യുദ്ധത്തടവുകാരെ യുക്രൈന് കൈമാറാനായി കൊണ്ടുപോകുമ്പോൾ വിമാനം യുക്രൈൻ സൈന്യം മിസൈൽ അയച്ചു തകർത്തു എന്നാണ് റഷ്യയുടെ വാദം
മോസ്ക്കോ: യുക്രൈൻ അതിർത്തി മേഖലയിൽ റഷ്യൻ സൈനിക വിമാനം തകർന്നു വീണുണ്ടായ ദുരന്തത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 74 ആയി. ലോകത്തെ ഞെട്ടിച്ച വിമാന ദുരന്തത്തിന്‍റെ യഥാർത്ഥ കാരണമെന്താണെന്ന ചോദ്യത്തിന് ഇനിയും കൃത്യമായ മറുപടി ഉണ്ടായിട്ടില്ല. യുക്രൈനെതിരെ റഷ്യ ആരോപണം ഉന്നയിക്കുമ്പോൾ, യുക്രൈന്‍റെ കുറ്റപ്പെടുത്തൽ റഷ്യക്കെതിരെയാണ്. യുക്രൈൻ സൈനികർ വിമാനം മിസൈൽ അയച്ചു തകർത്തത് ആണെന്നാണ് റഷ്യയുടെ ആരോപണം. റഷ്യ യുദ്ധത്തടവുകാരായി പിടികൂടിയ യുക്രൈൻ സൈനികരാണ് വിമാനത്തിൽ ഉണ്ടായിരുന്നത് എന്നാണ് റിപ്പോർട്ട്.
റഷ്യ - യുക്രൈൻ അതിർത്തി മേഖലയായ ബൽഗൊറോഡിൽ ആണ് ഇലയൂഷിന് 76 സൈനിക വിമാനം തകർന്നുവീണത്. റഷ്യയുടെ ഈ വിമാനത്തിൽ ഉണ്ടായിരുന്നത്. യുദ്ധത്തടവുകാരായ 65 യുക്രൈൻ സൈനികരാണെന്ന് റഷ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 65 യുക്രൈൻ സൈനികരെ കൂടാതെ വിമാന ജീവനക്കാർ അടക്കം മറ്റ് ഒൻപത് പേർ വിമാനത്തിൽ ഉണ്ടായിരുന്നു. ആരും രക്ഷപ്പെട്ടിട്ടില്ലെന്ന് പ്രവിശ്യാ ഗവർണർ അറിയിച്ചു.
യുദ്ധത്തടവുകാരെ യുക്രൈന് കൈമാറാനായി കൊണ്ടുപോകുമ്പോൾ വിമാനം യുക്രൈൻ സൈന്യം മിസൈൽ അയച്ചു തകർത്തു എന്നാണ് റഷ്യയുടെ വാദം. പ്രതിരോധകാര്യ സമിതിയിൽ അംഗങ്ങളായ റഷ്യൻ എം പിമാരാണ്, യുക്രൈൻ മിസൈൽ ഇട്ടാണ് വിമാനം തകർത്തത് എന്ന് ആരോപിച്ചത്. ഇതിനോട് യുക്രൈൻ പ്രതികരിച്ചിട്ടില്ല. അപകടത്തെപ്പറ്റി അന്വേഷണം ആരംഭിച്ചതായി റഷ്യ അറിയിച്ചു. പ്രതിരോധ മേഖലയിലെ ചരക്കുനീക്കത്തിനും സൈനികരെ കൊണ്ടുപോകാനും ഉപയോഗിക്കുന്ന ഇലയൂഷിന് 76 വിമാനത്തിൽ 95 പേർക്കുവരെ യാത്ര ചെയ്യാം. റഷ്യയുടെ ആക്രമണവും യുക്രൈൻ പ്രത്യാക്രമണം ശക്തമായി നടക്കുന്ന സ്ഥലത്താണ് അപകടം. അതിനാൽ തന്നെ വിമാനം തകരാനുള്ള യഥാർത്ഥ കാരണം വെളിപ്പെടാൻ സമയം എടുത്തേക്കും.
