ഈച്ച പോലുള്ള പ്രാണി കുത്തി, തിരുവല്ലയില്‍ 13കാരിക്ക് ദാരുണാന്ത്യം 

Published : Mar 06, 2023, 04:01 PM ISTUpdated : Mar 06, 2023, 04:02 PM IST
ഈച്ച പോലുള്ള പ്രാണി കുത്തി, തിരുവല്ലയില്‍ 13കാരിക്ക് ദാരുണാന്ത്യം 

Synopsis

കഴുത്തിന് പിന്നാലായാണ് പ്രാണി കുത്തിയത്.  പ്രാണിയുടെ കുത്തേറ്റ് അധികം വൈകാതെ അലര്‍ജി പോലെ അംജിതയുടെ ദേഹം മുഴുവന്‍ ചൊറിഞ്ഞ് തടിക്കുകയായിരുന്നു.

തിരുവല്ല: തിരുവല്ലയില്‍ ഈച്ച പോലുള്ള പ്രാണിയുടെ കുത്തേറ്റ് ചികിത്സയിലായിരുന്നു പതിമൂന്നുകാരി മരിച്ചു. കോച്ചാരിമുക്കം പാണാറയിൽ അനീഷിന്റെയും ശാന്തികൃഷ്ണയുടെയും മകൾ അംജിത പി. അനീഷാണ് മരിച്ചത്. മാര്‍ച്ച് ഒന്നിന് വൈകുന്നേരം വീട്ടിന് സമീപത്തുള്ള മള്‍ബെറി ചെടിയില്‍ നിന്ന് കായ പറിക്കുന്നതിനിടെയാണ് അംജിതയെ ഈച്ച പോലുള്ള പ്രാണി കുത്തിയത്. കഴുത്തിന് പിന്നിലായാണ് പ്രാണി കുത്തിയത്.  പ്രാണിയുടെ കുത്തേറ്റ് അധികം വൈകാതെ അലര്‍ജി പോലെ അംജിതയുടെ ദേഹം മുഴുവന്‍ ചൊറിഞ്ഞ് തടിക്കുകയായിരുന്നു. ഇതോടെ കുട്ടിയെ തിരുവല്ല താലൂക്ക് ആശുപത്രിയിലെത്തിച്ചു. ഇവിടെ പ്രാഥമിക ചികിത്സ നല്‍കി മടങ്ങാന്‍ തുടങ്ങിയപ്പോള്‍ അംജിത കുഴഞ്ഞു വീഴുകയായിരുന്നു. ഇതിന് പിന്നാലെ വിദ്യാര്‍ത്ഥിനിയെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. വിദ്യാര്‍ത്ഥിനിയുടെ ശ്വാസകോശത്തില്‍ അണുബാധ പടര്‍ന്നതിനേത്തുടര്‍ന്ന് വെന്‍റിലേറ്ററിന്‍റെ സഹായം നല്‍കിയിരുന്നു.  തിരുവല്ല എംജിഎം ഹൈസ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് അംജിത. സഹോദരി അഞ്ജന. പ്രാണികളുടെ കുത്തേറ്റ് ഇതിന് മുന്‍പും കുട്ടികളുടെ ജീവന്‍ അപകടത്തിലായിട്ടുണ്ട്. പ്രാണികളുടെ കുത്തുകള്‍ നിസാരമെന്ന് കരുതി അവഗണിക്കരുതെന്ന മുന്നറിയിപ്പ് ഒരിക്കല്‍ കൂടി നല്‍കുന്നതാണ് അംജിതയുടെ ദാരുണ മരണം. 

തേനീച്ച, കടന്നല്‍, ചിലയിനം ഉറുമ്പുകള്‍, എട്ടുകാലികള്‍ ഇവയെല്ലാം തന്നെ മനുഷ്യന്റെ ജീവന് അപകടമാകുന്ന വിധം വിഷം കടത്തിവിടാറുണ്ട്. ഇതില്‍ തന്നെ മറ്റുള്ളവയെ അപേക്ഷിച്ച് കൂടുതല്‍ വെല്ലുവിളി ഉയര്‍ത്തുന്നത് കടന്നലാണ്. പല തരത്തിലുള്ള, പല തീവ്രതയിലുള്ള വിഷം കടന്നലുകളില്‍ കാണാം. രണ്ടില്‍ കൂടുതല്‍ കുത്തുകളേല്‍ക്കുന്നതാണ് പ്രധാനമായും അപകടമാവുക. അത്രയും വിഷം ശരീരത്തിലേക്ക് കയറുകയാണ് ചെയ്യുന്നത്. 

ചിലരുടെ ശരീരത്തിന് ഇങ്ങനെയുള്ള ഷഡ്പദങ്ങളില്‍ കാണപ്പെടുന്ന വിഷത്തോട് കടുത്ത അലര്‍ജിയുണ്ടാകാം. ഈ അലര്‍ജിയെ തുടര്‍ന്നോ, അല്ലെങ്കില്‍ കടിച്ച ഭാഗങ്ങളിലുണ്ടാകുന്ന അണുബാധയെ തുടര്‍ന്നോ, വിഷബാധയെ തുടര്‍ന്ന് ബിപി (രക്തസമ്മര്‍ദ്ദം) താഴ്‌ന്നോ, രക്തക്കുഴലുകള്‍ വികസിച്ചോ, വിഷം തലച്ചോറിനെ ബാധിച്ചോ, വൃക്കകളെ ബാധിച്ചോ എല്ലാം മരണം സംഭവിക്കാം. സാധാരണഗതിയില്‍ കുത്തേല്‍ക്കുന്നയിടത്ത് ചുവന്ന നിറം, തടിപ്പ്, വേദന, ചൊറിച്ചില്‍ എന്നിങ്ങനെയെല്ലാം ഉണ്ടാകാം. കുത്ത് ശരീരത്തിന്റെ അകംഭാഗങ്ങളിലാണെങ്കില്‍, ഉദാഹരണത്തിന് കണ്ണ്, വായയുടെ അകംഭാഗം, നാക്ക്, ചുണ്ടിനുള്ളില്‍, മൂക്കിന്റെ അകം ഭാഗം തുടങ്ങിയ സ്ഥലങ്ങളിലാണെങ്കില്‍ അണുബാധയ്ക്കുള്ള സാധ്യത ഇരട്ടിയാണ്. ഇക്കാര്യം ആദ്യമേ ശ്രദ്ധിക്കുക. 

പ്രാണികളുടെ കുത്തേറ്റ് വൈകാതെ തന്നെ തലകറക്കം, ഛര്‍ദ്ദി, മുഖം ചീര്‍ക്കുക, ദേഹമാകെ ചൊറിച്ചില്‍ അനുഭവപ്പെടുക, ശ്വാസതടസം, ബിപി താഴ്ന്ന് തളര്‍ന്നുവീഴുക എന്നിങ്ങനെയുള്ള ലക്ഷണങ്ങള്‍ സാരമായ വിഷബാധയെ സൂചിപ്പിക്കുന്നതാണ്. എത്രയും പെട്ടെന്ന് രോഗിക്ക് വൈദ്യസഹായമെത്തിച്ചില്ലെങ്കില്‍ ജീവന്‍ തന്നെ നഷ്ടപ്പെടാനുള്ള സാധ്യതയെയാണ് ഇത് സൂചിപ്പിക്കുന്നത്. കുത്തേറ്റ് ദിവസങ്ങള്‍ക്കുള്ളിലും ദേഹാസ്വാസ്ഥ്യം അനുഭവപ്പെടാം. തലവേദന, ക്ഷീണം, തളര്‍ച്ച, ഛര്‍ദ്ദി തുടങ്ങിയ ലക്ഷണങ്ങള്‍ ഈ ഘട്ടത്തില്‍ കാണാം. ഇതും ഉടനെ വൈദ്യസഹായമെത്തിക്കേണ്ടതാണ്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വീട്ടുമുറ്റത്ത് നിന്ന് കാൽവഴുതി വീണത് 30 അടി താഴ്ചയുള്ള കിണറ്റിൽ; രക്ഷിക്കാൻ ഇറങ്ങിയ യുവാവും കുടുങ്ങി; രണ്ട് പേരെയും രക്ഷിച്ചു
റോഡ് മുറിച്ചു കടക്കുന്നതിനിടെ ചരക്ക് വാഹനം ഇടിച്ചു; വിമുക്ത ഭടനായ വയോധികൻ മരിച്ചു