കോട്ടയം ജില്ലയില്‍ 118 പേര്‍ക്കു കൂടി കൊവിഡ്, ജില്ലാ ജനറൽ ആശുപത്രിയിലെ 2 വാർഡുകൾ അടച്ചു

By Web TeamFirst Published Jul 28, 2020, 7:56 PM IST
Highlights

കോട്ടയത്ത് ഒരു ദിവസം 100 രോഗികള്‍  കടക്കുന്നത് ഇതാദ്യമാണ്. ഇന്ന് രോഗം സ്ഥിരീകരിച്ച 118 ൽ 116 പേർക്കും രോഗം സമ്പർക്കത്തിലൂടെയാണ് വൈറസ് ബാധിച്ചിട്ടുള്ളത്

കോട്ടയം: കോട്ടയം ജില്ലയില്‍ പുതിയതായി 118 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ മൂന്ന് ആരോഗ്യപ്രവര്‍ത്തകരും സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ച 113 പേരും മറ്റു സംസ്ഥാനങ്ങളില്‍നിന്ന് വന്ന രണ്ടു പേരും ഉള്‍പ്പെടുന്നു. 18 പേര്‍ രോഗമുക്തരായി. ഇവര്‍ക്കു പുറമെ ജില്ലയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍നിന്നുള്ള ഓരോ രോഗികള്‍ വീതം കോവിഡ് മുക്തരായി ആശുപത്രി വിട്ടു.

 നിലവില്‍ കോട്ടയം ജില്ലക്കാരായ  557 പേരാണ് ചികിത്സയിലുള്ളത്.  ഇതുവരെ ജില്ലയില്‍ 1045 പേര്‍ക്ക് രോഗം ബാധിച്ചു. 487 പേര്‍ രോഗമുക്തരായി. കോട്ടയത്ത് ഒരു ദിവസം 100 രോഗികള്‍  കടക്കുന്നത് ഇതാദ്യമാണ്. ഇന്ന് രോഗം സ്ഥിരീകരിച്ച 118 ൽ 116 പേർക്കും രോഗം സമ്പർക്കത്തിലൂടെയാണ് വൈറസ് ബാധിച്ചിട്ടുള്ളത്. ചികിത്സയിലുള്ളവരുടെ എണ്ണം 500 കവിഞ്ഞു. ജില്ലയില്‍  ഏറ്റുമാനൂരാണ് ഏറ്റവും രൂക്ഷമായി രോഗവ്യാപനം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

കോട്ടയം ജില്ലാ ജനറൽ ആശുപത്രി 2 വാർഡുകൾ അടച്ചു. ഗർഭിണികൾ ഉൾപ്പെടെ ചികിത്സയിൽ കഴിയുന്നവർക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തിലാണ് തീരുമാനം. ഏറ്റുമാനൂർ പച്ചക്കറി മാർക്കറ്റിൽ കോവിഡ് വ്യാപനം ഉണ്ടായ സാഹചര്യത്തിൽ വിപുലമായ സമ്പർക്ക പട്ടിക തയ്യാറാക്കുന്നുണ്ട്. രോഗവ്യാപനം രൂക്ഷമായതോടെ ഏറ്റുമാനൂരിലെ ചെറുകിട വ്യാപാരികളെയും, ജീവനക്കാരെയും, ഓട്ടോറിക്ഷാ ഡ്രൈവർമാരെയും  അടക്കം പരിശോധനയ്ക്ക് വിധേയമാകും. 

പ്രാഥമിക സമ്പർക്ക പട്ടിക, മുൻഗണന സമ്പർക്ക പട്ടിക എന്നിങ്ങനെ തിരിച്ചാണ് പരിശോധന നടത്തുക. പച്ചക്കറി മാർക്കറ്റിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്നവർക്കാണ് ഇന്നലെ  രോഗബാധയുണ്ടായതെന്നിരിക്കെ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും, വേണ്ട മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ടെന്നും ഏറ്റുമാനൂർ നഗരസഭ അധികൃതർ പറഞ്ഞു.
 

click me!