
മലപ്പുറം: മമ്പാട് പഞ്ചായത്തില്‍ കാട്ടുപന്നി വേട്ട. ഒറ്റ ദിവസം വെടിവച്ച് കൊന്നത് 13 കാട്ടുപന്നികളെ. കാട്ടുപന്നി ശല്യം രൂക്ഷമായ മമ്പാട് പഞ്ചായത്തിലെ കാട്ടുമുണ്ട വാര്‍ഡിലെ പള്ളിപ്പടി, ചെമ്മരം, കൂട്ടിലങ്ങാടി, കാട്ടുമുണ്ട ഭാഗങ്ങളിലായി ഇറങ്ങിയ കാട്ടുപന്നികളെയാണ് മമ്പാട് ഗ്രാമപഞ്ചായത്ത് ചുമതലപ്പെടുത്തിയ ലൈസന്‍സുള്ള ഷൂട്ടര്‍ പത്തപ്പിരിയം സ്വദേശി അഹമ്മദ് നിസാര്‍ വെടിവച്ച് കൊന്നത്.
തുടര്‍ന്ന് വനപാലകരുടെ സാന്നിധ്യത്തില്‍ മണ്ണെണ്ണ ഒഴിച്ച് ജഡങ്ങള്‍ കുഴിച്ചിട്ടു. മമ്പാട് പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ കാട്ടുപന്നി ശല്യം വര്‍ധിച്ചിട്ടുണ്ട്. കഴിഞ്ഞ മാസം രണ്ടു ദിവസങ്ങളിലായി കാട്ടുപന്നികളുടെ ആക്രമണങ്ങളില്‍ ഏഴ് പേര്‍ക്ക് പരിക്കേറ്റിരുന്നു. സ്വകാര്യ സ്ഥലങ്ങളിലെ കുറ്റിക്കാടുകളിലും ചതുപ്പുനിലങ്ങളിലുമായി നൂറുക്കണക്കിന് കാട്ടുപന്നികളാണുള്ളത്.
രാത്രികാലങ്ങളില്‍ കൃഷിയിടങ്ങളിലേക്ക് ഇറങ്ങുന്ന കാട്ടുപന്നികള്‍ പുലര്‍ച്ചെയാണ് മടങ്ങുന്നത്. ടാപ്പിംഗ് തൊഴിലാളികള്‍, പ്രഭാത സവാരിക്കാര്‍, തൊഴിലാളികള്‍, മദ്രസകളിലേക്ക് പോകുന്ന കുട്ടികള്‍ ഉള്‍പ്പെടെ കാട്ടുപന്നി ശല്യം മൂലം ഭീതിയിലാണ്. വരും ദിവസങ്ങളിലും പന്നികളെ വെടിവച്ച് കൊല്ലാന്‍ നടപടി ഉണ്ടാകുമെന്ന് കാട്ടുമുണ്ട വാര്‍ഡ് അംഗം വെള്ളംകുന്നന്‍ ശിഹാബ് പറഞ്ഞു.