13 വയസ്സുകാരിക്ക് ഹൃദയാഘാതത്തെ തുടര്‍ന്ന് ശസ്ത്രക്രിയ; സംസ്ഥാനത്ത് ആദ്യമെന്ന് ഡോക്ടര്‍മാര്‍

Web Desk   | Asianet News
Published : Dec 23, 2019, 06:57 PM ISTUpdated : Dec 23, 2019, 07:00 PM IST
13 വയസ്സുകാരിക്ക് ഹൃദയാഘാതത്തെ തുടര്‍ന്ന് ശസ്ത്രക്രിയ; സംസ്ഥാനത്ത് ആദ്യമെന്ന് ഡോക്ടര്‍മാര്‍

Synopsis

ഹൃദയാഘാതത്തെ തുടര്‍ന്ന് 13 വയസുകാരിക്ക് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ബൈപ്പാസ് സർജറി.

തിരുവനന്തപുരം: ഹൃദയാഘാതത്തെ തുടർന്ന് 13 വയസുകാരിക്ക് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ബൈപ്പാസ് സർജറി നടത്തി. സംസ്ഥാനത്ത് ആദ്യമായും ഇന്ത്യയിൽ അപൂർവമായുമാണ് ചെറിയ പ്രായത്തിൽ ഇപ്രകാരമുള്ള ഹൃദയാഘാതമുണ്ടാകുന്നതും അതിനു ബൈപ്പാസ് സർജറി വേണ്ടിവരുന്നതും. പെൺകുട്ടികളിൽ തന്നെ ഹൃദയാഘാത സാധ്യത വിരളമാണെന്നിരിക്കെ ചെറുപ്രായത്തിൽ ഒരു പെൺകുട്ടി തന്നെ രോഗിയായിയെന്നതും പ്രത്യേകതയാണ്.

നെഞ്ചുവേദനയെ തുടർന്ന് വിവിധ ആശുപത്രികളിൽ നടന്ന ചികിത്സയ്ക്കു ശേഷമാണ് കൊല്ലം നീണ്ടകര സ്വദേശിനിയായ കുട്ടിയെ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചത്. കുട്ടികളിലെ ഹൃദയാഘാത സാധ്യത ഇതുവരെ ഇല്ലാതിരുന്നതിനാൽ രോഗിയുടെ ഹൃദയത്തിന് ജന്മനായുള്ള തകരാർ വല്ലതുമുണ്ടോയെന്ന പരിശോധനയാണ് ആദ്യം നടത്തിയത്. അതിൽ പ്രശ്നമൊന്നും കണ്ടില്ല. നെഞ്ചുവേദന തുടരുന്ന സാഹചര്യത്തിൽ കാർഡിയോളജി വിഭാഗം പ്രൊഫസർ ഡോ ജോർജ് കോശിയുടെ നേതൃത്വത്തിൽ നടത്തിയ ഇസിജി പരിശോധനയിൽ ഹാർട്ട് അറ്റാക്കിന്റെ ലക്ഷണങ്ങൾ കണ്ടതോടെ ആൻജിയോഗ്രാം ചെയ്യുകയായിരുന്നു. പരിശോധനയിൽ പ്രധാന രക്തധമനിയിൽ 99 ശതമാനം ബ്ലോക്കും മറ്റൊരു ധമനിയിൽ 50 ശതമാനം ബ്ലോക്കും കണ്ടു. മാത്രമല്ല, രക്തധമനീഭിത്തിയിലും തകരാറുണ്ടായിരുന്നു. ഈ അവസ്ഥയിൽ ആൻജിയോപ്ലാസ്റ്റി നടത്തി സ്റ്റെന്റ് ഇടുന്നതിൽ തടസമുള്ളതിനാൽ ബൈപ്പാസ് സർജറി തീരുമാനിച്ചു.

സാധാരണ ഗതിയിൽ രക്തസമ്മർദ്ദം, പ്രമേഹം, പുകവലി എന്നീ കാരണങ്ങളാൽ ഉണ്ടാകുന്ന അത്രോസ്ക്ലെറോസിസാണ് മുതിർന്നവർക്ക് രക്തധമനിയിലെ ബ്ലോക്കിന് പ്രധാനമായി കാരണമാകുന്നത്. കുട്ടികളിലുണ്ടാകുന്ന രോഗങ്ങൾ ടാക്കയാസു ആർട്ടറൈറ്റിസ്, കാവസാക്കി ഡിസീസ്, ജന്മനായുള്ള തകരാറുകൾ എന്നിവയുമാണ്. എന്നാൽ ഇതിൽ നിന്നെല്ലാം വ്യത്യസ്ഥമായ ലക്ഷണമാണ് കുട്ടിയിൽ കണ്ടത്. ശസ്ത്രക്രിയാ സമയത്ത് രക്തധമനിയുടെ ബയോപ്സിയെടുത്തു പരിശോധിച്ചതിൽ പ്രായമായവരിൽ വരുന്ന ഹൃദയാഘാതമല്ലെന്നു തിരിച്ചറിഞ്ഞു.

കുട്ടികളിലെ ഹൃദയധമനികളെ ബാധിക്കുന്ന പ്രത്യേകതരം രോഗമാണിത്. ആഹാരരീതിയുമായി നേരിട്ട് ബന്ധമുള്ള അസുഖമല്ലെന്നും ഡോ ജോർജ് കോശി പറഞ്ഞു. തന്റെ സേവനകാലയളവിൽ ഇതുവരെ ഈ പ്രായത്തിലുള്ള കുട്ടികളിൽ ഹൃദയാഘാതം കണ്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കാർഡിയോ തൊറാസിക് വിഭാഗത്തിലെ ഡോ വി സുരേഷ് കുമാറിന്റെ നേതൃത്വത്തിൽ ഡോ കൃഷ്ണ, ഡോ കിഷോർ, ഡോ മഹേഷ്, അനസ്തേഷ്യാ വിഭാഗത്തിലെ ഡോ ഗോപാലകൃഷ്ണൻ, ഡോ ഷീലാ വർഗീസ്, ഡോ അമൃത, ഡോ ജയശ്രീ, സ്റ്റാഫ് നേഴ്സ് രൂപ, ടെക്നീഷ്യന്മാരായ അനുരാധ, നിഷാന എന്നിവരടങ്ങുന്ന സംഘം ബൈപ്പാസ് സർജറി നടത്തുകയായിരുന്നു. തുടർ ചികിത്സകൾക്കു ശേഷം കുട്ടിയെ കഴിഞ്ഞ ദിവസം ഡിസ്ചാർജ് ചെയ്തു. 20 വയസിനു താഴെയുള്ളവരിൽ ഹൃദ്രോഗ സാധ്യത കൂടി വരുന്നതും ആശങ്കയുളവാക്കുന്നുണ്ട്.

ഡോ അബ്ദുൾ റഷീദ് വകുപ്പു മേധാവിയായിട്ടുള്ള മെഡിക്കൽ കോളേജ് ആശുപത്രിയിലെ കാർഡിയോ തൊറാസിക് വിഭാഗത്തിൽ ശരീരത്തിനുള്ളിൽ കടന്ന അന്യവസ്തു സങ്കീർണ്ണമായ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്ത രണ്ടു സംഭവങ്ങൾ അടുത്തിടെ നടന്നതും ശ്രദ്ധേയമായിരുന്നു.
 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സത്യപ്രതിജ്ഞയ്ക്ക് മണിക്കൂറുകൾ ബാക്കി; മീനടത്ത് വിജയിച്ച സ്ഥാനാർത്ഥി ഹൃദയാഘാതം മൂലം മരിച്ചു
സൗജന്യ യാത്ര വമ്പൻ ഹിറ്റ്! ദിവസം 400 സൗജന്യ ഷട്ടിൽ സർവീസുകൾ, പ്രയോജനപ്പെടുത്തിയത് 8400 പേർ; ഐഎഫ്എഫ്കെയിൽ താരമായി കേരള സവാരി