
കൊച്ചി: 'ഓപ്പറേഷൻ ജാഗ്രത' പരിശോധനയിൽ 24 മണിക്കൂറിനിടെ 114 പേരെ പിടികൂടി കൊച്ചി പൊലീസ്. ഏറെ നാളായി പിടികിട്ടാതിരുന്ന പ്രതികളെയടക്കം വിവിധ കേസുകളിലെ 114 പേരെയാണ് 'ഓപ്പറേഷൻ ജാഗ്രത'യിലൂടെ പിടികൂടിയതെന്ന് കൊച്ചി പൊലീസ് കമ്മീഷണർ എ അക്ബർ വ്യക്തമാക്കി. 24 മണിക്കൂറിനുള്ളിൽ നടത്തിയ പ്രത്യേക പരിശോധനയിലാണ് ഇവരെ വലയിലാക്കിയത്. വധശ്രമം, പോക്സോ അടക്കമുള്ള ക്രിമിനൽ കേസുകളിലെ പ്രതികളടക്കമുള്ളവരാണ് പിടിയിലായതെന്ന് കൊച്ചി പൊലീസ് കമ്മീഷണർ എ അക്ബർ വ്യക്തമാക്കി. 194 സ്ഥലങ്ങളിലാണ് 'ഓപ്പറേഷൻ ജാഗ്രത'തയുടെ ഭാഗമായി കൊച്ചി പൊലീസ് പരിശോധന നടത്തിയത്.
കഴിഞ്ഞ വർഷം 1359 ലഹരി കേസുകളാണ് കൊച്ചിയിൽ റിപ്പോർട്ട് ചെയ്തതതെന്നും മുൻവർഷത്തേക്കാൾ കൂടുതൽ കേസുകൾ ഇക്കുറി ഉണ്ടായെന്നും കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ വിവരിച്ചു. ലഹരി കേസുകളിൽ കൂടുതലും എം ഡി എം എ കേസുകളാണ്. അതിനാൽ തന്നെ ഇത്തരം കേസുകൾക്ക് പൂട്ടിടാനായി കൊച്ചിയിൽ വാഹന പരിശോധന ശക്തമാക്കുമെന്നും കൊച്ചി പൊലീസ് കമ്മീഷണർ എ അക്ബർ വ്യക്തമാക്കി. അതേസമയം കളമശേരി സ്ഫോടന കേസിലെ കുറ്റപത്രം സമയബന്ധിതമായി സമർപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
അതിനിടെ കൊച്ചിയിൽ നിന്നും പുറത്തുവന്ന മറ്റൊരു വാർത്ത കളമശ്ശേരിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചശേഷം ഒന്നര വർഷമായി ഒളിവിൽ കഴിഞ്ഞയാളെ കേരള പൊലീസ് പിടികൂടി എന്നതാണ്. കളമശ്ശേരി പൊലീസ് അസമിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. അപ്പർ അസം ദിമാജി ജില്ലയിൽ കാലിഹമാരി ഗ്രാമത്തിൽ പുസാൻഡോ എന്ന് വിളിക്കുന്ന മഹേശ്വൻ സൈക്കിയയെയാണ് കളമശ്ശേരി പൊലീസ് സാഹസികമായി അറസ്റ്റ് ചെയ്തത്. 2022 ൽ കളമശ്ശേരി ചേനക്കാല റോഡിൽ മാതാപിതാക്കളോടൊപ്പം താമസിച്ചിരുന്ന പ്രതി, സമീപത്തു താമസിച്ചിരുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ചു. പ്രതി താമസിച്ചിരുന്ന വാടക വീട്ടിൽ വിളിച്ച് വരുത്തി ലൈംഗികമായി പീഡിപ്പിച്ച ശേഷം ഇയാൾ അസമിലേക്ക് കടന്നു. അരുണാചൽ പ്രദേശിനോട് ചേർന്നുള്ള ഉൾഗ്രാമത്തിൽ ഉൾഫ ബോഡോ തീവ്രവാദി ഗ്രൂപ്പുമായി ബന്ധമുള്ള ഒരു ബന്ധുവിന്‍റെ വീട്ടിൽ ഒളിച്ചു താമസിക്കുകയായിരുന്നു പ്രതി. ലോക്കൽ പൊലീസ് പോലും കടന്നുചെല്ലാൻ മടിക്കുന്ന ഉൾ ഗ്രാമത്തിൽ നിന്നാണ് അതിസാഹസികമായി പ്രതിയെ പിടികൂടിയതെന്ന് പൊലീസ് അറിയിച്ചു.