
ഇരട്ടയാർ: ഇടുക്കി: ഇരട്ടയാർ ഡാമിൽ കാണാതായ കുട്ടിക്കായുള്ള തിരച്ചിൽ രണ്ടാം ദിവസവും തുടരുന്നു. ഉപ്പുതറ വളകോട് മൈലാടുംപാറ എം.ആർ രതീഷ്കുമാറിന്റെയും സൗമ്യയുടെയും മകൻ അസൗരേഷ് (അക്കു-- 12) നെയാണ് കാണാതായത്. ഒപ്പമുണ്ടായിരുന്ന പിതൃസഹോദരിയുടെ പുത്രൻ കായംകുളം മുതുകുളം നടുവിലേയത്ത് പൊന്നപ്പൻ -രജിത ദമ്പതികളുടെ മകൻ അതുൽ ഹർഷ് (അമ്പാടി 12) നെ ഇന്നലെ പുഴയിൽ നിന്നും നാട്ടുകാർ രക്ഷിച്ച് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ നഷ്ടമായിരുന്നു. ഇന്നലെ ആരംഭിച്ച അസൗരേഷിനായുള്ള തിരച്ചിൽ ഇപ്പോഴും തുടരുകയാണ്. ഇരട്ടയാർ ഭാഗത്ത് ടണലിലേക്ക് നൈറ്റ് വിഷൻ ഡ്രോൺ പറത്തിവിട്ടാണ് പരിശോധന. അഞ്ചുരുളിയിൽ സ്ക്യൂബ ടീമും തിരച്ചിൽ നടത്തും.
രജിതയുടെയും രതീഷ്കുമാറിന്റെയും അച്ഛൻ ഇരട്ടയാർ ചേലയ്ക്കൽക്കവല മൈലാടുംപാറ രവീന്ദ്രൻ്റെ വീട്ടിൽ ഓണാവധിക്ക് എത്തിയതായിരുന്നു കുട്ടികൾ. വ്യാഴം രാവിലെ പത്തോടെയാണ് അപകടമുണ്ടായത്. അതുലും ജ്യേഷ്‌ഠൻ അനു ഹർഷും അസൗരേഷും ജ്യേഷ്ഠൻ ആദിത്യനും ഇരട്ടയാർ അണക്കെട്ടിന്റെ തീരത്തെ ഗ്രൗണ്ടിൽ
കളിക്കാനെത്തിയിരുന്നു. ഇതിനിടെ ഗ്രൗണ്ടിനോടു ചേർന്ന് ഇരട്ടയാർ അണക്കെട്ടിൽ നിന്ന് ഇടുക്കി അണക്കെട്ടിലേക്ക് വെള്ളം കൊണ്ടുപോകുന്ന തുരങ്കത്തിനുസമീപം കനാൽപോലുള്ള ഭാഗത്ത് കുട്ടികൾ ഇറങ്ങി. പന്തെടുക്കാനായിരുന്നു കുട്ടികൾ കനാലിൽ ഇറങ്ങിയത്.
കൈകോർത്തുപിടിച്ച് വെള്ളത്തിലിറങ്ങിയ ഇരുവരും ഒഴുക്കിൽപ്പെട്ട് മുങ്ങിപ്പോകുകയായിരുന്നു. കരയിൽനിന്ന അനു ഹർഷിൻ്റെ നിലവിളികേട്ട് പ്രദേശവാസികൾ ഓടിക്കൂടി തിരച്ചിൽ ആരംഭിക്കുകയായിരുന്നു. തുരങ്കമുഖത്തെ കോൺക്രീറ്റ് ഗ്രില്ലിൽ തങ്ങിനിന്ന അതുലിനെ 15 മിനിറ്റിനുള്ളിൽ നാട്ടുകാർ പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കാണാതായ അസൗരേഷിനായി അഗ്നിരക്ഷാസേന മണിക്കൂറുകൾ തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് 5.5 കിലോമീറ്റർ അകലെ ഇടുക്കി ജലാശയത്തിന്റെ ഭാഗമായ അഞ്ചുരുളിയിലെ തുരങ്കമുഖത്ത് വടംകെട്ടി അഗ്‌നിരക്ഷാസേനയുടെ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
നൈറ്റ് വിഷൻ ഡ്രോൺ ഉപയോഗിച്ച് പരിശോധിക്കും. കുട്ടികൾ കുളിക്കാൻ ഇറങ്ങിയ സ്ഥലത്തും സ്‌ക്യുബ ടീം ബോട്ട് ഉപയോഗിച്ച് പരിശോധിക്കും. തുടർന്ന് ഇരട്ടയാർ ടണൽ ഭാഗത്തേക്ക് ഡ്രോൺ സംഘത്തെ ബോട്ടിൽ എത്തിച്ച് ഡ്രോൺ ടണലിലേക്ക് പറത്തും. 5 കിലോമീറ്റർ ദൈർഘ്യമുള്ള ടണലാണ് ഇരട്ടയാറ്റിൽ നിന്നും അഞ്ചുരുളിയിലേക്കുള്ളത്. ഇതിൽ നൈറ്റ് വിഷൻ ഡ്രോണുകളാണ് ഉപയോഗിക്കുന്നത്. ഇരട്ടയാർ ഡാമിൽ തിരച്ചിൽ നടത്തിയെങ്കിലും കുട്ടിയെ കാണാതായതോടെ അഞ്ചുരുളി ഡാമിലേക്ക് തിരച്ചിൽ നീട്ടിയിരുന്നു. സ്കൂബാ ടീം, ഫയർഫോഴ്സ്, എന്നിവരുടെ നേതൃത്വത്തിലാണ് തിരച്ചിൽ നടക്കുന്നത്. അതിനോടൊപ്പമാണ് നൈറ്റ് വിഷൻ ഡ്രോണുകൾ ഉപയോഗിച്ചും ടണലിനുള്ളിൽ അസൗരെഷിനായിട്ടുള്ള തിരച്ചിൽ നടക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam