്കം നിരവധി കേസുകളില്‍ പ്രതിയായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഫോൺ വഴി പരിചയപ്പെട്ട വയനാട് സ്വദേശിനിയായ പ്രായപൂര്‍ത്തിയായ പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി പന്തീരങ്കാവ് സ്വദേശി ദിൽഷാദിനെയാണ് ആലപ്പുഴയില്‍ നിന്നും പൊലീസ് അറസ്റ്റ് ചെയ്തത്. പന്തീരങ്കാവ് പോലീസ് സ്റ്റേഷനിൽ റജിസ്റ്റർ ചെയ്ത പോക്സോ ആക്റ്റ് കേസിലാണ് അറസ്റ്റ്.

കോഴിക്കോട് ജില്ലയിലെ കസബ, മെഡിക്കൽ കോളേജ്, പന്നിയങ്കര, നല്ലളം, പന്തീരങ്കാവ് എന്നീ പോലീസ് സ്റ്റേഷനുകളിലായി  ബലാത്സംഘം, കവർച്ച തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ് ദില്‍ഷാദ്. വയനാട് സ്വദേശിനിയായ പ്രായപൂര്‍ത്തിയായ പെൺകുട്ടിയെ  പന്തീരങ്കാവ് ഇയാള്‍ വാടകയ്ക്ക്  താമസിച്ചിരുന്ന വീട്ടിൽ എത്തിച്ചും പിന്നീട് കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വിവധ സ്ഥലങ്ങളിൽ പാർപ്പിച്ചും  പീഡിപ്പിച്ചെന്നാണ് കേസ്. 

പീഡനക്കേസിന് പുറമേ വാഹനാപകട കേസിലും പ്രതിയാണ് ദില്‍ഷാദ്. കഴിഞ്ഞ വര്‍ഷം ജൂണ്‍ മാസം പന്തീരങ്കാവ് ബൈപ്പാസിൽ ദില്‍ഷാദ് ഓടിച്ചിരുന്ന ഓട്ടോറിക്ഷയിൽ കാറിടിച്ച് ഓട്ടോഡ്രൈവറായിരുന്ന പന്തീരങ്കാവ് സ്വദേശി വൈശാഖ് മരണപ്പെട്ടിരുന്നു. അപകടത്തിന് ശേഷം ദില്‍ഷാദ് കാർ നിർത്താതെ ഓടിച്ചുപോയി.  മാസങ്ങൾ നീണ്ട അന്വേഷണത്തിലൊടുവിലാണ് കാർ ഓടിച്ചിരുന്ന ദിൽഷാദിനെ പോലീസ് കണ്ടെത്തി അറസ്റ്റ് ചെയ്തത്.  

നിലവിൽ നല്ലളം പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ബലാത്സംഘ കേസിലും മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷനിലും പന്നിയങ്കര പൊലീസ് സ്റ്റേഷനിലും രജിസ്റ്റർ ചെയ്ത കവർച്ച കേസുകളിലും പ്രതിയാണ് ദിൽഷാദ്. അന്വേഷണത്തിൽ പ്രതി ആലപ്പുഴ ഉള്ളതായി വിവരം ലഭിച്ചതിനെ തുടർന്ന്  പന്തീരങ്കാവ് ഇൻസ്പെക്ടർ ബൈജു.കെ.ജോസിൻറ നിർദ്ദേശപ്രകാരം എസ്.ഐ. ജിതേഷ്, സിവിൽ പൊലീസ് ഓഫീസർമാരായ രഞ്ജിത്ത്, അനീഷ്, വിഷ്ണു ഹരി എന്നിവർ ആലപ്പുഴ നോർത്ത് പൊലീസിൻ്റെ സഹായത്തോടെ  പ്രതിയെ പിടികൂടുകയായിരുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!